ശ്രീകാന്ത് നടരാജന്‍. തമിഴ്നാട്ടിലെ ഒരു പരമ്പരാഗത ബ്രാഹ്‌മണകുടുംബത്തില്‍ ജനിക്കുകയും മുപ്പത് ദിവസം പ്രായമുള്ളപ്പോള്‍ മുതല്‍ മക്കളില്ലാത്ത ചെറിയമ്മയാല്‍ പോറ്റിവളര്‍ത്തപ്പെടുകയും ചെയ്തയാളാണ്. തഞ്ചാവൂരിലെ ഭാഗവതമേളകള്‍ പരമ്പരാഗതമായി ശ്രീകാന്തിന്റെ പിതാമഹന്മാരാണ് ചെയ്തുവരുന്നത്. ശ്രീകാന്ത് തന്റെ ആറാം വയസ്സുമുതല്‍ ഭാഗവതമേള ചെയ്തുവരുന്നുണ്ട്. വലുതായപ്പോള്‍ ഗുരു പന്തനല്ലൂര്‍ ഷണ്‍മുഖ സുന്ദരംപിള്ളയുടെ കീഴില്‍ നൃത്തം പഠിച്ചുതുടങ്ങിയ ശ്രീകാന്ത് പിന്നീട് പത്മാസുബ്രഹ്‌മണ്യത്തിന്റെ ശിഷ്യനായി ധാരാളം വേദികളില്‍ നൃത്തമവതരിപ്പിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. സിനിമാ തിരക്കുകള്‍ക്കിടയിലും വിനീത് നൃത്യാലയയില്‍ വന്ന് റീഫ്രെഷ്മെന്റ് നടത്താറുണ്ടായിരുന്നു. ശ്രീകാന്ത് സ്വന്തമായി നൃത്തം പഠിപ്പിക്കാന്‍ തുടങ്ങിയ സമയത്ത് വിനീത് അയാളുടെയടുക്കല്‍ പോയി ഒന്നുരണ്ട് ഐറ്റങ്ങള്‍ പഠിച്ചിട്ടുണ്ട്. അറിയപ്പെടുന്ന കൊറിയോഗ്രാഫര്‍ കൂടിയായ ശ്രീകാന്തിനെ നൃത്യാലയയിലെ കുട്ടികള്‍ക്കുവേണ്ടി ക്ഷണിക്കാന്‍ തീരുമാനിച്ചു. വിനീത് മുഖാന്തരം ശ്രീകാന്തിന് സൗകര്യപ്പെടുമോ എന്നന്വേഷിച്ചു. നൃത്യാലയയിലെ തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് സ്പെഷ്യലായി കുറച്ച് ഐറ്റങ്ങള്‍ പറഞ്ഞുകൊടുക്കുക, അയാളുടെ ശൈലി പരിചയപ്പെടുത്തുക അതിലൂടെ നൃത്തത്തെ നവീകരിച്ചുകൊണ്ടേയിരിക്കുക. ഇതായിരുന്നു എന്റെ ലക്ഷ്യം. ശ്രീകാന്ത് സന്തോഷത്തോടെ വന്നു. അശ്വതിയുള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് പുതിയ ഐറ്റങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി. അശ്വതി ഇംഗ്ലീഷ് എം.എ കഴിഞ്ഞ് തുടര്‍വിദ്യാഭ്യാസ പദ്ധതികള്‍ നൃത്തത്തില്‍ മാത്രം എന്ന നിലപാടില്‍ നില്‍ക്കുകയാണ്. അങ്ങനെയെങ്കില്‍ ഗൗരവത്തോടെ തന്നെ നൃത്തത്തെ കൊണ്ടുപോകട്ടെ എന്ന് ഞാനും മനസ്സില്‍ കരുതി. എനിക്കത് സന്തോഷം തരുന്ന കാര്യമായിരുന്നു. 

