Tiger
Image: Seema Suresh

'എടോ, സോനം  പ്രസവിച്ചുട്ടോ..നാല്  കുസൃതി കുട്ടികുറുമ്പുണ്ണികള്‍. എനിക്ക് ഇരിപ്പുറക്കുന്നില്ല, ഞാന്‍  തടോബാ യാത്രക്ക് വേണ്ടിയുള്ള  സംഭവങ്ങള്‍ ബുക്ക്  ചെയ്യാന്‍ പോവാ, പോരുന്നുണ്ടോ താന്‍.'  കടുവ പ്രാന്തന്‍ രമേശ് പൊതുവാളിന്റെ ചോദ്യത്തിന് എന്റെ ഉത്തരം പെട്ടന്നായിരുന്നു.'എപ്പോ  പോന്നൂന്ന് ചോദിച്ചാല്‍ മതി.  ബുക്ക് ചെയ്‌തോളു, നാലഞ്ചു കടുവ പിള്ളേരിങ്ങനെ ചാടിമറഞ്ഞു നടക്കുന്നത് നിങ്ങള് മാത്രമെങ്ങനെ ഒറ്റയ്ക്ക് കാണണ്ട.' 

മഹാരാഷ്ട്രയിലെ ഏറ്റവും വലിയ കടുവാ സങ്കേതമാണ് തടോബാ അന്ധാരി ടൈഗര്‍ റിസര്‍വ്. ഒക്ടോബര്‍ തൊട്ടേ അങ്ങോട്ട്  പ്രവേശനമുള്ളൂ. രമേഷ് നവംബര്‍  ആദ്യവാരത്തിലേക്കു യാത്ര പ്ലാന്‍ ചെയ്തു. തടോബായിലെ ഏറ്റവും സുന്ദരിയായ കടുവക്ക് സോനം എന്നൊരു സുന്ദരി പേരാണ് അവിടത്തെ ഗൈഡുകള്‍ ഇട്ടിരുന്നത്. സോനത്തിന്റെ പുതിയ പ്രസവത്തിലെ കുട്ടികളുടെ വിദൂര ചിത്രങ്ങള്‍ ഒക്ടോബര്‍ അവസാനത്തോടെ പുറത്തു വന്നു തുടങ്ങിയിരുന്നു. കടുവ കുട്ടികളെ കാണാനുള്ള ആവേശകഥകള്‍ കേട്ട് ഞങ്ങളുടെ യാത്രാസംഘത്തില്‍ ഫോട്ടോഗ്രാഫര്‍മാര്‍ കൂടി. കേരളത്തില്‍ നിന്ന് ആറുപേരും ദുബായില്‍ നിന്ന്  ഒരാളും. 

എന്റെ നാലാമത്തെ തടോബാ യാത്രയാണിത്. ആദ്യയാത്ര രമേശ് പൊതുവാളിനൊപ്പം തന്നെയായിരുന്നു 2015-ല്‍. ആ യാത്രനുഭവം ഇപ്പോഴും  ഞങ്ങളെ ചിരിപ്പിക്കും. 

Tiger
Image: Seema Suresh

ചെറിയ ഫ്‌ലാഷ് ബാക്ക്.

' ഞങ്ങള്‍ നാല്‍വര്‍ സംഘം ട്രെയിന്‍ വഴി തടോബായില്‍ എത്തുന്നു.നാലു ദിവസങ്ങളിലായി 8 സഫാരി നടത്തുന്നു.കടുവ വാല്‍ മാത്രം കണ്ട്  ഫോട്ടോയെടുത്ത് നിരാശരായി തിരിച്ചു ചന്ദ്രപുര്‍ റെയിവേ സ്റ്റേഷനില്‍ എത്തുന്നു. വെയ്റ്റിംഗ് ലിസ്റ്റില്‍ ആയിരുന്ന ടിക്കറ്റ് ക്യാന്‍സല്‍ ആയ വിവരം  അറിഞ്ഞ് മാനം നോക്കിയിരുപ്പായി.ട്രെയിന്‍ ടിക്കറ്റ് അടുത്ത ദിവസം താത്കാലില്‍ കിട്ടിയാല്‍ ഭാഗ്യം. ഫ്‌ളൈറ്റ് ടിക്കറ്റ്  ഉയര്‍ന്ന റേറ്റ്, ഒടുവില്‍ കൂലങ്കുഷമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ബസ്സില്‍ പോയാലോ എന്ന ചിന്ത. പെട്ടന്ന് രമേശന്‍ജി ചോദിക്കുന്നു, ഒപ്പം ഞാനും.'മ്മക്ക് തടോബക്ക് തിരിച്ചു പോയാലോ?' 

