കൊടിക്കുന്നത്തമ്മയുടെ സന്നിധിയില്‍ വെച്ച് മാലയിട്ടതിനുശേഷം എം.ടിയുടെ തറവാട്ടില്‍ പോയി ഏട്ടനെയും ഏട്ടത്തിയമ്മയെയും നമസ്‌കരിച്ചു. രുഗ്മിണീവിജയരാഘവനും കാമിനീസുകുമാരനും ശ്രീധരന്‍മാസ്റ്ററും പരമേശ്വരന്‍സാറും കുടുംബവും എന്റെ ബന്ധുക്കളുമടങ്ങുന്ന ചെറിയ വിവാഹസംഘം തറവാട്ടില്‍ നിന്നും ഊണ് കഴിച്ച ശേഷം കോഴിക്കോടേക്ക് മടങ്ങി. അവര്‍ക്കു പിന്നാലെ അധികം വൈകാതെ തന്നെ എം.ടിയും ഞാനും കോഴിക്കോടേക്ക് തിരിച്ചു. എം.ടി കോഴിക്കോടുള്ള തന്റെ സുഹൃത്തുക്കളോടൊക്കെ വിവാഹക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നോ? അറിയില്ല. എം.ടിയുടെ ബന്ധുക്കളോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ പിറ്റേന്ന് രാവിലെ പോയാല്‍ പോരെ എന്നു പലരും അദ്ദേഹത്തോട് ചോദിക്കുന്നതുകേട്ടു. 'പോരാ' എന്ന ഒറ്റവാക്കിലുള്ള മറുപടിയോടെ പിന്നെയാരും നിര്‍ബന്ധിച്ചില്ല. എം.ടിയുടെ തിരക്കുകളെക്കുറിച്ചോ ജോലിയെക്കുറിച്ചോ എഴുത്തിനെക്കുറിച്ചോ ആരോടും ഒന്നും അദ്ദേഹം പറയുകയോ പങ്കുവെക്കുകയോ ചെയ്യാറില്ല. മറ്റാരേക്കാളും അദ്ദേഹത്തെ മനസ്സിലാക്കിയത് സ്വന്തം വീട്ടുകാരാണല്ലോ. അതുകൊണ്ടുതന്നെ കൂടുതല്‍ ചോദ്യത്തിനും പറച്ചിലിനുമൊന്നും നില്‍ക്കാതെ അവര്‍ ഞങ്ങളെ യാത്രയാക്കി.

