ത്താഴം കഴിഞ്ഞതും അമ്മ വിളിച്ചു. ഞാനും കാത്തിരിക്കുകയായിരുന്നു. എനിക്കറിയാം വിളിവരുമെന്ന്. അമ്മയുടെ മുറിയിലേക്ക് ഞാന്‍ കടന്നതും 'അലമൂ' എന്ന് അമ്മ അല്പം ഉറക്കെത്തന്നെ വിളിച്ചു. അടുക്കളയിലെ ജോലികള്‍ കഴിഞ്ഞ് എല്ലാവര്‍ക്കും കിടക്കാന്‍ വിരിച്ചുകൊടുത്തുകൊണ്ടിരിക്കുകയായിരുന്ന ഏട്ടത്തിയമ്മ ഉടന്‍ തന്നെ അമ്മയുടെ മുറിയിലേക്ക് വന്നു. അതു ഞാന്‍ പ്രതീക്ഷിച്ചതായിരുന്നു. ഞങ്ങള്‍ മക്കളോടും പേരമക്കളോടും എന്തുകാര്യം പറയാനുണ്ടെങ്കിലും ഏട്ടത്തിയമ്മ അവിടെ ഉണ്ടായിരിക്കണം എന്ന് അമ്മയ്ക്ക് നിര്‍ബന്ധമാണ്. അമ്മ പറയാനുള്ളത് പറയും അതേപ്പറ്റി ചര്‍ച്ച ചെയ്യേണ്ടതും തീരുമാനം പറയേണ്ടതും ഏട്ടത്തിയമ്മയാണ്. ഏതുകാര്യമായാലും ഏട്ടത്തിയമ്മയുടെ തീരുമാനം അമ്മയ്ക്ക് നിര്‍ബന്ധമാണ്. എന്നെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് അമ്മ ഏട്ടത്തിയമ്മയോട് സംസാരിച്ചുതുടങ്ങി. പറയുന്നത് ഏട്ടത്തിയമ്മയോടാണെങ്കിലും കേള്‍ക്കേണ്ടത് ഞാനാണ്.

''സരസ്വതിയ്‌ക്കൊരു കല്യാണോലോചന. അതേക്കുറിച്ച് സംസാരിക്കാനാണ് രുഗ്മിണിവിജയരാഘവനും കാമിനീ സുകുമാരനും രാവിലെ വന്നത്.'' അവരോട് ഇക്കാര്യം പറഞ്ഞതും ഇവിടെ വന്ന് അവതരിപ്പിക്കാനും പറഞ്ഞയച്ചത് ശ്രീധരന്‍ മാസ്റ്ററാണ്.
അമ്മ അതും പറഞ്ഞ് ഏട്ടത്തിയമ്മയെ നോക്കി. ബാക്കിയെല്ലാം ഏട്ടത്തിയമ്മ ചോദിക്കണം.

ഏട്ടത്തിയമ്മ ആരാണ്, എവിടുന്നാണ്? തുടങ്ങിയ കാര്യങ്ങളൊക്കെ വിശദമായി അമ്മയോട് ചോദിക്കാന്‍ തുടങ്ങി. അനിയത്തി രാജേശ്വരിയുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നുമാസം തികഞ്ഞില്ല. എടുക്കപ്പേറെ ബാധ്യതകള്‍ ഉണ്ട്. എല്ലാം സാമ്പത്തികമായിട്ടുള്ളതു തന്നെയാണ്. അതൊന്നും മുഴുമിപ്പിക്കാതെ എന്റെ വിവാഹം കൂടി നടത്താന്‍ ഒരുമ്പെട്ടാലുള്ള സ്ഥിതിയാണ് മനസ്സിലുള്ളത്.

