രതനാട്യത്തിൽ ശാന്തി നേടിയ ഒന്നാം സ്ഥാനം കോഴിക്കോട് സരസ്വതിയുടെ തിരക്കുകൾക്കാണ് വഴിതിരിച്ചത്. വീട്ടിൽ വന്ന് പഠിക്കാനും വീടുകളിൽ പോയി പഠിപ്പിക്കാനും നിരവധി ആളുകൾ വന്നുതുടങ്ങി. നൃത്താധ്യാപനത്തോടൊപ്പം തന്നെ എന്റെ പഠനവും നടക്കുന്നുണ്ട്. മദ്രാസിലേക്ക് പോകാൻ അവസരം ലഭിക്കുമ്പോഴൊക്കെ എല്ലാം മാറ്റിവച്ച് ഞാൻ യാത്രയ്ക്ക് തയ്യാറെടുത്തു. കേരളത്തിലായാലും തമിഴ്നാട്ടിലായാലും വേറെ എവിടെയായാലും യാത്രയോ മറ്റു യാതനകളോ ഒന്നും തന്നെ എനിക്കൊരു പ്രശ്നമേ അല്ലാതായി മാറി. നൃത്തമാണ് വലുത്.

നൃത്താധ്യാപന മേഖലയയിൽ തിരക്കേറിയ ഒരാളായി ഞാൻ മാറിയിരിക്കുന്നു എന്ന് തിരിച്ചറിയുമ്പോൾ അതിയായ സന്തോഷം ഉണ്ടാവുമെങ്കിലും ഉള്ളിൽ ഒരാന്തലോടെ ഓർമ വരിക പദുക്കയുടെ അടുക്കൽ പോയിവരാൻ എന്തുചെയ്യും എന്ന ചിന്തയായിരുന്നു. അവധിക്കാലത്താണ് ഇവിടെയും തിരക്കേറുക. എങ്കിലും ക്ലാസുകൾ അഡ്ജസ്റ്റ് ചെയ്തുകൊണ്ട് ഞാൻ പത്തോ പതിനഞ്ചോ ദിവസത്തേക്കുള്ള തയ്യാറെടുപ്പുകളോടെ പദുക്കയുടെ അടുക്കൽ പോകാൻ തുടങ്ങി. അവിടെയെത്തിയാൽ വേറൊരു തരം ഊർജം നമ്മളെ വന്നുപൊതിയും. ഇടയ്ക്കും തലയ്ക്കും കൃത്യതയില്ലാതെ ഞാൻ വന്നുപോകുമ്പോഴും പദുക്ക നീരസമോ അതൃപ്തിയോ പ്രകടിപ്പിക്കില്ലായിരുന്നു. അവർ കാണിച്ചുതരുന്ന അടവുകളെ സ്വായത്തമാക്കാനുള്ള എന്റെ ഉത്സാഹത്തോടായിരുന്നു പദുക്കയുടെ സന്തോഷം.

പദുക്കയുടെ നൃത്യോദയയിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഞങ്ങളുടെ വളരെയടുത്ത ഒരു കുടുംബസുഹൃത്തിന്റെ വീട്ടിൽ ഞായറാഴ്ചകളിൽ ഞാൻ പോകാറുണ്ടായിരുന്നു. കെ.എസ് സുബ്രഹ്മണ്യവും അദ്ദേഹത്തിന്റെ ഭാര്യ വേണി അക്കയും താമസിച്ചിരുന്നത് മദ്രാസിലായിരുന്നു. സുബ്രഹ്മണ്യത്തെ രാജാമണി അണ്ണൻ എന്നായിരുന്നു വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അഛൻ കോഴിക്കോട് ഗവ.ഗണപത് ബോയ്സ് ഹൈസ്കൂളിലെ അധ്യാപകനായിരുന്നു. ശങ്കരനാരായണൻമാസ്റ്റർ. അദ്ദേഹത്തിന്റെ മൂത്തമകനും മറ്റു സഹോദരങ്ങളുമൊക്കെ കോഴിക്കോട്ടാണ് താമസിക്കുന്നത്. രാജാമണി അണ്ണന്റെ സഹോദരി ജാനകി നന്നായി പാടും. പരിപാടികൾ ഉണ്ടാവുമ്പോൾ ജാനകി ഞങ്ങളുടെ ഓർക്കസ്ട്രയിൽ പാടാൻ വരാറുണ്ടായിരുന്നു. ആനിഹാൾ റോഡിലെ രാമകൃഷ്ണാ ലെയ്നിലായിരുന്നു അവളുടെ കുടുംബം താമസിച്ചിരുന്നത്. രാജാമണി അണ്ണൻ ആർബിഐയിൽ ജോലി ചെയ്യുകയാണ് അപ്പോൾ. ജാനകി പിന്നീട് മദ്രാസിലെ വയലിനിസ്റ്റായിരുന്ന വി.വി സുബ്രഹ്മണ്യത്തെ വിവാഹം കഴിച്ച് അവിടെത്തന്നെ സെറ്റിലായി. വേണി അക്ക വളരെ നല്ല സ്ത്രീയായിരുന്നു. എപ്പോഴും എന്റെ നൃത്തപഠനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. കലയോട് അവർക്ക് വളരെ ബഹുമാനമായിരുന്നു. അതുകൊണ്ടു തന്ന അവരുടെയടുക്കൽ പോകാനും സംസാരിക്കാനും എനിക്കും നല്ല ഇഷ്ടമായിരുന്നു. ആ കുടുംബത്തിലെ ഒരംഗത്തെ പോലെയായിരുന്നു ഞാൻ. എപ്പോൾ വേണമെങ്കിലും വരാം, പോകാം. വേണി അക്കയുടെ അമ്മയും അതേ സ്നേഹം പ്രകടിപ്പിച്ചിരുന്നു. ആ കുടുംബത്തിൽ ചെന്നുകഴിഞ്ഞാൽ പിന്നെ തികച്ചും പോസറ്റീവായ ഒരു എനർജി നമ്മെ വന്നുപുതയും. സ്നേഹമല്ലാതെ മറ്റൊന്നുമായിരുന്നില്ല അത്. ഇക്കഴിഞ്ഞ മെയ് നാലിന് കോവിഡ് ബാധിച്ച് വേണി അക്ക മരണപ്പെട്ടതായി അറിയിപ്പ് കിട്ടി. അവസാനമായി ഒരു നോക്കു കാണാൻ കഴിഞ്ഞില്ല.

