കാട്ടില്‍ ഓണമുണ്ടോ ....
കാടിന്റെ മക്കള്‍ക്ക് ഓണസദ്യയുണ്ടോ? 
കാട്ടിലേക്കുള്ള  യാത്രകള്‍ക്കിടയില്‍ ഈ ചോദ്യങ്ങള്‍ ഒരിക്കലും ചോദിച്ചിരുന്നില്ല.... ഉത്തരങ്ങള്‍ കേട്ടിട്ടുമില്ല... പക്ഷെ കഴിഞ്ഞ രണ്ടുവര്‍ഷമായ് ഓണക്കാല ദിനങ്ങളില്‍ മനസ്സ് നിറയെ സന്തോഷപൂക്കളമിട്ട് ഞാന്‍ കാട് കയറുന്നു. 

കാടിന്റെ  മക്കളെ കണ്ടു ...മിണ്ടി, ചിരിച്ചു അവര്‍ക്കൊപ്പം പാട്ടുപാടി, അവരുടെ ചുവടുകള്‍ക്കൊപ്പം ആടി, ഒടുവില്‍ ഓണസദ്യയുണ്ടു, പായസമധുരത്തില്‍ സൗഹൃദം പങ്കിട്ടു...

അതൊരു അനുഭവമായിരുന്നു. രുചി മനുഷ്യന്റെ സ്വാതന്ത്യം ആണെന്നുള്ള തിരിച്ചറിവില്‍ നിന്ന് ഉടലെടുത്ത തിരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞ സന്തോഷം ഇപ്പോഴും മനസ്സില്‍ നിറയുന്നു.. 2016ലെ  ഓണക്കാലത്തിന് മുമ്പ് ചിന്നാര്‍ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം.പ്രഭു കണ്ടറിഞ്ഞ ഒരു സത്യമുണ്ട്...ചിന്നാറിലെ 11 കുടികളിലെ ജീവിതങ്ങള്‍ക്ക് ഓണമെന്ന ഉത്സവം അജ്ഞാതമായിരുന്നു. വിഭവസമൃദ്ധമായ സദ്യ എന്താണെന്ന് അറിയില്ലായിരുന്നു. മുതുവാന്‍, ഹില്‍ പുലയ വിഭാഗങ്ങളില്‍ പെടുന്ന ആദിവാസി സമൂഹമാണവര്‍.

കാടറിവുകള്‍ക്കൊപ്പം മാത്രം ജീവിക്കുന്നിടയില്‍ നാട്ടിലെ ഓണ ഉത്സവങ്ങളെ അവര്‍ നോക്കിയിരുന്നത് അത്ഭുതത്തോടെയായിരുന്നു. ആളുകള്‍ ഒരുമിച്ചുകൂടുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന നാട്ടിലെ നിമിഷങ്ങളെ അവര്‍ ആശ്ചര്യത്തോടെ അകന്ന് നിന്നാണ് അവര്‍ വീക്ഷിച്ചിരുന്നത്. ഇടക്കെപ്പോഴോ അവര്‍ വനം ഉദ്യോഗസ്ഥരോട് ചോദിച്ചു..എന്താണ് ഈ ഓണം? അതൊരു കൂട്ടായ്മയുടെ തുടക്കമായിരുന്നു. 

Onam

പ്രഭു മുന്നിട്ടിറങ്ങി, വനം വകുപ്പ് കൂടെ നിന്നു..ഫെയ്‌സ്ബുക്കില്‍ ആശയം പങ്കുവെച്ചു, 'കാടോണം'. ഇരുകൈയും നീട്ടിയാണ് ആളുകള്‍ ആശയത്തെ സ്വീകരിച്ചത്. ഞങ്ങളുണ്ട് കൂടെ എന്ന് പറഞ്ഞ് നിരവധി വ്യക്തികളും സംഘടനകളും രംഗത്തെത്തി. അവരില്‍ പ്രകൃതി സ്‌നേഹികളുണ്ടായിരുന്നു. ഫോട്ടോഗ്രാഫര്‍മാരുണ്ടായിരുന്നു, മനസ്സില്‍ നന്മയുള്ള മനുഷ്യസ്‌നേഹികളുണ്ടായിരുന്നു. ആ ഒരുമയില്‍ കാട്ടിലെ ഊരുകളില്‍ ഓണനിലാവ് പരന്നു.പതിനൊന്ന് ദിനങ്ങളില്‍ ഒരുദിവസം ഓണാഘോഷം..ആമോദത്തില്‍ ഒരുദിനം. 