'കോഴിക്കോടുനിന്നാണ്-എം.ടി.' അമ്മ എന്റെ മുഖത്തേക്കല്ല നോക്കിയത്. ഏട്ടത്തിയമ്മയെ ആണ്. നില്‍ക്കുന്ന സ്ഥലം തികയാതെ വന്നു എനിക്ക്. ഞാന്‍ അമ്മയെത്തന്നെ നോക്കി. അമ്മയുടെ മുഖത്ത് നല്ല വിഷമം ഉള്ളതുപോലെയാണ്  തോന്നിയത്. അമ്മയ്ക്ക് സമുദായസ്‌നേഹമൊക്കെ നല്ലപോലെതന്നെ ഉള്ളതാണ്. ഇതുവരെ ആരും ജാതിമാറിയൊന്നും വിവാഹം ചെയ്തിട്ടില്ല. എം.ടിയുടെ രണ്ടാം വിവാഹമാണെന്ന് കല്യാണം ആലോചിക്കാനെത്തിയവര്‍ പറഞ്ഞ് അമ്മയ്ക്കറിയാം. മറുപടി കിട്ടാന്‍ അമ്മ എന്നെയല്ല നോക്കുന്നത്, ഏട്ടത്തിയമ്മയെയാണ്.
 
'ആലോചിച്ചിട്ടു പറയാം, തിരക്കുകൂട്ടണ്ട.' ഏട്ടത്തിയമ്മ ഇത്രയേ പറഞ്ഞുള്ളൂ. ഏട്ടന്റെ കൂടി അഭിപ്രായമാണ് ഏട്ടത്തിയമ്മ പറഞ്ഞത് എന്നെനിക്കുതോന്നി. അമ്മ പിന്നെ എന്നോടൊന്നും പറഞ്ഞില്ല. വിശദാംശങ്ങള്‍ അറിയാന്‍ ഇനിയൊറ്റ വഴിയേ ഉള്ളൂ. നേരം വെളുക്കണം. കാമിനി സുകുമാരനെ പോയി കാണണം, വിശദാംശങ്ങള്‍ ചോദിച്ചറിയണം. എന്റെ കുട്ടികളുടെ ഒരൊറ്റ രക്ഷിതാക്കളുടെയും വ്യക്തിജീവിതത്തെക്കുറിച്ച് പറയുകയോ അന്വേഷിക്കുകയോ ചെയ്യേണ്ടത് എന്റെ ജോലിയല്ല, ഞാനങ്ങനെ ചെയ്യാറുമില്ല. പക്ഷേ ഈ ആലോചന എനിക്കുനേരെ നീട്ടിയതില്‍ വ്യക്തത ഉണ്ടാവണം. 

എന്നോട് ആരും നേരിട്ട് ഒന്നും ചോദിക്കാത്തതിലും പറയാത്തതിലുമായിരുന്നു അരിശം മുഴുവന്‍. ശ്രീധരന്‍ മാസ്റ്റര്‍ എം.ടിയുമായി നല്ല ചങ്ങാത്തത്തിലാണെന്നറിയാം. പക്ഷേ എം.ടിയെപ്പോലുള്ള ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ ശ്രീധരന്‍ മാസ്റ്ററെന്നല്ല ആരും തന്നെ ഇടപെടില്ല. അപ്പോള്‍ എം.ടിയുടെ അറിവോടുകൂടിയായിരിക്കില്ലേ ഇങ്ങനെ ഒരു ആലോചന മുന്നോട്ടുവെച്ചത്? ഏട്ടത്തിയമ്മയുടെ ശബ്ദമായിരുന്നു കാതിലുടനീളം-'ആലോചിച്ചിട്ടു പറയാം.' അതിനുമുമ്പ് എനിക്ക് കാണേണ്ടത് കാമിനി-രുഗ്മിണിമാരെയാണ്. സ്വന്തം സഹോദരങ്ങളേക്കാള്‍ ഒരുപടി അധികമാണ് എനിക്കവരോടും അവര്‍ക്കെന്നോടുമുള്ള സ്‌നേഹം. നേരം വെളുക്കാതെ ഒന്നിനും വയ്യ. 

