'എം.ടി. തിരക്കുള്ളയാളാണ്, തിരക്ക് എന്ന് പറയുമ്പോള്‍ ടീച്ചര്‍ കരുതുന്നതിലും അപ്പുറത്തെ തിരക്ക്.' കാമിനീ സുകുമാരന്റെ ഭര്‍ത്താവ് സുകുമാരന്‍ സാറിന്റെ വാക്കുകള്‍ ഭാഗ്യവശാല്‍ എന്നെ പലപ്പോഴും മുന്‍നടത്തിയിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതല,തിരക്കഥയെഴുത്ത്, സംവിധാനം, കഥകള്‍, നോവലുകള്‍, ഒരിക്കലും മുടങ്ങാത്ത വായന, നിത്യസന്ദര്‍ശകര്‍, യാത്രകള്‍, ബന്ധുക്കള്‍, സൗഹൃദങ്ങള്‍...എം.ടിയുടെ തിരക്കുകള്‍ അവസാനിച്ച ഒരു ദിവസം പോലും ഇല്ല.

എം.ടി. തമാശകള്‍ പറയുകയോ പൊട്ടിച്ചിരിക്കുകയോ ചെയ്യുന്നത് കാണാന്‍ പ്രയാസമാണ്.  ഒരുപക്ഷേ എനിക്ക് തമാശ പറയാന്‍ അറിയാഞ്ഞിട്ടാവണം. വളരെ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ എം.ടി. നിറഞ്ഞുചിരിക്കുന്നതും ഫോണിലൂടെ സന്തോഷത്തോടെ വര്‍ത്തമാനം പറയുന്നതും കേള്‍ക്കാം. നാട്ടില്‍ നിന്ന് ഏട്ടത്തിയമ്മ മാധവിക്കുട്ടി പത്രത്തില്‍ ഫോട്ടോയോ വാര്‍ത്തയോ കണ്ടാല്‍ വിളിക്കും. 'വാസൂന്റെ വിശേഷം പത്രത്തില്‍ കണ്ടുവല്ലോ' എന്നു പറഞ്ഞാണ് ഏട്ടത്തിയമ്മ സംസാരം തുടങ്ങുക. അപ്പോള്‍ വാര്‍ത്തയുടെ കാര്യം എം.ടി. വിശദീകരിക്കും. ഏട്ടത്തിയമ്മ നല്ല വായനക്കാരിയാണ്. അവരുടെ വായനയും എഴുത്തും എം.ടിയെ ചെറുപ്പത്തില്‍ നന്നായി സ്വാധീനിച്ചിരുന്നു എന്നൊക്കെ കൂടല്ലൂരില്‍ നിന്നും പറഞ്ഞുകേട്ടിട്ടുണ്ട്. പിന്നെയുള്ളത് പുന്നയൂര്‍ക്കുളത്തെ കാര്‍ത്യായനി ഓപ്പുവാണ്. ഓപ്പുവിനോടുള്ള സംസാരം കേള്‍ക്കുമ്പോള്‍ നമുക്കുമുന്നിലുള്ള എം.ടി. തന്നെയാണോ എന്നു തോന്നിപ്പോകും. അവര്‍ പറയുന്ന ഓരോ തമാശകളും വിശേഷങ്ങളും വളരെ താല്‍പ്പര്യത്തോടെ കേട്ട് വിനീതവിധേയനായിരിക്കുന്ന എം.ടി!

വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഞാന്‍ അദ്ദേഹത്തിന്റെ ജീവിതരീതികളുമായി ചേര്‍ന്നു. ഞാന്‍ ഒരു നൃത്ത വിദ്യാലയം നടത്തിക്കൊണ്ടുപോകുന്നയാളാണ്. ഒരുപാട് പ്രൈവറ്റ് ക്ലാസുകളുമുണ്ട്. എനിക്ക് അതു തുടരുക തന്നെ വേണം. എന്റെ വീട്ടില്‍ അമ്മയ്‌ക്കൊരു ഉള്‍ഭയമുണ്ടായിരുന്നു, ഇത്രയും കാലം രാപകലില്ലാതെ നൃത്തവും വേദികളുമായി നടക്കുന്നതുപോലെ ഇനി നടന്നാല്‍ ശരിയാവുമോ? നൃത്തവുമായുള്ള ദീര്‍ഘയാത്രകള്‍ ഇനിയും നടത്തിയാല്‍ എന്താവും സ്ഥിതി? വിവാഹം വരെ നൃത്തത്തെ ഉപാസിക്കുകയും ശേഷം കുടുംബജീവിതത്തിനായി ജീവിതം ഹോമിക്കുകയും ചെയ്ത ഒരുപാട് പ്രതിഭകളെ എനിക്കറിയാം. അവരെല്ലാം വിവാഹജീവിതത്തില്‍ സന്തുഷ്ടരാണ്. നല്ല ജീവിതമുണ്ട്, മക്കളുണ്ട്, അവരുടെ വിദ്യാഭ്യാസമുണ്ട്. പക്ഷേ അവര്‍ക്കുള്ളിലെ കലയെവിടെ? എന്റെ വിലാസം നൃത്തമാണ്. എന്റെ അച്ഛന്റെ അധ്വാനമാണ് എന്നിലെ നൃത്തം. അത് വിവാഹത്തിന്റെ പേരില്‍ നിര്‍ത്തിക്കളയാന്‍ എനിക്കാവില്ല.. മറ്റൊരു തരത്തില്‍ കലയെ ഉപാസിക്കുന്ന എം.ടിയ്ക്ക് അക്കാര്യങ്ങള്‍ മറ്റാരേക്കാളും കൂടുതല്‍ മനസ്സിലാവുമായിരുന്നു. കൂടുതല്‍ ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ തന്നെ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഞാനെന്റെ ക്ലാസുകള്‍ക്ക് പോയിത്തുടങ്ങി. സമയം കുറച്ചൊന്നു ക്രമീകരിച്ചു. ഇനി പതുക്കെ ഓടിയാല്‍ മതി. തളരുമ്പോള്‍ താങ്ങാനൊരു കരമുണ്ടല്ലോ. നാളേക്ക് എന്തുചെയ്യും എന്ന ആധിയില്ല. അതുകൊണ്ടുതന്നെ കലാപരമായി കൂടുതല്‍ പഠിക്കാനും അന്വേഷിക്കാനും അവസരമുണ്ട്. എങ്കിലും എഴുത്തിനെക്കുറിച്ച് എം.ടിയോ നൃത്തത്തെക്കുറിച്ച് ഞാനോ വ്യക്തിപരമായി സംസാരിക്കില്ലായിരുന്നു. ഒന്നാമത് ഞാന്‍ വായിക്കില്ല, എം.ടിയെ വായിക്കാത്ത ഞാന്‍ എന്റെ നൃത്തത്തെക്കുറിച്ച് അങ്ങോട്ടുപറയാനും പാടില്ലല്ലോ. 

കലാമണ്ഡലം സരസ്വതി
കലാമണ്ഡലം സരസ്വതി

രാജശ്രീ നഴ്‌സിങ് ഹോമിന്റെ സ്റ്റോക്ക് റൂം ആയിരുന്നല്ലോ എന്റെ നൃത്യാലയ. ഞാന്‍ ക്ലാസുകള്‍ എടുത്ത് മെച്ചപ്പെട്ടുവരുമ്പോഴും ആശുപത്രി ഉപകരണങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതെ അവര്‍ വിഷമിക്കുന്നത് എനിക്ക് കാണാമായിരുന്നു. അതുകൊണ്ടുതന്നെ പുതിയ ക്ലാസ് ശരിയായിട്ടുണ്ട് എന്ന് ധരിപ്പിച്ച് പതുക്കെ ഞാനെന്റെ ക്ലാസുകള്‍ തളിക്ഷേത്രത്തിനു ചുറ്റുവട്ടത്തുള്ള പലയിടങ്ങളിലേക്കും മാറ്റിയിരുന്നു. തളിക്ഷേത്രത്തിനു സമീപമുള്ള ഒരു വീട്; മീരാഭായിയും ഭര്‍ത്താവും രണ്ടുപെണ്‍മക്കളും. അദ്ദേഹം ഹെഡ്പോസ്റ്റോഫീസിലാണ് ജോലി ചെയ്തിരുന്നത്. കൊങ്കിണിയാണ് അവരുടെ സംസാരഭാഷ. രണ്ടുമക്കളും എന്റെയടുക്കല്‍ നൃത്തം പഠിക്കുന്നവരാണ്. അപ്പോള്‍ ആ ചുറ്റുവട്ടത്തുള്ള ക്ലാസുകളൊക്കെ മീരാഭായിയുടെ വീട്ടില്‍ നിന്നും എടുത്തു തുടങ്ങി. പിന്നെ ലക്ഷ്മി കല്യാണ മണ്ഡപം, ഈഡന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായിട്ടും നൃത്തക്ലാസുകളെ ഏകോപിപ്പിച്ചു. പിന്നീട് രാജു മുല്ലശ്ശേരിയുടെ വീട്ടിലും എനിക്ക് ക്ലാസെടുക്കാനുള്ള സൗകര്യം ഒരുക്കിത്തന്നു.

