'സാരസ്വതം'-കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ ആരംഭിക്കുകയാണ്. പതിനൊന്നാം വയസ്സുമുതൽ നൃത്തത്തിന്റെ അടവുകൾ ചവുട്ടിത്തുടങ്ങിയ കാലുകൾ ചവുട്ടിക്കയറിയ നേട്ടങ്ങളുടെ പടവുകൾ. പത്മാസുബ്രഹ്മണ്യം എന്ന നൃത്തവിസ്മയത്തിന്റെ ശിഷ്യത്വം, വെമ്പട്ടിചിന്നസത്യം എന്ന കുച്ചുപ്പുടി ഗുരുവിന്റെ അനുഗ്രഹാശ്ശിസ്സുകൾ, മോഹിനിയാട്ടത്തിലെ വേറിട്ട പരീക്ഷണങ്ങൾ, കഥയുടെ ഐതിഹാസികനായ എം.ടി വാസുദേവൻനായരുടെ പത്നീപദം...വിശേഷണങ്ങൾ ഏറെയാണ് സരസ്വതി ടീച്ചർക്ക്. തഞ്ചാവൂർ തായ്വേരിൽ നിന്നു തുടങ്ങി കോഴിക്കോടിന്റെ മണ്ണിൽവേരുറച്ച ജീവിതമത്രയും വായനക്കാർക്കായി പങ്കുവെക്കുന്നു.

പാലക്കാട് ശേഖരീപുരം ബ്രാഹ്മണസമൂഹത്തിലെ സുബ്രഹ്മണ്യ അയ്യർ. നെന്മാറ ഗ്രാമത്തിലെ മീനാക്ഷി അമ്മാൾ. സുബ്രഹ്മണ്യ അയ്യർ എന്ന രാശപ്പയ്ക്ക് വളരെ ചെറുപ്പത്തിൽ തന്നെ പോളിയോ ബാധിച്ചതുമൂലം കാലിന് സ്വാധീനക്കുറവുണ്ട്. മീനാക്ഷി അമ്മാൾക്കാവട്ടെ ഒരു കാലിന് പോളിയോ ബാധിച്ചെങ്കിലും അത് ചികിത്സിച്ച് ഒരുവിധം ഭേദമാക്കി. പക്ഷേ അധികം കഴിയാതെ തന്നെ തറവാട്ടുവീട്ടിലെ കോണിപ്പടിയിൽ നിന്നും വീണ് കാല് പൊട്ടി. അക്കാലത്തൊക്കെ ഉഴിഞ്ഞുകെട്ടലാണ് പ്രധാനം. ചികിത്സ അത്ര ഫലിച്ചില്ല. നേരത്തേ തന്നെ പ്രശ്നം സംഭവിച്ച കാലാണ്. ശേഷകാലം മുടന്ത് ബാക്കിയായി. രണ്ടുപേരുടെയും വലതുകാലിനാണ് മുടന്തുള്ളത്. ഒന്നരക്കാൽ തന്നെ. രാശപ്പയും മീനാക്ഷി അമ്മാളും 1948-കളിൽ അക്കാലത്തെ കേരളത്തിലെ മോഹനഗരമായ കോഴിക്കോട് എത്തിയവരാണ്. പാലക്കാട് തത്തമംഗലത്ത് അലോസരങ്ങളൊന്നുമില്ലാതെ കഴിഞ്ഞുവരുമ്പോഴാണ് കോഴിക്കോടേക്ക് മാറിയാലോ എന്ന ചിന്ത രണ്ടുപേർക്കും വന്നത്. വരുമ്പോൾ സമ്പാദ്യമായിട്ട് അല്പം പണവും അധ്വാനിക്കാനുള്ള മനസ്സുമാണ് കയ്യിലുള്ളത്. രണ്ടുപേരും നല്ല പാചകവിദഗ്ധരാണ്. കോഴിക്കോടേക്ക് വരുമ്പോൾ അവരുടെ മനസ്സിലുള്ളതും ഭക്ഷണശാല എന്ന ആശയം തന്നെയാണ്. രാശപ്പയും മീനാക്ഷി അമ്മാളും കൂടി കോഴിക്കോട് പാളയത്ത് മാരിയമ്മൻ കോവിലിനടുത്ത് ആദ്യമായി ഒരു സംരംഭം തുടങ്ങി 'ദേവീവിലാസം ലഞ്ച് ഹോം.' പാലക്കാടു നിന്നും കോഴിക്കോടേക്ക് വരുമ്പോൾ നാരായണൻ, സുബ്രഹ്മണ്യൻ, തൈംലാബാൾ എന്നീ മക്കളെക്കൂടാതെ അമ്പത് ദിവസം പ്രായമുള്ള സരസ്വതിയും അമ്മയുടെ ഒക്കത്തുണ്ടായിരുന്നു.