'സിതാര'യിലെത്തിയതിനുശേഷം സന്ദര്‍ഭവും സമയവും നോക്കിക്കൊണ്ട് ഞാന്‍ പതുക്കെ എം.ടിയോട് ഒരു കാര്യം അവതരിപ്പിച്ചു. അമ്മയെ ഒന്നുപോയി കാണണം. നാളെയാവാം എന്ന മറുപടിയും വന്നു. പിറ്റേന്ന് രാവിലെ തന്നെ അമ്മയെ കാണാന്‍ പോയി. എം.ടിയോട് അമ്മ അടുത്ത് ഇരിക്കാന്‍ പറഞ്ഞു. ഏട്ടത്തിയമ്മയോടൊപ്പം ഞാന്‍ അടുക്കളയിലേക്ക് പോയി. അമ്മയുടെ മനസ്സ് അങ്ങനെ ആവശ്യപ്പെടുന്നു എന്നെനിക്കു തോന്നി. അമ്മ എം.ടിയോട് സംസാരിക്കാന്‍ തുടങ്ങി. അമ്മയുടെ ശബ്ദം അടുക്കളയില്‍ കേള്‍ക്കാം. ''സരസ്വതി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അവള്‍ക്ക് ഒരു കുടുംബം പരിപാലിച്ചുകൊണ്ടുപോകാന്‍ കഴിയുമോ എന്നെനിക്കറിയില്ല. അടുക്കളയൊന്നും വശമില്ല. ഓര്‍മവെച്ചനാള്‍ മുതല്‍ കുടുംബത്തിനുവേണ്ടി ഓടിത്തുടങ്ങിയതാണ്. അവള്‍ക്കു താഴെയുള്ള മക്കളുടെ കാര്യത്തിലാണ് ഇനിയുള്ള പേടി. അവള്‍ക്ക് പെട്ടെന്ന് ദേഷ്യം വരും. കണ്ണില്‍ കാണുന്നവരോടാണ് അത് തീര്‍ക്കുക. എന്താണ് പറയുന്നത് എന്നൊന്നും ഓര്‍മയുണ്ടാവില്ല. അവളുടെ അധ്വാനത്തെയാണ് ഞങ്ങള്‍ ആശ്രയിച്ചത്...'' അങ്ങനെ തുടങ്ങി അമ്മ എന്റെ എല്ലാക്കാര്യങ്ങളും എം.ടിയോട് എണ്ണിയെണ്ണി പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അടുക്കളയില്‍ നിന്നും ഞാന്‍ ഇതെല്ലാം കേട്ട് തലയില്‍ കൈ വെച്ചിരിക്കുന്നു. അമ്മയെ കാണാന്‍ ഞാന്‍ പ്രത്യേകമായി ഒന്നും കൂടി വരുന്നുണ്ടെന്ന് ഏട്ടത്തിയമ്മയോട് പറഞ്ഞു. അമ്മ എല്ലാം പറയട്ടെ. എം.ടിയോടല്ലാതെ ആരോടാണ് പറയുക എന്നായി ഏട്ടത്തിയമ്മ.

അകത്തുനിന്നും അമ്മ കരയുന്നുണ്ട്, പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. കുടുംബചരിത്രം മുഴുവനായും എന്റെ സ്വഭാവം മുഴുവനായും എം.ടി നിശബ്ദനായി കേട്ടിരിക്കുന്നു. അവസാനമായപ്പോഴേക്കും അമ്മയുടെ തൊണ്ടയിടറാന്‍ തുടങ്ങി. അതുവരെ എല്ലാം നിശബ്ദമായി കേട്ടിരുന്ന എം.ടി അമ്മയുടെ കൈ പിടിച്ചു. 'സരസ്വതിയുടെ കാര്യമോര്‍ത്ത് ഇനി വിഷമിക്കണ്ട' എന്നു പറഞ്ഞു. പിന്നെ അദ്ദേഹം അമ്മയെ നമസ്‌കരിച്ചു. അമ്മ വല്ലാതായി. എം.ടി വലിയൊരു മനുഷ്യനാണെന്ന് മറ്റുള്ളവര്‍ പറഞ്ഞറിയാം അമ്മയ്ക്ക്. വിവാഹശേഷം ഞാന്‍ നൃത്തവുമായി ഒരു വഴിക്കും എം.ടി തിരക്കുകളുമായി മറ്റൊരുവഴിക്കും പോകുമോ എന്ന ഭയം അമ്മയെ വല്ലാതെ അലട്ടിയിരുന്നു. എന്തൊക്കെ കൊടുങ്കാറ്റുണ്ടായാലും നൃത്തം ഞാന്‍ ഉപേക്ഷിക്കില്ല എന്നമ്മക്കറിയാം. അതാണ് അമ്മ ഭയപ്പെട്ടതും. ഒരു കുടുംബസ്ഥയാകാനുള്ള യോഗ്യതകള്‍ അമ്മയുടെ കണക്കില്‍ എനിക്കില്ലായിരിക്കാം. ഭക്ഷണമുണ്ടാക്കാനറിയില്ല, വിളമ്പിക്കൊടുത്ത്് ശീലമില്ല, കാത്തിരുന്ന് ശീലമില്ല. നേരത്തിനും കാലത്തിനും വീട്ടിലെത്തില്ല. നിരവധി ക്ലാസുകള്‍ പ്രൈവറ്റായി എടുക്കുന്നണ്ട്. പരിപാടികള്‍ക്ക് പോകണം. ഇതൊന്നും ഒറ്റയടിക്ക് ഞാനങ്ങ് നിര്‍ത്തി പൂമുഖവാതില്‍ക്കല്‍ കാത്തിരിക്കും എന്ന വിശ്വാസം അമ്മയ്ക്കെന്നല്ല, എന്റെ സഹോദരങ്ങള്‍ക്കും എന്നറിയുന്ന ആര്‍ക്കുമില്ല. ഇതിനോടൊക്കെയുള്ള എം.ടിയുടെ മനോഭാവം എന്താണ് എന്നതാണ് അമ്മയ്ക്കും സഹോദരങ്ങള്‍ക്കും അറിയേണ്ടത്. എം.ടിയാണേല്‍ 'സരസ്വതിയുടെ കാര്യമോര്‍ത്ത് ഇനി വിഷമിക്കണ്ട' എന്ന് താന്‍ പറഞ്ഞുകഴിഞ്ഞല്ലോ എന്ന ഭാവത്തില്‍ ഇരിക്കുകയാണ്. കൂടുതല്‍ എന്തുപറയാന്‍? 

