ലാമണ്ഡലം പഠനം കഴിഞ്ഞ് റിസൽറ്റ് വരുന്നതുവരെ വളരെ കുറച്ച് ദിവസങ്ങളേ വീട്ടിലിരുന്നുള്ളൂ. അച്ഛന് അവശതകൂടിക്കൂടി വരുന്ന സമയം. എനിക്കു മൂത്തവരായ സഹോദരങ്ങൾ അവരുടേതായ ബാധ്യതകളുമായി ജീവിക്കുകയാണ്. താഴെയുള്ളതുങ്ങളെയും അച്ഛനെയും അമ്മയെയും നോക്കണം. കുടുംബം അത്രയും സാമ്പത്തികമായി പരുങ്ങലിലായിരിക്കുന്ന സാഹചര്യത്തിലേക്കാണ് മദ്രാസിൽ പോയി പത്മാസുബ്രഹ്മണ്യത്തിന്റെ കീഴിൽ തുടർനൃത്തപരിശീലനം എന്ന എന്റെ തീരുമാനം ഞാൻ അറിയിക്കുന്നത്. അച്ഛൻ കൈമലർത്തി. ഇനി വീട്ടിലേക്ക് ഉപകാരപ്പെട്ടിട്ടില്ലെങ്കിലും വേണ്ടില്ല, ചേച്ചി തൈലാംബാളിനെപ്പോലെ എവിടെ നിന്നെങ്കിലും ഒരു ബ്രാഹ്മണപയ്യനെ കണ്ടുപിടിച്ച് ഏൽപിച്ചു കൊടുത്താൽ പിന്നെ താഴെയുള്ള അഞ്ച് മക്കളുടെ കാര്യമേ നോക്കേണ്ടതുള്ളൂ. എനിക്കുശേഷം അനിയത്തി രാജേശ്വരി കൂടിയുണ്ട്. അക്കാലത്തെ നാട്ടുനടപ്പ് അതാണ്. മറ്റുള്ളവരുടെ വിവാഹക്കാര്യങ്ങളെല്ലാം സ്വന്തം തീരുമാനത്തിൽ നിശ്ചയിച്ച അച്ഛൻ എനിക്ക് ഇളവ് തരാൻ സാധ്യതയൊന്നുമില്ല. പക്ഷേ, അങ്ങനെയൊരു തീരുമാനത്തിലെത്താൻ അച്ഛന് സാധിക്കില്ലായിരുന്നു. അതായിരുന്നു എന്റെ ആത്മവിശ്വാസവും.

പത്മാസുബ്രഹ്മണ്യത്തിന്റെ അടുക്കൽ പോയി നൃത്തമഭ്യസിക്കുക എന്ന തീരുമാനമെടുത്തപ്പോൾ തന്നെ എങ്ങനെ യാത്രാചെലവുകളും മറ്റും കണ്ടെത്തും എന്നതിന് കൃത്യമായ കണക്കുകൂട്ടൽ എനിക്കുണ്ടായിരുന്നു. അക്കാലത്തൊക്കെ വീടുകളിൽ പോയിട്ടാണ് കുട്ടികളെ നൃത്തം പഠിപ്പിക്കുക. തുടക്കമെന്ന രീതിയിൽ നാലഞ്ച് വീടുകൾ കണ്ടെത്തണം. അവിടെയുള്ള കുട്ടികളെ പഠിപ്പിക്കണം. കലാമണ്ഡലത്തിൽ നിന്നും പഠിച്ചിറങ്ങിയെന്ന അഡ്രസും ധൈര്യവുമാണ് കയ്യിലുള്ള നിക്ഷേപം. താമസിച്ചുകൊണ്ടിരിക്കുന്ന വാടകവീട്ടിലും ചെറിയ രീതിയിൽ ക്ലാസുകൾ തുടങ്ങാം. പക്ഷേ അതിൽ നിന്നും വരുമാനം പ്രതീക്ഷിക്കാൻ പാടില്ല. കാരണം സാമ്പത്തികമായി വളരേ പിറകിൽ നിൽക്കുന്നവരാണ് ഇങ്ങോട്ട് വന്ന് പഠിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുക.