ഓണാഘോഷത്തെ കുറിച്ച് ആദിവാസികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി. തലച്ചുമടായും ജീപ്പില്‍ കയറ്റിയും പാത്രങ്ങളും  പച്ചക്കറികളും മലമുകളിലെ ഊരുകളിലെത്തി. സദ്യയുണ്ടാക്കാന്‍  പാലക്കാടുനിന്ന് പാചകക്കാര്‍, ഓണദിനം സ്‌പോണ്‍സര്‍ ചെയ്തവരും തലേന്ന് തന്നെ എത്തി. എല്ലാവരും ചേര്‍ന്ന് ഭൗരിലെ സത്രത്തിനുള്ളിലിരുന്ന് വട്ടമിട്ടിരുന്ന് കറിക്കരിഞ്ഞു, തേങ്ങാ തിരുമ്മി. ഊരിലുള്ളവരും സന്തോഷത്തിലായിരുന്നു..ഓണം തങ്ങളിലേക്കും എത്തിയെന്ന സന്തോഷം. 

2016-ലെ ആദ്യ ഓണാഘോഷം നടന്നത് പുതുക്കുടിയിലും വെള്ളക്കല്‍ കുടിയിലുമായിരുന്നു. പുതുക്കുടി വരെ ജീപ്പ് ചെല്ലും. അവിടെ നിന്ന്  കൂറ്റന്‍ കയറ്റവും ഇറക്കവും ഇറങ്ങി കാടിന് വഴികളിലൂടെ വേണം വെള്ളക്കല്‍ കുടിയിലെത്താന്‍. പുതുക്കുടിയില്‍ വച്ചായിരുന്നു കാടോണത്തിന്റെ ഉദ്ഘാടനം നടന്നത്. 

സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ പൂക്കളത്തിന് നടുവിലെ ഭദ്രദീപം കൊളുത്തി ഓണാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ക്കാരനായ രാജേഷ് കൃഷ്ണനായിരുന്നു ഓണം സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. വെള്ളക്കല്‍ കുടിയിലെ ഓണം സ്‌പോണ്‍സര്‍ ചെയ്തത് സിക്‌സ് ബഡ്ഡീസ് എന്ന ഞങ്ങളുടെ സുഹൃദ്‌സംഘമായിരുന്നു.

പൊതുവെ നമ്മളോട് സംസാരിക്കാന്‍ നാണിക്കുന്ന പ്രകൃതമുള്ളവരാണ് മുതുവാന്‍ സ്ത്രീകള്‍. അങ്ങോട്ട് സംസാരിച്ചാലും മറുപടി കുറവ്. ട്രൈബല്‍ കോഡിനേറ്റര്‍മാരാണ് അവരിലെ അപരിചിതത്വം അകറ്റുന്നത് .'നിങ്ങളെന്തിനാ നാണിക്കുന്നത്, നമ്മളെ  കാണാന്‍ വന്നതല്ലേ  ഇവര്‍.' ചോദ്യം അവരെ സന്തോഷിപ്പിച്ചു. പുരുഷന്മാര്‍ അവരുടെ വാദ്യോപകരണങ്ങളുമായ് എത്തി. അവര്‍ കൊട്ടി തുടങ്ങി. പെട്ടന്ന് സ്ത്രീകള്‍ വട്ടത്തില്‍ നിന്ന്  ചുവടു വെച്ചു...കുരവയിട്ടു... അവര്‍ക്കൊപ്പം പുരുഷന്മാരും ചുവടു വെയ്ക്കാനൊരുങ്ങി സന്തോഷത്തിന്റെ  അലയൊലികള്‍. സ്ത്രീകള്‍ എന്നെയും ക്ഷണിച്ചു അവര്‍ക്കൊപ്പം ആടാന്‍. അവരുടെ താളത്തിനൊപ്പം ചുവടുവെയ്ക്കുമ്പോള്‍ ഞാനോര്‍ത്തു ഇതുതന്നെയല്ലേ യഥാര്‍ത്ഥ ഓണം. 