വിവിയും ജോന്‍സിയും കണ്ണുരുട്ടി. ' മറ്റന്നാള്‍ എത്തിയില്ലേല്‍ ക്ലൈന്റ്‌സ് ഞങ്ങളെ തല്ലികൊല്ലും. ഞങ്ങള്‍ ബസ്സിന് പോവാ, ഈ കടുവ പ്രാന്ത് 
ഇത്തിരി കൂടി പോയ്.'  അവര്‍  കളിയാക്കി ബസില്‍ കയറി യാത്രയായി. ഞങ്ങള്‍ തടോബയിലേക്കും. 

പിന്നീടുള്ള ദിവസം കടുവ കാഴ്ചകളുടെ ഉത്സവമായിരുന്നു. മുളങ്കാടിനുള്ളില്‍ മാധുരിയെയും അവളുടെ നാലുമക്കളെയും കണ്‍നിറയെ കണ്ട നിമിഷങ്ങള്‍, ദൈവത്തെ കണ്ട നിമിഷം പോലെ. അത്രയേറെ സന്തോഷം. 

ആകസ്മികതകള്‍ സമ്മാനിച്ച ആദ്യയാത്ര. തടോബാ  എന്ന് കേള്‍ക്കുമ്പോള്‍  ആദ്യമേ  തെളിയുന്നത്  ചന്ദ്രപൂര്‍  റെയിവേ സ്റ്റേഷനിലെ അകം കത്തിയുള്ള ആ ഇരുപ്പാണ്. അതുകൊണ്ട് തന്നെ എവിടേക്കു യാത്ര തിരിക്കുമ്പോഴും ഇപ്പോള്‍ ഒരു നൂറാവൃത്തി ടിക്കറ്റ് ഉറപ്പു വരുത്തും. 

ഇനി പുതിയ തടോബാ യാത്രയിലേക്കു തിരിച്ചു വരാം. ഞങ്ങള്‍ ഏഴുപേരും ആവേശത്തിലായിരുന്നു. വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫറും ആര്‍കിടെക്ടുമായ പ്രവീണ്‍ മോഹന്‍ദാസ്, ആര്‍കിടെക്ട് ശ്യാം, കോളേജ് അധ്യാപകനും എഴുത്തുകാരനുമായ ദിവാകരന്‍, സംസ്‌കൃത അധ്യാപകനും ഗായകനുമായ   രാജേന്ദ്രന്‍ രവീന്ദ്രന്‍, ബാങ്ക് പ്രൊഫഷണല്‍ ആയ ജിതേഷ് പുരുഷോത്തമന്‍. രാവിലെ അഞ്ചരക്ക് ഇറങ്ങണം താമസസ്ഥലത്ത് നിന്ന്. മോര്‍ലി ഗേറ്റില്‍  ഫോറസ്റ്റ് ഓഫീസറുടെ ചെക്കിങ്ങും കഴിഞ്ഞ് കാട്ടിലേക്ക്..

രണ്ടു ജീപ്പുകളില്‍ ആയാണ് യാത്ര. ഞങ്ങളുടെ ഗൈഡ് ഇസ്രായേല്‍ ഷൈക്കും അദ്ദേഹത്തിന്റെ അനുജന്‍ മുബാറക്കുമാണ്. ഇരുവരും കാടിനുള്ളില്‍  കടുവ സാന്നിധ്യം കണ്ടെത്താന്‍ മികവുള്ളവര്‍. കടുവകളുടെ പാദമുദ്രകള്‍ നോക്കിയാണ് യാത്ര. സോനത്തിനെയും കുട്ടികളെയും കാണണമെന്ന ആഗ്രഹം  ആദ്യമേ പറഞ്ഞിട്ടുണ്ട്.

