കേരള സാംസ്‌കാരിക വകുപ്പിന്റെ നിരവധി പരിപാടികൾക്ക് ക്ഷണം കിട്ടിയ ഒരു കാലമുണ്ടായിരുന്നു. അക്കാലത്തൊക്കെ സ്ഥിരമായി കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം നടന്നിരുന്നു. സർക്കാർ ചെലവില്‍ അതത് സംസ്ഥാനത്തെ കലാരൂപങ്ങളെ മറ്റു സംസ്ഥാനങ്ങളിൽ പോയി അവതരിപ്പിക്കാൻ ലഭിക്കുന്ന അവസരം. കലാമണ്ഡലത്തെ പ്രതിനിധീകരിച്ച് ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് പരിപാടികൾ അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട്. അശ്വതിയുടെ കാര്യങ്ങൾ എന്നെക്കാൾ ഉത്തരവാദിത്തത്തിൽ അമ്മയും ഏട്ടത്തിയമ്മയും നിറവേറ്റുന്നു എന്നത് നൃത്തരംഗത്തെ അവസരങ്ങളും സാധ്യതകളും ഒട്ടും മടിയില്ലാതെ ഏറ്റെടുക്കാനുള്ള ഉത്സാഹമായിട്ടാണ് ഞാൻ വിനിയോഗിച്ചത്. അതുകൊണ്ടുതന്നെ സാംസ്‌കാരികവകുപ്പിൽനിന്നു കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗാമിനായി നേരിട്ട് ക്ഷണിച്ചപ്പോൾ ഞാൻ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇന്റർസ്റ്റേറ്റ് കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം എന്നായിരുന്നു അതിന്റെ പേര്. 

മോഹിനിയാട്ടം മാത്രം പോര കേരളത്തിന്റെ നൃത്തരൂപമായിട്ട്. കേരളത്തിൽ എന്തെല്ലാം തരത്തിലുള്ള നൃത്തരൂപങ്ങളുണ്ടോ അതെല്ലാം പരിപാടികളിൽ ഉൾപ്പെടുത്തണം. എന്റെ വിദ്യാർഥികൾക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. മോഹിനിയാട്ടം, തിരുവാതിരക്കളി, ഒപ്പന, വഞ്ചിപ്പാട്ട് നൃത്തം തുടങ്ങിയവ ഞങ്ങളുടെ സ്ഥിരം പരിപാടികൾക്കു പുറമേ അവതരിപ്പിക്കാൻ കുട്ടികളെ പരിശീലിപ്പിക്കാൻ തുടങ്ങി. ഇതിനുപുറമേ ഒരു കഥകളിസംഘത്തെയും സാംസ്‌കാരികവകുപ്പ് ഞങ്ങളോടൊപ്പം ചേർത്തിരുന്നു. ഒപ്പന എന്തുചെയ്യുമെന്ന് ഒരു പിടിപാടുമില്ലായിരുന്നു. കിട്ടികൾക്കെല്ലാം ക്ലാസിക് നൃത്തങ്ങളിലാണ് പരിചയമുള്ളത്. അക്കാലത്ത് ഒപ്പന പഠിപ്പിക്കാൻ പേരുകേട്ട മുഹമ്മദാലി മാഷെ പോയിക്കണ്ടു. മാഷോട് കുട്ടികളെ ഒപ്പന പഠിപ്പിക്കാൻ അഭ്യർഥിച്ചു. തിരക്കുകൾ മാറ്റി വെച്ച് അദ്ദേഹം സന്തോഷത്തോടെ വന്നു. അതുല്യനായ ഒരു കലാകാരൻ. കലോത്സവവേദികളിൽ കണ്ടുമാത്രം പരിചയമുള്ള ഒപ്പനയും പാട്ടും താളവുമെല്ലാം മുഹമ്മദാലി മാഷ് നിഷ്പ്രയാസം കുട്ടികളിലേക്ക് ഉത്സാഹപൂർവം പകരുന്നത് നോക്കിയിരുന്നു. മുഹമ്മദാലി മാഷ് ഈയടുത്ത് അന്തരിച്ചു. ഒപ്പനയെന്ന കലയിലൂടെ മാഷ് അനശ്വരനായിത്തന്നെയിരിക്കും. വാമനൻ നമ്പൂതിരിയായിരുന്നു അന്നു പാടാൻ വന്നത്. മൃദംഗം പള്ളുരുത്തി നാരായണൻ മാഷ്, മേക്കപ്പ് ശ്രീധരൻ മാഷ്, പുല്ലാങ്കുഴൽ സൂര്യനാരായണൻ, വയലിൻ വൈദ്യനാഥൻ... തുടങ്ങിയവരൊക്കെയായിരുന്നു അന്ന് കൂടെയുണ്ടായിരുന്നത്. അതിൽ വാമനൻ നമ്പൂതിരിയൊഴികെ ബാക്കിയുള്ളവരെല്ലാം യാത്രയായി. കാലം ഓരോരുത്തരെയായി വിളിച്ചുകൊണ്ടേയിരിക്കും, കാത്തിരിക്കുക തന്നെ.   