അങ്ങോട്ട് പോയി പഠിപ്പിക്കാൻ ഒന്നുരണ്ട് വീടുകൾ ഒത്തുവന്നു. വീട്ടിൽ പോയി പഠിപ്പിക്കുമ്പോൾ കുറേ കാര്യങ്ങൽ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുടെയും രക്ഷിതാക്കളുടെയും സമയവും കാലവും മറ്റ് തിരക്കുകളും നോക്കണം, സ്കൂൾ പഠനം ഇല്ലാത്ത സമയത്തായിരിക്കണം നൃത്തക്ലാസ്. എനിക്ക് പതിനാല് വയസ്സുള്ളപ്പോൾ മുതൽ ഞാൻ കുട്ടികൾക്ക് അടവുകൾ പഠിപ്പിച്ചുകൊടുക്കുന്നുണ്ട്. സാമ്പത്തികമായി വലിയ ഉപകാരമൊന്നും ലഭിക്കാത്ത പരിശീലനങ്ങളായിരുന്നു അതെല്ലാം. ഒരു കുട്ടിടീച്ചറുടെ കുട്ടിപ്പഠിപ്പിക്കലുകൾ. പതിനഞ്ചാം വയസ്സിലാണ് നൃത്താധ്യാപനം എന്നതിനെപ്പറ്റി ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയത്. പണമില്ലായ്മയുടെ ഗൗരവാവസ്ഥ ഞാൻ മനസ്സിലാക്കിയതും ആ അവസരങ്ങളിലായിരുന്നു.

കോഴിക്കോട് പുതിയറയിലെ അഡ്വക്കേറ്റ് എ.കെ ഗോപിനാഥിന്റെ മകൾ നാലാം ക്ലാസുകാരിയായ ഗീതാഗോപിനാഥ് ആണ് എന്റെ ആദ്യത്തെ ശിഷ്യ. ആഴ്ചയിൽ രണ്ടുദിവസം അവരുടെ വീട്ടിൽ പോയി പഠിപ്പിക്കാൻ തുടങ്ങി. ഇരുപത്തഞ്ച് രൂപ ആദ്യമായി പ്രതിഫലം ലഭിച്ചു. അന്നത് വലിയ സംഖ്യയാണ്. നിരവധി കാര്യങ്ങൾ നടത്താനുള്ള പണമുണ്ട്. അത് വലിയൊരു പ്രോത്സാഹനവും ആത്മവിശ്വാസവുമായിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ വീട്ടിലും പതിനഞ്ചോളം കുട്ടികൾ വന്നു തുടങ്ങി. എന്റെ ജേഷ്ഠ്യന്റെ മകളും കൂടെ പഠിക്കാൻ തുടങ്ങി. വീട്ടിൽ ചെന്ന് പഠിപ്പിക്കുമ്പോൾ അതിസമ്പന്നരാണെങ്കിൽ അമ്പത് രൂപ ഫീസ് തരും. വീട്ടിൽ വരുന്ന കുട്ടികളിൽ നിന്നും പത്തോ പതിനഞ്ചോ ഒക്കെയായിട്ട് അതും കിട്ടും. അങ്ങനെ ഒരു മൂന്ന് വീട് കിട്ടിയാൽ മതി. വീട്ടിലേക്കും സഹായിക്കാം എന്റെ തുടർപഠനമെന്ന മോഹവും നടക്കും. പിന്നെ കൂടുതൽ വീടുകൾക്കായുള്ള ആഗ്രഹവും പ്രാർഥനയുമാണ്. ഒരു വീട്ടിൽ ആഴ്ചയിൽ രണ്ട് ദിവസം എന്ന കണക്കിലാണ് ക്ലാസ്. ഒന്നോ രണ്ടോ മൂന്നോ കുട്ടികൾ ഉണ്ടാകും. അങ്ങനെ പലപല ദിവസങ്ങളിലായി വൈകുന്നേരങ്ങളിലും രാവിലെയും സ്കൂളില്ലാത്ത ദിവസങ്ങളിലുമൊക്കെ ഞാൻ ക്ലാസെടുത്തു തുടങ്ങി.