Tiger
Image: Seema Suresh

ആദ്യ സഫാരി  തുടങ്ങിയപ്പോള്‍ ഗൈഡ്  പറഞ്ഞു. തടോബാ തടാകക്കരയില്‍ സോനം ഉണ്ടാവണം. തടാകത്തിന് വശമുള്ള  പുല്‍കൂട്ടത്തിനിടയില്‍ അമ്മയും കുഞ്ഞുങ്ങളും ഉണ്ടാവും. പറഞ്ഞപോലെ തന്നെ തടാകക്കരയിലെ മണ്‍വഴിയില്‍ ഞങ്ങള്‍ കണ്‍കൂര്‍പ്പിച്ചു കാത്തിരുന്നു. നേരം വെളുത്തു.  ബൈനോക്കുലറിലൂടെ ഗൈഡുമാര്‍ നോക്കി കൊണ്ടിരിക്കുന്നു. പെട്ടന്ന് ദൂരെ പുല്ലുകള്‍ക്കിടയില്‍  ഒരിളക്കം.എല്ലാ കണ്ണുകളും അവിടേക്ക് നോക്കുമ്പോള്‍ രാജകീയ ഭാവത്തോടെ മഞ്ഞപുല്ലുകള്‍ക്കിടയില്‍ നിന്ന്  പുറത്തേക്ക്.. 

ഗൈഡ്  പറഞ്ഞു.'അത്  ആണ്‍കടുവയാണ്. സോനത്തിന്റെ മുന്‍ പ്രസവത്തിലെ മകന്‍. കാത്തിരിക്കാം, സോനം പിന്നാലെ  വരും.' നിമിഷങ്ങള്‍ കഴിഞ്ഞു.  തുള്ളിച്ചാടിക്കൊണ്ടു ഒരു കടുവക്കുഞ്ഞ് പുല്ലുകള്‍ക്കിടയില്‍ നിന്ന് പുറത്തിറങ്ങി. പിന്നാലെ അതാ സോനം. അതിന് പിന്നാലെ മൂന്നു കുഞ്ഞുങ്ങള്‍ കൂടി മൊത്തം ഫ്രെയിമില്‍ അഞ്ചു  കടുവകള്‍. എല്ലാവരും കണ്‍നിറച്ച്  ഈ ദൂരകാഴ്ചകള്‍ കണ്ടു. 600 എംഎം ലെന്‍സിലും ഒരു പൊട്ടുപോലെ  മാത്രമേ  കടുവക്കുഞ്ഞുങ്ങളെ കാണാന്‍ കഴിയൂ. ക്യാമറയില്‍ നന്നായി  പകര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും  ആദ്യ സഫാരിയില്‍ തന്നെ  അമ്മയേയും കുഞ്ഞുങ്ങളേയും കണ്ട സന്തോഷം മനസ്സില്‍ നിറഞ്ഞു നിന്നു.

ദൂരെ നിന്നെങ്കിലും കാണാന്‍ പറ്റിയല്ലോ, ഇനിയും കിടക്കല്ലേ  ദിവസങ്ങള്‍. സോനം വരും, കുട്ട്യോളും വരും ക്യാമറക്കു മുന്നില്‍.. ഞങ്ങളുടെ  പ്രതീക്ഷകള്‍ വര്‍ധിച്ചു. ഒന്നാം ദിവസം കഴിഞ്ഞു. രണ്ടാം ദിവസം  വൈകീട്ടാണ് സഫാരി. ഞങ്ങള്‍ മടങ്ങുകയാണ് അഞ്ചര കഴിഞ്ഞു. നേരത്തെ ഇരുട്ടാവുന്നുണ്ട്.6 മണിക്ക് വണ്ടികള്‍ മോര്‍ലി ഗേറ്റിലെത്തണം അല്ലങ്കില്‍ പ്ര്ശനമാണ്. ഗേറ്റ് എത്തുന്നതിനു മുന്‍പ്  ഒരു കൂട്ടം കാട്ടുപോത്തുകള്‍. അവ പുല്ലു തിന്നുന്നു. അവയ്ക്കപ്പുറത്ത് മുളങ്കാടിനുള്ളില്‍ രണ്ടു കണ്ണുകള്‍. ഗൈഡ് മുബാറക് പറഞ്ഞു'സോനമാണ്. ഒരു കില്ലിന് സാധ്യതയുണ്ട്. കാത്തു നില്‍ക്കാം..കുട്ടികള്‍ ഉണ്ടാവാന്‍ സാധ്യതയില്ല. 

