ലാമണ്ഡലത്തില്‍ രണ്ട് സരസ്വതിമാരുണ്ടായിരുന്നു. എന്നെക്കൂടാതെയുള്ള സരസ്വതി പെരുമ്പാവൂരില്‍ നിന്നാണ്. എന്റെ ജൂനിയറാണ് അവള്‍. അധ്യാപകര്‍ പേര് വിളിക്കുമ്പോള്‍ മാറിപ്പോകാതിരിക്കാനായി എന്നെ കോഴിക്കോട് സരസ്വതി എന്നായിരുന്നു വിളിച്ചിരുന്നത്. പെരുമ്പാവൂരില്‍ നിന്നും വന്ന സരസ്വതി പെരുമ്പാവൂര്‍ സരസ്വതിയുമായി. ഒന്നു രണ്ട് സിനിമകളിലൊക്കെ അവളെ കണ്ടു. പിന്നെ കണ്ടിട്ടില്ല. കോഴിക്കോട് സരസ്വതി എന്ന പേര് ദീര്‍ഘകാലം എന്നെ മുന്നോട്ടുനയിച്ച മേല്‍വിലാസം തന്നെയാണ്. കോഴിക്കോട് സരസ്വതി എന്നു കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു അഭിമാനമായിരുന്നു. എന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കുന്ന ഒരാളെന്നപോലെ കോഴിക്കോട് ഒപ്പം നിന്നു. എക്കാലവും അങ്ങനെ തന്നെയായിരുന്നു. യുവജനോത്സവ മത്സരകാലത്ത്, കുട്ടികളേക്കാള്‍ മത്സരം അവരെ പരിശീലിപ്പിക്കുന്ന അധ്യാപകര്‍ കൊണ്ടുനടന്നിരുന്ന കാലത്ത, കോഴിക്കോട് സരസ്വതി എന്ന പേര് ചിരപരിചിതമായി. ആ മേല്‍വിലാസമാണ് നൃത്താധ്യാപനരംഗത്ത് വളരെ ആത്മവിശ്വാസത്തോടെ തുടരാന്‍ എനിക്ക് പ്രേരണയായത്. എന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുതന്നിരുന്നു ആ മേല്‍വിലാസം. ഭാഗ്യമുള്ള ഒരു നഗരത്തെ എന്റെ പേരിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞു. 

ആദ്യകാലത്തൊക്കെ വീട്ടില്‍ വരുന്ന കുട്ടികള്‍ക്ക് മാത്രം ഞാന്‍ പഠിച്ചതെല്ലാം കാണിച്ചുകൊടുക്കുക എന്നതിലപ്പുറം ഫീസ്, പ്രൊഫഷന്‍ എന്ന കാഴ്ചപ്പാടിലേക്കൊന്നും ഞാന്‍ പോയിട്ടില്ലായിരുന്നു. അങ്ങനെ പഠിപ്പിച്ചുള്ള പരിചയം വ്യക്തിപരമായി വലിയ നേട്ടമായിരുന്നു. നൃത്താധ്യാപനം എന്ന തൊഴിലിലേക്ക് പ്രവേശിച്ചത് ഗീതാഗോപിനാഥിലൂടെയാണ് എന്നു പറഞ്ഞല്ലോ, അന്നവള്‍ നാലാം ക്ലാസുകാരിയാണ്. പിന്നീട് ജയപ്രഭാ മേനോന്‍ എന്ന കൊച്ചുകുട്ടി കൂടി വന്നു. ചാലപ്പുറത്തായിരുന്നു അവളുടെ വീട്. ഗീതാഗോപിനാഥിനേക്കാളും ചെറിയ പ്രായമായിരുന്നു അവള്‍ക്ക്. മോഹിനിയാട്ടമാണ് പഠിപ്പിച്ചത്. നന്നായി നൃത്തം ചെയ്യുന്ന ഒരു പെണ്‍കുട്ടി. അങ്ങനെ വീടുകളില്‍ പോയി ക്ലാസെടുക്കാന്‍ തുടങ്ങിയതോടെ ആത്മധൈര്യം വന്നുതുടങ്ങി. ഭാഗ്യവശാല്‍ ഓരോ രക്ഷിതാക്കളും വളരെ നല്ല സഹകരണമായിരുന്നു. അവര്‍ മുഖേന കൂടുതല്‍ കുട്ടികളെ കിട്ടാന്‍ തുടങ്ങി. കുട്ടികളുടെയും രക്ഷിതാക്കളുടെയും സൗകര്യത്തിനനുസരിച്ച് ഞാന്‍ ഓടിക്കൊണ്ടേയിരുന്നു. എനിക്ക് സംരക്ഷകരായി കൂട്ടുവരുന്ന കൊച്ചനിയന്മാരും ആ ഓട്ടത്തില്‍ പങ്കുചേര്‍ന്നു. 

എഴുപതുകളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നൊക്കെ പറഞ്ഞാല്‍ ഒരു അത്ഭുതലോകം തന്നെയാണ്. നോര്‍ത്ത് പറവൂരില്‍ നിന്നും മെഡിസിന്‍ പഠനത്തിനെത്തിയ അനന്ത ശിവരാമന്‍ എന്നുപേരായ പെണ്‍കുട്ടി ഇടയ്ക്കിടെ വരും. അവള്‍ ഭരതനാട്യം പഠിച്ചതാണ്. കോളേജിലെ വിശേഷദിവസങ്ങളില്‍ അവതരിപ്പിക്കാനുള്ള നൃത്തം പഠിക്കാനാണ് അവള്‍ പലപ്പോഴും വിളിക്കുക. ഞാനത് വേണ്ടതുപോലെ കൈകാര്യം ചെയ്തുകൊടുത്തു. അങ്ങനെ ചില സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും ഇത്തരത്തില്‍ വിളിക്കാന്‍ തുടങ്ങി. പദ്മാസുബ്രഹ്മണ്യത്തിന്റെ ശിഷ്യത്വം മുടക്കാന്‍ പാടില്ല, വീട്ടില്‍ വരുന്ന കുട്ടികളെ മറക്കാന്‍ പാടില്ല, ആഴ്ചയിലൊരു ദിവസം പോലും ഇടയില്ലാതെ കോഴിക്കോട് നഗരത്തിന്റെ നാനാഭാഗത്തുമുള്ള വീടുകളില്‍ കാത്തിരിക്കുന്ന കുഞ്ഞുങ്ങളെയും അവരുടെ രക്ഷിതാക്കളെയും മറക്കാന്‍ പറ്റില്ല. എന്നിരുന്നാലും എല്ലാം കൂടി വരുമാനത്തിന്റെ രൂപത്തിലാണ് കടാക്ഷിക്കുന്നത്. അനിയന്മാര്‍ മാറിമാറി കൂടെ വന്നു. രാത്രിയാവോളം ഞങ്ങള്‍ അധ്വാനിക്കുക തന്നെയായിരുന്നു.

Read more: ആത്മകഥയുടെ മുന്‍ലക്കങ്ങള്‍ വായിക്കാം

പന്നിയങ്കരയില്‍ ശ്രീസദം എന്ന വീട്ടിലെ പി.എന്‍ മേനോന്റെ മകള്‍ ശ്രീബാല. അളകാപുരി രാധാകൃഷ്ണന്‍ സാറും കുടുംബവും താമസിച്ചിരുന്നത് പന്നിയങ്കരയിലായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ കൊച്ചുഭാരതിയായിരുന്നു നൃത്ത വിദ്യാര്‍ഥി. മെഡിക്കല്‍ റെപ്രസന്റേറ്റീവായിരുന്ന മിസ്റ്റര്‍ കുരുവിളയുടെ മക്കള്‍ ദീപാകുരുവിളയും രൂപാകുരുവിളയും. ഈസ്റ്റ് നടക്കാവിലെ വീട്ടില്‍ പോയിട്ടായിരുന്നു അവരെ പഠിപ്പിച്ചിരുന്നത്. മിടുക്കികളായിരുന്നു രണ്ടുപേരും. ഫറോക്കിലെ  പൂതേരിയില്‍ ലീലാമ്മയുടെ വീട് ഇന്നും ഓര്‍മയിലുണ്ട്. സംഗീതസംവിധായകൻ രഘുകുമാറിന്റെ അമ്മയാണ് ലീലാമ്മ. ലീലാമ്മയുടെ മകളുടെ മകളെയാണ് പഠിപ്പിക്കാനുണ്ടായിരുന്നത്. അക്കാലത്തെ സംഗീതവുമായി ബന്ധപ്പെട്ടവരെല്ലാം പൂതേരിയില്‍ വരുമായിരുന്നു. ഗായകന്‍ പി. ജയചന്ദ്രന്‍ അവിടുത്തെ ഒരു സന്ദർശകനായിരുന്നു. രഘുകുമാറിനെ കാണാനാണ് വരവ്. അവിടെ വച്ചാണ് അദ്ദേഹത്തെ ആദ്യമായി നേരില്‍ കണ്ടത്.