ജോലിയ്ക്ക് പോകാനുള്ളത് കൊണ്ട് എം.ടി എഴുന്നേറ്റു. ഉടനെ തന്നെ ഞാനും കൂടെ പോന്നു. അക്കാലത്ത് ഏട്ടത്തിയമ്മ പ്രാതല്‍ ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കാറുണ്ട്. 'ടിഫിന്‍ ഇവിടെ നിന്നും കൊടുത്തയക്കാം. പിന്നെ ഉച്ചത്തേത് നോക്കിയാല്‍ മതിയല്ലോ. ഇവിടെ എന്തായാലും അധികംപേര്‍ക്കുള്ളത് ഉണ്ടാക്കും. പാളയത്തുനിന്നും കൊട്ടാരം റോഡ് വരെയുള്ള ദൂരമല്ലേയുള്ളൂ'- ഏട്ടത്തിയമ്മയാണ് രാവിലത്തെ പാചകമെന്ന വന്‍പ്രതിസന്ധിയില്‍ നിന്നും എന്നെ രക്ഷിച്ചത്. ഏട്ടത്തിയമ്മ അതുപറഞ്ഞപ്പോള്‍ ഓ, ആയിക്കോട്ടെ എന്നുപറയാന്‍ തുനിഞ്ഞ ഞാന്‍ എം.ടിയെ നോക്കി. അഭിപ്രായമൊക്കെ അവിടെയും കൂടി സ്വീകാര്യമാണോ എന്നറിയില്ലല്ലോ. എം.ടി ഒന്നും മിണ്ടിയില്ല. വേണ്ട എന്നുമില്ല, അങ്ങനെയായിക്കോട്ടെ എന്നുമില്ല. എം.ടിയുടെ മുഖം നോക്കി നമുക്ക് ഒന്നും വായിച്ചെടുക്കാന്‍ കഴിയില്ല എന്ന ആദ്യപാഠം ഞാന്‍ പഠിച്ചുതുടങ്ങിയത് അവിടെ നിന്നാണ്. എം.ടി ഒന്നും മിണ്ടാതെ നിന്നപ്പോള്‍ അമ്മ പറഞ്ഞു: 'എന്നാല്‍ അങ്ങനെയാക്കാം. അലമു എന്തായാലും ഭക്ഷണം ഉണ്ടാക്കും. നേരത്തിന് അവിടെ എത്തിക്കാം.' ഞാന്‍ തലയാട്ടി. എം.ടി അപ്പോഴേക്കും ഇറങ്ങിയിരുന്നു. 

