ണ്‍പതുകളുടെ അവസാനത്തില്‍ ഡല്‍ഹിയില്‍വെച്ച് നടക്കുന്ന ദേശീയ സെമിനാറിലേക്ക് ക്ഷണം വന്നു. വിഷയം മോഹിനിയാട്ടമാണ്. പരമ്പരാഗതമായി മോഹിനിയാട്ടം പ്രമേയമാക്കുന്നതില്‍നിന്നു തികച്ചും വ്യത്യസ്തമായി എന്തു ചെയ്യാനാകും എന്നാണ് ആലോചിച്ചത്. ഔദ്യോഗികമായി വരുന്ന ഒരു ക്ഷണവും നിരസിക്കുന്ന പതിവ് എനിക്കില്ല. നമ്മുടെ കലയെ മറ്റുള്ളവര്‍ അംഗീകരിക്കുന്നതു കൊണ്ടാണ് അത്തരം ക്ഷണങ്ങള്‍ വന്നുചേരുന്നത്. മോഹിനിയാട്ടം അന്നേവരെ നടത്തിയ എല്ലാ പരീക്ഷണങ്ങളെയും ആദ്യംതന്നെ കൃത്യമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്യുക എന്നതാണ് ആദ്യത്തെ കടമ്പ. ഒരു ഗവേഷണത്തിനായി തികച്ചും പുതുമയാര്‍ന്നതും വ്യത്യസ്തതയുള്ളതുമായ വിഷയം കണ്ടെത്തുന്ന വിദ്യാര്‍ഥിയുടെ അന്വേഷണപരതയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ എനിക്കനുഭവപ്പെടാറ്. ഒരു പുതിയ വിഷയാവതരണം നൃത്തത്തിലേക്ക് കൊണ്ടുവരാന്‍ ആലോചിക്കുമ്പോള്‍ ആദ്യം സമീപിക്കുക കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെയാണ്. സര്‍ഗാത്മകമായി അദ്ദേഹം പലപ്പോഴും സഹായിച്ചിട്ടുണ്ട്. കൈതപ്രത്തിന്റെ അടുക്കല്‍ ചെന്ന് എന്റെ ആവശ്യം നേരെ പറയുകയല്ല പതിവ്. എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് മനസ്സില്‍ ഒരു ഏകദേശരൂപം ഉണ്ടാക്കിയെടുക്കും. ഉദ്ദേശിച്ച കാര്യം നൃത്തമാധ്യമത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ കൂടുതലായിട്ട് എന്തുചെയ്യാന്‍ കഴിയും എന്ന കാര്യത്തിലാണ് കൈതപ്രം സഹായിക്കാറ്. പാട്ടിന്റെ രൂപത്തിലാണ് അദ്ദേഹത്തിന്റെ സഹായം ഞാന്‍ ആവശ്യപ്പെടാറ്.

ഡല്‍ഹി ദേശീയ സെമിനാറിലേക്കുള്ള ക്ഷണം എന്നെ നയിച്ചത് കാളിദാസന്റെ ഋതുസംഹാരത്തിലേക്കാണ്. ഋതുസംഹാരം അടിസ്ഥാനമാക്കി ഓരോ ഋതുവ്യതിയാനത്തെയും ആസ്പദമാക്കി എട്ടു രസങ്ങളിലൂടെ അഷ്ടനായികമാരെ അവതരിപ്പിക്കണം. അതാണ് മനസ്സിലുള്ളത്. അഷ്ടനായികമാര്‍ എന്ന സങ്കല്പം മനസ്സില്‍ വന്നതോടെ ആവേശമായി. ഉടന്‍തന്നെ കൈതപ്രത്തെ കാണാന്‍ പുറപ്പെട്ടു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോള്‍ സിനിമാക്കാരുടെ ബഹളമാണ്. പാട്ടെഴുത്തിന്റെ ആവശ്യക്കാരുടെ നീണ്ടനിര തന്നെയുണ്ട്. എനിക്കാണേല്‍ വന്ന കാര്യം വിശദമായിത്തന്നെ പറഞ്ഞു ഫലിപ്പിക്കേണ്ടതുണ്ട്. പോരാത്തതിന് അഷ്ടനായികമാരെ അവതരിപ്പിക്കാനുള്ള വരികളാണ് എന്റെ ആവശ്യവും. തിരക്കുകള്‍ക്കിടയില്‍ കൈതപ്രത്തിന്റെ ഊഷ്മളമായ സ്‌നേഹസ്വീകരണം ലഭിച്ചു. കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ ഞാന്‍ വന്നകാര്യം പറഞ്ഞു. കൈതപ്രത്തിന് വലിയ സന്തോഷമായി. ഇന്നേവരെ ആരും പോകാത്ത വഴികള്‍ മോഹിനിയാട്ടത്തില്‍ പരീക്ഷിക്കാന്‍ പോകുന്നല്ലോ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം പിന്നെ ചിന്തയിലേക്ക് മുഴുകി. മൗനത്തിലാണ്ട ആ ഇരിപ്പ് കണ്ടപ്പോള്‍ത്തന്നെ കൈതപ്രം എന്താണ് ചിന്തിക്കുന്നതെന്നനിക്കു മനസ്സിലായി. സാറിന്റെ തിരക്കിനിടയില്‍ത്തന്നെയാണല്ലോ ഞാനും വന്നത് എന്ന് പറഞ്ഞതും അദ്ദേഹം നോക്കി. ''ടീച്ചര്‍ക്കിത് വളരെ വേഗം തന്നെ വേണ്ടതല്ലേ, ഈ തിരക്കുകള്‍ മനസ്സിലായതില്‍ എനിക്ക് സമാധാനമുണ്ട്. നമുക്ക് പറ്റിയ വേറെയാരാണ് ഉള്ളത്.'' അദ്ദേഹം പറഞ്ഞു. 