വെള്ളക്കല്‍ കുടിയിലേക്കുള്ള യാത്ര ഇത്തിരി ദുസ്സഹമായിരുന്നു.അവിടെ എത്തുമ്പോഴേക്കും നട്ടുച്ചയായിരുന്നു. കുടിയില്‍ ഉള്ളവര്‍ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. അതിഥികളായെത്തിയ ഞങ്ങളെ അവര്‍ മാലയിട്ട് സ്വീകരിച്ചു. കുട്ടികള്‍ തമിഴ് കലര്‍ന്ന മലയാളത്തില്‍ ഞങ്ങളോട് കഥകള്‍ പറഞ്ഞു. അവരുടെ കോര്‍ഡിനേറ്റര്‍ പഠിപ്പിച്ചു കൊടുത്ത പാട്ടും, നൃത്തവും അതിഥികളായ ഞങ്ങള്‍ക്ക് വേണ്ടി അവര്‍ അവതരിപ്പിച്ചു. 

അതിമനോഹരമാണ് വെള്ളക്കല്‍കുടി. ചുറ്റുംമലകള്‍ പച്ചക്കുടനിവര്‍ത്തി നില്‍ക്കുന്നു. നമ്മെ പറത്തി കൊണ്ട് പോവുന്ന കാറ്റ്. വെള്ളക്കല്‍കുടിയിലെ ഒരു സത്രത്തിലാണ് ഓണസദ്യ. ആ സത്രത്തിനൊരു പ്രത്യേകതയുണ്ട്. വിവാഹം കഴിയുന്നത് വരെ പുരുഷന്മാര്‍ ഇവിടെ താമസിക്കണം. പുരുഷന്മാര്‍ എല്ലാവരും ഒത്തൊരുമിച്ച് കഴിയുന്ന ഇടം. 

സദ്യയുടെ ആദ്യത്തെ പന്തിയില്‍ കുട്ടികളും അമ്മമാരും. അവര്‍ക്ക് ചിട്ടയനുസരിച്ച് യഥാസ്ഥാനത്ത് വിളമ്പാന്‍ പറഞ്ഞുകൊടുത്തു. എട്ടൊമ്പതുകറികളുള്ള തൂശനില കണ്ട് അവര്‍ ആശ്ചര്യത്തോടെ നോക്കി. സാമ്പാര്‍ ഒഴികെയുള്ള കറികളുടെ പേരുകള്‍ ഒന്നും അവര്‍ക്ക് പരിചിതമല്ല. അവര്‍ സദ്യയുണ്ണുന്നത് ഒട്ടൊരു കൗതുകത്തോടെ നോക്കി നിന്നു. 

സദ്യക്ക് ശേഷം കുടിക്കരികിലെ പാറക്കെട്ടുകളില്‍ കൂട്ടം കൂടിയിരിക്കുന്ന സ്ത്രീകള്‍ക്കടുത്തേക്ക് ഞാനും എനിക്കൊപ്പമുണ്ടായിരുന്ന സാമൂഹ്യപ്രവര്‍ത്തക ആര്യയും ചെന്നു. ഞങ്ങള്‍ പതുക്കെ അവരോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. അവരുടെ കുടുംബത്തിലെ വിശേഷങ്ങള്‍,കൃഷിയിടത്തെ കുറിച്ച്, മക്കളെ കുറിച്ച്, അവരുടെ പഠനത്തെ കുറിച്ച് അങ്ങനെ പലതും. അവരുടെ അപരിചിതത്വം മാറ്റുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. എന്റെ തപ്പി പിടിച്ചുള്ള  തമിഴ് കേട്ട് അവര്‍ പൊട്ടിച്ചിരിച്ചു, വെയില്‍നാളമേറ്റ് അവരുടെ മൂക്കുത്തി തിളങ്ങി. യാത്ര പറഞ്ഞു മലയിറങ്ങുമ്പോള്‍ അവര്‍ കൈവീശി കാണിച്ചു. അതൊരു സന്തോഷനിമിഷമായിരുന്നു. അവര്‍ക്കൊപ്പം നമ്മളുണ്ടെന്നും നമുക്കൊപ്പം അവരുണ്ടെന്നും സ്വയം ബോധ്യപ്പെട്ട നിമിഷം. 

onam

വീണ്ടുമിതാ ഓണക്കാലമെത്തി. ഇത്തവണ വനംവകുപ്പിനെ കാടോണത്തിന്റെ കാര്യം ഓര്‍മപ്പെടുത്തിയത് ഊരുകളില്‍ തന്നെയുള്ളവരാണ്. കാടോണത്തിന്റെ ഉപജ്ഞാതാവ് പ്രഭുവിന് ഇത്തവണ കൂടുതല്‍ കഷ്ടപ്പെടേണ്ടി വന്നില്ല. സംഗതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ തന്നെ പതിനൊന്ന് കുടികളിലെ ഓണത്തിന് സ്‌പോണ്‍സര്‍മാരെത്തി. കാടോണം എന്ന പേരില്‍ അക്കൗണ്ടില്‍ പണവും. 