തഞ്ചാവൂരിൽ നിന്നാണ് അച്ഛന്റെ കുടുംബം പാലക്കാടേക്ക് മാറുന്നത്. പാലക്കാട് വെച്ചാണ് തന്റെ 'കാലിന് പറ്റിയ ബന്ധം 'അച്ഛന് വന്നു ചേരുന്നത്. അമ്മയുടെ മുടന്ത് അച്ഛന്റെ ബന്ധുക്കൾക്ക് ഒരു തരത്തിൽ ആശ്വാസമായിരുന്നു. ചേരുന്ന ബന്ധം കിട്ടിയല്ലോ. തത്തമംഗലത്തുനിന്നും കേൾവികേട്ട കോഴിക്കോട് എത്തിയിട്ട് അച്ഛനും അമ്മയ്ക്കും മോശം വന്നില്ല. അവർ തങ്ങളുടെ കുടുംബാംഗങ്ങൾക്കിടയിൽ കച്ചവടക്കാരായി തലയുയർത്തി നിന്നു.

നാരായണൻ, സുബ്രഹ്മണ്യൻ, തൈംലാബാൾ, സരസ്വതി, ശേഷാദ്രി, കൃഷ്ണൻ, മഹാദേവൻ, രാജേശ്വരി, ശ്രീറാം. ഒമ്പതു മക്കൾ, ആറ് ആണും മൂന്ന് പെണ്ണും! ഭക്ഷണശാലയോടൊപ്പം കുടുംബവും വളർന്നു. തളി സമൂഹമഠത്തിലെ അമ്പാടിക്കോലത്തിൽ അച്ഛനും അമ്മയും മക്കളും ഭക്ഷണശാലയിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ ജീവിതം മുട്ടില്ലാതെ കൊണ്ടുപോയി. വീട്ടിലിരുന്ന് കൊണ്ട് അമ്മയുടെ വയ്യാത്ത കാലും വെച്ച് ദേവീവിലാസം ലഞ്ച് ഹോമിലേക്ക് എന്തെല്ലാം തന്നെക്കൊണ്ട് ചെയ്തു കൊടുക്കാനാവുമോ അതെല്ലാം തന്നെ അമ്മയും നിവർത്തിച്ചിരുന്നു.അച്ഛൻ വിശാലമായ മനസ്സുള്ളയാളായിരുന്നു. കയ്യിലുണ്ടോ ഇല്ലയോ എന്നൊന്നും നോക്കാതെയാണ് പലപ്പോഴും സഹായങ്ങൾ മറ്റുള്ളവർക്ക് വാഗ്ദാനം ചെയ്യുക. അച്ഛനെ കൊണ്ട് താങ്ങാവുന്നതിലും അപ്പുറത്തെതായിരിക്കും മിക്കവാറും സഹായവാഗ്ദാനങ്ങൾ. അച്ഛൻ പലപ്പോഴും വിഷമിച്ചിരുന്നത് കൊടുത്ത വാക്ക് എങ്ങനെ പാലിക്കും എന്നതിലായിരുന്നു. അതുകൊണ്ടു തന്നെ അച്ഛനോട് സഹായം ചോദിച്ചു വരുന്നവർക്ക് നിരാശയില്ലായിരുന്നു. ഏതുവിധത്തിലും അച്ഛനത് നിറവേറ്റിക്കൊടുക്കും എന്ന് വരുന്നവർക്കറിയാം. അതു തന്നെയായിരുന്നു വരുന്നവരുടെയും വിശ്വാസം; ഇനിയൊരു പടി കയറി ഇറങ്ങേണ്ടല്ലോ എന്നായിരിന്നു രാശപ്പ അയ്യരുടെ വീട്ടുപടിക്കലേക്ക് കടക്കുമ്പോൾ അവരുടെ ആശ്വാസം. പക്ഷേ ഈ മഹാമനസ്കതയിൽ പലപ്പോഴും അമ്മ ഉഴറിയിട്ടുണ്ട്. എന്നിരുന്നാലും അച്ഛനോട് യാതൊരു പരിഭവവും കാണിക്കില്ലായിരുന്നു. മുന്നിൽ വഴികൾ തെളിയാതിരിക്കുമ്പോൾ അച്ഛൻ അമ്മയെ നോക്കി ചോദിക്കും, എന്തുചെയ്യും! അമ്മ ഒരു വഴി പറഞ്ഞുകൊടുക്കുക തന്നെ വേണം. അതച്ഛന് നിർബന്ധമായിരുന്നു. പരസ്പരാശ്രയം അതായിരുന്നു അച്ഛനും അമ്മയും.

