സിതാര, എം.ടിയുടെ പാപ്പ. സിതാരമോൾ എന്നേ ഞാൻ വിളിച്ചിട്ടുള്ളൂ. അത് അവൾക്ക് ഏഴുവയസ്സുള്ളപ്പോൾ നൃത്തം പഠിപ്പിക്കാൻ പോയതുമുതൽ വിളിച്ചുതുടങ്ങിയ ശീലമാണ്. ആഴ്ചയിൽ രണ്ടു ദിവസം വൈകുന്നേരങ്ങളിൽ ഞാൻ 'സിതാര'യിൽ എത്തും. ഭക്ഷണത്തോടൊന്നും അത്ര പ്രിയമുള്ള ആളല്ല എന്ന് ശരീരം കണ്ടാലറിയാം. വളരെ സൗമ്യമായി ചിരിച്ചുകൊണ്ട് കുറച്ച് സമയം നൃത്തം ചവിട്ടാൻ തയ്യാറാകും. ചിലപ്പോൾ ചോദിക്കും ഇന്നിത്ര പോരെ എന്ന്. നിർബന്ധിച്ചുകൊണ്ട് സിതാരമോളെ നൃത്തം ചെയ്യിക്കുക പ്രയാസമാണ്. ഇടയ്ക്ക് കുറച്ച് വിശ്രമിക്കാനൊക്കെ ഞാൻ സമയം കൊടുക്കും. സ്നേഹമയമുള്ള ഒരു ചിരി എപ്പോഴും ആ മുഖത്തുണ്ടാകും.

അച്ഛനും മകളും തമ്മിൽ അഗാധമായ സ്നേഹം കാത്തുസൂക്ഷിക്കുന്നു. പലപ്പോഴും ഞാനതിന്റെ നിശബ്ദ സാക്ഷിയായിട്ടുണ്ട്. നൃത്തം പഠിപ്പിച്ച കാലത്തല്ലാതെ സിതാരയെ പിന്നെ ഞാൻ നേരിൽ കണ്ടിട്ടില്ല. പക്ഷേ ഇടയ്ക്ക് ഫോണിലൂടെ എത്തുന്ന ഒരന്വേഷണമുണ്ട് അച്ഛ, അച്ഛൻ, അച്ഛൻ...അത്രയേ പറയേണ്ടതുള്ളൂ, സിതാരമോളാണ് വിളിക്കുന്നതെന്ന് ഞാൻ തിരിച്ചറിയും. അവളുടെ ശബ്ദം എത്ര കാതങ്ങൾക്കപ്പുറത്തുനിന്നാണെങ്കിലും, ഏത് വൻകരക്കപ്പുറത്തുനിന്നാണെങ്കിലും ഞാൻ തിരിച്ചറിയും. കൊടുക്കാം എന്നു പറഞ്ഞ് എം.ടിയെ വിളിക്കും. അച്ഛൻ എന്നുവിളിക്കാൻ സിതാരയും അശ്വതിയുമല്ലേ ഉള്ളൂ. അശ്വതിയുടെ ശബ്ദം പോലെ തന്നെ എനിക്ക് സിതാരമോളുടെ ശബ്ദവും ഹൃദ്യമാണ്.

mt
സിതാരയും എം.ടിയും പ്രമീളാനായരും സുഹൃത്തുക്കളോടൊപ്പം

വളരെ ചുരുങ്ങിയ സമയംകൊണ്ട് അച്ഛന്റെയും മകളുടെയും സംഭാഷണം തീരും. ഉച്ചയൂണിന് ഇരിക്കുമ്പോൾ മോളാണോ വിളിച്ചത് എന്ന് ഞാൻ അന്വേഷിക്കും. 'ഉം' എന്ന മൂളൽ ഞാൻ പ്രതീക്ഷിക്കുന്നതിനുമുമ്പേ വരും. വിശേഷമൊന്നുമില്ലല്ലോ, സുഖായിരിക്കുന്നോ എന്നെനിക്കു ചോദിക്കാതിരിക്കാൻ വയ്യ. 'വിശേഷിച്ചൊന്നുമില്ല' എന്നു തന്നെയാണ് ഉത്തരം എന്നറിയാം. അച്ഛനും മകളും തമ്മിൽ നല്ലബന്ധം തുടരുന്നു. അതാണ് എന്റെ ഏറ്റവും വലിയ സന്തോഷവും. അവൾ സ്റ്റേറ്റ്സിൽ നിന്നും വരുമ്പോൾ താമസിക്കുന്നത് അമ്മയുടെ സഹോദരന്റെ വീട്ടിലായിരിക്കും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ക്രിസ്ത്യൻ കോളേജിനടുത്ത് ടീച്ചറുടെ സഹോദരനും ഭാര്യയും താമസിക്കുന്നുണ്ട്. അവർ മകളെപ്പോലെയാണ് അവളെ നോക്കുന്നത്. നാട്ടിലെത്തിയാൽ അച്ഛനും മകളും കൂടി കാണും. അവരുടെതായ സ്വകാര്യവർത്തമാനങ്ങൾ, സ്നേഹം.. അച്ഛന്റെ പാപ്പ എക്കാലവും സുഖമായിരിക്കട്ടെ.

അശ്വതിയും സിതാരമോളും പരസ്പരം സംസാരിക്കാറുണ്ട്. അതുമതിയെനിക്ക്. ആ ബന്ധം മുറിഞ്ഞുപോകരുതെന്ന് ഞാനാഗ്രഹിക്കുന്നു. അച്ഛന്റെ പാപ്പയും വാവയുമാണവർ. രണ്ടുപേരും അച്ഛനെന്ന വ്യക്തിയെ അവരേക്കാൾ അധികം മാനിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിലെ വ്യക്തിപരമായ നിലപാടുകൾ, നിർബന്ധങ്ങൾ, നിഷ്കർഷകൾ അവ രണ്ടുപേർക്കും അറിയാവുന്നതുമാണ്. അശ്വതിയും എം.ടിയുടെ മൗനത്തിലേക്കുള്ള പാതയുടെ വക്കിലാണ് ഉള്ളതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സംസാരം വളരെ കുറവും ആലോചന അധികവുമാണ്.

Read More... ആഴ്ചപ്പതിപ്പിന്റെ മുഖചിത്രം, അളന്നുമുറിച്ച വാക്കുകളുമായി എം.ടി!

രൂപത്തിൽ എം.ടിയുടെ നല്ല സാമ്യതയുണ്ട് സിതാരമോൾക്ക്. എം.ടിയുടെ കണ്ണുകൾ, ആ ശരീരഭാഷ ഇതെല്ലാം സിതാരയിലുണ്ട്. ഒരു ഏഴുവയസ്സുകാരിയായ സിതാരമോളുടെ രൂപം ഓർമയിൽ ഞാൻ പ്രതിഷ്ഠിച്ചിട്ടുണ്ട്. ആ ഓർമയിൽ നിന്നെടുത്താണ് ഈ രൂപസാദൃശ്യം പറയുന്നത്. ഇനി വലുതായപ്പോൾ ആകെ മാറിയിട്ടുണ്ടാകുമോ എന്നെനിക്കറിയില്ല. കൊട്ടാരം റോഡിലെ എം.ടിയുടെ വീട് ലോകസാഹിത്യം എക്കാലവും ഓർത്തിരിക്കുന്നത് ആ പേരിലാണല്ലോ.

(തുടരും)

Content Highlights : Saraswatham Kalamandalam Saraswathi Autobiography Writes about MT Daughter Sithara