രാവിലെ ആയോ എന്ന് ഇടയ്ക്കിടെ എഴുന്നേറ്റ് നോക്കിക്കൊണ്ട് ഒരുവിധം നേരം വെളുപ്പിച്ചു. വീട്ടുകാര്‍ക്കുമുമ്പില്‍ ധൃതി കൂട്ടാതെ എന്നാല്‍ മനസ്സ് അതിധൃതം പാഞ്ഞുകൊണ്ട് സാധാരണ ദിവസങ്ങളില്‍ എനിക്കിറങ്ങേണ്ടുന്ന നേരമാക്കിയെടുത്തു. നേരെ പോയത് കാമിനിയുടെ അടുത്തേക്കാണ്. ഉമ്മറത്തേക്ക് കടന്നതും അവിടെ സുകുമാരന്‍ സാര്‍ ഇരിക്കുന്നു. വീണ്ടും പ്രതിസന്ധിയിലായി. സാറ് ഇന്‍കം ടാക്‌സ് ഓഫീസറാണ്. ഓഫീസില്‍ പോയിട്ടുണ്ടാകും എന്നാണ് കരുതിയത്. എന്നാലേ കാമിനിയോട് കൃത്യമായി കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ കഴിയൂ. എന്നോട് പറയാതെ എന്തിനാണ് വീട്ടില്‍ ചെന്നന്വേഷിച്ചത് എന്നറിയണം. സാറ് ഓഫീസില്‍ പോകുന്ന ലക്ഷണമൊന്നും ഇല്ല. അവിടിരുന്ന് കണക്കുകള്‍ നോക്കുകയാണ്.

MT And Kalamandalam Saraswathy
എം.ടി, കലാമണ്ഡലം സരസ്വതി

'ടീച്ചര്‍ വരൂ ഇരിക്കൂ, എന്താ ഇത്ര രാവിലെ തന്നെ?' എന്നു അദ്ദേഹം ചോദിച്ചു. ഞാന്‍ കാര്യം പറയണോ വേണ്ടയോ എന്ന് ശങ്കിച്ചെങ്കിലും പറഞ്ഞതിങ്ങനെയാണ്. 'ഒരു കാര്യമറിയാനാണ് വന്നത്.' കാമിനിചേച്ചിയെ നോക്കിക്കൊണ്ടാണ് ഞാന്‍ പറഞ്ഞത്. 'എന്തുകാര്യമാ ടീച്ചറേ' എന്നും പറഞ്ഞ് സാറ് കണക്ക് പുസ്തകം മാറ്റി വെച്ച് എന്നെത്തന്നെ നോക്കി.

'ഇന്നലെ ഇവര് അമ്മയെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. എന്നോടൊന്നും പറഞ്ഞില്ല.' ഇവര്‍ എന്നു പറഞ്ഞത് രുഗ്മിണിയെയും കാമിനിചേച്ചിയെയുമാണെന്ന് സാറിനറിയാം. സാറും സംഭവം അറിഞ്ഞ ലക്്ഷണമില്ല. കാമിനിചേച്ചിയ്ക്ക് വിസ്തരിക്കാതെ രക്ഷയില്ലെന്നായി. അവര്‍ പതുക്കെ എന്നോടും സാറിനോടുമായി നടന്നതു പറഞ്ഞു. ശ്രീധരന്‍ മാഷാണ് അവരോട് ഇങ്ങനെയൊരു വിവാഹക്കാര്യം പറയുന്നത്. എന്നോട് അവസാനം പറയാം, ആദ്യം വീട്ടില്‍ അന്വേഷിച്ചു തീരുമാനം അറിയിക്കണം, അവര്‍ക്കു പ്രശ്‌നമില്ലേല്‍ എന്നോട് വിഷയം അവതരിപ്പിച്ചാല്‍ മതി എന്നുമൊക്കെ ശ്രീധരന്‍ മാഷാണ് അവരോട് പറഞ്ഞത്. അതുപ്രകാരം അവര്‍ വന്നു, അമ്മയോട് പറഞ്ഞു. സുകുമാരന്‍ സാറ് എന്നെത്തന്നെ നോക്കി. പിന്നെ അദ്ദേഹം ചോദിച്ചു- 'അതു വേണോ ടീച്ചറേ?'

