കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ 'സാരസ്വതം' രണ്ടാം അധ്യായം വായിക്കാം.

നൃത്തത്തോട് വലിയ മമതയൊന്നുമില്ലാതിരുന്ന എന്നെ കുഞ്ഞുനാളിൽ വളരെയധികം പറഞ്ഞു പ്രലോഭിപ്പിച്ച് മദ്രാസിലേക്ക് കൊണ്ടുപോയത് ആ അന്നം എക്കാലവും ഉള്ളംകയ്യിലുണ്ടായിരിക്കണമെന്ന നിർബന്ധബുദ്ധിയായിരിക്കാം. ഒന്നരക്കാലും വലിച്ചുവെച്ചു നടക്കുന്ന അച്ഛനോടൊപ്പം പെട്ടിയും തൂക്കി നൃത്തം പഠിക്കാൻ പുറപ്പെടുമ്പോൾ കാല് മണ്ണിലമർത്തിവെക്കാൻ പോലും ബുദ്ധിയുറക്കാത്ത, വീട്ടുകാരുടെയും സഹോദരങ്ങളുടെയും 'വെറും സച്ചു'വായിരുന്നു ഞാൻ. വെറും സച്ചു എന്നൊക്കെ പറയാമെങ്കിലും വികൃതിക്കോ അടിപിടിയ്ക്കോ ഒന്നും യാതൊരു കുറവുമില്ലായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് നല്ല അടിപിടിക്കേസുകളൊക്കെ ഉണ്ടാക്കും. ചേച്ചി തൈലാംബാൾ ഒരു പാവമായിരുന്നു. ആരോടും വഴക്കിനും വക്കാണത്തിനുമൊന്നുമില്ല. സഹോദരന്മാരാണ് എന്റെ ബലം. എന്തുവന്നാലും അവർ കൂടെയുണ്ടാകും. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ കട്ടയ്ക്ക് കൂടെ നിൽക്കും. അച്ഛനും അമ്മയുടെയും ഏറ്റവും വലിയ സുകൃതവും അതായിരുന്നു. ഞങ്ങൾ ഒമ്പത് പേരാണെങ്കിലും, ആണുപെണ്ണുമാണെങ്കിലും ഒരു മനസ്സായിരുന്നു. അത് ഇന്നും അങ്ങനെതന്നെ തുടരുന്നു.

