ചില യാത്രകള്‍ ഒറ്റ നിമിഷത്തില്‍ പിറക്കുന്നവയാണ്...പെട്ടന്നൊരു തോന്നലില്‍ ക്യാമറയെടുത്ത്  പോവുമ്പോള്‍ മനസ്സുകൊണ്ട്  പ്രാര്‍ത്ഥിക്കും 'നല്ല  കാഴ്ചകള്‍  തരണേ..' സത്യത്തില്‍ കാട്  കയറുമ്പോള്‍  ഒന്നും പ്രതീക്ഷിക്കാതെ പോവണം എന്ന്  അനുഭവമുള്ളവര്‍ പറയും പക്ഷെ മനസ്സ് നിറയെ പ്രതീക്ഷകള്‍ മാത്രം പ്രചോദനമാക്കി പോവുന്ന ഒരാളാണ്  ഞാന്‍. ഒരുപാട് നേരം കാത്തിരുന്നു കിട്ടുന്ന കാഴ്ചകളോട്, പകര്‍ത്തുന്ന ഫ്രെയ്മുകളോട് ഒരു ഇഷ്ടക്കൂടുതലുകള്‍ ഉണ്ടാവും. ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നവയാണ് ആ അനുഭവങ്ങളെല്ലാം.

രാജഹംസമേ.. നിന്നെ  തേടി

2017 ഫെബ്രുവരിയില്‍ തമിഴ്‌നാട്ടിലെ പക്ഷികളുടെ ഗ്രാമമായ തിരുന്നല്‍വേലിക്കടുത്തുള്ള കൂന്തകുളത്തേക്ക് പെട്ടന്നൊരു യാത്ര തീരുമാനിക്കുന്നു. ഞങ്ങള്‍ അഞ്ചുപേര്‍ രണ്ടുവണ്ടികളിലായ് യാത്ര തിരിക്കുന്നു. പ്രവീണ്‍ മോഹന്‍ദാസ്, പ്രവീണ്‍ പോള്‍, ജിമ്മി കാമ്പല്ലുര്‍, ഡോക്ടര്‍ കൃഷ്ണകുമാര്‍ എന്നിവരാണ് കൂടെ. രാജഹംസങ്ങള്‍ എത്തിയിട്ടുണ്ട് എന്ന് കൂന്തകുളത്തു നിന്ന് ബാല്‍പാണ്ടി വിളിച്ചു പറഞ്ഞിരുന്നു. 23 രാജഹംസങ്ങള്‍! വെള്ളം വറ്റി തുടങ്ങിയത്  കാരണം ചിലപ്പോള്‍ അവ പോവാനും  സാധ്യതയുണ്ട്. വേഗം വന്നാല്‍ നല്ല ചിത്രങ്ങള്‍ എടുത്തു തിരികെ പോവാം. യാത്രയില്‍ ഉടനീളം സ്വപ്നം കണ്ടത് മുഴുവന്‍ രാജഹംസങ്ങളുടെ ക്ലോസപ്പ് ചിത്രങ്ങളാണ്.

പിറ്റേന്നു വെളുപ്പിന് കൂന്തക്കുളത്തെത്തിയപ്പോള്‍  ബാല്‍പാണ്ടി  പറയുന്നു 'ഇന്നലെ മുതല്‍ ഫ്‌ലെമിങ്‌ഗോസ്‌ ഇവിടെ  വന്നിട്ടില്ല. പെലിക്കനും  ബാര്‍  ഹെയ്ഡഡ്  ഗൂസും  മാത്രമേയുള്ളു. വരുമോ എന്ന്  കാത്തിരുന്നു  നോക്കാം..' അഞ്ചുപേരിലും പ്രതീക്ഷ  നിറച്ചു  ബാല്‍പാണ്ടി വറ്റിത്തുടങ്ങിയ നീര്‍ച്ചാലുകള്‍ക്കരികില്‍  കാത്തിരുന്നു രാവിലെയും വൈകീട്ടും കൂട്ടം കൂട്ടമായി എത്തുന്ന  ഗൂസുകളുടെ മാത്രം ചിത്രങ്ങളെടുത്തു രണ്ടുപകലുകള്‍ കഴിഞ്ഞു പിറ്റേന്ന്  തിരിച്ചു  പോവണം. 