രാശപ്പ അയ്യർ അക്കാലത്തെ കോഴിക്കോട്ടുള്ള പലരുടെയും ആശ്രയകേന്ദ്രമാണ് എന്ന കാര്യം അമ്മ പൂർണമായും അറിഞ്ഞുകൊള്ളണമെന്നില്ല. അമ്മയുടെ അറിവോടെയുള്ള സഹായം തന്നെ വളരെ ഏറെയായിരുന്നു. പണം കൊണ്ടല്ലാത്ത സഹായത്തിനും അച്ഛനായിരുന്നു അക്കാലത്തെ ഇടത്തരം ബ്രാഹ്മണ കുടുംബങ്ങളുടെ ആശ്രയം. ഒരു വിവാഹക്കാര്യം, ചില കുടുംബകാര്യങ്ങളിലെ ഉചിതമായ തീരുമാനം, ഒരു ആശുപത്രിക്കാര്യം തുടങ്ങി തനിക്കു ചുറ്റുമുള്ളവരുടെ ഓരോ കാര്യങ്ങളിലും അച്ഛന്റെ സാന്നിധ്യമോ ഇടപെടലുകളോ ഉണ്ടായിരിക്കും. വളരെ പക്വതയോടെ സംസാരിക്കാനുള്ള കഴിവ്, സംയമനത്തോടെയുള്ള പെരുമാറ്റം...ഇതെല്ലാം അച്ഛന്റെ ഗുണങ്ങളായിരുന്നു. ഓർമ വെച്ച നാൾ മുതൽ അച്ഛനിൽ നിന്നും ഞാൻ കേട്ട ഉപദേശങ്ങളിൽ ഒന്ന് എടുത്തുചാടി ഒന്നും ചെയ്യരുത് എന്നതായിരുന്നു. ആ ഉപദേശം ഇന്നും ചെവികളിൽ മുഴങ്ങിക്കേൾക്കാറുണ്ട്. പല സന്ദർഭങ്ങളിലും ആ ഉപദേശമാണ് എന്നെ നേരെ നടത്തിച്ചത്. തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് പലവട്ടം ആലോചിക്കാനുള്ള സാവകാശം ഞാനുണ്ടാക്കിയെടുത്തതും ആ ഉപദേശത്തിന്റെ തണലിലാണ്. അച്ഛനെന്ന മഹാത്യാഗത്തിന്റെ ബാക്കിയിരിപ്പാണ് ഇന്നു കാണുന്ന ഞാൻ.

women
ഫോട്ടോ- എന്‍.എം പ്രദീപ്‌

അച്ഛൻ എപ്പോഴും പറയും; നമുക്ക് കഴിവില്ല, അതിനാൽ തന്നെ കഴിവുള്ളവരെ നമ്മൾ മാനിക്കണം. അവരോട് നമുക്ക് സഹായം കിട്ടുകയാണെങ്കിൽ തീർച്ചയായും അത് സ്വീകരിക്കണം. അതിൽ നാണക്കേടോ അഭിമാനക്കുറവോ കരുതരുത്. ജീവിതത്തിലെ പല പ്രതിസന്ധികളിലും ആ ഉണർച്ചയാണ് എന്നെ സഹായങ്ങൾ സ്വീകരിക്കാനും ചോദിക്കാനും പ്രേരിപ്പിച്ചത്. കാരണം അച്ഛൻ പൊടുന്നനേ ഞങ്ങളുടെ ജീവിതത്തിൽ നിന്നും പൊലിഞ്ഞുപോയപ്പോൾ ഉത്തരവാദിത്തം മുഴുവനും വന്നുചേർന്നത് എന്റെ ചുമലിലായിരുന്നു.