പശ്ചിമ ബംഗാളിലാണ് ആദ്യം പരിപാടികൾ അവതരിപ്പിച്ചത്. ഊഷ്മളമായ വരവേൽപ്പായിരുന്നു അന്നവിടെ ലഭിച്ചത്. മുഖ്യമന്ത്രിയുടെ കൂടെ ഡിന്നർ കഴിക്കാൻ കേരളത്തിലെ കലാകാരന്മാരെ ക്ഷണിക്കുകയും കുട്ടികൾ അത് ആഘോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുത്ത ജില്ലകളിലെ ചെറുതും വലുതുമായ ഒരുപാട് വേദികളിൽ കുട്ടികൾ നൃത്തമവതരിപ്പിച്ചു. മോഹിനിയാട്ടമായിരുന്നു ഞാൻ അവതരിപ്പിച്ചത്. ഗാങ്ടോക്ക്, ഡാർജലിങ് തുടങ്ങിയ സ്ഥലങ്ങളിൽ കൂടി പരിപാടികൾ അവതരിപ്പിച്ചശേഷം സിക്കിമിലേക്കാണ് ക്ഷണം. പക്കമേളക്കാരും വിദ്യാർഥികളുമടക്കം പത്തിരുപത്തഞ്ച് പേരുണ്ട്. കഥകളി സംഘം വേറെ വണ്ടിയിൽത്തന്നെയാണ്. സിക്കിമിലേക്ക് പോകാൻ ടൂറിസ്റ്റ് ബസ് ഏർപ്പാടാക്കിത്തന്നിട്ടുണ്ട്. രണ്ട് ബസ്സുകളിലായിട്ടാണ് യാത്ര. സർക്കാർ പ്രതിനിധിയായി ആലിക്കോയ സാർ ഞങ്ങളോടൊപ്പം തന്നെ യാത്ര ചെയ്യുന്നുണ്ട്. സിക്കിമിലേക്കുള്ള എളുപ്പവഴിയായി ദുർഘടം പിടിച്ച ഒരു ചുരമുണ്ട്. ബസ്സിലിരുന്നുകൊണ്ട് നോക്കുമ്പോൾ വയറ്റിൽനിന്ന്‌ ഒരു കാളൽ വന്നുപോകും. കുട്ടികൾ പ്രകൃതിമനോഹരമായ ആ കയറ്റം സീറ്റിലിരുന്നുകൊണ്ട് പാട്ടുപാടിയും ബഹളമുണ്ടാക്കിയും ആസ്വദിക്കുകയാണ്.