ഞാൻ തളി കണ്ടംകുളം സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ ഒരു ദിവസം വീട്ടിലെ എല്ലാവരും കേൾക്കെ പ്രഖ്യാപിച്ചത്-''സച്ചുവിനെ ഞാൻ നൃത്തം പഠിപ്പിക്കാൻ പോകുന്നു! ഇനിയവൾ നൃത്തമേ പഠിക്കുന്നുള്ളൂ.'' സാമ്പത്തികമായി പറ്റെ തളർന്നിരിക്കുന്ന സമയമാണ്. 1960 കാലഘട്ടം. ആറാം ക്ലാസുമുതൽ നൃത്തവിദ്യാലയത്തിൽ പഠിച്ചാൽ മതി എന്നാണ് അച്ഛന്റെ തീരുമാനം. അതും മദ്രാസിലെ കലാക്ഷേത്രയിൽ തന്നെ പഠിക്കണം. കോഴിക്കോട് വിട്ട്, അമ്മയെ വിട്ട് എങ്ങും പോകാത്ത ഞാൻ, സ്കൂൾ വിട്ടാൽ കളിച്ചുനടക്കുന്ന ഞാൻ, കണ്ണിൽകാണുന്ന പൂച്ചയോടും പട്ടിയോടും വരെ തല്ലുണ്ടാക്കി നടക്കുന്ന ഞാൻ, എന്റെ സഹോദരങ്ങളെ കാണാനാവാതെ, അവരോടൊപ്പം ഉണ്ടും ഉറങ്ങിയും കഴിയാനാവാതെ ഏതോ നാട്ടിൽ ജീവിക്കുക എന്നത് ആലോചിക്കാൻ പോലും കഴിയില്ല. ആരോരുമില്ലാതെ ഒറ്റക്ക് മദ്രാസിൽ പോയി താമസിച്ച് പഠിക്കണമെന്ന് കേട്ടപ്പോൾ തന്നെ കരച്ചിലായി. നൃത്തപഠനം അത്ര എളുപ്പമുള്ളതല്ല എന്നെനിക്കറിയാം. നന്നായി മെനക്കെടണം, അധ്യാപകർ മെനക്കെടുത്തും. ഇവിടെ സ്കൂളിൽ ഒരു അല്ലലുമില്ലാതെ പഠിക്കുകയാണ്. പാഠപുസ്തകം മാത്രം നോക്കിയാൽ മതി. മറ്റ് അധ്വാനങ്ങളൊന്നുമില്ല. എന്റെ സ്കൂളിലെ അധ്യാപകരും അച്ഛനെ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചു. അവൾ പഠിക്കുന്ന കുട്ടിയാണ് നന്നായി പഠിപ്പിച്ചാൽ മതി, നൃത്തമൊക്കെ പിന്നെ പഠിക്കാം എന്നൊക്കെ പറഞ്ഞു. മൂത്ത ഏട്ടനും അച്ഛനെ പിന്തിരിപ്പിക്കാൻ ആവുന്നതും നോക്കി. പഠനമികവിലൂടെ നല്ല നിലയിൽ എത്തണം എന്ന ആഗ്രഹം ഏട്ടന് നടക്കാതെ പോയി. ആ സ്വപ്നം ഏട്ടൻ കാണാൻ തുടങ്ങിയത് എന്നിലൂടെയായിരുന്നു. അച്ഛൻ പക്ഷേ അമ്പിനും വില്ലിനും അടുക്കുന്നില്ല. ഒരൊറ്റ നിർബന്ധത്തിലാണ്. എന്നെ നൃത്തം പഠിപ്പിക്കണം, നൃത്തമേ പഠിപ്പിക്കുകയുള്ളൂ.

അക്കാലത്തൊന്നും ബ്രാഹ്മണ കുടുംബത്തിൽ നിന്നും നൃത്തമഭ്യസിക്കാൻ ഇത്ര ദൂരെയൊന്നും വിടില്ല. അപ്പോൾ സമുദായത്തിന് ആശ്വാസമല്ലാത്ത കാര്യം കൂടിയാണ് അച്ഛൻ ചെയ്യാൻ പോകുന്നത്. വേണ്ടപ്പെട്ടവരുടെയും ബന്ധുക്കളുടെയും ഉപദേശങ്ങളും നിരുത്സാഹപ്പെടുത്തലുകളും എല്ലാം ഉണ്ടായെങ്കിലും എന്നോട് മദ്രാസിലേക്ക് പുറപ്പെടാനാണ് അച്ഛൻ നിർദ്ദേശിച്ചത്. പോകണ്ടാ എന്നുപറഞ്ഞ് ഞാൻ കരഞ്ഞെങ്കിലും അമ്മ ഒന്നും മിണ്ടിയില്ല. അവളെ കൊണ്ടുപോകണ്ട എന്നോ, കൊണ്ടുപോയ്ക്കോ എന്നോ അമ്മ പറഞ്ഞില്ല. അച്ഛന്റെ തീരുമാനങ്ങളെ ചില സന്ദർഭങ്ങളിൽ അമ്മ നേരിട്ടത് മൗനം കൊണ്ടായിരുന്നു. ഇനി ഇങ്ങനെ പൊട്ടിത്തെറിച്ചു നടന്നതുകൊണ്ടായിരിക്കുമോ അച്ഛൻ എന്നെ ചിട്ടയായി വളരുന്നിടത്തേക്ക് വിടാൻ തീരുമാനിച്ചത് എന്നുവരെ ചിന്തിച്ചിട്ടുണ്ട് ഞാൻ.

women
കലാമണ്ഡലം സരസ്വതിയുടെ മാതാപിതാക്കള്‍- സുബ്രഹ്മണ്യ അയ്യര്‍, മീനാക്ഷി അമ്മാള്‍

