മൂന്നരപതിറ്റാണ്ടോളം കോഴിക്കോട് നഗരത്തിന്റെ പലഭാഗങ്ങളിലുമായിട്ട് നൃത്തക്ലാസുകള്‍ ഏകോപിപ്പിച്ച് കൊണ്ടുപോകുക, അതിനിടയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം വരുന്ന യുവജനോത്സവവേദികള്‍, കോഴിക്കോട്ടെ പ്രമുഖ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കുള്ള പ്രത്യേക പരിശീലനം അതും ഇനം തിരിച്ചുള്ളത്. കൂടാതെ നൃത്തത്തെ ഉപാസിക്കുന്ന, ദീര്‍ഘകാലമായി നൃത്തം പഠിക്കാന്‍ വരുന്ന കുട്ടികള്‍...ഓട്ടങ്ങള്‍ക്ക് ഒരു കുറവുമില്ലായിരുന്നു. വെറുതെയിരിക്കാന്‍ കാലുകളും കൂട്ടാക്കിയില്ല. ഇടയ്ക്കിടെ മദ്രാസില്‍ പോകും എന്റെ അറിവിനെ പുതുക്കും. പുതിയത് പഠിക്കും. അത് കുട്ടികളെയും പഠിപ്പിക്കും. കോഴിക്കോട് തളിയിലെ ഒരു വീട്ടിലെ ക്ലാസ് കഴിഞ്ഞാല്‍ പിന്നെ അടുത്ത ബാച്ച് മുല്ലശ്ശേരി രാജുവേട്ടന്റെ വീട്ടിലാണ് നടക്കുന്നത്. ആഴ്ചയിലെ പല ദിവസങ്ങളിലായി കുട്ടികളുടെ നേരവും കാലവും നോക്കി പലയിടങ്ങളിലായി പോയി പഠിപ്പിക്കുക തന്നെ. 

'സിതാര'യിലേക്ക് വന്ന് പഠിക്കാനുള്ള സന്നദ്ധത പലപ്പോഴും കുട്ടികള്‍ കാണിക്കാറുണ്ടായിരുന്നു. ഞാന്‍ യാത്ര ചെയ്ത് ബുദ്ധിമുട്ടാകരുത് എന്ന ചിന്തയില്‍ ഞങ്ങള്‍ ഇങ്ങോട്ട് വന്നോളാം എന്ന് ചില രക്ഷിതാക്കളും പറഞ്ഞു. പക്ഷേ സിതാരയില്‍ വെച്ച് നൃത്തക്ലാസ് എടുക്കുന്നതിലെനിക്ക് സമ്മതമുണ്ടായിരുന്നില്ല. എം.ടിയ്ക്ക് വളരെ അപൂര്‍വമായി മാത്രം ലഭിക്കുന്ന സ്വകാര്യതയാണ് സിതാര. അവിടേക്ക് നൃത്തപഠനം കൂടി കൊണ്ടുവരണ്ട. തളിയിലെ ക്ലാസ് ഏതാണ്ട് അവസാനിപ്പിച്ചെങ്കിലും മുല്ലശ്ശേരിയില്‍ നിര്‍ത്തിയില്ല. ഒന്നര വര്‍ഷത്തോളം പലപലബാച്ചുകളായി തിരിച്ചുകൊണ്ട് മുല്ലശ്ശേരിയില്‍ ക്ലാസുകള്‍ തുടര്‍ന്നു. ശനിയും ഞായറും ഉള്‍പ്പെടെ എല്ലാ ദിവസവും ബാച്ചുകള്‍ തിരിച്ച് കുട്ടികള്‍ വരുത്തിയാണ് ക്ലാസ് എടുത്തത്. മുല്ലശ്ശേരി രാജുവും ഭാര്യ ബേബിയും എല്ലാം സൗകര്യങ്ങളും ചെയ്തു തന്നു. വളരെ നല്ല സ്നേഹമായിരുന്നു അവര്‍ക്ക്. അവരുടെ മകള്‍ നാരായണിയും നൃത്തം പഠിക്കുന്നുണ്ട്. എങ്കിലും എത്രകാലം ഒരു വീടിനെത്തന്നെ ഇങ്ങനെ ആശ്രയിക്കും? അവര്‍ക്ക് ഞാന്‍ എത്രകാലം അവിടെ തുടര്‍ന്നാലും മറ്റു വിഷമങ്ങളോ പ്രശ്നങ്ങളോ ഒന്നുമില്ല. എങ്കിലും സ്വന്തമായി ഒരു നൃത്തക്ലാസ് വേണമെന്ന ആഗ്രഹം എത്രയോ കാലം മുമ്പേ മനസ്സിലുള്ളതാണ്. 