അക്കാലത്ത് എം.ടിയുടെ തിരക്കഥാചര്‍ച്ചകള്‍ പലപ്പോഴും മദ്രാസിലാണ് നടക്കുക. കുറച്ചുദിവസം മദ്രാസില്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കും. നിര്‍മാതാക്കളും സംവിധായകരുമൊക്കെ മുന്‍കൂട്ടി പറഞ്ഞതുപ്രകാരം സമയം കണക്കാക്കി വരും. മദ്രാസിലേക്കു പോകുമ്പോള്‍ എന്നെയും കൂട്ടും. എനിക്കേറെ ഇഷ്ടമുള്ള നഗരമാണ് മദ്രാസ്. എന്റെ നൃത്തമോഹങ്ങളൊക്കെ ഞാന്‍ വശത്താക്കിയത് അവിടെ വച്ചാണ്. മദ്രാസ് എനിക്ക് കോഴിക്കോട് പോലെത്തന്നെയാണ്. എം.ടിയോടൊപ്പമുള്ള ആ യാത്രകളാണ് ഞാന്‍ ജീവിതത്തില്‍ ഏറെ ആസ്വദിച്ച യാത്ര. പിരിമുറുക്കമില്ലാത്ത മുഖത്തോടെ, പുഞ്ചിരിച്ചുകൊണ്ട്, വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് എം.ടി. വാചാലനാവുന്നത് മദ്രാസ് യാത്രകള്‍ക്കിടയിലാണ്. മാസങ്ങള്‍കൊണ്ടുള്ള മുന്നൊരുക്കത്തില്‍ കഥയുടെ വണ്‍ലൈന്‍ പൂര്‍ത്തിയാക്കിയിട്ടാണ് കഥ ചര്‍ച്ചചെയ്യാനിരിക്കുക. അപ്പോള്‍ വരുന്നവര്‍ക്ക് തൃപ്തിയാകും. കൂടുതല്‍ ആശയക്കുഴപ്പങ്ങളില്ല, ചര്‍ച്ചകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാകും.

kalamandalam saraswathy
കലാമണ്ഡലം സരസ്വതി നാട്യാചാര്യന്‍ ധനഞ്ജയന്‍ മാസ്റ്ററെ ആദരിക്കുന്നു

എം.ടി. കഥാചര്‍ച്ചകള്‍ക്ക് ഇരിക്കുമ്പോള്‍ ഞാന്‍ എന്റെ ഗുരുക്കന്മാരെ തേടിയിറങ്ങും. തുടര്‍പഠനത്തിനുള്ള നല്ലൊരു സാധ്യത അങ്ങനെ മദ്രാസ് യാത്രകളിലൂടെ സാധ്യമായി. എം.ടി. മദ്രാസിലേക്കുള്ള യാത്ര കണക്കാക്കി ഞാനെന്റെ ക്ലാസുകള്‍ അഡ്ജസ്റ്റ് ചെയ്യും. വെമ്പട്ടിസാറിന്റെയരികിലും പദുക്കയുടെയടുത്തുമായി മാറിമാറി പരിശീലിക്കും. പദുക്കയ്ക്ക് തിരക്കേറിയപ്പോള്‍ ചിത്രാവിശ്വേശ്വരന്റെ കീഴിലും ഞാന്‍ നൃത്തം അഭ്യസിച്ചിരുന്നു. അപ്പോള്‍ പദുക്ക പരിപാടികളിലാണെങ്കില്‍ നേരെ ചിത്രാക്കയുടെ അടുത്തേക്കു പോകും. അങ്ങനെ മദ്രാസ് യാത്രകളില്‍ രണ്ടുണ്ട് കാര്യം; എം.ടിയോടൊപ്പം യാത്ര പോകാം, എന്റെ പഠനവും നടക്കും.