ശ്രീധരൻ മാഷാണ് അന്നും മേക്കപ്പ് കം ക്യാമറാമാൻ. മാഷെ കൂടാതെ രണ്ടു കുട്ടികളുടെ അമ്മമാരും എന്നെ സഹായിക്കാൻ വന്നിട്ടുണ്ട്. ഇത്രയുമധികം കുട്ടികളെയും കൊണ്ട് ദീർഘയാത്രയാണ്. പതിനെട്ടു ദിവസത്തോളം നീണ്ടുനിന്ന പരിപാടികൾ. വിവിധതരം വസ്ത്രങ്ങളും മറ്റുമായി ആളുകളേക്കാൾ ഇരട്ടി ലഗേജ് ഉണ്ട്. ഒരു വാഹനത്തിന് കഷ്ടി നീങ്ങിപ്പോകാൻ കഴിയുന്ന ചുരം റോഡിലൂടെഎതിരേ വണ്ടി വന്നതും ഡ്രൈവർ ബ്രേക്ക് ചവിട്ടി. ടൂറിസ്റ്റ് ബസ് പിറകോട്ട് നീങ്ങാൻ തുടങ്ങി. നിയന്ത്രണം വിട്ടു എന്നു മനസ്സിലാക്കിയ ഡ്രൈവർ നേരെ ചുരത്തിന്റെ തമ്മിൽ സുരക്ഷിതമായ സ്ഥലം നോക്കി ഇടിച്ചുനിർത്താൻ നോക്കി. അതോടെ ബസ് പതുക്കെ ചെരിയാൻ തുടങ്ങി. ബസ്സിന്റെ ഭാരം മുഴുവൻ മുമ്പോട്ടാഞ്ഞിരിക്കുകയാണ്. പകുതി റോഡിലും പകുതി കൊക്കയിലേക്കുമായി തുലാസുപോലെയായി ബസ്. പിറകിൽ കഥകളി സംഘത്തിന്റെ വണ്ടിയുണ്ട്. അവർ വേഗം തന്നെ വണ്ടി നിർത്തി എല്ലാവരും ഇറങ്ങി ബസ്സിന്റെ പിറകിലൂടെ മുകളിൽ കയറി ഭാരം ബാലൻസാക്കി. ബസ്സിന്റെ വിൻഡോയിലൂടെ ഓരോരുത്തരെയായി പതുക്കെ വലിച്ചെടുത്ത് പുറത്തെത്തിച്ചു. ഒരു കുട്ടിയൊഴികെ ആർക്കും സാരമായ പരിക്കുകൾ ഉണ്ടായില്ല. ബസ് റോഡിലേക്ക് ചെരിഞ്ഞപ്പോൾ അവളുടെ തലയടിച്ചു പോയിരുന്നു. തലയിൽനിന്നു ചോരയൊഴുകാൻ തുടങ്ങി. പിറകിൽ ഞങ്ങൾക്ക് എസ്‌കോർട്ട് വന്നിരുന്ന സർക്കാർ ജീപ്പിലെ ലേഡി സെക്രട്ടറി വേഗം തന്നെ അതേ വണ്ടിയിൽ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

നാരായണൻ മാഷും ഒരു രക്ഷിതാവും അവളോടൊപ്പം ആശുപത്രിയിലേക്ക് പോയിരുന്നു. സിക്കിം സർക്കാർ സത്വരമായിത്തന്നെ കാര്യങ്ങൾ ചെയ്തു. വിദഗ്ധചികിത്സയ്ക്കായി വിമാനത്തിൽ അപ്പോൾ തന്നെ കോഴിക്കോട് എത്തിച്ചു. തലയിൽ സ്റ്റിച്ചിട്ടു. കൂടുതൽ പരിശോധനകളെല്ലാം നടത്തി കുഴപ്പമൊന്നുമില്ല എന്നറിയു വരെ സർക്കാർ ഫോളോഅപ് ചെയ്തുകൊണ്ടേയിരുന്നു. എന്റെ കുട്ടികളുമായി ഞാൻ പോകാത്ത നാടുകളില്ല, വേദികളില്ല. ഇത്തരത്തിലൊന്ന് ആദ്യത്തെ സംഭവമായിരുന്നു. അതുകൊണ്ടുതന്നെ സിക്കിം സർക്കാറിന്റെ പ്രതിനിധികളോട് ഞാൻ ആവശ്യപ്പെട്ടത് ദയവ് ചെയ്ത് ഇപ്പോൾ ഇത് വാർത്തയാക്കരുത് എന്നായിരുന്നു. ഇന്നത്തെപ്പോലെ ധൃതഗതിയിലുള്ള വിനിമയ സംവിധാനങ്ങളൊന്നുമില്ല. എന്റെ കുട്ടികളുടെ രക്ഷിതാക്കളുടെ വിശ്വാസം എന്നിൽ മാത്രമാണ്. അപ്പോൾ ഇങ്ങനെയൊരു വാർത്ത വന്നാൽ അവരാകെ ഭയക്കും. മാത്രമല്ല, ഒരു കുട്ടിയൊഴികെ ഞങ്ങളെല്ലാം സുരക്ഷിതരുമാണ്. 

