യാത്രകള്‍ ജീവിതത്തെ സ്വാധീനിക്കും.ചില  സ്‌നേഹാനുഭവങ്ങള്‍  ക്യാമറയില്‍ പതിയുന്നതിനേക്കാള്‍  കൂടുതല്‍ മനസ്സില്‍ പതിയും. ആ സ്‌നേഹിക്കപെട്ട  നിമിഷങ്ങള്‍  ഒരിക്കലും ,ഒരു കാലത്തും മനസ്സില്‍ നിന്ന്  അടര്‍ന്നു പോവുകയും ഇല്ല. നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളെ അടുത്തറിയാന്‍ കഴിയുന്നു ചിലപ്പോള്‍. അങ്ങനെയൊരു  അനുഭവമാണിത്.

ഒരു ഞായറാഴ്ച ദിവസം പെട്ടന്ന് തീരുമാനിച്ചൊരു യാത്ര. ആലപ്പുഴ ജില്ലയിലെ എഴുപുന്ന, ചങ്കരം എന്നീ കോള്‍പാടങ്ങളിലേക്ക്..പക്ഷി ചിത്രങ്ങള്‍ പകര്‍ത്താന്‍. നിര്‍ഭാഗ്യത്തിന്, ശൂന്യമായിരുന്നു അവിടം. ഫോട്ടോഗ്രാഫര്‍ സുഹൃത്തുക്കളായ  പ്രവീണ്‍ പി മോഹന്‍ദാസും റോബിന്‍ തോമസുമാണ് കൂടെയുണ്ടായിരുന്നത്. ' ഇവിടെ അടുത്തല്ലേ അന്ധകാരനാഴി ബീച്ച് ..നമുക്ക് പോയി നോക്കിയിട്ട് വരാം'  പ്രവീണ്‍ പറഞ്ഞു. അങ്ങനെ  ബീച്ചിലേക്ക് വിട്ടു.

'ഇങ്ങള് ചാനല്‍ക്കാരാണോ ..''ഫോട്ടോ എടുത്ത് പത്രത്തില്‍ കൊടുക്കാന്‍ വന്നതാണോ ..'
'കുറച്ചു മാസം മുന്‍പ് ഏതൊക്കെയോ ആള്‍ക്കാര് വന്നു ഞങ്ങളെ ഷൂട്ട് ചെയ്തു പോയാരുന്നു ..അത് ടിവിയില്‍ വന്നോ ആവോ, നിങ്ങള് കൊച്ചിക്കാരാണോ '
അവരില്‍ നിന്നുള്ള ചോദ്യങ്ങള്‍ പലതായിരുന്നു,നിഷ്‌കളങ്കവും. 

ക്യാമറാ ബാഗുകള്‍ മണല്‍തീരത്ത് വെക്കുമ്പോള്‍ കടല്‍ തിരകള്‍ക്കിടയില്‍ കക്ക വാരിയെടുക്കുന്ന ചേച്ചിമാരുടെ ശ്രദ്ധ ഞങ്ങളിലേക്കെത്തി. ഇടക്കിടെ ഓരോരോ ചോദ്യങ്ങള്‍ ചോദിച്ചു അവര്‍ തിരകള്‍ക്കിടയില്‍ നിന്ന് കക്ക മുങ്ങിയെടുത്തു. കടലില്‍ നിന്ന് കരയിലേക്ക് അവരെ തേടിയെത്തുന്ന പ്രതീക്ഷകള്‍ ഉയര്‍ന്നു പൊങ്ങുന്ന തിരകള്‍ പലപ്പോഴും അവരെ പറ്റിച്ചു. പക്ഷെ മനസ്സും ചുവടും തെറ്റാതെ അടുത്ത തിരവരുന്നതും നോക്കി നിന്നു.

Seema
Image: Seema Suresh

ഞങ്ങള്‍ ക്യാമറയില്‍ കടലും, കക്കയും അവരുടെ ജീവിതവും പകര്‍ത്തിക്കൊണ്ടിരുന്നു. അവര്‍ തളര്‍ന്നപ്പോള്‍ ഒരു ചെറിയ ബ്രേക്ക് എടുത്ത് എന്റെ അടുത്ത് ചുറ്റും കൂടി വന്നിരുന്നു. ചിരിച്ചു അപരിചിതത്വം ഇല്ലാത്ത ചിരി. 

'എന്താണ് പേര്?'
'സീമ '
'ഫോട്ടോ കാണാന്‍ പറ്റോ? '
'അതിനെന്താ ഇതാ നോക്കു ..'
കാണുമ്പോള് ചിലര്‍ക്ക് നാണം, ചിലര്‍ക്ക് ചിരി, ചിലര്‍ക്ക് അഭിമാനം ..
'ഞങ്ങളെ കാണാന്‍ അപ്പൊ ഭംഗീണ്ടല്ലേ, നോക്കിക്കേ ഈ പടത്തില്‍ കണ്ണടച്ചു..തെര വന്നപ്പോള്‍ കണ്ണടഞ്ഞു പോവില്ലെടീ..'വര്‍ത്തമാനങ്ങളില്‍ സൗഹൃദത്തിന്റെ കളിയാക്കലുകള്‍...