Tiger
ലേഖികയും സുഹൃത്തുക്കളും

പത്തുമിനുട്ടോളം കാട്ടുപോത്തുകള്‍ പുല്ലു തീറ്റയില്‍ ശ്രദ്ധിച്ചു. പെട്ടന്നാണ് കൂട്ടത്തിലെ ഒരുവന്‍ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. പെട്ടന്ന്  തന്നെ അവ കൂട്ടത്തോടെ തൊട്ടടുത്ത കാട്ടിലേക്ക് നീങ്ങി. ആ സമയത്ത്  മുള്‍ക്കാടിനുള്ളില്‍ നിന്ന് അവള്‍ എഴുന്നേറ്റ് ഞങ്ങളുടെ ജീപ്പിനു  മുന്നിലൂടെ, ഇരുട്ടിലൂടെ നടന്നുനീങ്ങി. ക്യാമറ ക്ലിക്ക് ചെയ്തു. പക്ഷെ ഉറപ്പായിരുന്നു,  ഈ ലോ ലൈറ്റില്‍ നല്ല ചിത്രങ്ങള്‍ കിട്ടിയിരിക്കില്ലെന്ന്..

മൂന്നാം ദിവസം രാവിലെ സഫാരി കഴിഞ്ഞപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന്  വന്നിരുന്ന ഫോട്ടോഗ്രാഫര്‍ സുഹൃത്തുക്കള്‍ അരമണിക്കൂറോളം സമയം സോനത്തിനെയും കുഞ്ഞുങ്ങളെയും കണ്ട കാര്യം പങ്കുവെച്ചു. അവര്‍ നല്ല ചിത്രങ്ങളും എടുത്തു. അതോടെ ഞങ്ങള്‍ക്ക് നിരാശയായി. ഇനിയുമുണ്ടുല്ലോ ഒരു ദിവസം കൂടി..സ്വയം ആശ്വസിച്ചു. 

ഇനിയുമുണ്ടല്ലോ ഒരു ദിവസം കൂടി. അന്ന് വൈകുന്നേരം ഗൈഡ് മുബാറക്ക് പറയുന്നു. 'നമുക്ക് ഇന്ന് രാവിലെ അവര്‍ കണ്ട സ്ഥലത്ത് തന്നെ പോകാം. സോനവും മക്കളും അവിടെ നിന്ന് പോകാന്‍ സാധ്യതയില്ല. ഉച്ചത്തെ സഫാരിക്ക് ഞങ്ങള്‍ പുറപ്പെട്ടു. മനസ്സില്‍ പ്രാര്‍ത്ഥനയേറി. കുളക്കരയില്‍ കാത്തിരുന്നു. ഏകദേശം ഇരുപത് മിനിട്ട് കഴിഞ്ഞുകാണും. പുല്ലുകള്‍ക്കിടയില്‍ ചലനങ്ങള്‍. സോനുവും കുഞ്ഞുങ്ങളും. പുല്ലിന്റെ മറവിലാണ് കുഞ്ഞുങ്ങള്‍. ഇടക്കിടക്ക് സോനത്തിന്റെ വാല് മാത്രം കാണാം. 

പക്ഷേ മുബാറക്കിന് ഉറപ്പായിരുന്നു. സോനുവും മക്കളും വെള്ളം കുടിക്കാന്‍ എത്തും. അതുസത്യമായി. യാതൊരു ഭാവഭേദങ്ങളുമില്ലാതെ സോനം നടന്നുവന്നു കുളത്തിലെ വെള്ളത്തിലേക്ക് ഇറങ്ങിക്കിടന്നു. പിന്നെ മക്കളെ കാത്തുകിടന്ന് മുരണ്ടു. 