നൃത്യാലയയുമായി ശ്രീകാന്ത് വളരെ വേഗത്തില്‍ തന്നെ നല്ല സഹകരണത്തിലായി. എനിക്ക് തമിഴ് അറിയാവുന്നതിനാല്‍ സംഭാഷണം എളുപ്പമായിരുന്നു. പണ്ട് ഞാന്‍ മദ്രാസില്‍ ഒഴിവുകിട്ടുമ്പോള്‍ പഠിക്കാന്‍ പോയതുപോലെ മദ്രാസില്‍ നിന്നും ഒഴിവുകിട്ടുമ്പോള്‍ ശ്രീകാന്ത് കോഴിക്കോടെത്തി കുട്ടികളെ പഠിപ്പിച്ചു. നിരവധി പ്രോഗ്രാമുകളില്‍ പുതിയ ഐറ്റങ്ങളുമായി കുട്ടികള്‍ ഉത്സാഹത്തോടെ നൃത്തങ്ങളവതരിപ്പിച്ചു. ശ്രീകാന്തിന്റെ സഹായം എനിക്ക് വളരെ ആശ്വാസമായിരുന്നു. വര്‍ഷങ്ങള്‍ കഴിയവേ നൃത്യാലയയിലെ പ്രധാനപ്പെട്ട അധ്യാപകന്‍ തന്നെയായി ശ്രീകാന്ത്.

അങ്ങനെയിരിക്കെയാണ് മുല്ലശ്ശേരി രാജുവിന്റെ ഭാര്യ ബേബി ഒരുദിവസം സിതാരയിലേക്ക് വരുന്നത്. ലക്ഷ്മി എന്നാണ് ബേബിയുടെ ശരിയായ പേര്. എല്ലാവരും ബേബി എന്നാണ് വിളിക്കുക. മുല്ലശ്ശേരി എനിക്കെന്റെ സഹോദരന്റെ വീട് പോലെയാണ്. ബേബി വന്നത് എം.ടിയോടും എന്നോടും ഒരു കാര്യം അവതരിപ്പിക്കാനാണ്. എം.ടിയെയും എന്നെയും ഒരുമിച്ചിരുത്തി ബേബി വന്നകാര്യം പറഞ്ഞു. അശ്വതി ബേബിയെ കാണാന്‍ ചെന്നിരുന്നു. അശ്വതിയും ശ്രീകാന്തും നല്ല സുഹൃത്തുക്കളാണ്. അവര്‍ വിശദമായി ആലോചിച്ച് ഒരു തീരുമാനത്തിലെത്തിയിരിക്കുന്നു. ജീവിതത്തില്‍ ഈ നൃത്തവും സൗഹൃദവും ഒരുമിച്ച് കൊണ്ടുപോകാന്‍ രണ്ടുപേരും ആഗ്രഹിക്കുന്നു. 

baby mullassery
മുല്ലശ്ശേരി ബേബി

അശ്വതിയ്ക്ക് അന്ന് ഇരുപത്തിയാറ് വയസ്സുണ്ട്. കൗതുകത്തിനുതോന്നുന്ന പ്രണയത്തിന്റെ കാലമല്ല. കഴിഞ്ഞ നാലുവര്‍ഷത്തോളമായി ശ്രീകാന്തിനെ അവള്‍ കാണുകയും സംസാരിക്കുകയും അയാളുടെ കീഴില്‍ പഠിക്കുകയും ചെയ്യുന്നു. ബേബി, അശ്വതിയുടെ ഭാഗത്തുനിന്നും സംസാരിക്കാനാണ് വന്നത്. ഞാന്‍ എം.ടിയെ നോക്കി. എം.ടിയില്‍ പ്രത്യേകിച്ച് ഭാവമാറ്റങ്ങളൊന്നുമില്ല. എം.ടി തന്റെ ജീവിതത്തിലുടനീളം ഓരോരുത്തര്‍ക്കും നല്‍കേണ്ടതായ വ്യക്തിപരമായ പരിഗണനയും ബഹുമാനവും നല്‍കുന്നയാളാണ്. അശ്വതി മകള്‍ എന്നതിലുപരി സ്വന്തം ജീവിതത്തില്‍  തീരുമാനങ്ങള്‍ എടുക്കാന്‍ പ്രായവും പക്വതയുമുള്ള വ്യക്തി എന്ന നിലയിലാണ് എം.ടി കണ്ടിരിക്കുന്നത്. എം.ടിയുടെ ജീവിതം നിശ്ചയിച്ചത് എം.ടി തന്നെയാണ്. എന്റെ ഇരുപത്തിയെട്ടാമത്തെ വയസ്സിലാണ് ഞാനും ജീവിതത്തില്‍ വളരെ സങ്കീര്‍ണമായ തീരുമാനം എടുക്കുന്നത്. മറ്റൊരു ബാഹ്യപ്രേരണയ്ക്കും ഇടപെടാന്‍ സാഹചര്യം നല്‍കാതെ, ഞാന്‍ എന്റെ ഇഷ്ട്ത്തിന് തീരുമാനിച്ച ജീവിതമാണ് ഇത്. അപ്പോള്‍ അശ്വതിയുടെ തീരുമാനത്തെ എന്തിന് ഇഴകീറി പരിശോധിക്കണം? അവള്‍ക്ക് വിവാഹപ്രായമായി. തനിക്ക് ഉചിതമെന്ന് തോന്നുന്നയാളെ കണ്ടെത്തി. വിവരം പറയാന്‍ അവള്‍ക്ക് അടുപ്പമുള്ളയാളെ പറഞ്ഞയച്ചു. എം.ടി, ബേബിയെ നോക്കി. പിന്നെ പറഞ്ഞു: 'അങ്ങനെയൊന്നുണ്ടെങ്കില്‍ നമുക്ക് ആലോചിക്കാം.'

