ആ വേഴാമ്പല്‍ ഫ്രെയ്മിലേക്കുള്ള യാത്ര മറക്കാനാവുന്നതല്ല. അത്രക്ക് സന്തോഷവും അത്രക്ക്  ആകുലതയും സമ്മാനിച്ചതായിരുന്നു ഒരു കാടന്‍ യാത്ര. ഇപ്പോഴും നെഞ്ചില്‍ ഭീതിയുടെ ഒരു ഇടിമുഴക്കം ഉയരാറുണ്ട് ആ മലക്കപ്പാറയാത്രയുടെ ഓര്‍മകളില്‍..

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി തലയ്ക്കു പിടിച്ച, എല്ലാ ഒഴിവുദിവസങ്ങളിലും കാട്ടിലേക്ക് കൂട്ടുകാരൊത്തു യാത്ര നടത്തിയിരുന്ന നാളുകള്‍. 2013  മാര്‍ച്ചിലായിരുന്നു ആ യാത്ര. അതിരപ്പിള്ളി വഴി വാല്‍പ്പാറ വരെ. കൊച്ചിക്കാരായ സിനോ സക്കറിയാ, ജിതിന്‍ ബേബി എന്നിവരാണ് കൂടെ. ഞാനും  ജിതിനും തുടക്കക്കാരാണ്. സീനോ ആ യാത്രയില്‍ ഞങ്ങളുടെ ലീഡറായി. അത്രയും നാളുകള്‍ അതിരപ്പിള്ളി  വരെ പോയ് മാത്രം കണ്ടു  തിരിച്ചു പോന്നിരുന്ന  ഒരാളായിരുന്നു ഞാന്‍. 

പുറപ്പെടുമ്പോള്‍ തന്നെ സിനോ  പറഞ്ഞു, 'ഈ യാത്രയില്‍ നമുക്ക് വേഴാമ്പലിനെ കാണാം. കഴിഞ്ഞയാത്രയില്‍ എനിക്ക് മലക്കപ്പാറയില്‍ നിന്ന് ഐ ലെവല്‍ ഷോട്ട് കിട്ടിയിട്ടുണ്ട് ..ദേ നോക്ക്യേ.' 

മൊബൈല്‍ സ്‌ക്രീനില്‍ വേഴാമ്പലിന്റെ ചിത്രം കണ്ടപ്പോള്‍ ഹരം കൂടി. എത്രയോ തവണ വേഴാമ്പലിനെ ഒന്ന് കാണാന്‍ അതിരപ്പിള്ളി വാഴച്ചാല്‍ വഴി  കറങ്ങി തിരിഞ്ഞു നടന്നിട്ടുണ്ട്. യാത്രയില്‍ ഉടനീളം വേഴാമ്പല്‍ ചിത്രങ്ങള്‍  മനസ്സില്‍ നിറഞ്ഞു കവിഞ്ഞു. വൈകീട്ടോടെ മലക്കപ്പാറയില്‍ എത്തി. അവിടെ  ഫോറസ്റ്റര്‍ ജേക്കബ് സാറാണ്. അദ്ദേഹത്തെ കണ്ടു പരിചയപ്പെട്ടു. സിനോ പറഞ്ഞു 'ഇവര്‍ക്ക് ഇതുവരെ വേഴാമ്പലിനെ കാണാന്‍ പറ്റിയിട്ടില്ല, നാളെ  ട്രക്കിങ്ങിനു പോരാന്‍ ഞങ്ങള്‍ക്കൊരു  ഗൈഡിനെ വേണമല്ലോ..' 

'അതിനു എന്താ ..നാളെ  രാവിലെ  ആളെത്തും ..മലക്കപ്പാറയിലെ  ഒരു മുക്കും മൂലയും അറിയുന്ന ആള്‍ തന്നെയാ.ഇവിടത്തെ പെരുമ്പാറ കോളനിയുടെ  മൂപ്പന്‍ ..'മയിലാ മണി' അദ്ദേഹം നിങ്ങളെ സഹായിക്കും.' ജേക്കബ് സാര്‍ പറഞ്ഞു.