ഒന്നര കാലും വലിച്ചുവെച്ച്അച്ഛൻ എന്നെയും കൂട്ടി മദ്രാസ് നഗരത്തിലൂടെ നടക്കുന്നത് ഇന്നും എന്റെ ഓർമയിലുണ്ട്. അത്യാവശ്യം വസ്ത്രങ്ങളും വേണ്ട സാധനങ്ങളുമെല്ലാമുള്ള ഒരു പെട്ടിയുണ്ട് കയ്യിൽ. തീവണ്ടിയിറങ്ങി ഞങ്ങൾ കലാക്ഷേത്രയിലെത്തി. ആകെ ഇത്തിരിപ്പോന്ന എന്നെ നോക്കിയിട്ട് അധികൃതർ പറഞ്ഞു:'' ഈ കുട്ടിയെ ഇവിടെ ചേർക്കാൻ പ്രായമായിട്ടില്ല. മാത്രമല്ല ഇവിടെ അഡ്മിഷൻ കഴിഞ്ഞു. കുറച്ചുകാലം കൂടി കാത്തിരിക്കൂ''. അച്ഛൻ പലരീതിയിലും അവരോട് പറഞ്ഞുനോക്കി. എങ്ങനെയെങ്കിലും എന്നെ കലാക്ഷേത്രയിൽ ചേർത്തേ മതിയാകൂ അച്ഛന്. കലാക്ഷേത്രയാണെങ്കിൽ എന്നെയൊട്ട് ഏറ്റെടുക്കുകയുമില്ല.

എന്നെ മദ്രാസിലേക്ക് അച്ഛൻ കൊണ്ടുപോയത് അനവധി പ്രലോഭനങ്ങളുടെ പിൻബലത്തിലായിരുന്നു. എങ്ങോട്ടും പോകണ്ടാ എന്നും പറഞ്ഞ് കരഞ്ഞ എന്നോട് അച്ഛൻ മധുരമായി, വളരെ അനുനയത്തിൽ, അതിലും വലിയ സ്നേഹത്തിൽ പറഞ്ഞത് ഇപ്പോഴും ഞാനോർക്കാറുണ്ട്. ''കലാക്ഷേത്രയിൽ നിന്നെ എടുക്കും, നിന്നെ കണ്ടാൽ ആരാണ് എടുക്കാതിരിക്കുക, എന്റെ മോളെയെല്ലാതെ ആരെയെടുക്കാനാണ്? എന്റെ മോളുടെയത്ര സൗന്ദര്യം വേറാർക്കുണ്ട്'' എന്നെല്ലാം പറഞ്ഞ് ആത്മാഭിമാനത്തിന്റെ ആകാശത്താണ് എന്നെ നിർത്തിയിരിക്കുന്നത്. അച്ഛൻ അങ്ങനെയൊക്കെയാണ് പറയുന്നതെങ്കിൽ പോകാം എന്ന മനസ്സെത്തി എനിക്ക്. അങ്ങനെ ഒരുവിധം എന്നെ പറഞ്ഞുപാട്ടിലാക്കി, പുറപ്പെടുവിച്ച് വണ്ടി കയറി ഞാനും അച്ഛനും കൂടി അവിടെയെത്തിയപ്പോൾ അഡ്മിഷനൊക്കെ കഴിഞ്ഞിരിക്കുന്നു! സീറ്റ് ഒഴിവില്ല. തിരിച്ചുപോവുകയല്ലാതെ നിവൃത്തിയില്ല.

അച്ഛൻ ആകെ നിരാശനായി. കലാക്ഷേത്രയിൽ എന്നെ ചേർക്കാൻ പല പണികളും വഴികളും അച്ഛൻ അന്വേഷിച്ചു, ശ്രമിച്ചു. പക്ഷേ നടന്നില്ല. അച്ഛന് നിരാശയായല്ലോ എന്ന ചെറിയ ഒരു വിഷമമേ എനിക്കുള്ളൂ. എത്രയും പെട്ടെന്ന് തിരികെ പോരാനുള്ള തിരക്കാണ് എനിക്ക്. എന്നെയും കൂട്ടി വണ്ടിയിൽ കയറുമ്പോഴാണ് പറയുന്നത് ''ഞാൻ നിന്നെ അങ്ങനെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിച്ചിട്ടില്ല. കലാക്ഷേത്രയില്ലെങ്കിൽ കലാമണ്ഡലമുണ്ട്. അവിടെ എന്റെ മോളെ എടുക്കാതിരിക്കില്ല.'' ഞാൻ അച്ഛനെത്തന്നെ നോക്കി ഇരുന്നുപോയി. ഒരുവിധം ആശ്വസിച്ചിരിക്കുകയാണ്. മറുത്തൊന്നും മിണ്ടിയില്ല. പോവണ്ട എന്നും പറഞ്ഞില്ല പോവണം എന്നും പറഞ്ഞില്ല. ഒരു പത്തുവയസ്സുകാരിക്ക് അത്രയൊക്കെയേ നടക്കുകയുള്ളൂ.