ഞാൻ ജനിച്ചതിനുശേഷമാണ് കോഴിക്കോട് നഗരത്തിലേക്ക് മാറാം എന്ന് അച്ഛനും അമ്മയും ഏകകണ്ഠമായി തീരുമാനിക്കുന്നത്. അതുകൊണ്ടു തന്നെ നൃത്താഭ്യാസത്തിന്റെ ആദ്യകാലങ്ങളിൽ 'കോഴിക്കോട് സരസ്വതി' എന്ന് ഞാനറിയപ്പെട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ഉണ്ടായിരുന്നത്. തത്തമംഗലത്ത് നല്ല സ്ഥിതിയിലിരിക്കേ ഇങ്ങോട്ട് വന്നത് ഒരു പക്ഷേ എനിക്കു വേണ്ടിയായിരിക്കാം. അതിബുദ്ധിമാനും അസാധാരണ മുഖശ്രീയും ഉള്ളയാളായിരുന്നു അച്ഛൻ. എന്റെ നേരെ ഇളയ അനിയൻ ശേഷാദ്രി അച്ഛനെപ്പോലെയാണ്. അവനാണ് ആ മുഖശ്രീ കിട്ടിയിരിക്കുന്നത്.

അച്ഛന്റെ നല്ലകാലത്തെ സമ്പന്നതയിലേക്കാണ് ഞാൻ പിറന്നുവീണത്. അമ്മയും നല്ല സമ്പത്തുള്ള കുടുംബത്തിലേതു തന്നെ. തത്തമംഗലത്തുനിന്നും മാറണം എന്ന വിചാരം വന്നുചേർന്നതോടെ ബാക്കിയൊന്നും അച്ഛന്റെ ശ്രദ്ധയിൽ ഇല്ലാതായി. അക്കാലത്ത് കോഴിക്കോട് വന്നു താമസിക്കുക, കച്ചവടം നടത്തുക എന്നൊക്കെ പറഞ്ഞാൽ വലിയ ഖ്യാതിയുള്ള കാര്യമാണ്. അച്ഛന്റെ ഒന്നു രണ്ട് സുഹൃത്തുക്കൾ അങ്ങനെ കോഴിക്കോട് വന്ന് കച്ചവടം ചെയ്തവരാണ്. അവർ ബിസിനസ്സിന്റെ വലിയ സാധ്യതകൾ തമ്മിൽ കാണുമ്പോഴൊക്കെ പറയും. അതോടെ അച്ഛന് കോഴിക്കോട് മാത്രമായി മനസ്സിൽ. അങ്ങനെ അച്ഛന്റെ അമ്മയെയും സഹോദരങ്ങളെയുമൊക്കെ കൂട്ടി കുടുംബസമേതമാണ് കോഴിക്കോടേക്ക് വന്നത്. ഞാൻ വളർന്നതും വലുതായതും എന്റെ സുഹൃദ്ബന്ധുജനങ്ങളുമെല്ലാം കോഴിക്കോടിനെ ചുറ്റിപ്പറ്റിയുള്ളവരായിരുന്നു.