kalamandalam saraswathy, aswathy v nair
കലാമണ്ഡലം സരസ്വതി, അശ്വതി വി. നായര്‍

സ്വന്തമായി ഒരു നൃത്തവിദ്യാലയം വേണമെന്ന ആഗ്രഹമുണ്ട്. ചാലപ്പുറവും അതിന്റെ പരിസരവുമാണ് എന്നെ ഞാനാക്കിയത്. നൃത്തം തുടങ്ങിയനാള്‍ തൊട്ട് ചാലപ്പുറം വിട്ട് മറ്റൊരു സ്ഥലം അന്വേഷിക്കേണ്ടി വന്നിട്ടില്ല. ചാലപ്പുറത്താണ് നൃത്തവിദ്യാലയം സ്ഥാപിക്കുന്നതെങ്കില്‍ എനിക്ക് കൂടുതല്‍ സന്തോഷമാകും. എം.ടിയോട് അതുവരെ ആഗ്രഹങ്ങളോ ആവശ്യങ്ങളോ ഞാന്‍ പറഞ്ഞതായി എനിക്കോര്‍മയില്ല. ഒരു ഗള്‍ഫ് യാത്രയ്ക്കിടയില്‍ കൂട്ടത്തിലുണ്ടായിരുന്നവര്‍ ആഭരണങ്ങള്‍ വാങ്ങാന്‍ പോകുന്നുവെന്നു പറഞ്ഞപ്പോള്‍ നിങ്ങള്‍ ഒന്നും വാങ്ങുന്നില്ലേ എന്ന് എം.ടി ചോദിച്ചു. പോകണോ പോകണ്ടയോ എന്ന മട്ടില്‍ നിന്നപ്പോള്‍ എം.ടി കൂടെ വന്ന് കുറച്ച് വളകള്‍ കാണിച്ചുതന്നു. എം.ടിയുടെ ചിന്തയിലേക്ക് നമ്മള്‍ കടന്നുവരാനാണ് പ്രയാസം. ഞാനിങ്ങനെ പലയിടങ്ങളിലായി ക്ലാസുകള്‍ എടുക്കുന്നതും പരിപാടി അവതരിപ്പിക്കുന്നതും കുട്ടികളെ പരിപാടികള്‍ക്കായി പരിശീലിപ്പിക്കുന്നതുമെല്ലാം എം.ടി കാണുന്നതാണ്. അത് താന്‍ കാണുന്ന കാലം തൊട്ടേയുള്ളതാണല്ലോ എന്നേ ചിന്തിച്ചിട്ടുണ്ടാവൂ. അതിനപ്പുറത്തേക്കുള്ള ആവശ്യം പറയുക തന്നെ! 