അച്ഛന്റെ അധ്വാനഫലങ്ങളൊക്കെ ഏൽപിക്കുക അമ്മയെയായിരുന്നു. അത് കണ്ടാണ് ഞാനും വളർന്നത്. എനിക്ക് ഡാൻസ്ക്ലാസിലൂടെ വരുമാനമുണ്ടായിത്തുടങ്ങിയപ്പോൾ കിട്ടുന്നത് അപ്പാടെ അമ്മയെ ഏൽപ്പിക്കും. ആ കൊടുത്തതിൽ നിന്നും കുറച്ച് ചില്ലറ അമ്മ തരും. ഓട്ടോറിക്ഷയ്ക്കുപോകാൻ. ഞാൻ നൃത്തം പഠിപ്പിക്കുന്ന വീടുകൾ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണല്ലോ. ഒന്ന് പുതിയറയാണെങ്കിൽ മറ്റൊന്ന് പുതിയപാലം ആയിരിക്കും. അപ്പോൾ ഓട്ടോ വിളിക്കാനുള്ള ചില്ലറ മാത്രം തരും. ബാക്കി അമ്മ ഏടത്തിയമ്മയെ ആണ് ഏൽപ്പിക്കുക. അമ്മ പറയുന്നതിനനുസരിച്ച് ആവശ്യം വരുമ്പോൾ കൃത്യം പണം എടുത്തുകൊടുക്കണം. അത് ആരുടെ ആവശ്യമായാലും അവിടെ മറ്റ് ചോദ്യവും പറച്ചിലുമൊന്നുമില്ല. അമ്മ പറയാറുണ്ടായിരുന്നു മുഴുവൻ കയ്യിൽ തരണ്ട, നിനക്ക് ആവശ്യമുള്ളത് എടുത്തിട്ട് ബാക്കി തന്നാൽ മതി. അച്ഛനോടും അങ്ങനെ തന്നെയായിരുന്നു. അച്ഛൻ കൊടുക്കുന്നതിൽ നിന്നും ഒരു ഭാഗം അമ്മ എടുക്കും. ബാക്കി തിരികെ കൊടുക്കും.

അങ്ങനെ കിട്ടുന്ന വരുമാനം കൂട്ടിവെച്ച്, എല്ലാവരുടെയും ആവശ്യങ്ങൾക്കു ഉള്ളത് എടുത്തതിനുശേഷം വരുന്ന തുകയുമായി ഒഴിവുവേളകളിൽ നേരെ മദ്രാസിലേക്ക് വണ്ടി കയറി. പത്മാസുബ്രമണ്യത്തിന്റെ അടുക്കലേക്ക്. പദുക്ക എന്നാണ് എല്ലാവരും അവരെ വിളിക്കുക. പദുക്ക അതുവരെ ഞാൻ പഠിച്ചതെല്ലാം കാണിച്ചു കൊടുക്കാൻ പറഞ്ഞു. കൃത്യമായി അടവുകൾ ചവുട്ടിയപ്പോൾ അവർക്ക് സന്തോഷമായി. അവരുടെ രീതിയിൽ നിന്നും ഒരു വ്യത്യാസവുമില്ല. ഒരു മാറ്റവും വരുത്താനില്ല, ഇങ്ങനെ തന്നെ മുന്നോട്ടുപോയാൽ മതിയെന്ന് പദുക്ക മനസ്സുനിറഞ്ഞുകൊണ്ട് പറഞ്ഞു. അവിടെ മുതൽ പദുക്കയുടെ ശൈലിയായ വഴവൂർ പാണി എന്നെയും അഭ്യസിപ്പിക്കാൻ തുടങ്ങി. എല്ലാ വേനൽ അവധിക്കാലത്തും പദുക്കയുടെ വീട്ടിൽപോയി അവിടത്തെ ഒരു മകളെപ്പോലെ എനിക്കു ശിഷ്യപ്പെടാനായി. നാലുവർഷം തുടർന്നു ആ നൃത്തപഠനം.