'സിതാര'യിലെത്തിയപ്പോള്‍ എം.ടി പറഞ്ഞു. 'അമ്മയെ വിഷമിപ്പിക്കരുത്. താഴെയുള്ള കുട്ടികളുടെ കാര്യങ്ങള്‍ നോക്കണം. ഇവിടെ സഹായത്തിന് ഒരാളെയാക്കാം.' വീട് എന്ന സ്ഥാപനത്തെക്കുറിച്ച് അത്രവലിയ ഗ്രാഹ്യമൊന്നും വന്നുചേരാത്തതിനാല്‍ സഹായത്തിന് ഒരാളെയാക്കാം എന്നു എം.ടി പറഞ്ഞത് എനിക്ക് വലിയ ആശ്വാസമായിരുന്നു. ഏട്ടത്തിയമ്മ രാവിലത്തെ ഭക്ഷണം അനിയന്മാരുടെ കയ്യില്‍ കൊടുത്തയക്കും. പിന്നെയുള്ളത് സൗകര്യം പോലെ ഉണ്ടാക്കിയാല്‍ മതി. അടുക്കളയില്‍ മുമ്പ് നിന്നിരുന്ന സ്ത്രീ തന്നെയായിരുന്നു എന്നെയും സഹായിച്ചത്.

എം.ടിയോടൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ പാത്രങ്ങള്‍ പോലും നിശബ്ദമായിരുന്നു. ആരും ഒന്നും മിണ്ടില്ല. എന്റെ വീട്ടില്‍ ഭക്ഷണസമയമൊക്കെ ഒരു ഉത്സവമേളം പോലെയാണ്. കലപിലശബ്ദങ്ങളും വര്‍ത്തമാനങ്ങളും കുട്ടികളുടെ ബഹളങ്ങളും എല്ലാം കൊണ്ടും മനസ്സുനിറയുന്ന അന്തരീക്ഷം. ഇവിടെയാകട്ടെ പാത്രത്തെ വേദനിപ്പിക്കാതെ മിണ്ടാതെ ഇരുന്ന് കഴിക്കുന്ന അവസ്ഥ. പയ്യെപ്പയ്യെ ഒരു കാര്യം ഞാന്‍ മനസ്സിലാക്കി. എം.ടി മുമ്പില്‍ കൊണ്ടുവെച്ചിരിക്കുന്ന വിഭവങ്ങളൊന്നും തന്നെ തൊട്ടുനോക്കുന്നില്ല. എന്താണോ ആദ്യം വിളമ്പിക്കൊടുത്തിരിക്കുന്നത് അത് മാത്രമേ കഴിക്കുന്നുള്ളൂ. കുറേ സമയമെടുത്താണ് കഴിക്കുന്നത്. എന്തെങ്കിലും അങ്ങോട്ട് പറഞ്ഞാല്‍ മറുപടിയുമില്ല. ആലോചന; അതാണ് എം.ടിയോടൊപ്പം നടക്കുന്ന മറ്റൊരാള്‍. എപ്പോഴും ആലോചനയിലാണ്. ചുറ്റുമുള്ളതിനെക്കുറിച്ച് പലപ്പോഴും ഗൗനിക്കാതെയുള്ള ആലോചന. ഭക്ഷണം കഴിച്ചോ ഇല്ലയോ എന്ന് എം.ടി അറിയുന്നില്ല. എന്റെ അനുമാനങ്ങള്‍ ശരിയാണോ എന്നുറപ്പിക്കാനായി എം.ടി ഭക്ഷണം കഴിക്കുന്നത് നിരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. ശരിയാണ്. മുന്നിലുള്ള വിഭവങ്ങളൊന്നും എം.ടി കാണുന്നില്ല. ഭക്ഷണം കഴിക്കുക എന്ന പ്രവൃത്തി നടക്കുന്നുണ്ട്. അന്ന് മുതല്‍ എം.ടിയോടൊപ്പം കഴിക്കാനിരിക്കുന്നത് ഞാന്‍ നിര്‍ത്തി. 