എം.ടിയോട് സംസാരിക്കുക എന്നത് വലിയൊരു കടമ്പയാണ്. മനസ്സ് മറ്റെവിടെയുമാണെങ്കില്‍ പറയുന്നത് കേള്‍ക്കില്ല. അല്ലെങ്കില്‍ വായനയോ എഴുത്തോ ആയിരിക്കും. വീണുകിട്ടുന്ന സമയം വൈകുന്നേരത്തെ ചായ കുടിക്കുമ്പോഴാണ്. ചായ കൊടുത്ത ശേഷം ഞാന്‍ മുമ്പില്‍ ഇരിക്കുന്നുവെങ്കില്‍ എന്താ എന്ന മട്ടില്‍ നോക്കും. എനിക്കെന്തെങ്കിലും പറയാന്‍ ഉണ്ടാകുമെന്നറിയാം. സ്വന്തമായി ഒരു നൃത്തവിദ്യാലയം വേണമെന്ന് ആലോചിക്കുന്നതിനെക്കുറിച്ച് ഞാന്‍ എം.ടിയോട് പറഞ്ഞു. വാടകക്കെട്ടിടം വേണ്ട, സ്വന്തമായി സ്ഥലം വാങ്ങി എക്കാലത്തേക്കുമായുള്ള ഒരു കലാലയം ആണ് എന്റെ ആഗ്രഹം. അക്കാര്യവും എം.ടിയോട് വ്യക്തമാക്കി. എന്റെ ഇളയ അനിയന്‍ ശ്രീറാം ഞങ്ങളുടെ കൂടെയാണ് താമസം. ശ്രീറാം ആണ് എം.ടിയെ എല്ലാ കാര്യങ്ങളിലും സഹായിക്കുന്നത്. വിവാഹം കഴിച്ച് സ്വന്തമായി കുടുംബമായിട്ടും ഇന്നും ശ്രീറാം എല്ലാ സഹായത്തിനുമായി കൂടെത്തന്നെയുണ്ട്. ഞാന്‍ ഇക്കാര്യം പറയുമ്പോള്‍ ശ്രീറാം അടുത്തുണ്ട്. നൃത്തവിദ്യാലയത്തിനു പറ്റിയ സ്ഥലം കണ്ടെത്തി അറിയിക്കാന്‍ ശ്രീറാമിനെയാണ് എം.ടി ഏല്‍പ്പിച്ചത്. ഇവര്‍ക്കിഷടമുള്ള ചാലപ്പുറം പരിസരത്തു തന്നെ മതി എന്ന് എം.ടി എന്നെ നോക്കിക്കൊണ്ട് അനിയനോട് പറഞ്ഞു. 

ശ്രീറാം വൈകാതെ തന്നെ ചാലപ്പുറത്ത് ഒരു സ്ഥലം കണ്ടുപിടിച്ചു. എം.ടി പോയി നോക്കി, ഇഷ്ടപ്പെട്ടു. വിലപറഞ്ഞ് കച്ചവടമുറപ്പിച്ചു. വൈകാതെ തന്നെ സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ നടത്തി. നൃത്ത വിദ്യാലയം എന്ന കാഴ്ചപ്പാടില്‍ നല്ല വിശാലമായ ആകര്‍ഷണീയമായ ഒരു കെട്ടിടം ആണ് എം.ടിയുടെ മനസ്സിലുണ്ടായിരുന്നത്. കോഴിക്കോട്ടെ പ്രശസ്തനായ ആര്‍ക്കിടെക്ട് രമേഷ് ആണ് പ്ലാന്‍ വരച്ചതും കെട്ടിടം പണിതതും. അക്കാലത്ത് ഹോളോബ്രിക്സുകള്‍ വന്നുതുടങ്ങുന്നതേയുള്ളൂ. തികച്ചും പരിസ്ഥിതി സൗഹാര്‍ദപരമായ, ചൂട് അറിയാത്ത ഹോളോബ്രിക്സുകള്‍ ഉപയോഗിച്ച് സ്ഥലം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് നൃത്തവിദ്യാലയം ഒരുങ്ങി. പാലക്കാട് മേഴത്തൂരില്‍ ഒരു മന പൊളിച്ചപ്പോള്‍ അവിടത്തെ തൂണുകളും വാതിലുകളും മറ്റും എം.ടിയുടെ സുഹൃത്ത് അറിയിച്ചതുപ്രകാരം അദ്ദേഹം തന്നെ പോയി വിലകൊടുത്ത് വാങ്ങിക്കൊണ്ടുവന്നു. കെട്ടിടം നിര്‍മിക്കുന്ന ഓരോ ഘട്ടത്തിലും അദ്ദേഹം നേരിട്ടുതന്നെ ഇടപെട്ടു. 