ഭട്ട് റോഡില്‍ കുറേ ഗുജറാത്തി കുടുംബങ്ങള്‍ ഉണ്ട്. വര്‍ഷാ മേത്ത, രൂപാ മേത്ത, സുജാതാ മേത്ത തുടങ്ങിയ കുട്ടികളെ അന്നു പഠിപ്പിച്ചിരുന്നു. ഭാഷയൊന്നും വശമില്ലാത്തത് നൃത്തപഠനത്തിന് വെല്ലുവിളിയല്ലല്ലോ. ഞാന്‍ അടവുകള്‍ കാണിച്ചുകൊടുക്കും മേത്തമാര്‍ അതുപോലെ ചവിട്ടിക്കാണിക്കും. ബീച്ചിനോട് ചേര്‍ന്നിട്ടുള്ള മൂന്നുനാലു വീടുകളിലെ കുട്ടികളെയും പഠിപ്പിക്കാനുണ്ടായിരുന്നു. 

നഗരഹൃദയത്തില്‍ തന്നെ സ്ഥിതിചെയ്തിരുന്ന കോമണ്‍വെല്‍ത്ത് സ്ഥാപനത്തിലെ മാനേജരുടെ മകള്‍ ലോളി കുറേക്കാലം നൃത്തപഠനവുമായി മുന്നോട്ടുപോയിട്ടുണ്ടായിരുന്നു. അവള്‍ വീട്ടില്‍ വരും. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിനടുത്ത് ഒരു ഹോമിയോപ്പതി ഡോക്ടറുണ്ടായിരുന്നു. ഡോ. രാജാറാം. നടക്കാവ് തന്നെയായിരുന്നു അവരുടെ വീട്. ആ വീട്ടിലെ കുട്ടികള്‍, ഹരിദാസ് ക്ലിനിക്കിലെ ഡോ. ഹരിദാസിന്റെ മക്കള്‍... തുടങ്ങിയവരെയൊക്കെ വീട്ടിലാണ് പോയി പഠിപ്പിച്ചത്. കനകാലയ ബസ് സറ്റോപ്പിലിറങ്ങി ഞാനും അനിയന്മാരും കൂടി നടന്നങ്ങനെ പോകും. പുസ്തക സഞ്ചിയും തൂക്കി വെയിലായാലും മഴയായാലും അവര്‍ കൂടെ നടക്കും. ഇന്നോര്‍ക്കുമ്പോള്‍ പാവം തോന്നുകയാണ്. കുട്ടിക്കാലത്തിന്റെ വികൃതികള്‍ കാട്ടാതെ, പോകുന്ന വീടുകളിലെല്ലാം തന്നെ മര്യാദാരാമന്മാരായി അടങ്ങി ഒതുങ്ങി ഇരുന്നോളും പാവത്തുങ്ങള്‍. 

Kalamandalam Saraswathi

ഭാരത് സര്‍ക്കസിന്റെ ഉടമ കെ.എസ് മേനോന്‍ താമസിച്ചിരുന്നത് കുറ്റിപ്പുറത്തായിരുന്നു. ശനിയും ഞായറുമാണ് അവിടെ ക്ലാസുള്ളത്. അദ്ദേഹത്തിന്റെ മകളെയാണ് പഠിപ്പിക്കേണ്ടത്. തൃശൂര്‍ വിമലാ കോളേജിലാണ് അവള്‍ പഠിച്ചിരുന്നത്. കോളേജ് ഡേയില്‍ പരിപാടി അവതരിപ്പിക്കാനുണ്ടാവുമ്പോള്‍ അവളോടൊപ്പം വിമലാ കോളേജില്‍ പോകും. ഓര്‍ക്കസ്ട്രയും കൊണ്ടാണ് പോകുക. അപ്പോഴും അനിയന്മാരുടെ അകമ്പടിയുണ്ടാകും. തുടര്‍ച്ചയായി കുറേക്കാലം വാരാന്ത്യങ്ങളില്‍ കുറ്റിപ്പുറത്തേക്കായിരുന്നു യാത്രകള്‍.