അഛന് വേണ്ടപ്പെട്ട ഒരാൾ കേരളകലാമണ്ഡലത്തിലുണ്ട് എന്ന ആത്മവിശ്വാസവും ഇടയ്ക്കിടെ എന്നോട് പറയുന്നുണ്ട്. കലാക്ഷേത്രയിൽ നിന്നും നേരെ വണ്ടി കയറി കലാമണ്ഡലത്തിലെത്തി. അവിടെയുള്ള മൃദംഗവിദ്വാൻ അച്ഛന്റെ ബന്ധുവാണ്. അദ്ദേഹത്തെ പോയി കണ്ടു. അവിടെയും സെലക്ഷൻ കഴിഞ്ഞിരിക്കുന്നു. പാഠമൊക്കെ എടുക്കാൻ തുടങ്ങി. എന്തുചെയ്യും എന്നായി അയാൾ. രാമകൃഷ്ണൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. ''എന്തു ചെയ്താലും വേണ്ടില്ല രാമകൃഷ്ണാ ഞാനെന്റെ മോളെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകില്ല, അതെന്റെ വാശിയാണ്'' എന്നായി അച്ഛന്റെ മറുപടി. ''നീ തന്നെ വഴികാണിച്ചുതരണം. എന്തായാലും കലാമണ്ഡലത്തിൽ തന്നെ അവൾ പഠിക്കും.'' അച്ഛൻ തീർച്ച പറഞ്ഞുകഴിഞ്ഞ മട്ടിൽ ഇരുന്നു. അങ്ങനെ ആ ബന്ധുവിനെ എന്നെയേൽപിച്ചുകൊടുത്ത് അച്ഛൻ തിരികെ പോന്നു. അദ്ദേഹം കലാമണ്ഡലത്തിലെ സെക്രട്ടറിയോട് വിവരങ്ങൾ ധരിപ്പിച്ച് ഫീസ് കെട്ടി പഠിപ്പിച്ചോളാം എന്ന നിബന്ധനയിലാണ് സീറ്റ് തരുന്നത്.