Aswathy v nair, MT, Kalamandalam Saraswathy
എം.ടി, കലാമണ്ഡലം സരസ്വതി, അശ്വതി വി. നായര്‍

നൃത്യാലയ! ആ പേര് പദുക്ക നിര്‍ദ്ദേശിച്ചതാണ്. മമ്മ ഒരുക്കിത്തന്ന നൃത്തവിദ്യാലയം മുതല്‍ ഞാന്‍ കൂടെ കൊണ്ടുനടക്കുന്ന പേരാണ്.. സ്വന്തമായുള്ള നൃത്തവിദ്യാലയത്തിന് മറ്റൊരു പേരിനെക്കുറിച്ച് ആലോചിക്കേണ്ടതില്ല. 1990 ആഗസ്റ്റ് മാസത്തില്‍ നൃത്യാലയ നൃത്തവിദ്യാലയത്തിന്റെ ഉദ്ഘാടനം അതിഗംഭീരമായിത്തന്നെ നടന്നു. പത്മഭൂഷന്‍ ഡോ.വെമ്പട്ടി ചിന്നസത്യം മാഷ് ആണ് നൃത്യാലയയില്‍ തിരിതെളിയിച്ചത്. വൈകുന്നേരം നടി പത്മിനിയായിരുന്നു മുഖ്യാതിഥി. എന്റെ കുട്ടികളുടെയും സഹപ്രവര്‍ത്തകരുടെയും നൃത്തപരിപാടികളോടെ ആഘോഷഭരിതമായൊരു ഉദ്ഘാടനച്ചടങ്ങ്. നടന്‍ വിനീത് അന്ന് ശിഷ്യനാണ്. വിനീതും കലാമണ്ഡലം ലീലാമ്മയും കുട്ടികളും നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചു. എന്റെ നൃത്തപഠനം മുതല്‍ നൃത്താധ്യാപനം വരെയുള്ള കാലയളവില്‍ ഞാന്‍ ഇടപെട്ടിട്ടുള്ള ഗുരുക്കന്മാരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും നൃത്യാലയയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചു. കലാമണ്ഡലത്തില്‍ എന്നോടൊപ്പവും ജൂനിയറായും പഠിച്ചവരില്‍ ചിലര്‍ വളരെക്കാലം അധ്യാപകരായി എന്നോടൊപ്പമുണ്ടായിരുന്നു. അവരുടെയെല്ലാം സംഘാടനത്തില്‍ വലിയൊരു ആഘോഷത്തോടെയാണ് നൃത്യാലയ ആരംഭിച്ചത്. 

മുപ്പത്തിയൊന്ന് വര്‍ഷമായി നൃത്യാലയ പ്രവര്‍ത്തനമാരംഭിച്ചിട്ട്. പ്രശസ്തരും അല്ലാത്തവരുമായ നിരവധി കുട്ടികള്‍ നൃത്തം പഠിക്കാനും പഠിച്ചത് പുതുക്കാനും വന്നും പോയുമിരിക്കുന്നു. അനവധി നൃത്താധ്യാപകരുടെ സേവനം ഇക്കാലയളവില്‍ നൃത്യാലയക്ക് ലഭിച്ചിട്ടുണ്ട്. യുവജനോത്സവവേദികളില്‍ മത്സരങ്ങള്‍ കിടപിടിക്കുമ്പോള്‍ എന്റെ കുട്ടികള്‍ എങ്ങനെ ചെയ്യുന്നു എന്നതിനേക്കാള്‍ ഏറ്റവും നന്നായി ചെയ്യുന്ന കുട്ടിയുടെ പെര്‍ഫോമന്‍സ് എന്നെ സദസ്സില്‍ പിടിച്ചിരുത്താറുണ്ട്. നേരില്‍ കണ്ടാല്‍ അഭിനന്ദിക്കും. ഏതൊരു കലയും നിരന്തരമായ പുതുക്കലുകള്‍ ആവശ്യപ്പെടുന്നുണ്ട്. ഞാന്‍ എന്തു പഠിപ്പിക്കുന്നു എന്നതിനൊപ്പം തന്നെ മറ്റു നൃത്താധ്യാപകര്‍ എന്തു പഠിപ്പിക്കുന്നു എന്നതും ഞാന്‍ നിരീക്ഷിക്കുമായിരുന്നു. കലോത്സവ വേദികള്‍ തന്നെയായിരുന്നു ഇത്തരം നിരീക്ഷണങ്ങളുടെ വേദി. 

(തുടരും)

തയ്യാറാക്കിയത്: ഷബിത

Content Highlights : saraswatham autobiography of kalamandalam saraswathy part 21