മെഡിക്കല്‍ കോളേജിലെ ഡോക്ടറായിരുന്നു ഐഷാ ഗുഹരാജ്. പിന്നീട് അവര്‍ കോളേജ് പ്രിന്‍സിപ്പലായി. അവരുടെ മകളെ അവിടെ പോയിട്ടായിരുന്നു പഠിപ്പിച്ചിരുന്നത്. അവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിലെ രണ്ടുമൂന്ന് ഡോക്ടര്‍മാരുടെ മക്കള്‍ കൂടി നൃത്തം പഠിക്കാന്‍ ചേര്‍ന്നു. വൈകുന്നേരം ഒന്നിച്ചായിരുന്നു ക്ലാസെടുത്തിരുന്നത്. എട്ടു മണിയാകും അതു കഴിഞ്ഞ് തിരികെയിറങ്ങാന്‍. അക്കാലത്തൊക്കെ സമയത്തിന് തീപിടിച്ച വിലയായി തോന്നിയിട്ടുണ്ട്. കാലുകള്‍ നോണ്‍സ്‌റ്റോപ്പായിട്ടിങ്ങനെ ചവുട്ടിക്കൊണ്ടേയിരുന്നു. വെറുതെ കളയാന്‍ പോയിട്ട് ഒന്നിരിക്കാന്‍ സമയം തികയാതെ വന്ന കാലം. വളരെ നല്ല സഹകരണമായിരുന്നു എല്ലാ രക്ഷിതാക്കള്‍ക്കും. 

നിലമ്പൂരില്‍ കെ.സി.യു രാജ എന്നൊരു സ്‌കൂള്‍ അധ്യാപകനുണ്ടായിരുന്നു. നിലമ്പൂര്‍ കോവിലകത്തെ രമാത്തമ്പാട്ടിയാണ് അദ്ദേഹത്തിന്റെ ഭാര്യ. അവരുടെ രണ്ട് പെണ്‍മക്കളെയും നൃത്തം പഠിപ്പിക്കണം എന്ന ആവശ്യവുമായി വന്നു. ശാന്തി രാജ, ജ്യോതി രാജ എന്നിങ്ങനെയായിരുന്നു മക്കളുടെ പേരുകള്‍. നൃത്താധ്യാപനത്തിന് സ്ഥലമോ കാലമോ ദൂരമോ വിഘാതമാവരുത് എന്ന നിശ്ചയം എനിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവിടെ പോയി പഠിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ശനിയും ഞായറും അവിടെയായിരുന്നു പിന്നെ കുറച്ചുകാലം. ശനിയാഴ്ച പോകും അന്നവിടെ താമസിക്കും പിറ്റേന്ന് തിരിക്കും. ശനിയും ഞായറും കുട്ടികളെ പഠിപ്പിക്കും. അപ്പോഴും കൂടെ അനിയന്മാര്‍ മാറിമാറി വരും. അവരില്ലാതെ എവിടെയും പോകില്ല. അങ്ങനെയങ്ങനെ നിരവധി മക്കളെ പഠിപ്പിക്കാന്‍ കഴിഞ്ഞു. തുടക്കകാലത്തെ കുട്ടികളില്‍ വളരെ ചുരുക്കം പേരെ മാത്രമേ ഞാനിവിടെ പറഞ്ഞിട്ടുള്ളൂ. നിരവധി കുട്ടികളും അവരുടെ രക്ഷിതാക്കളെയും ഓര്‍മയിലുണ്ട്. 