സിക്കിമിലെ പരിപാടികൾ കാൻസൽ ചെയ്ത് നാട്ടിലേക്ക് തിരിക്കാനാണ് ഞാൻ തീരുമാനിച്ചത്. ഒന്നാമതായി ഒരു കുട്ടിയും ഒരു മാഷും ഒരു രക്ഷിതാവും നാട്ടിലെത്തുമ്പോൾ സ്വാഭാവികമായും മറ്റുള്ളവർ ആധിയിലാകും. ബാക്കിയുള്ളവർക്ക് യാത്ര ചെയ്യാൻ പറ്റാത്തവിധം സാരമായി അപകടം സംഭവിച്ചു എന്നാണ് കരുതുക. അത് കൂടുതൽ വിഷമതകളാണ് സൃഷ്ടിക്കുക. അപ്പോൾ തന്നെ നാട്ടിലേക്ക് തിരിക്കാനുള്ള സംവിധാനങ്ങൾ ചെയ്തുതരാൻ സർക്കാർ പ്രതിനിധികളോട് അഭ്യർഥിക്കുകയും അവർ ഉടൻ തന്നെ അതിനുവേണ്ട കാര്യങ്ങളും ചെയ്തു തന്നു. വൈകീട്ടോടെ ട്രെയിനിൽ നാട്ടിലേക്ക് തിരിച്ചു. ഇന്റർസ്റ്റേറ്റ് കൾച്ചർ എക്സ്ചേഞ്ച് പ്രോഗ്രാം ഇങ്ങനെയായിപ്പോയതിൽ കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം തന്നെ വിഷമമുണ്ടായിരുന്നു. എന്റെ മനസ്സു മുഴുവൻ നാട്ടിലേക്കയച്ച കുട്ടിയുടെ കാര്യത്തിലായിരുന്നു. മാത്രമല്ല, ആരുടെയും മനസ്സ് അപ്പോൾ ഏകാഗ്രമല്ല. പരിപാടികൾക്ക് അത് ദോഷം ചെയ്യും. നാട്ടിലെത്തിയ ഉടൻ വീട്ടിലേക്കുപോകാതെ നേരെ ആശുപത്രിയിൽ പോയി കുട്ടിയുടെ കാര്യം തിരക്കി. മുറിവ് കുറച്ച് ആഴത്തിലായിരുന്നു. കൂടുതൽ കുഴപ്പങ്ങളൊന്നുമില്ലാതെ ദൈവം കാത്തു. 