കൈതപ്രത്തിനു പറ്റില്ലെങ്കില്‍ പിന്നെയാര് എന്ന ചോദ്യത്തിന് എന്റെ മനസ്സില്‍ ടി.പി. നരേന്ദ്ര മേനോനും പത്‌നി സുകുമാരി ടീച്ചറും തന്നെയായിരുന്നു. കൂടുതല്‍ സമയം നഷ്ടപ്പെടുത്താതെ നേരെ ഒറ്റപ്പാലത്തേക്ക് വണ്ടി കയറി. അശ്വതി അന്ന് പ്രൈമറി സ്‌കൂളില്‍ പഠിക്കുകയാണ്. എന്നെത്തെയും പോലെ അവളുടെ കാര്യങ്ങള്‍ അമ്മയെയും സഹോദരങ്ങളെയും ഏല്‍പ്പിച്ചാണ് ഞാന്‍ ഇറങ്ങിത്തിരിച്ചത്. നൃത്തത്തില്‍ പുതിയതായെന്തെങ്കിലും ചെയ്യാന്‍ തുനിഞ്ഞാല്‍ മറ്റു ലോകവുമായുള്ള ബന്ധമെല്ലാം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലേക്കെത്തിപ്പോകും ഞാന്‍. അശ്വതിയുടെ ശൈശവവും ബാല്യവും കൗമാരവും അമ്മയില്ലായ്മ എന്ന അവസ്ഥയിലേക്ക് ഇത്തരത്തില്‍ പലപ്പോഴും എത്തിയിട്ടുണ്ട്. ഇതേക്കുറിച്ചെല്ലാം ഇപ്പോളിരുന്ന് ഓര്‍ക്കുമ്പോള്‍ തോന്നാറുണ്ട്, അന്ന് അമ്മയെ അടുത്തുകിട്ടാന്‍ അശ്വതി ആശിച്ചിരുന്ന നാളുകളിലൊന്നും ഞാന്‍ ഏഴയലത്തുപോലും ഉണ്ടായിരുന്നില്ലല്ലോ എന്ന്. 

നരേന്ദ്രന്‍ മേനോന്‍ വളരെ ഗൗരവത്തില്‍ തന്നെ എന്റെ ആവശ്യത്തെ പരിഗണിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ വരികളായി. കലാമണ്ഡലത്തില്‍ പഠിക്കുന്ന കാലംതൊട്ടേ ഭരതനാട്യത്തിലാണ് ഞാന്‍ മാസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോഹിനിയാട്ടം പിന്നീട് പഠിച്ചെടുത്തതാണ്. അതുകൊണ്ടു തന്നെ അഷ്ടനായികമാര്‍ എന്ന സങ്കല്പം ഏതാണ്ട് മോഹിനിയാട്ട രൂപത്തിലായപ്പോള്‍ നേരെ പോയത് കലാമണ്ഡലം സത്യഭാമ ടീച്ചറുടെയടുത്തേക്കാണ്. കഥകളിയാശാന്‍ പത്ഭനാഭന്‍ മാഷാണ് ടീച്ചറുടെ ഭര്‍ത്താവ്. അദ്ദേഹത്തിനുകൂടി സൗകര്യപ്പെട്ട സമയത്ത് അവര്‍ക്കുമുമ്പില്‍ ഞാന്‍ ഋതുസംഹാരം അവതരിപ്പിച്ചു. ശാന്തരസം ഉള്‍പ്പെടുത്താതെയുള്ള എട്ടു രസങ്ങളുടെ തിരഞ്ഞെടുപ്പ് ആശാന് നന്നേ ബോധിച്ചു. സത്യഭാമ ടീച്ചറും സന്തോഷവതിയായി തൃപ്തി അറിയിച്ചു.  