ചിങ്ങം ഒന്ന് മുതല്‍ അഞ്ചു വരെ (ഓഗസ്റ്റ് 17 മുതല്‍22 വരെ) ഓരോ ദിവസവും ഓരോ കുടികളില്‍ ഓണാഘോഷം നടന്നു. ഇത്തവണ കുടികളില്‍ ുള്ളവര്‍ തന്നെ ഓണം ഒരുക്കങ്ങള്‍ ഏറ്റെടുത്തു. അവര്‍ തന്നെ പന്തലിട്ടു, സത്രം മുറ്റം ഭംഗിയായി അലങ്കരിച്ചു. പാടാനായി പാട്ടുകള്‍ തയ്യാറാക്കി. ഓണം സ്‌പോണ്‍സര്‍ ചെയ്യുന്ന ഗ്രൂപ്പില്‍ നിന്ന് 4 പേര്‍ക്ക് മാത്രമേ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പറ്റൂവെന്ന കര്‍ശന നിര്‍ദേശം മുമ്പ് പറഞ്ഞിരുന്നു. കാടിനെ അടുത്തറിയാനുള്ള ശ്രമം സത്യസന്ധമായി ചെയ്യണമെന്ന ആഗ്രഹം കൊണ്ട് തന്നെ ആയിരുന്നു അത്. 

ഇത്തവണ 11 ആദിവാസി കുടികളിലുള്ളവരെ കൂടാതെ കോവില്‍ കടവില്‍ പ്രവര്‍ത്തിക്കുന്ന 'മഹിളാ സമഖ്യ'യില്‍ താമസിച്ചു പഠിക്കുന്ന അമ്പതോളം ആദിവാസി പെണ്‍കുട്ടികളും കാടോണത്തില്‍ പങ്കെടുത്തു. ഇടുക്കി ജില്ലയിലെ ഇടമലക്കുടി ഉള്‍പ്പടെ അനേകം ആദിവാസി കുട്ടികളില്‍ പാലകാരണങ്ങളാല്‍ പഠനം തുടരാന്‍ സാധിക്കാത്ത പെണ്‍കുട്ടികളാണ് മഹിളാ സമഖ്യയില്‍ താമസിച്ചുപഠിക്കുന്നത്. 

ഇത്തവണ എനിക്കും സുഹൃത്തുക്കള്‍ക്കും ലഭിച്ചത്  ചിന്നാര്‍ വനത്തിനരികെയുള്ള ചമ്പക്കാട് കുടിയിലെ ഓണാഘോഷമാണ്. ഹില്‍ പുലയ  സമുദായത്തില്‍ പെട്ടവര്‍. ഈ കുടിയില്‍ ഉള്ളവര്‍ കുറച്ചു കൂടെ നാടിനെ അറിഞ്ഞവരാണ്. വേഷ ഭൂഷാദികളില്‍ മാറ്റങ്ങളുണ്ട്. അപരിചിതത്വവും കുറഞ്ഞവര്‍. ഓണാഘോഷത്തിനെത്തിയവര്‍ക്കൊപ്പം അവര്‍ അവരുടെ തനതു നൃത്തം ചവിട്ടി, കൊമ്പു വിളിച്ചു,സന്തോഷം പങ്കുവെച്ചു.വരും കൊല്ലങ്ങളിലും അവരീ ഓണാഘോഷം തുടരുമെന്ന് അവര്‍ പറഞ്ഞു. 