അക്കാലത്ത് സെന്റ് ജോസഫ് സ്‌കൂള്‍ മത്സരങ്ങള്‍ക്കൊന്നും കുട്ടികളെ പരിശീലിപ്പിക്കാറില്ല. തികച്ചും അക്കാദമികമാണ് അവരുടെ രീതി. അതുകൊണ്ടു തന്നെ ഗീതയും ജയപ്രഭയുമൊന്നും വലിയ മത്സരങ്ങള്‍ക്കൊന്നും പോയിട്ടില്ല. സ്‌കൂള്‍യുവജനോത്സവത്തില്‍ സംസ്ഥാനം വരെ ഞാന്‍ ഒരു പെണ്‍കുട്ടിയേയും കൊണ്ടുപോയത് ശാന്തിചന്ദ്രശേഖര്‍ എന്ന പെണ്‍കുട്ടിയാണ്. മാവൂര്‍ ഗോളിയോര്‍ റയോണ്‍സിലെ സ്‌കൂളിലായിരുന്നു ശാന്തി പഠിച്ചിരുന്നത്. ആ മോളുടെ കൂടെ ലക്ഷ്മി സുബ്രഹ്മണ്യം എന്ന കുട്ടികൂടി നൃത്തം പഠിക്കാന്‍ വരുമായിരുന്നു. രണ്ടുപേരെയും കൂട്ടി ശാന്തിയുടെ അമ്മ എന്റെ വീട്ടില്‍ വരും. ശാന്തി അസാധ്യ കഴിവുള്ള കുട്ടിയായിരുന്നു. എന്തുകാണിച്ചുകൊടുത്താലും മനസ്സിലുള്ളതുപോലെ പകര്‍ത്തിക്കാണിച്ചുതരും. അന്ന് പാലായില്‍ വച്ചിട്ടാണ് സംസ്ഥാന മത്സരം. ഞാന്‍ ആദ്യമായിട്ട് മത്സരത്തിന് കുട്ടിയെയും കൊണ്ട് പോകുകയാണ്. പ്രഗത്ഭരായ ധാരാളം നൃത്താധ്യാപകരുടെ കുട്ടികള്‍ മത്സരത്തിനുണ്ട്. സ്‌കൂള്‍ കലോത്സവം കഴിഞ്ഞാല്‍ പിന്നെ ജില്ലായുവജനോത്സവം പിന്നെ സംസ്ഥാനം...അന്നൊക്കെ അങ്ങനെയാണ്. പദുക്കയില്‍ നിന്നും പഠിച്ച വര്‍ണം ആദ്യമായി ഒരു വിദ്യാര്‍ഥിക്ക് പകര്‍ന്നുകൊടുക്കുകയാണ് ഞാന്‍ ചെയ്തത്. 

ശാന്തിയ്ക്കാണ് പദുക്കയുടെ വര്‍ണം പകര്‍ന്നുകൊടുക്കുന്നത് എന്ന സന്തോഷം എനിക്ക് അതിയായിട്ടുണ്ടായിരുന്നു. കാരണം വാക്കുകള്‍ പോരാ ആ കുട്ടിയുടെ നൃത്തപാടവത്തെ വര്‍ണിക്കാന്‍. അവള്‍ സ്റ്റേജില്‍ ഭരതനാട്യം ചെയ്യുമ്പോള്‍ അത് മത്സരമാണ് എന്ന ധാരണയൊക്കെ എന്നില്‍ നിന്നുപോയി. പദുക്കയായിരുന്നു മനസ്സ് നിറയെ. വളരെ പ്രസരിപ്പോടെ, അസാധ്യമായി ശാന്തി പദുക്കയുടെ വര്‍ണങ്ങള്‍ പകര്‍ന്നാടുകയാണ്. വേദി മുഴുവന്‍ സ്വയം മറന്നിരിക്കുന്നു. ശാന്തി തന്നെ ഒന്നാംസ്ഥാനം നേടി. എന്റെ ആദ്യത്തെ യുവജനോത്സവം, അതും സംസ്ഥാനതലം, എന്റെ കുട്ടി ഭരതനാട്യത്തില്‍ ഒന്നാമത്. എനിക്ക് വയസ്സ് പതിനെട്ട്. ഈ മേഖലയില്‍ ഇരുത്തം വന്ന പരിചയസമ്പന്നരായ ധാരാളം നൃത്താധ്യാപകരുടെ കുട്ടികള്‍ മത്സരത്തിനുണ്ട്. കോഴിക്കോട് സരസ്വതി എന്ന പേരില്‍ ഞാന്‍ അമര്‍ന്നിരുന്നു. കോഴിക്കോടിന് ഭരതനാട്യത്തില്‍ ഒന്നാംസ്ഥാനം എന്റെ കുട്ടി നേടിക്കൊടുത്തിരിക്കുന്നു! പിന്നീടങ്ങോട്ട്് വിദ്യാര്‍ഥികളുടെ തിരക്കാണ്. പലപല രക്ഷിതാക്കളും വിളിക്കുന്നു, വീട്ടില്‍ നടത്തുന്ന ക്ലാസുകളിലും കുട്ടികള്‍ വന്നു തുടങ്ങി.

(തുടരും)

Content Highlights : Saraswatham Autobiography of Kalamandalam Saraswathi part five