Read more...രാമനായും രാവണനായും സീതയായും പദ്മ...പദ്മാസുബ്രഹ്‌മണ്യം മാത്രം!

പതിനഞ്ച് വയസ്സുമുതൽ മദ്രാസിലേക്ക് ഒറ്റയ്ക്ക് യാത്ര തുടങ്ങിയതാണ്.ഏപ്രിൽ-മെയ് മാസങ്ങളിലെ കഠിനവേനൽച്ചൂടിലാണ് യാത്ര. ഇവിടെയും ചൂട് അവിടെ അതിലും വലിയ ചൂട്. പദുക്കയുടെ അച്ഛന്റെ പേരും സുബ്രഹ്മണ്യം എന്നാണ്. എന്റെ അച്ഛനും സുബ്രഹ്മണ്യം. ഞാൻ വരുന്നത് കാണുമ്പോഴേ അദ്ദേഹം തിരക്കിട്ട് വരും ''അയ്യയ്യോ കവലപ്പെടാതെ സരസ്വതീ എല്ലാമേ ശരിയാകും'' എന്നു പറഞ്ഞുകൊണ്ട് വരവേൽക്കും. അദ്ദേഹത്തിന് ഒരച്ഛന്റെ വാത്സല്യമായിരുന്നു. മദ്രാസിൽ പോകുക അവിടെ താമസിക്കുക എന്നതൊക്കെ വലിയ ചെലവാണ്. പദുക്കയുടെ വീട്ടിൽ കഴിയുന്നതിനും പരിധികളുണ്ട്. അങ്ങനെയിരിക്കേ മദ്രാസിൽ ഒരു ഹോസ്റ്റൽ കണ്ടുപിടിച്ചു. പാവപ്പെട്ട കുട്ടികൾക്കായി ഒരു സ്ത്രീ നടത്തിവരുന്നതാണ് അത്. ആന്ധ്രയിൽ നിന്നുള്ള സരോജ എന്ന പെൺകുട്ടിയും പദുക്കയുടെ അടുത്ത് പഠിക്കുന്നുണ്ട്. അവൾ താമസിക്കുന്നത് ഈ ഹോസ്റ്റലിലാണ്. അങ്ങനെ അവളുടെ കൂടെ മുകളിൽ ഒരുമുറിയിൽ എനിക്കും താമസിക്കാനിടം കിട്ടി. താമസം മാത്രമേയുള്ളൂ. ഭക്ഷണം അവിടെ നിന്നും കഴിക്കുന്നില്ല. ആ ഹോസ്റ്റൽ നടത്തുന്ന അമ്മ ധാരാളം പെൺകുട്ടികൾക്ക് സൗജന്യമായി ഭക്ഷണവും താമസവും നൽകിവരികയാണ്. അപ്പോൾ തന്നാലാവുന്ന വരുമാനം കണ്ടെത്തുന്ന ഞാൻ കൂടി അതിൽ പങ്കുപറ്റിയാൽ അർഹയായ ഒരു പെൺകുട്ടിയുടെ ആഹാരമാണ് ഇല്ലാതാവുക. അതുകൊണ്ടാണ് ഭക്ഷണം വേണ്ട എന്നു പറഞ്ഞത്. സരോജയും എന്നെപ്പോലെ അതിയായ ആഗ്രഹം കൊണ്ട് പദുക്കയുടെ അടുക്കൽ വന്നതാണ്. സരോജയെക്കുറിച്ച് ഞാൻ പിന്നീട് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അവൾ എവിടെയാണ് ഇപ്പോൾ എന്നറിയില്ല. ആ ഹോസ്റ്റലിൽ ഒന്നിച്ചു താമസിച്ചു എന്നല്ലാതെ പിന്നീട് ബന്ധമൊന്നും ഉണ്ടായിട്ടില്ല. അന്നൊന്നും അത്തരം പതിവുകൾ ഇല്ല. അഡ്രസ് പോലും വാങ്ങി വെച്ചില്ല. ഒന്നാമത്തെ കാരണം ഞങ്ങൾ രണ്ടു ഭാഷക്കാരാണ്. കത്തെഴുതിയാൽ പോലും രണ്ടുപേർക്കും ഒന്നും മനസ്സിലാവില്ല. എങ്കിലും ഇപ്പോൾ ആലോചിക്കുമ്പോൾ സരോജയൊക്കെ നൃത്തരംഗത്ത് പിന്നീട് സജീവമായോ, അതോ കല്യാണം കഴിച്ച് ഒതുങ്ങിക്കൂടിപ്പോയോ ഒന്നുമറിയില്ല. പദുക്കയുടെ അടുക്കൽ പഠിക്കാൻ വന്നവർ വെറുതെയായിപ്പോയിട്ടില്ല എന്ന വിശ്വാസത്തിൽ സരോജ വലിയ നർത്തകിയായിട്ടുണ്ടാകും എന്ന് ഊഹിക്കാം. എങ്കിലും പത്രമാധ്യമങ്ങളിലൊന്നും സരോജയെ ഞാൻ കണ്ടിട്ടില്ല. സരോജ നൃത്തത്തിന്റെ ബേസ് മുതൽ പദുക്കയുടെ അടുക്കൽ നിന്നും പഠിക്കാൻ വന്നവളാണ്. കലാമണ്ഡലം തന്ന പഠനമികവുകാരണം പദുക്ക എന്നെക്കൊണ്ട് വേഗം വേഗം നൃത്തം ചെയ്യിക്കുമായിരുന്നു. മീനാക്ഷീകല്യാണം ചെയ്യുമ്പോൾ സരോജ വിഷമത്തോടെ പറഞ്ഞു, സരസ്വതി എത്രവേഗമാണ് പഠിച്ചെടുക്കുന്നത്! വളരെ അനായാസമായി പദുക്കയോടൊപ്പം ചെയ്യുന്നല്ലോ. ഞാനവളെ സമാധാനിപ്പിക്കും. ഞാൻ നേരത്തേ കേരളത്തിൽ നിന്നും പഠിച്ചുവന്നതുകൊണ്ടായിരിക്കും സരോജാ,നീയും നന്നായി കളിക്കുന്നുണ്ട്. വൈകാതെ തന്നെ പദുക്കയോടൊപ്പം കളിക്കാം.