അച്ഛൻ മനസ്സിൽ വിചാരിച്ച കാര്യം നടത്തി. കലാമണ്ഡലത്തിലെ നൃത്താഭ്യാസത്തിനുള്ള ചിലവ് മുഴുവൻ പാവം അധ്വാനിച്ചുണ്ടാക്കി തന്നു. അവിടെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ഞാൻ. ആറാം ക്ലാസിലേക്ക് ചേരുമ്പോൾ അതുവരെയുണ്ടായിരുന്ന വിദ്യാഭ്യാസ പദ്ധതിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് സിലബസ്സും കരിക്കുലവും. രാവിലെ നൃത്തപഠനം തുടങ്ങും. അതിനിടയിൽ സ്കൂൾ പഠനവും ഉണ്ടാവും. വളരെ കുറച്ച് വിഷയങ്ങളേ പഠിക്കാനുണ്ടാവുകയുള്ളൂ. സംസ്കൃതം, മലയാളം, നൃത്തത്തിനുവേണ്ട അടിസ്ഥാന അറിവുകൾ, സംഗീതവും പദങ്ങളും അവയുടെ അർഥങ്ങളും ഭരതനാട്യത്തിനുവേണ്ട തിയറി ക്ലാസുകൾ തുടങ്ങി ധാരാളം കാര്യങ്ങളുണ്ട്. കൂടെ സ്കൂൾ പാഠപദ്ധതിയും പിന്തുടരേണ്ടതുണ്ട്. വർഷാവസാനം പരീക്ഷയുണ്ടാവും. രാവിലെ എട്ടുമുതൽ പന്ത്രണ്ട് വരെ ഭരതനാട്യ പരിശീലനം, ചിട്ടയായ പരിശീലനം. ഒരു മണിക്കൂർ അടവ് ചവിട്ടുക എന്നു മാഷ് പറഞ്ഞാൽ ഒരു മണിക്കൂർ ചവിട്ടുക തന്നെ. മാറി നിൽക്കാനോ വിശ്രമിക്കാനോ ഒന്നും പറ്റില്ല. ചെന്നൈയിൽ നിന്നും വന്ന ഭാസ്കര റാവു എന്ന അധ്യാപകന്റെ കീഴിൽ അഞ്ചു വർഷം ഭരതനാട്യം തന്നെ അഭ്യസിക്കാൻ പറ്റി. എന്റെ നൃത്തകലാജീവിതത്തിന്റെ അടിത്തറ പാകിത്തന്നത് ആ അധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിൽ ഭരതനാട്യം നന്നായി ചെയ്യാനും പറ്റി. കലാമണ്ഡലപഠനം പൂർത്തിയാക്കിയത് അവിടത്തെ ഏറ്റവും ഉയർന്ന മാർക്കുകാരി എന്ന വിശേഷണത്തോടെയായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥിനി തന്നെ ഒന്നാം സ്ഥാനത്തെത്തിയത് അവിടെയുള്ള അധ്യാപകരുടെയെല്ലാം സന്തോഷത്തിനു അതിരില്ലാത്ത ഒന്നായിരുന്നു.

Read More... മോഹനഗരം മാടിവിളിക്കുന്നു; വരാതിരിക്കുവതെങ്ങനെ!