തളിയിലെ അമ്പാടി കോലവും ഒരു ഹോട്ടലും വിലയ്ക്കു വാങ്ങി അത് നല്ല നിലയിൽ പ്രവർത്തിച്ചു വരികയും ഞങ്ങൾ മക്കളെല്ലാം ബുദ്ധിമുട്ടൊന്നുമറിയാതെ ജീവിക്കുകയും ചെയ്തു വരുമ്പോഴാണ് കച്ചവടം നിലംപറ്റുന്നത്. കടം കയറി ദേവീവിലാസവും അമ്പാടികോലവും വിറ്റു. പാളയത്തുള്ള കന്യകാപരമേശ്വരി ക്ഷേത്രത്തിനടുത്ത് വാടകക്കു താമസിക്കുന്നവരായി പിന്നെ ഞങ്ങൾ. ആ വാടകവീടാണ് എന്റെ വളർച്ചയും തളർച്ചയും അല്ലലും അലച്ചിലുമെല്ലാം ഏറ്റുവാങ്ങിയത്. ആ വീട് മാറ്റിനിർത്തിക്കൊണ്ടുള്ള ഒരോർമയും എന്റെ ജീവിതത്തിലില്ല. നിർണായകമായ പല സംഭവങ്ങളും തീരുമാനങ്ങളും ഞാനെന്റെ നെഞ്ചിലേറ്റി നടന്നതും അടക്കിപ്പിടിച്ചമർത്തിയതും ആ വീട്ടിലെ ചുവരുകൾക്കുള്ളിൽ നിന്നാണ്.

അച്ഛന്റെ ഭക്ഷണശാല കടംകയറി വിറ്റതോടെ പതുക്കെ വന്നുകയറിയ ഇല്ലായ്മ വിട്ടുമാറാത്ത ആസ്തമപോലെ കുടുംബത്തെയൊന്നാകെ ശ്വാസം മുട്ടിച്ചിരുന്നു. തിരികെ പിടിക്കാൻ, കരകയറാൻ അച്ഛനും അമ്മയും തങ്ങളാലാവുന്നവിധമെല്ലാം ശ്രമിച്ചെങ്കിലും അതത്ര എളുപ്പമായിരുന്നില്ല. അച്ഛന് ഒരാളെ അവിശ്വസിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമായിരുന്നു. ദേവീവിലാസം പൂട്ടിയപ്പോൾ കോഴിക്കോട് കോടതി വളപ്പിൽ 'ശാരദാ ലഞ്ച്ഹോം' തുടങ്ങി. അന്നത്തെ കോടതി വളപ്പ് എന്നു പറയുന്നത് ഇന്നത്തെ മാനാഞ്ചിറക്കു എതിരെയുള്ള എൽ.ഐ.സി കെട്ടിടം നിൽക്കുന്ന സ്ഥലമാണ്. ഹജൂർ കച്ചേരിയും കോഴിക്കോട് സബ്ജയിലും പ്രവർത്തിച്ചത് അവിടെയായിരുന്നു അക്കാലത്ത്. കോഴിക്കോട് കളക്ടറേറ്റും സ്ഥിതിചെയ്തിരുന്നത് അതേ കോംപൗണ്ടിലായിരുന്നു. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് കോടതി ചെറൂട്ടിറോഡിലേക്കും സബ്ജയിൽ പുതിയറയിലേക്കും കളക്ടറേറ്റ് മലാപ്പറമ്പ് സിവിൽസ്റ്റേഷനിലേക്കുമൊക്കെ മാറുന്നത്. ഭക്ഷണശാല തരക്കേടില്ലാതെ മുന്നോട്ടുപോയെങ്കിലും അച്ഛന്റെ ഉദാരമനസ്കത പലപ്പോഴും ദോഷമായി തന്നെ ഭവിച്ചു. കൂടെയുണ്ടായിരുന്നവർ കാലുവാരിയതോടെ കടബാധ്യത വീണ്ടും അച്ഛനെ തോൽപിച്ചുകളഞ്ഞു. കള്ളക്കണക്കിൽ പകച്ചുപോയപ്പോഴും അച്ഛൻ പറഞ്ഞ് ഇപ്രകാരമായിരുന്നു- വിധിച്ചതേ ലഭിക്കൂ. അപ്പോഴേക്കും ഒമ്പതു മക്കളും കൂടി വിശപ്പിന്റെയും പലതരം ആവശ്യങ്ങളുടെയും രൂപത്തിൽ അച്ഛന്റെ സമാധാനം കെടുത്താൻ തുടങ്ങിയിരുന്നു. കഷ്ടപ്പെടാനുള്ള യോഗവും അച്ഛന്റെ മോഹനഗരം അദ്ദേഹത്തിനു നേരെ വെച്ചുനീട്ടിയെന്നു പറയാം. നെന്മാറയിലെ കേളികേട്ട പാരമ്പര്യത്തിൽ ജനിച്ചുവളർന്ന അമ്മ നരകതുല്യമായ ജീവിതം നയിക്കാൻ നിർബന്ധിക്കപ്പെട്ടു. ശേഷി കണക്കിലെടുക്കാതെ സഹായിക്കാൻ പോയാലുള്ള അവസ്ഥയെ 'അച്ഛനെപ്പോലെ' എന്ന് ഞങ്ങൾ മക്കൾ ഇപ്പോഴും പറയുന്നു. ആരെയും കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യും. പലപ്പോഴം കൂട്ടുകച്ചവടക്കാർ അച്ഛൻ നോക്കിനിൽക്കെ കാലുവാരി കടത്തിലാക്കി. പക്ഷേ ആരോടും പരിഭവമില്ലായിരുന്നു. അവർ വഞ്ചനകാണിച്ചതിന് മാനുഷികമായ ന്യായങ്ങൾ അഛൻ കണ്ടെത്തി ആശ്വസിക്കും. ഭക്ഷണശാലയിലെ കച്ചവടം മുടങ്ങുമ്പോൾ വീട്ടിലുള്ള ഒമ്പതെണ്ണത്തിന്റെ വയറ്റിലെ ഇരമ്പമോർത്ത് അച്ഛൻ നിസ്സഹായനായിപ്പോയി പലപ്പോഴും.