ഇതിനിടയില്‍ ഒരു ചോദ്യം വന്നു 
'മോളെന്താ ഞങ്ങള്‍ടെ പേരൊന്നും ചോദിക്കാത്തെ ...'
'ചോദിയ്ക്കാന്‍ പോവല്ലേ ...എന്ന പറയ് എന്തൊക്കെയാ ഈ കൂട്ടുകാരികളുടെ പേര്? ' 

'എന്നാ ഞാന്‍ പറയാം..ഞാന്‍ കാദംബരി, ഇവള്‍ അഫ്‌സ, അത് രാധ, ഇതു മിനി, അവള് സുവര്‍ണ്ണ...ഇവന്‍ സതീശന്‍ ..'
'ഒക്കെ സൂപ്പറ് പേരാണല്ലോ '
കാദംബരി ചേച്ചി എന്റെ കയ്യില്‍ പിടിച്ചു കണ്ണിറുക്കി ചോദിച്ചു ..'ഇതില്‍ ഏറ്റവും നല്ല പേര് എന്റെയല്ലേ കാദംബരി '
'സത്യം. ഇനി ചേച്ചിയെ ഞാന്‍ മറക്കൂലാ..ഈ പേരും ..'
വീണ്ടും ചിരി ..

Seema
Image: Seema Suresh 

'ന്റെ കയ്യിലപ്പടി മണലാ ..ദേ തഴമ്പും ..മോള്‍ടെ കയ്യിലാക്കണ്ട ..'കാദംബരി ചേച്ചി എന്റെ കയ്യ് തുടച്ചു ..
എന്നിട്ടു പറഞ്ഞു ..'കക്ക വാരിയും പുറംപണിയെടുത്തും വന്ന തഴമ്പാ മോളെ ...കണ്ടില്ലേ മൊരമൊരാന്ന്..ഇങ്ങളുടെ ക്യാമറ പിടിച്ച കൈയിലൊക്കെ ഇങ്ങനെ തഴമ്പ് വരോ ...ഇല്യാന്നാ തോന്നണേ ...'
ആ കൈ ഒന്നുടെ ഞാന്‍ ചേര്‍ത്തു പിടിച്ചു ..
ജീവിതാനുഭവങ്ങളുടെ തഴമ്പ് ..മനസ്സു കൊണ്ട് ഞാനവരെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി ..
'ഇനീ വരുമ്പോ ഞങ്ങള്‍ ഇബടെണ്ടാവും ഞങ്ങളെ മറക്കല്ലേ കേട്ടാ '
'ഇല്ലാ മറക്കില്ല ...'
'എന്ന ഞങ്ങള്‍ടെ പേര് ഒന്നുടെ ഇങ്ങട് പറ ' 
'ഇതു അഫ്‌സചേച്ചി ,ഇതു രാധേച്ചി ,ഇതു മിനിചേച്ചി ..പിന്നെ സുവര്‍ണ്ണ ചേച്ചി ..ഇതു സതീശേട്ടന്‍ ..
ഇങ്ങള് കാദംബരി കുട്ടി '

പൊട്ടിച്ചിരി നിറയുമ്പോള്‍ മനസ്സില്‍ പറഞ്ഞു. ക്യാമറ കാണുന്ന ഓരോ തീരവും ഓരോ സൗഹൃദ തുരുത്താണ്. അവിടെ കണ്ടെത്തുന്ന മുഖങ്ങള്‍,
അവര്‍ ഒരു നിമിഷം കൊണ്ട് സുഹൃത്താവുന്നവരും. കാലങ്ങള്‍ വേണ്ട സൗഹൃദത്തിന്..നെഞ്ചില്‍ തൊടുന്ന ഒരൊറ്റ സ്‌നേഹ വാക്ക് മതി. ഒരു ചിരി മതി ..
ഇതുപോലെ. സ്‌നേഹത്തിന്റെ തഴമ്പേറ്റ സൗഹൃദങ്ങള്‍ .... 

ഞങ്ങള്‍  തിരിച്ചുമടങ്ങുമ്പോള്‍, മനസ്സില്‍ തിരയിളക്കമാണ്..ഈ കടലിന്റെ  ഓരോ  ചലനവും അവര്‍ക്കറിയാം ..
വേലിയേറ്റവും  വേലിയിറക്കവും അവര്‍  കണ്‍നിറയെ കാണുന്നു. അവര്‍ കടലിനോടു കൂട്ട് കൂടിയത് കടല്‍ തങ്ങളെ ചതിക്കില്ലെന്ന ഉറപ്പോടെ തന്നെയാണ്. 
ആര്‍ത്തലക്കുന്ന തിരകള്‍ക്കിടയിലൂടെ അവര്‍  ജീവിതത്തെ മുന്നോട്ടു നടത്തുന്നു ..

കക്കകളെ വാരിയെടുക്കുന്നു. പരുപരുത്ത മണത്തരികള്‍ക്ക്  മുകളിലൂടെ അജയരായി  നടക്കുന്നു. മനസ്സിലെ ആ ഫ്രെയിമില്‍,തിരയിലൂടെ തലയുര്‍ത്തി നടക്കുന്ന ഈ നിഷ്‌കളങ്കര്‍ മാത്രമാണ് ഉള്ളത്..തിരയിളക്കത്തിലെ പോരാളികള്‍..

Content Highlights: WildLife Photography, Seema Suresh, Wildlife Photographer, Women Photographers