ആദ്യത്തെ മൂന്നുവർഷം അച്ഛൻ ഫീസ് കൊടുത്താണല്ലോ പഠിപ്പിച്ചത്. പിന്നെയുള്ള രണ്ടു വർഷത്തെ പഠനച്ചിലവ് കഷ്ടി ഒപ്പിച്ചു പോകാൻ പറ്റുന്ന തരത്തിൽ കലാമണ്ഡലത്തിൽ നിന്നും ചെറിയൊരു തുക; നൂറ്റമ്പത് രൂപ, സ്റ്റൈപന്റായി ലഭിക്കാൻ തുടങ്ങിയിരുന്നു. അച്ഛന് അത് വലിയ ആശ്വാസമായിരുന്നു. അല്ലാതെ മാസം മുന്നൂറ് രൂപ എന്റെ ട്യൂഷൻ ഫീസിനും ഹോസ്റ്റൽ ഫീസിനും സോപ്പിനും മറ്റുമായി അച്ഛൻ കണ്ടെത്തേണ്ടതുണ്ട്. അക്കാലത്തെ മൂന്നൂറ് രൂപ എന്നു പറഞ്ഞാൽ വലിയ തുക തന്നെയാണ്. അതിൽ പകുതി സറ്റൈപ്പന്റായി ലഭിക്കുക എന്നു പറഞ്ഞാൽ അച്ഛന് പകുതി ഭാരം ഒഴിഞ്ഞു എന്നർഥം. കലാമണ്ഡലത്തിലെ വാർഷികാഘോഷങ്ങൾക്ക് എല്ലാ കൊല്ലവും മുടങ്ങാതെ അച്ഛനെത്തും. കുടുംബത്തിലുള്ളവരെ കഴിയുന്നതും കൂടെ കൊണ്ടുവരാൻ ശ്രമിക്കും, യാത്രാച്ചിലവ് തരമായില്ലെങ്കിൽ പിന്നെ ഒറ്റക്കാണ് വരിക. വേദിയിൽ ആടയലങ്കാരങ്ങളോടെ ഞാൻ നൃത്തം ചെയ്യുന്നത് കാണാൻ സദസ്സിലെ മുൻപന്തിയിൽ തന്നെ സ്ഥാനം പിടിക്കും. വലിയ അഭിമാനമായിരുന്നു അപ്പോൾ ആ മുഖത്ത്. കലാമണ്ഡലത്തിന്റെ നൃത്തവേദിയിൽ തന്റെ മകൾ! തന്റെ പിടിവാശി സഫലമായതിന്റെ നിർവൃതി ആ മുഖ്തതുകാണാം. വാർഷികാഘോഷങ്ങൾ മാത്രമല്ല, കലാമണ്ഡലത്തിൽ എന്തു പരിപാടികൾ ഉണ്ടെന്നറിഞ്ഞാലും എങ്ങനെയെങ്കിലും അച്ഛനെത്തിയിരിക്കും. അച്ഛനിൽ മഹത്തായ ഒരു കലാസ്വാദകൻ കൂടിയുണ്ടായിരുന്നു. തന്റെ മകളുടെ പരിപാടി കഴിഞ്ഞു, ഇനി തിരിക്കാം എന്നൊരിക്കലും ചിന്തിച്ചിട്ടില്ല. കലാമണ്ഡലത്തിലെ കുട്ടികളുടെയും അതിഥികളായി വന്ന കലാകാരന്മാരുടെയും എല്ലാം പരിപാടികൾ കണ്ടിട്ടേ അദ്ദേഹം സദസ്സിൽ നിന്ന് എഴുന്നേൽക്കുമായിരുന്നുള്ളൂ. തിരികെ കോഴിക്കോട്ടേക്ക് പോകുക മിക്കവാറും പിറ്റേന്നായിരിക്കും. കലാമണ്ഡലത്തിലെ അവസാന വർഷം ധാരാളം നൃത്തപരിപാടികൾ അവിടെത്തന്നെ അവതരിപ്പിക്കാൻ എനിക്കവസരം വന്നു ചേർന്നിരുന്നു. അതെല്ലാം തന്നെ കാണാൻ അച്ഛൻ വന്നു. ഓരോ വർഷത്തെയും എന്റെ നൃത്തം ഓർത്തുവെച്ചുകൊണ്ട് അച്ഛൻ പുരോഗതികൾ വിലയിരുത്തും. ഞാൻ മൂന്നാം വർഷത്തിലേക്ക് കടന്നപ്പോൾ കോഴിക്കോട് നിന്നും ഒരു പെൺകുട്ടി കലാമണ്ഡലത്തിൽ ചേർന്നു. ലളിത. തളിയിലെ ആനപ്പടർമഠത്തിൽ താമസിക്കുന്ന ആകാശവാണിയിലെ വയലിനിസ്റ്റ് അയ്യങ്കാരുടെ മകൾ. നാട്ടിൽ നിന്നും വന്ന കുട്ടി എന്ന നിലയിൽ എനിക്ക് ലളിതയുമായി ചങ്ങാത്തമായി. കുടുംബവുമായും നല്ല ബന്ധം പുലർത്തി. ഞാൻ വളരെ സീനിയർ ആയതിനാൽ ആ സൗഹൃദം അധികകാലം ലഭിച്ചില്ല. പിറ്റെ വർഷം തന്നെ എന്റെ പഠനം അവസാനിച്ചു. അച്ഛനുമായി അയ്യങ്കാറിന് നല്ല സൗഹൃദമുണ്ടായിരുന്നു. അദ്ദേഹം ഇടക്കിയെ അച്ഛന്റെ ഹോട്ടലിൽ വരും. രണ്ടുപേരും വിശേഷങ്ങൾ പറഞ്ഞിരിക്കും. പിന്നെ കോഴിക്കോട് ആകാശവാണിയിൽ നിന്നും ലളിതയുടെ അച്ഛന് സ്ഥലംമാറ്റം കിട്ടി. അവർ തമിഴ്നാട്ടിലേക്ക് തിരികെ പോയതോടെ കുടുംബവുമായുള്ള ബന്ധവും ഏതാണ്ട് നിന്നു. ഓർക്കാറുണ്ട് ഇടക്ക് ലളിതയെ. നൃത്തവുമായി അവൾ മുന്നോട്ടുപോയോ അതോ കുടുംബവുമായി സ്വസ്ഥമായോ? അറിയില്ല.