പിറ്റേന്ന് ആറുമണിയായപ്പോഴേക്കും ഞങ്ങള്‍ തയ്യാറായി. കൃത്യം ആറരക്ക് മൂപ്പനും എത്തി. ആള്‍ ഞങ്ങളേക്കാള്‍  ഊര്‍ജ്ജസ്വലന്‍.'വേഴാമ്പലിനെ കാണിച്ചു തരാം. കുറെ നടക്കണം. ഉച്ച കഴിയും തിരിച്ചെത്താന്‍. വെള്ളോം കഴിക്കാന്‍ എന്തേലും എടുത്തോളൂ.' സീനോയുടെ ബൈനോക്കുലറും കഴുത്തില്‍ തൂക്കി മൂപ്പന്‍ നടന്നു. അദ്ദേഹത്തിനൊപ്പം നടന്നെത്താന്‍ എളുപ്പമായിരുന്നില്ല.

കുത്തനെ ഇറക്കങ്ങള്‍, ജിതിന്‍ ഓടിയിറങ്ങി. ഞാനും സീനോയും ഇഴഞ്ഞിറങ്ങി. കാലില്‍ ഇടയ്ക്കിടെ മസില്‍ കയറ്റം. വളരെ കുത്തനെയുള്ള ഇറക്കം കണ്ടു മൂപ്പനോട് ചോദിച്ചു 'ഇനിയും  പോവാനുണ്ടോ?'.

'നമ്മടെ കോളനിക്കടുത്തു  വലിയൊരു മരമുണ്ട്. അതില്‍ നിങ്ങടെ പക്ഷി വരും. ഞാന്‍ എന്നും കാണണതാ. വേഗം നടന്നാല്‍ കാണാം.'വീണ്ടും  ഇറക്കങ്ങള്‍ ഇറങ്ങി. കുത്തനെ നില്‍ക്കുന്ന ഒരിടത്തെ ഒരു വന്‍മരം ചൂണ്ടി മൂപ്പന്‍ പറഞ്ഞു.
 
'ആ മരത്തില്‍ കാണും ഞാനൊന്നു നോക്കട്ടെ .'  മൂപ്പന്‍ ബൈനോക്കുലറും  എടുത്തു മരത്തിനു  കീഴേക്കു  നീങ്ങി. മരച്ചുവട്ടില്‍ നില്‍ക്കാനും പാടാണ്. 'ഇന്നു എത്തിയിട്ടില്ല. നമുക്ക് നോക്കാം'. 

ഞങ്ങള്‍  നാല്  പേരും ഇരുപ്പായി. ഏതാണ്ട് പത്തിരുപതു മിനിറ്റോളം കഴിഞ്ഞിട്ടുണ്ടാകും പെട്ടന്ന് മൂപ്പന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. 'വരുന്നുണ്ട്.. ചിറകടിയൊച്ച കേട്ടോ..'

ഞങ്ങള്‍ കാമറ റെഡിയാക്കി,  കണ്ണ്  കൂര്‍പ്പിച്ചു. വേഴാമ്പലിനെ  ആദ്യമായ്  നേരിട്ട് കാണുന്നതിന്റെ  സന്തോഷം. മരത്തലപ്പുകള്‍ക്കിടയിലൂടെ  പറന്ന്  അവന്‍  ഒരു വലിയ ചില്ലയില്‍ ഇരുപ്പുറച്ചു. അവന്റെ ശരീരത്തിന്റെ പകുതി  ഭാഗം കാണാം. തലയും കൊക്കും കാണാനില്ല. ഞങ്ങള്‍ ഏന്തി വലിഞ്ഞുനിന്നു. ഒന്ന് തെറ്റിയാല്‍ കുഴിയിലേക്ക് വീഴും. 

മൂപ്പന്‍ പറഞ്ഞു 'നിങ്ങള്‍  വീഴാതെ  ഞാന്‍ നോക്കിക്കൊള്ളാം. പക്ഷിയുടെ ഫോട്ടം എടുത്തോളൂ. ഞങ്ങളുട കാമറകള്‍ ശബ്ദിച്ചുതുടങ്ങി.' വേഴാമ്പല്‍ ഒരു  ഇഞ്ചുപോലും മാറാതെ തല മറഞ്ഞിരിക്കയാണ്. ആ മറവിനപ്പുറത്ത് അവന്‍ രാജകീയമായിരിക്കുന്നു, മുഖം തരാതെ. ഏതാനും മിനിറ്റുകള്‍ മാത്രം
പെട്ടന്ന് അവന്‍ പറന്നു പോയ്. 'ഇനി വൈകീട്ടെ വരൂ.' മൂപ്പന്‍  ഓര്‍മിപ്പിച്ചു.