ആകാംഷയോടെ കാത്തിരിപ്പ്. പെട്ടന്ന് കുളത്തിനപ്പുറത്തെ പുല്ലുകള്‍ക്കിടയില്‍ നിന്നു ഒരു കുഞ്ഞി തല ഒളിഞ്ഞു നോക്കി. മറുവശത്തു നിന്ന്  വേറൊരു  കുറുമ്പന്‍ ഇറങ്ങി വന്നു. അവന്‍ കുളത്തിലേക്ക് ഇറങ്ങി വന്നു അമ്മക്കൊപ്പം വെള്ളത്തില്‍ കിടപ്പായി. ബാക്കി മൂന്നുപേരും പുല്ലുകള്‍ക്കിടയിലൂടെ  ഒളിഞ്ഞു നോക്കും.  

ഏതാണ്ട് 20 മിനുട്ടോളം സോനവും കുഞ്ഞുങ്ങളും വെള്ളത്തില്‍, തൊട്ടടുത്ത്.. കണ്ണുകള്‍ക്കും ക്യാമറയ്ക്കും ഉത്സവം. മതിവരുവോളം ചിത്രങ്ങള്‍. കടുവമ്മയും കുഞ്ഞുങ്ങളും കുളത്തില്‍ നിന്നും കയറി പോയിട്ടും മനസ്സില്‍ ആ കാഴ്ച നിറഞ്ഞുനില്‍ക്കുകയാണ്. 

' അമ്മയ്‌ക്കൊപ്പം ഇറങ്ങി വന്നവന്‍ ആണ് ആ കുടുംബത്തിലെ ധൈര്യശാലി. ബാക്കിയുള്ളവരൊക്കെ പേടിക്കുട്ടികളാ. എല്ല കുടുംബത്തിലും കാണും ഇതുപോലെ ഉശിരുള്ള ഒരുത്തന്‍.'  തിരിച്ചുവരുമ്പോള്‍ മുബാറക്ക് പറഞ്ഞു. അന്നത്തെ അത്താഴ ചര്‍ച്ച മുഴുവന്‍ സോനുവും കുഞ്ഞുങ്ങളും കവര്‍ന്നു. അവളുടെയും അവളുടെ ഉശിരുള്ള കുഞ്ഞിന്റെയും സൗന്ദര്യത്തെ വര്‍ണിച്ചിട്ടും വര്‍ണിച്ചിട്ടും ഞങ്ങള്‍ക്ക് മതിവരുന്നുണ്ടായിരുന്നില്ല.  

ഒരുദിവസത്തെ സഫാരി കൂടി കഴിഞ്ഞു ഹൈദരാബാദിലേക്ക് ട്രെയിന്‍ കയറുമ്പോള്‍ അടുത്ത യാത്രയെ കുറിച്ചായിരുന്നു ചര്‍ച്ച. ' മൂന്ന് മാസം കൂടി കഴിയുമ്പോള്‍ കുട്ടിക്കുറുമ്പന്മാര്‍ ഒന്നൂടെ വളരും. കുറച്ചൂടെ സുന്ദരന്മാരാവും..ഒന്നൂടെ വരണം.' രമേശ് പൊതുവാള്‍ പറഞ്ഞു.

'ഞാനും വരും..എനിക്കും കാണണം പിള്ളാരെ..'  സ്വപ്‌നത്തിലെ ഫ്രെയ്മിലേക്ക് സോനവും കുട്ടിക്കൂട്ടവും കുസൃതിയോടെ കടന്ന് വരുന്നു. 
വാത്സല്യം കണ്ണില്‍ നിറച്ച് ഞങ്ങള്‍ കാത്തിരിക്കുകയാണ്. 

Content Highlights: Seema Suresh, Wildlife Photography, Wildlife Photographer, Tadoba Tiger Reserve, Tadoba Andhari Tiger Project