എം.ടി ആലോചിക്കാം എന്നു പറഞ്ഞപ്പോഴും ഞാന്‍ ചിന്തിച്ചത് മറ്റൊരു തരത്തിലായിരുന്നു. രണ്ടുപേരും നൃത്തത്തിലാണ് ഭാവി കണ്ടെത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പതിനഞ്ചാം വയസ്സുമുതല്‍ ഞാന്‍ നൃത്തം പഠിപ്പിച്ചു കുടുംബം പോറ്റിയ കാലമല്ല ഇത്. എം.എ ഇംഗ്ലീഷില്‍ നല്ല മാര്‍ക്കും സാഹിത്യത്തില്‍ വായനയും അഭിരുചിയുമുള്ള അശ്വതി സ്ഥിര വരുമാനമുള്ള ജോലിയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ശ്രീകാന്ത് നൃത്തത്തെ ഉപാസിച്ചയാളാണ്. അയാള്‍ക്ക് നൃത്തമല്ലാതെ മറ്റൊരു ചിന്ത ജീവിതത്തില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. നൃത്തത്തോടുള്ള ശ്രീകാന്തിന്റെ അര്‍പ്പണമനോഭാവത്തില്‍ നിന്നും എനിക്കത് മനസ്സിലായതാണ്. മുന്നോട്ടുജീവിക്കാന്‍ ഇതൊന്നും മതിയാവില്ല. എം.ടിയുടെ സ്ഥിരോത്സാഹവും പ്രയത്നവുമാണ് അദ്ദേഹത്തെ നല്ലനിലയില്‍ എത്തിച്ചതും കുടുംബത്തില്‍ അത്യാവശ്യം വരുമ്പോള്‍ സഹായിക്കാനായി പണമെടുത്തുകൊടുക്കാനുണ്ടാവുന്നതും. എല്ലാറ്റിനും പുറമേ എം.ടിയ്ക്ക് മാസവരുമാനമുള്ള ജോലിയുമുണ്ട്. എം.ടിയോട് ഞാന്‍ ആശങ്ക പങ്കുവെക്കാതിരുന്നില്ല. അതവര്‍ക്കറിയാം എന്നായിരുന്നു മറുപടി.

mt and family
എം.ടിയും കുടുംബവും

 