Rajahamsam
ചിത്രങ്ങള്‍ : സീമ സുരേഷ്

ബാല്‍പാണ്ടി  വീണ്ടും പറഞ്ഞു.'ഇനി ഈ കുളത്തിലേക്കു  വരുമെന്ന്  തോന്നുന്നില്ലാ, അടുത്ത  സീസണില്‍  നോക്കിയാല്‍ മതി.' പിറ്റേന്ന് നാട്ടിലെത്തേണ്ടത് കൊണ്ട് മൂന്നാം ദിവസം രാവിലെ  രണ്ടുപേര്‍  നാട്ടിലേക്കു  തിരിച്ചു. ജിമ്മിയും കൃഷ്ണകുമാറും ഞാനും പ്രതീക്ഷ കൈവിട്ടില്ല. 
'ഏതാണ്ട്  രണ്ടായിരത്തോളം കുളങ്ങളുണ്ട്  കൂന്തക്കുളത്ത്. നമുക്ക് ഒന്ന് തിരഞ്ഞാലോ ഉച്ച വരെ.'  ഗൂഗിള്‍ മാപ് എടുത്ത് ജലാശയങ്ങള്‍ ഉള്ള ഭാഗങ്ങള്‍ തിരഞ്ഞു തുടങ്ങി ഡോക്ടര്‍ കൃഷ്ണകുമാര്‍.

പിന്നെ അപരിഷ്‌കൃതമായ  ഗ്രാമങ്ങളിലൂടെ  യാത്രയായിരുന്നു. രാവിലെ എട്ടുമണി മുതല്‍ കുളങ്ങള്‍ അന്വേഷിച്ചുള്ള യാത്ര. പേരറിയാത്ത ഒരു ഗ്രാമത്തിലെത്തിയപ്പോള്‍  അവിടത്തെ ചെറുപ്പക്കാരനായ  ഗ്രാമീണനോട് മൊബൈലില്‍ രാജഹംസത്തിന്റെ ചിത്രം കാണിച്ചുകൊടുത്ത് ചോദിച്ചു.' അണ്ണാ ..ഇങ്കെ ഇന്ത  മാതിരി  പറവായേ പാര്‍തിങ്കലാ ..' അയാള്‍  തലയാട്ടി. ഇനിയും കുറെ പോയാല്‍ വെള്ളം വറ്റി തുടങ്ങിയ കുളമുണ്ട്  അവിടെ ഈ പക്ഷിയുണ്ടെന്ന് തമിഴില്‍ അയാള്‍. ഇരുവശവും മുള്‍ച്ചെടികള്‍  നിറഞ്ഞ മുള്‍ വഴികളിലൂടെ  അയാളെയും കയറ്റി കാര്‍ വിട്ടു. 

Seema
രാജഹംസങ്ങളെ തിരഞ്ഞുള്ള യാത്രക്കിടയില്‍

ഒടുവില്‍ ഒരു കുളത്തിനരികില്‍ എത്തിയപ്പോള്‍ അയാള്‍ ചൂണ്ടിക്കാട്ടി ..'അതാ നിങ്ങള്‍ പറഞ്ഞ പറവ.'  നോക്കുമ്പോള്‍ ഒരു വര്‍ണകൊക്ക്. 'ചേട്ടാ ഇത് അതല്ല. ഫ്‌ലെമിങ്‌ഗോ  എന്ന് പേരുള്ള  പറവയാണ്.' അയാളുടെ മുഖത്ത് സങ്കടം. ഇത്രയും ദൂരം യാത്ര ചെയ്തുവന്നിട്ട് കാണാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടം. ഞങ്ങള്‍ അയാളോട് യാത്ര പറഞ്ഞു.

വീണ്ടും ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച് വണ്ടി വിട്ടു. വറ്റിത്തുടങ്ങിയ കുളങ്ങള്‍. രാവിലെ മുതല്‍ പട്ടിണിയാണ്. പക്ഷേ ഒന്നും കഴിക്കാന്‍ തോന്നാത്ത അത്രയും നിരാശ ഞങ്ങളെ വിശപ്പിനേക്കാള്‍ ഞങ്ങളെ അധികരിച്ചിരുന്നു. 'നമുക്ക് ഒരു കുളം കൂടി കഴിഞ്ഞാല്‍ അവസാനിപ്പിക്കാം. ' ഞാന്‍ പറഞ്ഞു. 