women
കലാമണ്ഡലം സരസ്വതി/ ഫോട്ടോ- എന്‍.എം പ്രദീപ്‌

അമ്മയുടെ നിശ്ചയദാർഢ്യമോ പോംവഴികളോ ഫലവത്താവാതെ വന്നപ്പോൾ മൂത്ത ജേഷ്ഠ്യൻ നാരായണ അയ്യർ സാമൂതിരി ഹൈസ്കൂൾ പഠനം കഴിഞ്ഞതും തുടർവിദ്യാഭ്യാസത്തിനു ശ്രമിക്കാതെ സെൻ് ജോസഫ് ഇന്റസ്ട്രീസിൽ ജോലി ചെയ്യാൻ തുടങ്ങി. ഏട്ടൻ പഠിക്കാൻ ബഹുമിടുക്കനായിരുന്നു. കഠിനാധ്വാനിയും സാമൂഹിക പ്രവർത്തനത്തിൽ തൽപ്പരനുമൊക്കെയായിരുന്നു. പക്ഷേ അതിലൊക്കെ അപ്പുറത്താണല്ലോ വയറിന്റെ വിളി. ഏട്ടൻ തന്റെ ഇഷ്ടങ്ങളൊക്കെ മാറ്റിവെച്ച് സെന്റ് ജോസഫ് ഇന്റസ്ട്രിയിൽ ജോലി ചെയ്തു. വളരെക്കാലം അവിടെത്തന്നെയായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ആ സമയത്ത് സെന്റ് ജോസഫ് സ്കൂളിനടുത്ത് വീണ്ടുമൊരു ഭക്ഷണശാല-ശാരദാ ലഞ്ച്ഹോം- അച്ഛൻ തുടങ്ങി. അച്ഛന്റെ ജേഷ്ഠ്യന്റെ ഭാര്യയുടെ പേരാണ് ശാരദ. അച്ഛന്റെ എല്ലാ വളർച്ചാഘട്ടത്തിലും സ്വന്തം അമ്മയെപ്പോലെ കൂടെ നിന്നവരായിരുന്നു ആ വല്യമ്മ. അവരോട് അച്ഛന് വല്ലാത്ത സ്നേഹം തന്നെയായിരുന്നു.