എം.ടി ശ്രീകാന്തിനെ മുമ്പ് കണ്ടിട്ടുണ്ടോ, സംസാരിച്ചിട്ടുണ്ടോ എന്നൊന്നും അറിയില്ല. സാധ്യത കുറവാണ്. നൃത്യാലയയില്‍ ആരു വരുന്നുപോകുന്നു എന്നൊന്നും എം.ടിയുടെ ചിന്തയിലുള്ള കാര്യമല്ല. ശ്രീകാന്ത് വീട്ടില്‍ വന്ന് അശ്വതിയുടെ മാതാപിതാക്കളെന്ന രീതിയില്‍ ഞങ്ങളെ കണ്ട് സംസാരിക്കേണ്ടതുണ്ട്. ബേബിയ്ക്കും അതറിയാം. ബേബി തന്നെ മുന്‍കയ്യെടുത്ത് എം.ടി യുടെ സമയവും സൗകര്യവും നോക്കി ശ്രീകാന്തിന് സിതാരയില്‍ വന്നുകാര്യങ്ങള്‍ മുഖദാവില്‍ പറയാനുള്ള സാഹചര്യമൊരുക്കി. ഒരു വൈകുന്നേരം ശ്രീകാന്ത് വന്നു. തനിയെ ആണ് വന്നത്. ബേബി എല്ലാ കാര്യങ്ങളും മുന്‍കൂട്ടി പറഞ്ഞതിനാല്‍ മുഖവുരയൊന്നും ആവശ്യമില്ല. 'നിങ്ങളുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം ബുദ്ധിമുട്ടാകുമോ' എന്നുമാത്രമാണ് എം.ടി ശ്രീകാന്തിനോട് ചോദിച്ചത്. ഭാഷയും ജാതിയും സംസ്‌കാരവും നാടും വീടുമെല്ലാം വ്യത്യസ്തമാണ്. അവിടെ ഒരു പ്രശ്‌നവുമില്ല എന്നായിരുന്നു ശ്രീകാന്തിന്റെ മറുപടി. അടുത്തമാസം തന്നെ വിവാഹം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാം എന്നായിരുന്നു എം.ടി പിന്നെ പറഞ്ഞത്. എല്ലാം കേട്ടുനിന്ന ഞാന്‍ എം.ടിയെ നോക്കി. മൂത്തമകള്‍ വിവാഹം ചെയ്തത് പൂനെ സ്വദേശിയെ, രണ്ടാമത്തെ മകള്‍ വിവാഹം കഴിക്കാന്‍ പോകുന്നത് തമിഴ്‌നാട്ടുകാരനെ. വരന്മാരുടെ കുടുംബപശ്ചാത്തലമോ സാമൂഹിക സാമ്പത്തികസ്ഥിതികളോ ഒന്നും തന്നെ എം.ടി പരിഗണിച്ചിട്ടേയില്ലായിരുന്നു. മക്കള്‍ അവര്‍ക്കനുയോജ്യരായവരെ കണ്ടെത്തി, അറിയിച്ചു. സന്തോഷം! 

വൈകാതെ തന്നെ ശ്രീകാന്തിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടു. 2004 നവംബര്‍ പതിനഞ്ച് ഡേറ്റ് കുറിച്ചു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. എം.ടിയും ഞാനും ഞങ്ങളുടെ പരിചയത്തിലും ബന്ധത്തിലുമുള്ളവരെയൊക്കെ വിവാഹത്തിന് ക്ഷണിച്ചു. വിവാഹം ശ്രീകാന്തിന്റെ കുടുംബാചാരപ്രകാരം വേണമെന്ന ചില നിര്‍ബന്ധങ്ങളൊക്കെ വന്നെങ്കിലും എം.ടി സാധാരണ കല്യാണം മതി എന്ന അഭിപ്രായം പറഞ്ഞു. കോഴിക്കോട് ആശിര്‍വാദ് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം. മദ്രാസില്‍ ശ്രീകാന്തിന്റെ ബന്ധുക്കള്‍ക്കായി അവര്‍ റിസപ്ഷന്‍ നടത്തി. മദ്രാസ് എനിക്ക് ഓര്‍മവെച്ചനാള്‍ മുതല്‍ പരിചയമുള്ള നാടാണ്. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന നാട്. ഇരുപത്തിയാറ് കൊല്ലം എന്നോട് ഇണങ്ങിയും പിണങ്ങിയും നടന്ന അശ്വതി വിവാഹിതയായി പടിയിറങ്ങുകയാണ്. ക്ഷണിക്കപ്പെട്ടവരെല്ലാം നിറഞ്ഞുനിന്ന ആശിര്‍വാദ് ഓഡിറ്റോറിയത്തില്‍ എനിക്ക് ശൂന്യത അനുഭവപ്പെട്ടു. 

(തുടരും)

തയ്യാറാക്കിയത്: ഷബിത

Content Highlights :Saraswatham autobiography of Kalamandalam Saraswathy part 22