ഞാന്‍ ഒന്നും പറഞ്ഞില്ല. അല്പം കഴിഞ്ഞ് സാറ് പറഞ്ഞു: 'നല്ലതുപോലെ ആലോചിക്കണം. ഞാനും ഒന്നാലോചിക്കട്ടെ.' എല്ലാവരും അവസാനം പറയുന്നത് അതാണ്; ആലോചിക്കട്ടെ എന്ന്! ഞാന്‍ ഒന്നന്വേഷിക്കട്ടെ ഇതിനെക്കുറിച്ച് എന്നും പറഞ്ഞ് സുകുമാരന്‍ സാറ് എഴുന്നേറ്റു. സമയം കളയാതെ ഞാന്‍ ഡാന്‍സ് ക്ലാസിലേക്കും പോയി. മനസ്സ് എവിടെയും ഇരിപ്പുറയ്ക്കുന്നില്ല. കുട്ടികളെ പഠിപ്പിച്ചതൊന്നും അറിഞ്ഞില്ല എന്നു തന്നെ പറയാം. പതിനൊന്നാം വയസ്സുമുതല്‍ തുടങ്ങിയതാണ് ചിലങ്കയുമായുള്ള യാത്രകള്‍. പലപല നാടുകള്‍, പലതരം ആളുകള്‍. എന്റെ ജോലി ചെയ്യുക, തിരികെ വരിക. അതിനപ്പുറം ഒരാള്‍ക്കും അധിക പ്രാധാന്യം അന്നേവരെ ഞാന്‍ കൊടുത്തിട്ടില്ല. എന്റെ കുട്ടികളോട് കണിശമായിത്തന്നെ പെരുമാറിയിട്ടുണ്ട്. ഈ കലയെ അവരുടെ വരുതിയില്‍ വരുത്താന്‍ വേണ്ടി ഒരു വിട്ടുവീഴ്ചയും ഞാനവരെ ചെയ്തുശീലിപ്പിക്കില്ല. അതെന്റെ വാശിയായിരുന്നു. എന്റെ കുട്ടികളുടെ രക്ഷിതാക്കള്‍ അമ്മയെ കാണുമ്പോഴൊക്കെ പറയുമായിരുന്നു ടീച്ചര്‍ ഭയങ്കര സ്ട്രിക്ടാണ് എന്ന്. 'നീയെന്താ മക്കളോടിങ്ങനെ' എന്നൊക്കെ അമ്മ ചോദിക്കുമ്പോള്‍ ഞാന്‍ പറയും കയ്യും മെയ്യും മനസ്സും ഒന്നാക്കിയെടുക്കുകയാണമ്മേ. അമ്മ പിന്നെ ഒന്നും പറയില്ല. 

സുകുമാരന്‍ സാറ് സ്വന്തം സഹോദരിയുടെ ഭാവിയെന്നപോലെ തന്നെ വിശദമായി അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ''ഈ വിവാഹം കൊണ്ട് ടീച്ചര്‍ക്ക് ദോഷമൊന്നും സംഭവിക്കില്ല. എം.ടി തിരക്കുള്ള ആളാണ്, തിരക്കെന്ന് ടീച്ചര്‍ കരുതുന്നതിലും വലിയ തിരക്കുള്ള ആള്‍. പക്ഷേ ജീവിതത്തില്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. ടീച്ചര്‍ക്ക് നല്ലതേ ഇതുകൊണ്ടു സംഭവിക്കുകയുള്ളൂ എന്നാണ് എന്റെ കണക്കുകൂട്ടല്‍. എന്നാലും തീരുമാനം ടീച്ചറുടേതാണ്. നല്ലപോലെ സാവകാശമെടുത്ത് ആലോചിച്ച ശേഷം ഒരു മറുപടി കൊടുത്താല്‍ മതി. തിരക്കുപിടിക്കണ്ട.''

''എനിക്കിനി ആലോചിക്കാനില്ല, ഞാന്‍ തീരുമാനിച്ചു. അമ്മയോട് നിങ്ങള്‍ വന്ന് പറയണം.'' എന്റെ മറുപടിയും വളരെ പെട്ടെന്നായിരുന്നു. ''ടീച്ചര്‍ നല്ലപോലെ ആലോചിച്ചോ?'' അദ്ദേഹം എന്നോട് വീണ്ടും ചോദിച്ചു. ഇനിയും ആലോചിക്കാനിരുന്നാല്‍ ഒരു തീരുമാനവും എന്നില്‍ നിന്നും വരില്ല എന്നെനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ 'നല്ലവണ്ണം ആലോചിച്ചു' എന്നായിരുന്നു എന്റെ മറുപടി. 