M.T
ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്

എം.ടി കഴിക്കാനിരുന്നാല്‍ ഞാന്‍ അടുത്തുതന്നെ നില്‍ക്കും. വിളമ്പിക്കൊടുത്തതിനുശേഷം കഴിക്കുമ്പോള്‍ അവിടേക്കു കേള്‍ക്കുന്ന മട്ടില്‍ ഒന്നോ രണ്ടോ വിശേഷങ്ങള്‍ ചോദിക്കും. മൂളലല്ലാതെ മറുപടിയൊന്നുമുണ്ടാകില്ല. പാത്രത്തിലെ ഭക്ഷണം കുറഞ്ഞുവരുന്ന മുറയ്ക്ക് മേശപ്പുറത്തുള്ള ഭക്ഷണം തൊട്ടുകാണിച്ചുകൊണ്ട് ഓരോന്നിന്റെയും പേര് പറയും- തോരന്‍ , അവിയല്‍, പപ്പടം... അപ്പോള്‍ കഴിപ്പ് നിര്‍ത്തിയാല്‍ വേണം എന്നര്‍ഥം. ഉടനെ കുറച്ച് വിളമ്പിക്കൊടുക്കും. വറുത്ത മീനിനോട് വല്യ പ്രിയമാണ്. ഞാന്‍ മത്സ്യവും മാംസവുമൊന്നും കഴിക്കുകയുമില്ല. എങ്കിലും അത് വിളമ്പിക്കൊടുക്കുന്നതില്‍ എനിക്ക് പ്രയാസവുമില്ല. ഭക്ഷണം അവനവന്റെ ഇഷ്ടങ്ങളാണ്. ഒരാള്‍ക്കുവേണ്ടി മറ്റൊരാള്‍ അതില്‍ ത്യാഗം ചെയ്യേണ്ടതില്ല. എം.ടി ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ അടുത്ത് നില്‍ക്കുന്നത് പിന്നെ എന്റെ ശീലമായി. ഇല്ലെങ്കില്‍ ഉണ്ടാക്കിയതെല്ലാം വെറുതെയാകും. എം.ടി ഒന്നും കാണില്ല. കഴിക്കുന്ന മുറയ്ക്കനുസരിച്ച് ഓരോ വിഭവങ്ങളും എടുത്തെടുത്ത് പറയുക എന്നത് ഇപ്പോഴും എന്റെ ശീലമാണ്. ആണ്ടിനും സംക്രാന്തിക്കുമെന്നപോലെ ചിലപ്പോള്‍ എം.ടി ഏതെങ്കിലുമൊരു വിഭവത്തിനു നേരെ കൈ ചൂണ്ടും. അപ്പോഴാണ്് എനിക്ക് ഏറ്റവും വലിയ സന്തോഷം തോന്നുക. ഓ! ആള് ഇവിടെത്തന്നെ ഇരിപ്പുണ്ട്. ആലോചന മുഴുവനായും കൊണ്ടുപോയിട്ടില്ല. 