അച്ഛനുള്ള കാലത്തു തന്നെ മൂത്ത ജ്യേഷ്ഠനെ വിവാഹം കഴിപ്പിച്ചിരുന്നു. അച്ഛൻ പെണ്ണിനെ പോയി കണ്ട് തീരുമാനിച്ചുറപ്പിച്ചു. പളനിയിൽ ഭക്ഷണശാല നടത്തിയിരുന്ന വെങ്കിട്ടസുബ്രഹ്മണ്യ അയ്യരുടെയും തങ്കമ്മാളിന്റെയും അഞ്ചാമത്തെ മകൾ അലമേലുവായിരുന്നു വധു. 1964 -ലാണ് അവരുടെ വിവാഹം കഴിഞ്ഞത്. രണ്ടാമത്തെ ജേഷ്ഠ്യൻ സുബ്രഹ്മണ്യൻ വലിയങ്ങാടിയിൽ എസ്. വി ഗോവിന്ദസാമിയോടൊപ്പം അരിക്കച്ചവടത്തിൽ സഹായിക്കാൻ തുടങ്ങി. ചേച്ചി തൈലാംബാളിനെ പത്താം ക്ലാസ് കഴിഞ്ഞതോടെ തുടർപഠനത്തിനു വിടാതെ കല്യാണം കഴിപ്പിച്ചയക്കുകയും ചെയ്തു. ചേച്ചിയും നന്നായി പഠിക്കുമായിരുന്നു. 1966-ൽ വിവാഹം ചെയ്ത് കുടുംബസ്ഥയായി അവർ ഹൈദരാബാദിലേക്ക് മാറി. നാഗാർജുനസാഗർ ഡാമിനടുത്ത് ഒരു കോഫീഹൗസ് സ്വന്തമായി തുടങ്ങുകയായിരുന്നു ചേച്ചിയുടെ ഭർത്താവ് അനന്തകൃഷ്ണൻ. കോഫീഹൗസ് എന്നാൽ കാപ്പിക്കുരു പൊടിച്ചുകൊടുക്കുന്ന സ്ഥലം. ചേച്ചിയെ ദൂരേക്ക് വിവാഹം കഴിപ്പിച്ചയപ്പിച്ചതിൽ അമ്മയ്ക്കായിരുന്നു വലിയ വിഷമം. ഇടയ്ക്കിടെ കത്തുകൾ വരും. ഞങ്ങൾ പരസ്പരം കാണുന്നത് വളരെ വിരളമായിരുന്നു.

ചേച്ചിയുടെ വിവാഹം കഴിഞ്ഞ അതേ വർഷം തന്നെയാണ് ഞങ്ങളുടെ ജീവിതത്തിലെ എക്കാലത്തെയും വലിയൊരു നഷ്ടം സംഭവിക്കുന്നത്. 1966 സെപ്തംബർ 24 ശനിയാഴ്ച. ഏടത്തിയമ്മ അലമേലുവിന്റെ വളകാപ്പ് ചടങ്ങാണ് പിറ്റേന്ന് ഞായറാഴ്ച. കടിഞ്ഞൂൽ ഗർഭമാണ്. ആറുമാസം കഴിഞ്ഞാലുള്ള ആദ്യത്തെ ചടങ്ങാണ്. ഏടത്തിയമ്മയുടെ ബന്ധുക്കൾ തലേന്ന് തന്നെ വന്നിട്ടുണ്ട്. വീട്ടിൽ ആകെ ഒരു ഉത്സവാന്തരീക്ഷം. ഞാനും മണിയേട്ടനും കന്യകാമാരിയമ്മൻ കോംപൗണ്ടിലും തളി ചുറ്റുവട്ടത്തുമുള്ള വളരെ അടുത്ത ബന്ധത്തിലുള്ളവരെ വളകാപ്പിന് ക്ഷണിക്കാൻ പോയിരിക്കുകയായിരുന്നു.മണിയേട്ടനന്ന് വലിയങ്ങാടിയിൽ ആദം ഹാജി ആൻഡ് സൺസ് എന്ന വ്യാപാരസ്ഥാപനത്തിൽ ജോലിചെയ്യുകയാണ്.