Hornbill
Photo: Seema Suresh

തല ഒളിച്ചുവച്ച ചിത്രം മാത്രമേ കിട്ടിയുള്ളെങ്കിലും ഞങ്ങള്‍ സന്തോഷത്തിലായിരുന്നു. മൂപ്പന്റെ കൈപിടിച്ചു നന്ദി പറഞ്ഞു.  ആദ്യത്തെ മുഖം തരാതെയുള്ള  ഈ ദര്‍ശനം തന്നെയാണ് അടുത്ത യാത്രക്ക് പ്രേരിപ്പിക്കുന്നത്.  ഇനി മടങ്ങാം. ഈ യാത്ര മറക്കില്ല, മൂപ്പനേയും. കാട് കാണാന്‍ എത്തുന്ന ആരും ഇവരെ മറക്കാന്‍ പാടില്ല. കാടരിയുന്ന ഇവര്‍ തന്നെയാണ് നമ്മുടെ ഹീറോകള്‍. അവര്‍ ചൂണ്ടിക്കാണിക്കുന്ന നിമിഷങ്ങളാണ് നമ്മുടെ ഫ്രെയ്മുകള്‍. കാടിന്റെ ഓരോ സ്പന്ദനവും അറിയുന്നവര്‍. കാടുയാത്രകളില്‍ അവര്‍ നമുക്ക് വഴികാട്ടികളാകുന്നു.നമ്മുടെ രക്ഷകരാകുന്നു. അതുകൊണ്ട് തന്നെയാണ് അവര്‍ മനസ്സിലെ ഫ്രെയ്മുകള്‍ക്കൊപ്പം എന്നും നില്‍ക്കുന്നതും. 

മൂപ്പനോട് യാത്ര പറഞ്ഞിറങ്ങി. സീനോ പറഞ്ഞു.'ഞാന്‍ പറഞ്ഞിരുന്നില്ലേ വേഴാമ്പലിനെ കാണിച്ചു തരുമെന്ന് അതുപാലിച്ചു. നല്ല ചിത്രം കിട്ടില്ലെങ്കിലും  വിഷമിക്കേണ്ട. കാട്ടിലെ കാഴ്ചകള്‍ ഭാഗ്യമാണ്. ആ യാത്രയില്‍ മുഴുവന്‍ വേഴാമ്പല്‍ ചിന്തയായിരുന്നു. റോഡിനിരുവശത്തേക്കും കണ്ണുകള്‍ വിടര്‍ത്തിയാണ് യാത്ര. കാട് ഇനിയും കാഴ്ചകള്‍ തന്നാലോ. അമ്പലപ്പാറ എത്തി. 

'ഇവിടെ കുറച്ചുനേരം നിര്‍ത്താം. ഇവിടെ നിന്ന് നോക്കിയാല്‍ ആനകളെ കാണാം.' വഴി പരിചിതനായ സീനോ അനുഭവങ്ങള്‍ നിരത്തി. ഞാനും ജിതിനും കാമറയുമായി വെള്ളിക്കണ്ണി കുരുവിക്ക് പിറകെ റോഡിലൂടെ നടന്നു. അരമണിക്കൂര്‍ കഴിഞ്ഞുകാണും, നൈരം വൈകിയതായി ജിതിന്‍ ഓര്‍മിപ്പിച്ചു. ചെക്‌പോസ്റ്റ് കടക്കേണ്ടതാണ്. അപ്പോഴാണ് ഞങ്ങള്‍ സീനോയെ അന്വേഷിച്ചത്. 

'സീനോ എവിടെ, ഈ റോഡില്‍ ഉണ്ടാവും. ഞങ്ങള്‍ നടന്നു സീനോയെ അന്വേഷിച്ചു. കാണാനില്ല, തിരിച്ചു നടന്നു, കാട്ടിലേക്കിറങ്ങുന്ന പോക്കറ്റ് വഴികളൊക്കെ നോക്കി, കാണുന്നില്ല. നേരം പൊയ്‌ക്കൊണ്ടിരുന്നു. ഇടയ്ക്ക് മാത്രം അതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍. 'സീനൊ കാട്ടിലേക്ക്  ഇറങ്ങി  പോയിട്ടുണ്ടാവോ? ശ്വാസംമുട്ടല്‍ ഉള്ളതാ. ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടെ.' ഞാന്‍ പിറുപിറത്തുകൊണ്ടിരുന്നു. 