നൃത്യോദയയിൽ പഠിക്കാൻ തുടങ്ങിയ കാലത്ത് അച്ഛൻ വയ്യാത്ത കാലുമായി പദുക്കയെ കാണാൻ എത്തി. അച്ഛന് വല്ലാത്ത ആഹ്ലാദമായിരുന്നു എന്റെ നൃത്തപഠനത്തിൽ. അനിയൻ ശേഷാദ്രിയെയും കൂട്ടിയാണ് ഒരിക്കൽ വന്നത്. പദുക്കയുടെ അച്ഛനുമായി ധാരാളം സംസാരിച്ചിരുന്നത് എനിക്കോർമയുണ്ട്. അച്ഛന്റെ അടങ്ങാത്ത ആഗ്രഹമായിരുന്നു സത്യത്തിൽ എന്റെ പ്രചോദനം. ആ പ്രചോദനമായിരുന്നു കോഴിക്കോടും മദ്രാസും തമ്മിലുള്ള അകലം എനിക്ക് അനായാസമാകാൻ കാരണവും. പദുക്കയാവട്ടെ പ്രയാസങ്ങളൊന്നും തന്നെ നമ്മുടെ മനസ്സിലേക്കെടുക്കാൻ സമ്മതിക്കാതെ നൃത്തത്തിൽ തന്നെ തളച്ചിടുമായിരുന്നു നമ്മുടെ മനസ്സിനെയും ശരീരത്തെയും.

കലാമണ്ഡലം സരസ്വതി

പക്ഷേ ആ പഠനം ഏറെക്കാലം തുടരാൻ പറ്റിയില്ല. പദുക്കയുടെ തിരക്ക് നമുക്ക് സങ്കല്പിക്കാൻ പറ്റുന്നതിലും അപ്പുറത്തായിരുന്നു. ഇവിടെ നിന്നും ഞാൻ എല്ലാം ഒരുവിധം ഏർപ്പാടുചെയ്ത് അവിടെയെത്തിയാൽ പദുക്കയെ കിട്ടാതെയായി. തിരക്കോട് തിരക്ക്. എന്നും പ്രോഗ്രാമുകൾ. വെക്കേഷൻ കാലത്ത് തിരക്കൊഴിയാതെയായി. സ്കൂൾ തുറന്നാൽ ഇവിടെ മഴക്കാലമാണ്. അപ്പോൾ ഒരുവിധം അവിടെ എത്തിയാലും രക്ഷയില്ല, പദുക്ക തിരക്കിലായിരിക്കും. പദുക്കയുടെ ശൈലി മാറ്റാൻ എനിക്ക് ഒട്ടും താൽപര്യമില്ല. ഇനിയൊരു ഗുരുവിനെ കണ്ടെത്താനും മനസ്സില്ല. പയ്യെപ്പയ്യെ ആ പോക്ക് നിലച്ചു. മനസ്സില്ലാമനസ്സോടെ ഞാനത് ഉൾക്കൊണ്ടു, വിദ്യാർഥിയായ സരസ്വതിക്ക് ഇനി രക്ഷയില്ല. അല്ലെങ്കിൽ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനം മുഴുവൻ വേണ്ടെന്നുവെച്ച് ഞാൻ മദ്രാസിലേക്ക് മനസ്സുറപ്പിക്കണം. അവിടെ നൃത്തത്തിൽ മാത്രം ജീവിക്കാം. അക്കാലത്ത് കലാക്ഷേത്രയിൽ ജ്വലിച്ചുനിൽക്കുന്ന ശാന്താ-ധനഞ്ജയൻ ദമ്പതിമാർ ഉണ്ട്. അവർ ധാരാളം കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. അവരൊക്കെ ഒരു പ്രചോദനം തന്നെയാണ്. പോകാൻ ആഗ്രഹമില്ലാതെയല്ല, പക്ഷേ എന്നെ ആശ്രയിച്ചു കഴിയുന്നവരെ എന്തുചെയ്യും? അഛൻ മരിച്ചതിനുശേഷം അമ്മ അകപ്പെട്ടുപോയ അന്ധാളിപ്പ് മാറാൻ തുടങ്ങിയത് എന്നിൽ നിന്നും എന്തെങ്കിലും വരുമാനം ലഭിക്കാൻ തുടങ്ങിയപ്പോഴാണ്. ദാരിദ്ര്യത്തിന്റെ നെല്ലിപ്പടിയിൽ നിന്നും ഒരുവിധം നിവർന്നുനിൽക്കുകയാണ്. അപ്പോൾ വീണ്ടും ആ കുഴിയിലേക്ക് എന്നെമാത്രമല്ല, ഒരു കുടുംബത്തെയും എടുത്തെറിയാൻ മനസ്സുവന്നില്ല. പയ്യെപ്പയ്യെ മദ്രാസ് യാത്ര അവസാനിപ്പിച്ചു. അത് മറ്റൊരു തുടക്കമായിരുന്നു.