സിക്കിമിലുണ്ടായ അപകടം എന്റെ മനസ്സിൽനിന്നു മാറാൻ കുറച്ചു ദിവസങ്ങളെടുത്തു. കുട്ടികൾ പഴയതുപോലെ ആക്ടീവായി ക്ലാസുകൾ അന്വേഷിച്ചു വിളിക്കാൻ തുടങ്ങി. പരിപാടികൾക്ക് ആളുകൾ വിളിക്കാൻ തുടങ്ങി. കാലുകൾക്കുണ്ടോ വിശ്രമമറിഞ്ഞു ശീലം! ദിനങ്ങളെല്ലാം എന്നെത്തേയും പോലെ തിരക്കുകളായിത്തന്നെ തുടർന്നു. ആയിടയ്ക്കാണ് മദ്രാസിൽനിന്ന്‌ ഒരു ഫോൺ വരുന്നത്. 1983 കാലത്താണ്. എം.ടി. ഒരു തിരക്കഥാസംബന്ധമായ കാര്യങ്ങളുമായി മദ്രാസിലാണ്. സാധാരണ പോയിക്കഴിഞ്ഞാൽ ഇടയ്ക്ക് വിശേഷങ്ങൾ വിളിച്ച് അന്വേഷിക്കുന്ന പതിവുള്ളയാളല്ല എം.ടി. പോയ കാര്യത്തിന്റെ ഗൗരവം മാത്രമേ ചിന്തയിലുണ്ടാവൂ. ഉടൻ മദ്രാസിലേക്ക് പുറപ്പെടാനാണ് എനിക്കുള്ള നിർദ്ദേശം. മദ്രാസിലെത്തിയാൽ നേരെ വിജയാ ആശുപത്രിയിലേക്ക് ചെല്ലുക. എം.ടിയെ അവിടെ അഡ്മിറ്റ് ചെയ്തിരിക്കുന്നു. എം.ടിയ്ക്ക് അസഹനീയമായ വയറുവേദന വന്നു. ഹോട്ടലിൽ ശോഭന പരമേശ്വരൻ നായരുമുണ്ട്. അദ്ദേഹത്തോടൊപ്പം നേരെ ഒരു ആശുപത്രിയിൽ പോയി. കുറിച്ചു കൊടുത്ത മരുന്ന് കഴിച്ചെങ്കിലും രാത്രിയായപ്പോൾ വേദന സഹിക്കാൻ വയ്യാതായി. പിറ്റെ ദിവസം രാവിലെ തന്നെ ഡോ. ചെറിയാനെ പോയി കാണിച്ചു. ഗാൾബ്ലാഡറിൽ കല്ലും നീർക്കെട്ടും വന്നിരിക്കുകയാണ്. സർജറിയല്ലാതെ നിവൃത്തിയില്ല. സർജറിയ്ക്ക് പറ്റുന്ന സാഹചര്യം ഇപ്പോഴില്ല എന്നുപറഞ്ഞുകൊണ്ട് വേദന ശമിക്കാനുള്ള ഇൻജക്ഷനും ചെയ്ത് ഡോക്ടറുടെ മുറിയിൽനിന്ന്‌ ഇറങ്ങുമ്പോഴാണ് നടൻ പ്രേംനസീർ  ഡോ. ചെറിയാനെ കാണാനായി അകത്തേക്ക് കയറി വരുന്നത്.

MT and Kalamandalam Saraswathy
എം.ടിയും കലാമണ്ഡലം സരസ്വതിയും

 നസീർ സാറിന് എം.ടിയോട് വളരെയധികം സ്നേഹമാണ്. അദ്ദേഹം കാണുമ്പോഴൊക്കെ പുസ്തകങ്ങളെപ്പറ്റിയും എഴുത്തുകളെപ്പറ്റിയുമാണ് ആദ്യം ചോദിക്കുക. എം.ടിയുടെ വേദന കടിച്ചുപിടിച്ച മുഖവും നടക്കുന്ന രീതിയും കണ്ടപ്പോൾ അദ്ദേഹം സ്വന്തം കാര്യം മാറ്റിവെച്ച് എം.ടിയെയും കൂട്ടി ഡോ. ചെറിയാന്റെ മുറിയിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. സർജറി ചെയ്യേണ്ടതിന്റെ ആവശ്യകത ഡോക്ടർ നസീർ സാറിനോടും പറഞ്ഞെങ്കിലും എം.ടിയുടെ നിർബന്ധം ഇൻജക്ഷനെടുക്കാം എന്നതു തന്നെയായിരുന്നു. എം.ടിയുടെ തീരുമാനം അറിയാവുന്നതുകൊണ്ട് അവർ കൂടുതൽ നിർബന്ധിച്ചില്ല. പക്ഷേ, അന്നു രാത്രിയോടെ എം.ടി. സഹനം മറന്നു. വേദന എം.ടിയെ കീഴടക്കി. ആശുപത്രിയിലേക്ക് പോകാൻ എം.ടിയ്ക്കു സമ്മതമായി. ശോഭന പരമേശ്വരൻ നായർ ഉടൻ തന്നെ പ്രേംനസീറിനെയും വിവരമറിയിച്ചു. അദ്ദേഹം അപ്പോൾ തന്നെ ആശുപത്രിയിലെത്തി. 