നട്ടുച്ച വെയില്‍ തൊലി പൊള്ളിച്ചുതുടങ്ങി. വണ്ടി വലിയൊരു കൃഷിയിടത്തിന്റെ അരികിലൂടെയുള്ള വഴിയിലേക്ക് തിരിഞ്ഞു. കുറച്ചകലെയായി കണ്ട കാഴ്ച ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരാക്കി. 'ദേ ഫ്‌ലെമിങ്‌ഗോസ്‌..വേഗം ക്യമാറയെടുത്ത് ഇറങ്ങൂ.' ഡോക്ടര്‍ ആവേശത്തോടെ വിളിച്ചുകൂവി. ഞങ്ങള്‍ പെട്ടന്നുതന്നെ വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി വയല്‍ വരമ്പിലൂടെ നടന്നു. വയല്‍പ്പുല്ലുകളുടെ മറപിടിച്ച് ഏതാണ്ട് പത്തുമിനിറ്റോളം നീണ്ട നടത്തം. ഒമ്പതു  പക്ഷികള്‍ അടങ്ങിയ ഫ്‌ലെമിങ്‌ഗോ കൂട്ടം തൊട്ടുമുന്നില്‍. 

'ഇനിയും മുന്നോട്ടേക്ക് നടന്നാല്‍ അവ ശ്രദ്ധിക്കും. നിലത്തൂടെ ഇഴഞ്ഞ് നീങ്ങിയേ പറ്റൂ.' ജിമ്മി മന്ത്രിച്ചു. പിന്നെ ക്യാമറയെടുത്ത് ഫ്‌ലെമിങ്‌ഗോയുടെ അടുത്തേക്ക് ഇഴഞ്ഞു. പക്ഷികളാണെങ്കില്‍ ചുറ്റുപാടുകളില്‍ അതീവ ശ്രദ്ധാലുക്കളും. 

തലയ്ക്ക് മീതെയാണ് സൂര്യന്‍. വളരെയധികം ലൈറ്റ് ക്രമീകരിച്ചുവേണം അവയെ പകര്‍ത്താന്‍. ഏതാണ്ട് അരമണിക്കൂറോളം നേരം കൂട്ടമായും  ഒറ്റക്കും  ഞങ്ങള്‍ പക്ഷികളുടെ ചിത്രം പകര്‍ത്തി കൊണ്ടിരുന്നു. ഇത്രയും അടുത്ത് ആദ്യമായാണ് രാജഹംസങ്ങളെ കാണുന്നത്. ചുവന്ന രേണുക്കള്‍  നിറഞ്ഞ  വെള്ള തൂവലുകള്‍, ചുവന്ന നീണ്ട കാലുകള്‍, എന്തൊരു തീക്ഷണ  സൗന്ദര്യമാണവയ്ക്ക്. 

panorama View
കൂന്തംകുളത്തിന്റെ പനോരമിക് വ്യൂ

ഇതിനിടയില്‍ പൊന്തക്കാടുക്കള്‍ക്കിടയിലൂടെ വന്ന നായക്കൂട്ടം ഇവയെ ഓടിച്ചുവിടാനുള്ള ശ്രമം നടത്തി. പേടിച്ചു പറന്നുയര്‍ന്ന രാജഹംസങ്ങള്‍ കുളത്തിന്റെ മറ്റൊരു അറ്റത്ത് ചെന്നിരിക്കുകയും ചെയ്തു. വെള്ളം നിറഞ്ഞ അവസ്ഥയിലൂടെ ഇഴഞ്ഞുനീങ്ങാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു ഞങ്ങള്‍ മൂന്നുപേരും. ദാഹവും വിശപ്പും ഞങ്ങളെ തളര്‍ത്തി കൊണ്ടിരുന്നു. പക്ഷേ ക്യാമറ നിറയെ  ചിത്രങ്ങളുമായി  തിരിച്ചു വേച്ച് വേച്ച് നടക്കുമ്പോള്‍ ചുണ്ടില്‍ സന്തോഷ ചിരി പടര്‍ന്നു. 'നമുക്ക് രാജഹംസത്തെ രാജകീയമായ്  തന്നെ കിട്ടിയില്ലേ. ഗൂഗിള്‍ മാപ്പിനോട് നന്ദി പറയണം' . ജിമ്മിയും ഡോക്ടറും വിശപ്പ് മറന്ന് നടന്നു. 

നോക്കിക്കണ്ട ഫ്രെയ്മുകളില്‍ മനസ്സില്‍ പതിഞ്ഞ ഒരു നിമിഷമുണ്ടായിരുന്നു. പരസ്പരം ചേര്‍ന്ന് നില്‍ക്കുന്ന രണ്ടു രാജഹംസങ്ങള്‍. ആ നിമിഷത്തിന് നല്‍കാന്‍ ഒരു അടിക്കുറിപ്പേയുള്ളൂ. ' നിന്നില്‍ ചാരുന്ന നേരത്ത്!'