കേരളത്തിലെ സാംസ്കാരിക പരിപാടികളിൽ നൃത്തം അവതരിപ്പിക്കാൻ അവസരങ്ങൾ ധാരാളമായി വന്നുതുടങ്ങിയ കാലം കൂടിയായിരുന്നു അത്. പരിപാടികൾ എല്ലാം തന്നെ ഏകോപിപ്പിച്ചത് കലാമണ്ഡലമായിരുന്നു. അങ്ങനെയാണ് കോഴിക്കോട് സരസ്വതിയ്ക്ക് കലാമണ്ഡലത്തിൽ നിന്നും ക്ഷണക്കത്തുകൾ വരാൻ തുടങ്ങിയത്. അന്നൊക്കെ കലാമണ്ഡലം എന്ന വിലാസം സ്വന്തം പേരിനൊപ്പം ചേർക്കണമെങ്കിൽ നല്ല തഴക്കം തന്നെ വേണം. പഠിച്ചിറങ്ങിയപാടെ അങ്ങ് ചേർത്തണിയാൻ പറ്റില്ല. നമുക്കതിനുള്ള യോഗ്യത ഉണ്ടെന്ന് തെളിയിക്കുക തന്നെ വേണം. അങ്ങനെ നൃത്തത്തെ ഞാൻ ഉപാസിച്ചുകഴിഞ്ഞു എന്ന് എന്റെ അധ്യാപകൻ കലാമണ്ഡലം വി.കെ രാമകൃഷ്ണൻ മാസ്റ്റർക്ക് ബോധ്യമായിട്ടാകണം അദ്ദേഹം ഒരു നൃത്തവേദിയിൽ വെച്ച് ആദ്യമായി എന്നെ 'കലാമണ്ഡലം സരസ്വതി' എന്ന് അഭിസംബോധന ചെയ്തു. കലാമണ്ഡലം സരസ്വതി എന്നു കേട്ടതും ഉള്ളിൽ നിന്നും ഒരു കൊള്ളിയാൻ പാഞ്ഞുപോയി. വലിയൊരു പ്രസ്ഥാനം തന്നെയാണ് പേരിനൊപ്പം ചേർന്നിരിക്കുന്നത്. അന്നു മുതൽ എല്ലാവരും വിളിച്ചത് കലാമണ്ഡലം സരസ്വതി എന്നാണ്. കത്തുകളും മറ്റ് അറിയിപ്പുകളും എല്ലാം തന്നെ തപാലിൽ കലാമണ്ഡലം സരസ്വതി എന്ന പേരിൽ വരാൻ തുടങ്ങി. രാമകൃഷ്ണൻ മാസ്റ്ററോട് ഒരുപാട് കടപ്പാടുണ്ട്. അദ്ദേഹത്തിന്റെ കീഴിൽ ഒരുപാട് വേദികളിൽ നൃത്തമവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു മാർഗദർശിയായി എല്ലാ കാര്യത്തിലും കൂടെ നിന്ന് തള്ളേണ്ടതെന്ത് കൊള്ളേണ്ടതെന്ത് എന്നദ്ദേഹം പറഞ്ഞുതരുമായിരുന്നു. എന്നിരുന്നാലും നിലനിൽപിന് ഈ നൃത്തവേദികൾ മതിയായിരുന്നില്ല. അങ്ങനെയാണ് മമ്മ എന്നു ഞാൻ വിളിക്കുന്ന ഡോ. സുമതി എസ്.മേനോൻ എന്റെ ജീവിതത്തിൽ ഇടപെടുന്നത്.

(തുടരും)

Content Highlights :Saraswatham Autobiography of Kalamandalam Saraswathi part six