'നീ ഇവിടെ നിക്ക്. ഞാന്‍ മറ്റേ വഴിയിലേക്ക് ഒന്ന് പോയി നോക്കട്ടെ.'  ജിതിന്‍ പറഞ്ഞു. ഞാന്‍ മൊബൈല്‍ റേഞ്ച് നോക്കി നടന്നു. ഒരു മൂലയില്‍ എത്തിയപ്പോള്‍ ചെറിയ തോതില്‍ സിഗ്നല്‍ വന്നു. ഉടന്‍ തന്നെ സിനോയെ വിളിച്ചു, കിട്ടുന്നില്ല. പെട്ടെന്നാണ് മലക്കപ്പാറ ഫോറസ്റ്റര്‍ ജേക്കബ് സാറിനെ ഓര്‍മ വന്നത്. സാറിനെ വിളിച്ചു 'സാറെ സിനോനെ  കാണാനില്ല, മിസ്സിംഗ് ആണ്. അമ്പലപ്പാറ വരെ വണ്ടിയില്‍ ഉണ്ടായിരുന്നു. ഇവിടെ ഇറങ്ങിയതിന് ശേഷം കാണാനില്ല.' ഞാന്‍ കരച്ചിലിന്റെ വക്കത്തായിരുന്നു. 

' നിങ്ങള്‍ പേടിക്കാതിരിക്കൂ..കുറച്ച് സമയം കൂടി നോക്ക്, സിനോക്ക് ഇവിടെ പരിചയം ഉള്ള ആളല്ലേ. പത്തുമിനിട്ട് കൂടി നോക്കാം. എന്നിട്ട് ഞങ്ങള്‍ ഇറങ്ങാം.'  സാര്‍ പറഞ്ഞു. ജിതിന്‍ അപ്പോഴേക്കും തിരഞ്ഞ് തിരിച്ചെത്തി.ഞങ്ങള്‍ പരിഭ്രമിച്ചു നില്‍ക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു അതുവഴി എകസ്‌കര്‍ഷന് പോവുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ ടെമ്പോട്രാവലര്‍ നിര്‍ത്തി  ഡ്രൈവര്‍ കാര്യം അന്വേഷിച്ചു. കാര്യം പറഞ്ഞപ്പോഴേക്കും കുട്ടികളെല്ലാവരും പുറത്തിറങ്ങി. അവര്‍ ആശ്വസിപ്പിച്ചു. 

Seema Suresh
Photo: Seema Suresh

'നിങ്ങള്‍ വഴിക്കിട്ടോ. ആദേഷ്യത്തിന് ആ ചേട്ടന്‍ ഇറങ്ങി പോയതാണോ.' അവരില്‍ ഒരാള്‍ ചോദിച്ചു. ചില പയ്യന്മാര്‍ സീനോയുടെ പേര് ഉച്ചത്തില്‍ വിളിച്ചുകൊണ്ടേയിരുന്നു. 'സിനോ ചേട്ടാ..'

ആകെ തലകറങ്ങുന്ന  അവസ്ഥയില്‍ ഞാനും ജിതിനും. പത്തുമിനിട്ട് കഴിഞ്ഞാല്‍ ജേക്കബ് സാറിനെ വിളിക്കാന്‍ ഞാന്‍ റെയ്ഞ്ച് തിരഞ്ഞുനടന്നു. പെട്ടെന്നാണ് തൊട്ടടുത്ത് ഒരു കാര്‍ കൊണ്ടുനിര്‍ത്തിയത്. ' നിങ്ങളുടെ കൂടെയുള്ള സീനൊ രണ്ടര കിലോമീറ്റര്‍ അപ്പുറത്ത് നിങ്ങളെ കാത്തുനില്‍ക്കുന്നുണ്ട്. വേഗം ചെല്ലൂ, നിങ്ങളെ കാണാത്തതുകൊണ്ട് എന്നോട് പറഞ്ഞേല്‍പ്പിച്ചതാ.'  പുറത്തേക്ക് തലയിട്ട് ഡ്രൈവര്‍ വിളിച്ചുപറഞ്ഞു.  