സ്റ്റേജുകളിൽ പദുക്കയോടൊപ്പം കളിക്കാൻ പറ്റിയത് വലിയൊരു അനുഗ്രഹമായിരുന്നു. ഇന്ദ്രനും മീനാക്ഷിയുമായിട്ടുള്ള യുദ്ധമൊക്കെ സ്റ്റേജുകളിൽ അവതരിപ്പിച്ചപ്പോൾ ഇന്ദ്രനായിട്ട് വേഷമിട്ടത് ഞാനായിരുന്നു. പരസ്പരം മത്സരിച്ച് ഞങ്ങൾ അവതരിപ്പിക്കുമായിരുന്നു. വലിയ ആഹ്ളാദമായിരുന്നു പദുക്കയുടെ കൂടെ സ്റ്റേജിൽ നൃത്തമാടുമ്പോൾ. നിരവധി വേദികളിൽ പദുക്കയോടൊപ്പം നൃത്തം ചെയ്യാൻ അവസരം ലഭിച്ചു. പിന്നെ നൃത്തത്തോട് അടങ്ങാത്ത ഒരഭിനിവേശമായിരുന്നു. പുതിയതെല്ലാം പഠിക്കണം. ഒരൊറ്റ വേദിയും വിടാതെ അവതരിപ്പിക്കണം. അതിനായുള്ള ഓട്ടമാണ്.