അശ്വതിയെ അമ്മയെ ഏൽപിച്ച് ഞാനൊറ്റയ്ക്കാണ് മദ്രാസിലേക്ക് വണ്ടി കയറിയത്. ആശുപത്രിയിലെത്തി എം.ടിയുടെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി എത്രയധികം വേദന സഹിക്കുന്നുണ്ടെന്ന്. ജീവിതത്തിൽ അത്യാവശ്യം ദുശ്ശീലങ്ങളൊക്കെ എം.ടിയ്ക്കുണ്ടായിരുന്നു. ഞങ്ങളുടെ വിവാഹത്തിന് മുമ്പ് രക്തം ചർദ്ദിച്ച് അവശനായി ആശുപത്രി തീവ്രപരിചരണവിഭാഗത്തിൽ നാളുകളോളം കിടന്ന എം.ടി യെക്കുറിച്ച് പിന്നീട് ഞാൻ കേട്ടിട്ടുണ്ട്. ജീവൻ വരെ പ്രതിസന്ധിയിലായ ഘട്ടത്തിൽനിന്നു സ്വന്തം ഇച്ഛ കൊണ്ടും ചികിത്സ കൊണ്ടും മടങ്ങിവന്നതാണ് എം.ടി. അതിനുശേഷം രണ്ടാമത്തെ ആശുപത്രിവാസമാണ് ഇത്. ഞാനാ മുഖത്തേക്ക് തന്നെ നോക്കി. എം.ടിയല്ലാതെ എനിക്കും മോൾക്കും ആരുമില്ലല്ലോ എന്ന അപേക്ഷയായിരുന്നു എന്റെ മനസ്സിൽ, ദൈവത്തോടും എം.ടിയോടും. ഡോ. ചെറിയാൻ എന്റെ മുഖം കണ്ടതും പറഞ്ഞു പേടിക്കാനൊന്നുമില്ല, കല്ലുകൾ നീക്കണം.  എം.ടിയെ സർജറിയ്ക്കു കയറ്റി. ഞാനും മറ്റുള്ളവരും പുറത്തിരുന്നു.

പ്രേംനസീർ എന്ന നടനെ സിനിമകളിൽ കണ്ട പരിചയമേ എനിക്കുള്ളൂ. പക്ഷേ, അന്ന് അദ്ദേഹം നടത്തിയ ഇടപെടലിലൂടെ നസീർ എന്ന മനുഷ്യനെ എന്റെ മനസ്സിൽ ഏറ്റവും ഉയരത്തിൽ പ്രതിഷ്ഠിക്കാനാണ് ഇടവരുത്തിയത്. എം.ടിയുടെ സർജറി കഴിഞ്ഞ് മുറിയിലേക്ക് മാറ്റിയപ്പോൾ എല്ലാ ദിവസവും അദ്ദേഹം വന്ന് കാര്യങ്ങൾ അന്വേഷിക്കും. എം.ടിയോട് ഒരുപാട് സംസാരിക്കും. സിനിമയും സാഹിത്യവും പറയാൻ അദ്ദേഹം കാണിക്കുന്ന ഉത്സാഹം എം.ടിയ്ക്ക് ആ സമയത്ത് വലിയ ആശ്വാസമായിരുന്നു. നസീർ വന്നാൽ ഞാൻ പതുക്കെ മറ്റു കാര്യങ്ങളിലേക്ക് പിൻവലിയും. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തപ്പോൾ കോഴിക്കോട്ടേക്ക് ഉടൻ തന്നെ യാത്ര വേണ്ട എന്ന് തീരുമാനിച്ചത് നസീറാണ്. എം.ടി അത് അനുസരിച്ചു. എനിക്കു തോന്നുന്നു, എം.ടി എതിർപ്പില്ലാതെ അനുസരിച്ച വളരെ ചുരുക്കം വ്യക്തികളിൽ പ്രധാനി നസീർ ആയിരിക്കും. ആശുപത്രി ബില്ലുകളിലോ യാത്രാസൗകര്യത്തിലോ ഒന്നിലും ഇടപെടാൻ അദ്ദേഹം ഞങ്ങളെ സമ്മതിച്ചില്ല. 