മോഹിനിയാട്ടത്തിലെ നിപുണരായ ഭാരതി ശിവജി, കനക് റിലേ തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ട നര്‍ത്തകിമാരുടെ ആതിഥേയത്തിലാണ് ഡല്‍ഹിയില്‍ മോഹിനിയാട്ടം നാഷണല്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നത്. കൂടെയുണ്ടായിരുന്ന പക്കവാദ്യക്കാരോടൊപ്പം അഷ്ടനായികമാരെ ഞാന്‍ വേദിയിലവതരിപ്പിച്ചു. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന സോളോ. ഓരോ ഋതുക്കളും മാറുന്നതിനനുസരിച്ച് ഓരോ നായികമാര്‍, അവര്‍ക്കെല്ലാം അനുഗുണമായ രസഭാവങ്ങള്‍... അഷ്ടനായികമാര്‍ എന്റെ നൃത്തജീവിതത്തിലെ ഒരു നാഴികക്കല്ലായി മാറുകയായിരുന്നു. 

അഷ്ടനായികമാരെക്കുറിച്ച് വളരേ നല്ല അഭിപ്രായങ്ങള്‍ വന്നു. നൃത്തരംഗത്തെ പ്രഗത്ഭരും ഭൂരിഭാഗം ഉത്തരേന്ത്യക്കാരുമായിരുന്നു അന്നത്തെ കാണികള്‍. അതുകൊണ്ടുതന്നെ കേരളത്തിലെ വേദികളില്‍ ഋതുസംഹാരം അവതരിപ്പിക്കാന്‍ ആവശ്യങ്ങള്‍ വന്നുതുടങ്ങി. പരിപാടികളില്‍നിന്നു പരിപാടികളിലേക്ക് പോയിക്കൊണ്ടിരിക്കുന്ന കാലമാണ്. മാത്രമല്ല, വളരെ ഗൗരവമുള്ള വേദികളും സെമിനാറുകളും അതും മുതിര്‍ന്നവര്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമുള്ളതില്‍ മാത്രം ഞാന്‍ പങ്കെടുക്കുകയും ബാക്കിയെല്ലാം എന്റെ വിദ്യാര്‍ഥികള്‍ക്കുള്ള അവസരങ്ങളുമായാണ് പ്രയോജനപ്പെടുത്താറ്. അതുകൊണ്ടുതന്ന അഷ്ടനായികമാരെയും കൊണ്ട് കൂടുതല്‍ വേദികളിലേക്ക് പോകാന്‍ മെനക്കെട്ടില്ല. ദൂരദര്‍ശന്‍ ഒരിക്കല്‍ സമീപിച്ച് ഋതുസംഹാരം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവരാവശ്യപ്പെട്ട സമയത്ത് ചെയ്തുകൊടുക്കാന്‍ പറ്റിയില്ല.   

ഋതുസംഹാരവും അഷ്ടനായികമാരെയും എന്റെ വിദ്യാര്‍ഥികളും അറിഞ്ഞിരിക്കണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു. ഒന്നര മണിക്കൂര്‍ എട്ടു നായികമാരായി ഞാന്‍ ഒറ്റയ്ക്കു ചെയ്തത് എട്ടു പേരെക്കൊണ്ട് ചെയ്യിക്കുക എന്നതായിരുന്നു ആശയം. ഋതുസംഹാരവും എട്ടു രസങ്ങളും എട്ടു പേരിലൂടെ ഒരു സ്‌റ്റേജില്‍ മോഹിനിയാട്ടമായി അവതരിപ്പിക്കുക എന്ന ആശയം ഫലം കണ്ടു. ഒരേ വലിപ്പത്തിലുള്ള എട്ടു കുട്ടികളെ കണ്ടെത്തി അവരെ പരിശീലിപ്പിച്ചു. ഇന്ത്യയിലെ വലുതും ചെറുതുമായ വേദികളില്‍ എല്ലാം തന്നെ എന്റെ കുട്ടികള്‍ അഷ്ടനായികമാരെ അവതരിപ്പിച്ചു. ഒരാള്‍ മാത്രം അവതരിപ്പിക്കുന്ന കലയെ എട്ടു പേരെ നിരത്തി ചെയ്യിച്ചപ്പോള്‍ ഞാന്‍ ഒറ്റയ്ക്കു ചെയ്തതിലും സംതൃപ്തിയായിരുന്നു കിട്ടിയത്. നൃത്യാലയ നൃത്തവിദ്യാലയത്തിന്റെ പ്രധാനപ്പെട്ട നൃത്തവിഭവങ്ങളില്‍ ഒന്നായി അഷ്ടനായികമാര്‍ വളരെക്കാലം വിലസി. ഓരോ ബാച്ചിലേക്കെന്നപോലെ നൃത്യാലയയില്‍ അഷ്ടനായികമാര്‍ വന്നുപോയുമിരുന്ന കാലമായിരുന്നു അത്.

തയ്യാറാക്കിയത് : ഷബിത

മുന്‍ഭാഗങ്ങള്‍ വായിക്കാം

Content highlights : Saraswatham Kalamandalam Saraswathy Ashtanayikamar Mohiniyattam part 19

(തുടരും)