Onam

ചിന്നാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്തൊരുമയോടെ  കടോണത്തിനൊപ്പം നിന്നത് അര്‍പ്പണബോധത്തോടെയാണ്.'കാടോണം ' വെറുമൊരു ഓണാഘോഷമല്ല. കാട് കാത്തു സൂക്ഷിക്കുന്ന കാടിന്റെ മക്കള്‍ക്കൊപ്പം എന്നും വനം വകുപ്പ്  കൂടയുണ്ടെന്ന് ഓര്‍മിപ്പിക്കുകൂടിയാണ്. ചിന്നാറിനെ സംബന്ധിച്ചിടത്തോളം ഓരോ കുടിയുടെ ആവശ്യങ്ങളും കണ്ടറിഞ്ഞാണ് വനവകുപ്പു  ഒപ്പം നില്‍ക്കുന്നത്. വനംവകുപ്പ്  തങ്ങള്‍ക്കു വേണ്ടി കൂടിയാണ് നിലകൊള്ളുന്നതെന്ന  സത്യം അവര്‍ക്കും അറിയാം. 

വനംവകുപ്പിന്റെ ഓര്‍മയിലുള്ളത് ഏറ്റവും അകലെയുള്ള മാങ്ങാപ്പാറ കുടിയില്‍ നടന്ന കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷമാണ്. ജീപ്പ് പോകാത്ത, കൃത്യമായ വഴികള്‍ തന്നെയില്ലാത്ത, മലമുകളിലെ കുടിയാണ് മാങ്ങാപ്പാറ. പാറക്കെട്ടുകള്‍ക്കിടയിലൂടെ നടന്നു വേണം യാത്ര, മണിക്കൂറുകളോളം നടന്നുവേണം അങ്ങോട്ടേക്കെത്താന്‍. വനംവകുപ്പ് ഉദ്യോഗസ്ഥരും പാചകക്കാരും, സ്‌പോണ്‍സര്‍മാരും തലച്ചുമടായി പച്ചക്കറിയും പലവ്യജ്ഞനവുമായി മാങ്ങാപ്പാറയിലേക്ക് നടന്നുകയറി. പാറപ്പുറത്ത് അടുപ്പുകൂട്ടി, തേങ്ങയരച്ചു, ചോറും കറിയുമുണ്ടാക്കി, അവര്‍ക്കൊപ്പം കൂടി. 15 വീട്ടുകാരാണ് മാങ്ങാപ്പാറയില്‍  ഉള്ളത്. ഇത്തവണ  അവര്‍ പറഞ്ഞു ഞങ്ങള്‍ താഴോട്ട് വരാം. ഓല വയല്‍ കുടിക്കൊപ്പം ഓണം ആഘോഷിക്കാം. കൂട്ടായ്മയുടെ സ്‌നേഹം തിരിച്ചറിഞ്ഞ അവരുടെ സന്തോഷം നിറഞ്ഞ തീരുമാനം. 

എന്റെ ജീവിതത്തിലെ മറക്കാനാകാത്ത രണ്ടോണക്കാലങ്ങള്‍. ഈ സ്‌നേഹ നിമിഷങ്ങള്‍ അനുഭവിച്ചറിയാന്‍ അവസരം തന്നതിന് വനംവകുപ്പിന് നന്ദി പറയുന്നു. അവരുടെ പരിശ്രമങ്ങളോട് എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്. 

ഇത്തരം സന്തോഷങ്ങള്‍ പങ്കു വെയ്ക്കാന്‍  ഉള്ളതാണ്. മറ്റുള്ളവരിലേക്ക്  പോസറ്റീവ്  എനര്‍ജി  പകരുന്നതും. കാട് തേടിയുള്ള യാത്രക്കപ്പുറം കാട്ടിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്നവരെ  മറക്കുന്നതെങ്ങനെ. അവര്‍ തന്നെയല്ലേ  യതാര്‍ത്ഥ  ഹീറോസ്. കാടിനുള്ളില്‍, കാടിനൊപ്പം ജീവിക്കുന്നവര്‍ .നന്മ  വറ്റാത്തവര്‍. അവരെ നമ്മുടെ ഹൃദയത്തിലേക്കല്ലേ നാം ചേര്‍ത്തുനിറുത്തേണ്ടത്. ഇനിയുള്ള ഓണക്കാലങ്ങളിലും അവരുടെ കുടികളില്‍, അവരുടെ  ഹൃദയങ്ങളില്‍ ആഹ്ലാദം പെയ്തിറങ്ങട്ടെ...

ആ നന്മമുഖങ്ങള്‍ നെഞ്ചേറ്റി ഈ ഓണനാളില്‍ ഞാന്‍ കാടിറങ്ങട്ടെ..മനസ്സില്‍ മാത്രം പതിഞ്ഞ ഫ്രെയ്മുകളുമായ്....