മദ്രാസിലെ ഹോട്ടൽ സവേരയിൽ വിശ്രമമുറിയൊരുക്കിയതും അദ്ദേഹമാണ്. തിരക്കുകളെല്ലാം മാറ്റിവെച്ച് ദിവസത്തിൽ ഒരു തവണയെങ്കിലും അദ്ദേഹം വരും. അതുവരെ ആലോചനയിലാണ്ടു കിടക്കുന്ന എം.ടി. ഉത്സാഹവാനായി നസീറിനെ സ്വീകരിക്കും. ശബ്ദം താഴ്ത്തിക്കൊണ്ട് വളരെ സൗമ്യതയോടെ സംസാരിക്കുന്ന നസീർ. അദ്ദേഹം പറയുന്ന കാര്യങ്ങൾ ഞാൻ കൗതുകത്തോടെ നോക്കിയിരിക്കും. ഇത്ര തിരക്കിനിടയിലും വായനയെ കൈവിടാത്ത മനുഷ്യൻ. വായന എന്ന വലിയ ഗുണം അദ്ദേഹത്തിലുണ്ടായിരുന്നത് കൊണ്ട് എം.ടിയ്ക്കും സംസാരിക്കാൻ വിഷയങ്ങൾ ഏറെയായിരുന്നു. നാട്ടിലേക്കുപോകാൻ തിരക്കു കാണിച്ച എം.ടിയെ നോക്കി അദ്ദേഹം എന്നോട് പറഞ്ഞു: അവിടെയെത്തിയാൽ എം.ടി. സർജറി നടന്നു എന്നതുപോലും മറന്ന് തിരക്കുകളിലേക്ക് തിരിയും. പരമാവധി വിശ്രമിച്ചശേഷം ഡോക്ടറെ കണ്ട് എല്ലാം ക്ലിയറാണ് എന്നു ബോധ്യമായതിനുശേഷം പോയാൽ മതി. ഞാൻ പുഞ്ചിരിച്ചുകൊണ്ടു തലയാട്ടി. നസീറിന്റെ തീരുമാനം അതാണ്. എം.ടിയ്ക്ക് അനുസരിക്കാതെ വയ്യല്ലോ.  കൊണ്ടുപിടിച്ച തിരക്കുകളുമായി നേരം തികയാതെ ഓടിയ ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കി ഇരുന്നു. വലിയ തിരക്കുള്ളയാൾ എഴുന്നേൽക്കാൻ കഴിയാതെ കിടക്കുന്നു, അയാളെ പരിചരിച്ചുകൊണ്ട് രണ്ടാമത്തെ തിരക്കുകാരി ഇരിക്കുന്നു. രസകരമായ ജീവിതം തന്നെ! 

മുന്‍ഭാഗങ്ങള്‍ വായിക്കാം

തയ്യാറാക്കിയത്: ഷബിത

(തുടരും)

Content Highlights :Saraswatham Kalamandalam Saraswathi Sikkim Accident MT Surgery part 18