ശ്വാസം നേരെ വീണു. കോളേജ് കൂട്ടുകാര്‍ അവരാണ് ആ ചേട്ടനോട് നന്ദി പറഞ്ഞത്. 'ചേച്ചിയെ ഇനി സമാധാനായ് പൊയ്‌ക്കോ. നിങ്ങളെ ഒത്തിരി  പേടിപ്പിച്ച  സീനോ  ചേട്ടനോട്  അന്വേഷണം  പറഞ്ഞേക്കണേ.' അവര്‍ പറഞ്ഞു. കുറച്ചുനേരം മനുഷ്യത്വത്തോടെ നിന്ന ആ കുട്ടികളെ മറക്കാന്‍ സാധിക്കില്ല. ജേക്കബ് സാറിനെ വിളിച്ച് കാര്യം പറഞ്ഞു. ആളും ഹാപ്പിയായി. ഞാനും ജിതിനും വണ്ടിയില്‍ കയറി. ഇത്രനേരം ടെന്‍ഷനടിച്ച കാര്യം ഓര്‍ത്തപ്പോള്‍ സങ്കടവും ദേഷ്യവും വന്നു. സീനോയെ കണ്ടാല്‍ പൊട്ടിത്തെറിക്കുമെന്ന അവസ്ഥ.  

ഷോളയാര്‍ ഡാമിനടുത്തു എത്തിയപ്പോള്‍ അവിടെയതാ സുസ്‌മേരവദനനായ് സീനോ. 'നിങ്ങളെന്താ വൈകിയേ, ഞാന്‍ പക്ഷികളെ നോക്കിനോക്കി  റോഡിലൂടെ നടന്നു പോന്നു.' സങ്കടവും ദേഷ്യവും ഒരുമിച്ചു  അലിയിപ്പിച്ചു  ഞാന്‍  ജിതിനോട് ചോദിച്ചു. 'ഈ മനുഷ്യനെ നമ്മള്‍ എന്ത് ചെയ്യണം?' സീനോയെ പിന്നെ കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ പറഞ്ഞുകേള്‍പ്പിച്ചു. 'ഇതിപ്പോ എല്ലാവരും അറിഞ്ഞുകാണും എന്റെ മിസ്സിങ് കഥ. എന്റെ പിള്ളാരെ ഞാന്‍ അനുവാദം ഇല്ലാതെ കാട്ടിലേക്ക് പോവോ. നമ്മുടെ സേഫ്റ്റി നമ്മള്‍ നോക്കണ്ടേ.' കാര്യങ്ങള്‍ കേട്ട് കഴിഞ്ഞപ്പോള്‍ സിനോയുടെ സാരോപദേശം. 

പക്ഷേ അതൊരുപാഠമായിരുന്നു. കാട് വിശുദ്ധമായ ഒരു ലോകമാണ്. നമുക്ക് വേണ്ടി മാത്രമാണ് നാം കാട് കയറുന്നത്. ഫോട്ടോകള്‍ എടുക്കുന്നതും നമ്മുടെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി. കാട്ടിലെ ജീവികളുടെ ആവാസ വ്യവസ്ഥയിലേക്കാണ് നമ്മള്‍ കയറുന്നത്. ആ ബഹുമാനം നമുക്ക് വേണം. കാടിന് അതിന്റേതായ നിയമം ഉണ്ട്. അതുകൊണ്ട് മനുഷ്യന്‍ കരുതലോടെ വേണം പെരുമാറാനും കാട് കയറാനും. ഭാവനാത്മകമായ ഭാവത്തോടെ കാടിനെ കാണാനും എഴുതാനും കഴിയും. പക്ഷേ നമുക്ക് വേണ്ടിയല്ല, നമ്മുടെ കാമറയ്ക്ക് വേണ്ടിയല്ല അവ നമ്മെ നോക്കുന്നതും ജീവിക്കുന്നതും എന്ന ഓര്‍മ വേണം.

ഫോട്ടോഗ്രാഫി എന്നത് സ്വാര്‍ത്ഥതയാണെന്നത് മനസ്സിലാക്കണം. കാടിന് വേണ്ടിയല്ല നമുക്ക് വേണ്ടിയാണ് ഓരോ ചിത്രവും ജനിക്കുന്നത്, കാടിന്റെ വിശാലതയില്‍ അവ സ്വതന്ത്രമായി ജീവിക്കുന്നത്. കരുതലോടെ ദൂരത്ത് നിന്ന് പകര്‍ത്താന്‍ കഴിയുന്നത് നമ്മുടെ പുണ്യം.