women
കലാമണ്ഡലം നാളുകളില്‍ സരസ്വതി

നൃത്താഭ്യാസത്തിലേക്ക് കൂടുതൽ ശ്രദ്ധകൊടുത്തു തുടങ്ങിയാൽ പിന്നെ അതിൽ നിന്നും മോചനം നേടുക പ്രയാസമാണ്. കൂടുതൽ കൂടുതൽ ആവേശത്തോടെ ആ കലാഭ്രമം നമ്മെ കീഴടക്കും. അഞ്ചുവർഷത്തെ കലാമണ്ഡലപഠനത്തോടെ നൃത്തം ഒരു ഭ്രമം തന്നെയായി മാറിക്കഴിഞ്ഞ മനസ്സോടെയാണ് ഞാൻ തിരികെ കോഴിക്കോട് എത്തിയത്. കലാമണ്ഡലത്തിൽ നിന്നും തിരികെ എത്തിയ ആദ്യനാളുകളിൽ തന്നെ തളി ഗുരുവായൂരപ്പൻ ഹാളിൽ വച്ച് എന്റെ നൃത്തപരിപാടി അച്ഛന്റെ മേൽനോട്ടത്തിൽ സംഘപ്പിച്ചു. വയലിൻ പണിക്കർ സാർ, മൃദംഗം രാമകൃഷ്ണൻസാർ, പാട്ട് വൈക്കം ചന്ദ്രൻ മാഷ്...കലാമണ്ഡലത്തിലെ ഗുരുക്കന്മാരുടെ സാന്നിധ്യത്തിൽ എന്റെ ആദ്യത്തെ സ്വതന്ത്രനൃത്തപരിപാടിയായിരുന്നു അത്.

 ഇനിയെന്താണ് സച്ചുവിന്റെ അടുത്ത പരിപാടി എന്ന് എല്ലാവരും ചോദിച്ചുതുടങ്ങി. നൃത്തമല്ലാതെ മറ്റൊരു ഉത്തരവും അവർക്കു കൊടുക്കാൻ എന്റെ കയ്യിലില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് ചേച്ചിയെ വിവാഹം കഴിപ്പിച്ചയച്ചത്. ആ ഒരു ഭീഷണി എനിക്കുമുമ്പിലുണ്ട്. അച്ഛന് ആരോഗ്യപരമായി വയ്യാതെയായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാൽ ഞാൻ നൃത്തം പഠിച്ചാൽ മതി എന്നു തീരുമാനമെടുത്ത അച്ഛൻ ഞാൻ നൃത്തപഠനം കഴിഞ്ഞുവന്നപ്പോൾ ഇനി ഇന്നതാണ് നിന്റെ കാര്യത്തിൽ ഞാൻ തീരുമാനിച്ചത് എന്നു പറയാതിരുന്നതാണ് എനിക്ക് ഏറെ ആശ്വാസമായത്. ഏറെ ആഗ്രഹിച്ച് കഷ്ടപ്പെട്ടാണ് അച്ഛൻ എന്നെ നൃത്തമഭ്യസിപ്പിക്കാൻ പറഞ്ഞയച്ചത്. കലാമണ്ഡലപഠനം കഴിഞ്ഞ് തിരികെ എത്തി പത്തു കുട്ടികളെ പഠിപ്പിച്ച് എന്റെതായ വരുമാനം കണ്ടെത്തുന്നത് കാണാനുള്ള യോഗം അച്ഛനോ അത് അച്ഛന്റെ കയ്യിൽ വെച്ചുകൊടുക്കാനുള്ള ഭാഗ്യമോ എനിക്കുണ്ടായിട്ടില്ല. എല്ലാവരുടെയും ചോദ്യങ്ങൾക്ക് എനിക്കൊരേയൊരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ, ഇനിയും നൃത്തം പഠിക്കണം. ആ ആഗ്രഹം എന്നിൽ പാകിമുളപ്പിച്ചത് നൃത്തവിസ്മയമായ പത്മാസുബ്രഹ്മണ്യം അല്ലാതെ മറ്റാരുമല്ലായിരുന്നു.

(തുടരും)

Content Highlights: Saraswatham Autobiography of Kalamandalam Saraswathi Second Chapter