ഞങ്ങൾ ഒന്നു രണ്ടു വീടുകളിൽ കയറിയിട്ടുണ്ടാകും. ക്ഷണം പൂർത്തിയാക്കുന്നതിനുമുന്നേ ഞങ്ങളെ തിരികെ വിളിക്കാൻ ഏട്ടൻ ആളെ പറഞ്ഞയച്ചു. വീട്ടിലെത്തിയപ്പോൾ മനസ്സിലായി അച്ഛൻ പോയെന്ന്. ഞാനും ഏട്ടനും ക്ഷണിക്കാനിറങ്ങുമ്പോൾ ഉമ്മറത്തെ ചാരുകസേരയിൽ പത്രവും വായിച്ചിരിക്കുന്നുണ്ടായിരുന്നു അച്ഛൻ. അല്പനേരം കഴിഞ്ഞപ്പോൾ ശാരീരികാസ്വാസ്ഥ്യമുണ്ടായി. അച്ഛൻ തന്നെ എഴുന്നേറ്റ് പോയി കിടന്നു. ആ കിടപ്പിൽ യാത്രയായി. ആകെയൊരു മരവിപ്പുമാത്രം. ആരും ഒന്നും മിണ്ടുന്നില്ല.

അച്ഛന് കിഡ്നി സംബന്ധമായി ഗുരുതരമായ അസുഖമുണ്ടെന്ന് മരിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് തിരിച്ചറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ അക്കാലത്തെ പ്രമുഖ ഡോക്ടറായിരുന്ന പ്രൊഫസർ വിൻസെന്റ് വീട്ടിൽ വന്നായിരുന്നു അച്ഛനെ നോക്കിയിരുന്നത്. അന്നൊന്നും ഡോക്ടർമാർ വീടുകളിൽ പോയി പരിശോധിക്കില്ല. ഏട്ടൻ നാരായണൻ ജോലി ചെയ്തിരുന്ന സെന്റ് ജോസഫ് ഇന്റസ്ട്രീസിലെ ഉടമസ്ഥരുമായുള്ള പരിചയം ഡോക്ടർ വിൻസെന്റിനുണ്ടായിരുന്നു. അങ്ങനെ ഏട്ടനെയും അദ്ദേഹത്തിന് പരിചയമുണ്ട്. പരിശോധിച്ചപ്പോൾ തന്നെ അദ്ദേഹം പറഞ്ഞത് ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റണം. ഗൗരവമായ ചികിത്സ ആവശ്യമുണ്ട് എന്നെല്ലാമായിരുന്നു. അച്ഛൻ പക്ഷേ തയ്യാറായിരുന്നില്ല ആശുപത്രിയിൽ കിടക്കാൻ. അച്ഛന്റെ നിർബന്ധപ്രകാരം വീട്ടിൽ നിന്നുതന്നെ ചികിത്സയായി. രോഗം തിരിച്ചറിഞ്ഞിട്ട് രണ്ടാഴ്ചയേ ആയിട്ടുണ്ടായിരുന്നുള്ളൂ. കലാമണ്ഡലത്തിലെ പഠനം കഴിഞ്ഞിറങ്ങിയതേയുള്ളൂ ഞാൻ. ആശിച്ചു പഠിപ്പിച്ച മകൾ കലാരംഗത്ത് ഒന്നുമായിട്ടില്ല. ഉള്ളതെല്ലാം ഊറ്റിയുരുക്കി എനിക്കയച്ചുതന്ന മണിയോർഡറുകൾ, വീട്ടിൽ നിന്നും തിരികെ പോകുമ്പോൾ കയ്യിൽ വെച്ചു തന്ന വട്ടച്ചെലവിനുള്ള കാശ്...എല്ലാ വേദനയും സഹനവും ഒറ്റയ്ക്കനുഭവിച്ചു അച്ഛൻ. ആ വിയോഗം വല്ലാത്ത ഒരു തിരിച്ചടിയായിരുന്നു ഞങ്ങൾക്ക്. മൂത്ത ഏട്ടനെക്കൂടാതെ മണിയേട്ടൻ എന്ന സുബ്രഹ്മണ്യനും ഞാനുമാണ് അല്പം മുതിർന്നവരായിട്ടുള്ളത്. എനിക്കു താഴെയുള്ള ശേഷാദ്രി പത്താം ക്ലാസിൽ പഠിക്കുകയാണ്,താഴെ അഞ്ചുപേർ, നാലാണും ഒരു പെണ്ണും.

(തുടരും)

Content Highlights :'Saraswatham 'Autobiography of Kalamandalam Saraswathi Chapter one Mohanagaram