കലാമണ്ഡലം സരസ്വതിയും ചിത്രാവിശ്വേശ്വരനും
കലാമണ്ഡലം സരസ്വതിയും പത്മ സുബ്രഹ്മണ്യവും

വന്ന കാര്യം എം.ടി. വിചാരിച്ചതുപോലെ ശുഭമായാല്‍ പിന്നെ ഞങ്ങള്‍ നഗരം ചുറ്റാനിറങ്ങും. തമിഴ്‌നാട് വര്‍ണശബളമാണ്. നിറങ്ങളാല്‍ കണ്ണഞ്ചിപ്പിക്കും. നഗരത്തിലൂടെ നടക്കുമ്പോള്‍ എം.ടി. ചോദിച്ചു: 'നിങ്ങള്‍ക്ക് സാരി വേണോ?' സരസ്വതി എന്ന് മറ്റുള്ളവരോട് പറയുമെങ്കിലും നിങ്ങളെന്നാണ് വിളിക്കുക. വേണോ എന്നു ചോദിച്ചപ്പോള്‍ ഞാനൊന്നുപതുങ്ങി. വേണം എന്നാണോ പറയേണ്ടത്, അയ്യോ വേണ്ട എന്നു പറയണോ എന്ന ശങ്ക. എം.ടി. നേരെ ഒരു കടയില്‍ കയറി ഒരു പട്ടുസാരി എന്നു പറഞ്ഞു. അവര്‍ മുന്നിലേക്കിട്ട സാരികളില്‍ നിന്നും എം.ടി. തന്നെ ഒന്നു തിരഞ്ഞെടുത്തു. എം.ടിയുടെ ആദ്യത്തെ സമ്മാനം ആ പട്ടുസാരിയായിരുന്നു.  

വിവാഹക്കാര്യം ഞാന്‍ പ്രധാനപ്പെട്ട ഒരാളോട് മാത്രം പറഞ്ഞില്ലായിരുന്നു. അത് അവതരിപ്പിക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു എന്നതായിരുന്നു വാസ്തവം. എന്നിരുന്നാലും അവിടെ അറിയും എന്നെനിക്കറിയാം. എന്റെ ഏറ്റവും വലിയ ആശ്രയമായതിനാല്‍ത്തന്നെ വൈകാതെ ഞാനങ്ങോട്ടുപോയിക്കണ്ടു. രാജശ്രീ നഴ്‌സിങ് ഹോമില്‍ പോയിട്ടാണ് കണ്ടത്. 'എന്താ പട്ടത്തീ വിശേഷം' എന്നുചോദിച്ചാണ് മമ്മ എന്നെ വലിയ കണ്ണടകള്‍ക്കുള്ളിലൂടെ നോക്കിയത്. ഒന്നു കാണിക്കാന്‍ വന്നതാണ് എന്നു പറഞ്ഞ് ഞാന്‍ ഒ.പി. ശീട്ട് കാണിച്ചു. മമ്മ ഗൗരവം ഒട്ടും കുറയ്ക്കാത്ത പുഞ്ചിരിയോടെ എന്നെ പരിശോധിച്ചു. 'ഇനി കുറച്ചുനാളത്തേക്ക് ചാട്ടവും തുള്ളലും ഒന്നും വേണ്ട. ശരീരത്തിന് വിശ്രമം കൊടുക്ക്.' മരുന്നുകളെഴുതിക്കൊണ്ട് മമ്മ പറഞ്ഞു. ഉള്ളിലൊരു കുഞ്ഞുവാവയുണ്ട്. മമ്മയല്ലാതെ വേറാരാണ് എന്റെ പ്രസവം എടുക്കുക, മമ്മയുള്ളപ്പോള്‍ ഞാനെന്തിന് മറ്റു ഡോക്ടര്‍മാരെ അന്വേഷിക്കണം. മമ്മയെ അറിയിക്കാതെ ഞാന്‍ കല്യാണം കഴിച്ചു എന്ന പരിഭവം മമ്മയ്ക്കുണ്ടെങ്കില്‍ എന്റെ കുഞ്ഞിനെ കാണുന്നതോടെ മമ്മ മറക്കും. നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മമ്മയുടെ കൈകളിലൂടെയാണ് ലോകം തൊട്ടത്. മമ്മയ്ക്ക് അതിനുള്ള ഭാഗ്യമില്ലാതെയും പോയി. വാവ വയറ്റില്‍ വളരും തോറും മമ്മയുടെ കരുതലും വലുതായിരുന്നു എനിക്ക്. 

(തുടരും)

Content Highlights: Saraswatham, Autobiography of Kalamandalam Saraswathy part 15