സദാസമയവും വര്‍ത്തമാനങ്ങള്‍ പറഞ്ഞ് കളിച്ചും ചിരിച്ചും നടന്നിരുന്ന എനിക്ക് ശ്വാസം മുട്ടാന്‍ തുടങ്ങി. എം.ടി വലിയ തിരക്കുകളുള്ള ആള്‍ തന്നെ. ജോലിയ്ക്കു പോകുന്നതുവരെ വായന, ആലോചന. തിരിച്ചുവന്നാല്‍ പിന്നെയും വായന, ആലോചന. ഇങ്ങോട്ട് ഒന്നും പറയുന്ന മട്ടില്ല. എന്നാല്‍ അങ്ങോട്ട് എന്തെങ്കിലും പറയാനുള്ള വിഷയം എന്റെ കയ്യിലൊട്ടില്ല താനും. എന്തു പറയാന്‍ ഭരതനാട്യത്തെപ്പറ്റിയോ? അടുത്തകാലത്തൊന്നും ഒരു പുസ്തകം വായിച്ച ഓര്‍മയൊട്ടെനിക്കില്ല താനും. അങ്ങനെയുള്ള ഞാന്‍ വിശ്വസാഹിത്യം അരച്ചുകലക്കിക്കുടിച്ച മനുഷ്യനോട് എന്തുപറയാനാണ്? വൈകിട്ട് വന്നാല്‍ ഒരുമിച്ചൊരു ചായ കുടിക്കും. ഞാന്‍ എന്തെങ്കിലുമൊക്കെ വിഷയങ്ങള്‍ ഉണ്ടാക്കിപ്പറയാന്‍ ശ്രമിക്കും. ചിലപ്പോള്‍ കേട്ട ഭാവമുണ്ടാകില്ല, അങ്ങനെ പറയുന്നതിലും നല്ലത് ആലോചന കേള്‍ക്കാന്‍ സമ്മതിച്ചിട്ടുണ്ടാവില്ല എന്നതാണ്. വാശി എനിക്കും ഇല്ലാതില്ല. ഞാനും തീരുമാനത്തിലെത്തി. ചായ രണ്ടുപേര്‍ക്കുമെടുത്തിട്ട് കയ്യില്‍ കൊടുത്ത് ഞാന്‍ എം.ടിയുടെ നേരെ എതിര്‍വശത്ത് ഇരിക്കും. ഒരക്ഷരം മിണ്ടാതെ ആസ്വദിച്ച് കുടിക്കും. എം.ടി വായിക്കുകയാണേല്‍ ചായ ഞാന്‍ കയ്യില്‍ പിടിപ്പിക്കും. ഇല്ലെങ്കില്‍ അതില്‍ ഈച്ച വീണുചാകുകയേ ഉള്ളൂ. ഇടയ്ക്ക് എം.ടി എന്നെ തലയുയര്‍ത്തി നോക്കും. ഞാനും നോക്കും. മിണ്ടില്ല. എം.ടിയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറഞ്ഞോട്ടെ, ഞാന്‍ കേള്‍ക്കാം. ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കാനും എം.ടി കേള്‍ക്കുക മാത്രവും ചെയ്യുന്ന ഏര്‍പ്പാട് ഇനി വേണ്ട. ചായ കുടിച്ച് എം.ടി വീണ്ടും ആലോചനയുമായി സംബന്ധം കൂടും. ഇരുന്ന് മടുക്കുമ്പോള്‍ ഞാന്‍ എണീറ്റ് പോകും. എണീക്കാനായുമ്പോള്‍ എം.ടി എന്തെങ്കിലും ഒരു വിശേഷം പറയും. വെറും രണ്ടുവാക്കില്‍. പലപ്പോഴും ആ വിശേഷം എം.ടിയുടെ ബന്ധുക്കളെക്കുറിച്ചുള്ളതാവും. ഒന്നുകില്‍ ഏട്ടന്‍ വിളിച്ചിരുന്നു, അല്ലെങ്കില്‍ നാട്ടില്‍ നിന്നാരെങ്കിലും നാളെയോ മറ്റന്നാളോ വരുന്നുണ്ട്. എം.ടി ഏറ്റവും സന്തോഷവാനായി കണ്ടത് ബന്ധുക്കളെക്കുറിച്ച് പറയുമ്പോഴാണ്. അതേയോ എന്ന് ഞാന്‍ സന്തോഷത്തോടെ തിരിച്ചുചോദിച്ചാല്‍ എം.ടിയ്ക്ക് പൂര്‍ണസന്തോഷമായി. 

(തുടരും)

സാരസ്വതം മുന്‍ഭാഗങ്ങള്‍ വായിക്കാം

Content Highlights: Saraswatham Autobiography of Kalamandalam Saraswathy part 14