എന്റെ തീരുമാനം അവര്‍ വീട്ടില്‍ വന്നുപറഞ്ഞു. എം.ടിയെക്കുറിച്ച് അവര്‍ക്കറിയാവുന്നതെല്ലാം അവര്‍ അമ്മയോട് പറഞ്ഞു. അമ്മ എതിരൊന്നും പറഞ്ഞില്ല. വിവാഹത്തീയ്യതിയെക്കുറിച്ചായി പിന്നെ ചര്‍ച്ച. ശ്രീധരന്‍ മാസ്റ്റര്‍ പിന്നെ എന്നെ കാണാന്‍ വരുന്നത് വിവാഹത്തിയ്യതിയെക്കുറിച്ച് പറയാനാണ്. അനിയത്തിയുടെ വിവാഹം നടത്തി കൂമ്പൊടിഞ്ഞിരിക്കുന്ന സമയത്ത് കൂടുതല്‍ ചിന്തിക്കാനൊന്നുമില്ല. എത്രകണ്ട് മിതമാക്കാന്‍ പറ്റുമോ അത്രയും നല്ലത്. പക്ഷേ ഒരു കാര്യത്തില്‍ എനിക്കു വിട്ടുവീഴ്ചയില്ലായിരുന്നു-ഇങ്ങനെയൊരു വിവാഹം നടക്കുന്നുവെങ്കില്‍ അത് എം.ടിയുടെ കുടുംബക്ഷേത്രത്തില്‍ വെച്ചായിരിക്കണം. എം.ടിയുടെ തറവാട്ടില്‍ അദ്ദേഹത്തോടൊപ്പം കയറണം, പറ്റുമെങ്കില്‍ ഒരൂണ് അവിടെ നിന്നും തരണം. എന്റെ ആവശ്യം ഞാന്‍ ശ്രീധരന്‍ മാഷിനെ അറിയിച്ചു. മാഷിന്റെ മറുപടി- എം.ടിയുടെ മറുപടി തന്നെ- വൈകാതെ തന്നെ വന്നു: അങ്ങനെയാവുന്നതില്‍ വിരോധമില്ല.

ഞാന്‍ അദ്ദേഹത്തിന്റെ തുടര്‍ജീവിതത്തിലേക്ക് പങ്കാളിയായി വരുന്നുവെങ്കില്‍ അത് അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവരായ സഹോദരങ്ങളും ബന്ധുക്കളും തീര്‍ച്ചയായും അറിഞ്ഞിരിക്കണമെന്നും അവര്‍ക്ക് ഞാന്‍ സ്വീകാര്യയായിരിക്കണമെന്നും എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആലോചന കൊണ്ടുവന്നവരും കേട്ടവരും എല്ലാം പറഞ്ഞത് നല്ലവണ്ണം ആലോചിച്ചു തീരുമാനിക്കാനാണ്. എന്റെ തീരുമാനത്തോടൊപ്പം എം.ടിയുടെ കുടുംബം കൂടി എക്കാലവും ചേര്‍ന്നിരിക്കണം. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ബലം എന്നോടൊപ്പമുണ്ടാകണം. അദ്ദേഹത്തിന്റെ ജ്യേഷ്ഠഭാര്യ മാധവിക്കുട്ടിയുടെ ഡയറിയില്‍ ആ ദിവസം ഇങ്ങനെയാണ് എഴുതപ്പെട്ടത്- ''1977 ഒക്ടോബര്‍ മുപ്പത്, തുലാം പതിനാല്, ഞായറാഴ്ച. ഇന്ന് എന്റെ വാസുവിന്റെ കല്യാണം (രണ്ടാംവിവാഹം). തറവാട്ടില്‍ കൊടിക്കുന്നത്തമ്മയുടെ മുമ്പില്‍ വെച്ച് താലികെട്ടി. വാസുവിന് തറവാട്ടില്‍ വെച്ച് സദ്യ കൊടുത്തു. ഉച്ച കഴിഞ്ഞ് അവര്‍ കോഴിക്കോട്ടേക്ക് തിരികെ പോയി. ഏറെ സന്തോഷം.''

(തുടരും)

സാരസ്വതം മുന്‍ഭാഗങ്ങള്‍ വായിക്കാം

Content Highlights : Saraswatham Autobiography of Kalamandalam Saraswathy part-13