നാട്ടിലെത്തിയാലും മദ്രാസിൽ തന്നെയാണ് മനസ്സ്. ഇവിടെ നാട്ടിൽ വന്ന് വിശ്രമമില്ലാതെ വീടുകളിൽ പോയി കുട്ടികളെ നൃത്തം പഠിപ്പിക്കും. തിങ്കൾ മുതൽ ഞായർ വരെ ഒരൊറ്റ ദിവസവും ഒഴിവില്ലാതെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കുള്ള ഓട്ടമാണ്. ഏറ്റവും രസകരമായ കാര്യം എന്റെ ബോഡിഗാർഡുകളായി നേരെ ഇളയവരായ ശേഷാദ്രിയോ കൃഷ്ണനോ മഹാദേവനോ ആരെങ്കിലും കൂടെ ഉണ്ടാകും എന്നതാണ്. വൈകുന്നേരങ്ങളിലെ ക്ലാസുകൾ എട്ടുമണിവരെയൊക്കെ നീളും ചിലപ്പോൾ. ഞാൻ ക്ലാസ് എടുക്കാൻ കയറുമ്പോൾ വീട്ടുകാർ അവർക്കിരിക്കാൻ ഒരു മുറിയോ സ്ഥലമോ ഒരുക്കിക്കൊടുക്കും. സമയം പോകാനായി അവരെക്കൊണ്ട് പാഠപുസ്തകവും എടുപ്പിക്കുമായിരുന്നു ഞാൻ. ക്ലാസ് കഴിയുന്നതുവരെ ഇരുന്നു പഠിക്കുകയോ വായിക്കുകയോ ചെയ്യും പാവങ്ങൾ. അവർക്കും ഒരു രസമായിരുന്നു എന്റെ കൂടെ വരാൻ. ഞാൻ ക്ലാസെടുക്കാനായി ഒരുങ്ങിത്തുടങ്ങുമ്പോഴേക്കും അന്ന് കൂടെ വരുന്നവർ പുസ്തകവും വെള്ളവുമൊക്കെയെടുത്ത് റെഡിയായി നിൽപ്പുണ്ടാകും.

എനിക്കു താഴെയുള്ളവരെയും അമ്മയെയും കാണുമ്പോൾ മുന്നോട്ടുള്ള വഴികളിലൊക്കെ ഓരോ പ്രകാശവും ഞാനായി തന്നെ കണ്ടെത്തിത്തുടങ്ങി. സഹോദരങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകണം, അനിയത്തിയെ വിവാഹം കഴിപ്പിച്ചയക്കണം. അനിയന്മാരെ അവരുടെ ജീവിതപ്രാപ്തിയിലാക്കണം. അത്രയും കാലം അച്ഛന്റെ തണലും നിഴലുമായി നടന്നിരുന്ന അമ്മയിൽ അച്ഛന്റെ വിയോഗം വരുത്തിവെച്ച ശൂന്യതയെ മറികടക്കണം. ഇതിനെല്ലാം മുന്നിൽ നടക്കേണ്ടയാൾ പണമാണ്. പണം കണ്ടെത്തണം. കാലിന് വിശ്രമം കൊടുക്കാതെ ചവുട്ടിയാലേ അത് വന്നുചേരുകയുള്ളൂ.

(തുടരും)

സാരസ്വതത്തിന്റെ മുന്‍ഭാഗങ്ങള്‍ വായിക്കാം

Content Highlights : Saraswatham Autobiography of Kalamandalam Saraswathi part four