നൃത്തം മാത്രമേ തുടർന്നു പഠിക്കുകയുള്ളൂ എന്ന് ഞാൻ തീരുമാനിക്കാനുള്ള ഒരു പ്രധാന കാരണമുണ്ട്. അക്കാലത്ത് സാംസ്കാരിക വകുപ്പ് കൾച്ചറൽ എക്ചേഞ്ച് പ്രോഗ്രാം വർഷാവർഷം സംഘടിപ്പിക്കുമായിരുന്നു. വിവിധ നാടുകളിലെ സാംസ്കാരികസംഗമമാണ് അത്. കലാമണ്ഡലത്തിലെ കുട്ടികൾ വർഷത്തിൽ രണ്ടു തവണ അത്തരം പരിപാടികൾക്ക് പോകാറുണ്ട്. ഇതൊന്നും വടക്കോട്ടുള്ളവർ അധികം അറിയാറില്ല. സ്ഥിരം തിരുവനന്തപുരത്തുകാരാണ് പരിപാടികളിൽ പങ്കെടുക്കാറ്. ഈ മേഖലയ്ക്ക് അങ്ങനെ ചില കുഴപ്പങ്ങളൊക്കെയുണ്ട്. നമ്മുടെ സാംസ്കാരികവകുപ്പിന് ധാരാളം പരിപാടികൾ സംഘടിപ്പിക്കാൻ കഴിയും. പക്ഷപാതം ഇല്ലാതെ മുന്നോട്ടുപോവുകയാണെങ്കിൽ സാംസ്കാരികമായ കൊടുക്കൽ വാങ്ങലുകൾക്ക് വിശാലമായ ഇടം തന്നെയുണ്ട്. കലാമണ്ഡലം വളരെ പേരും പ്രശസ്തിയുമുള്ള സ്ഥാപനമായതിനാൽ വർഷത്തിൽ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും കൾച്ചറൽ എക്സചേഞ്ച് പ്രോഗ്രാമുകൾ നിർബന്ധമായും വന്നുചേരും. കഥകളി, തുള്ളൽ, കൂത്ത്, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങി എല്ലാ രംഗത്തെയും കലാകാരന്മാർ ഈ അവസരം വളരെ ഉത്സാഹത്തോടെയാണ് ഏറ്റെടുക്കാറ്. ഒന്നോ രണ്ടോ ബോഗികൾ ബുക്ക് ചെയ്തിട്ടൊക്കെയാണ് ഞങ്ങൾ പോകുക. അതൊരു ഉത്സവം തന്നെയാണ്. പുതിയ കലകൾ കാണാനും പഠിക്കാനും അവസരം ലഭിക്കുന്നത് ഇത്തരം സാംസ്കാരിക സംഗമത്തിലൂടെയാണ്.

കലാമണ്ഡലത്തിൽ നിന്നും സാംസ്കാരിക സംഗമത്തിനായി ഒരിക്കൽ തിരഞ്ഞെടുത്തത് തമിഴ്നാട് ആണ്. ഞങ്ങൾ സംഘമായി ആദ്യം പോയതാവട്ടെ പദ്മാസുബ്രഹ്മണ്യത്തിന്റെ വീട്ടിലേക്കും. അവർ ഞങ്ങൾക്കുവേണ്ടി ഭരതനാട്യമവതരിപ്പിച്ചു. അവരുടെ നടനം കണ്ടതും ഞങ്ങൾ മൂന്നുനാലു കുട്ടികൾക്ക് സഹിക്കാൻ കഴിഞ്ഞില്ല, ഞങ്ങൾ കരയാൻ തുടങ്ങി. അസാധ്യമായൊരു നൃത്താവതരണം. അത്രമേൽ ഞങ്ങളെ ആ നടനത്തിലേക്ക് അവർ കൂട്ടിക്കൊണ്ടുപോയിക്കളഞ്ഞു. ഇങ്ങനെയൊരു നൃത്തസമർപ്പണമോ എന്നൊക്കെ നമുക്ക് തോന്നിപ്പോകും. അത്രമേൽ നർത്തനവും നർത്തകിയും ഒന്നുതന്നെയായിക്കഴിഞ്ഞിരിക്കുന്നു. ഇത്രനാളും ഞങ്ങൾ അത്തരമൊരനുഭവം നേരിൽ കണ്ടിട്ടില്ലായിരുന്നു. ഭഗവാൻ ഇങ്ങനെയും ഒരു നർത്തകിയെ പടച്ചുവിട്ടിരിക്കുന്നോ എന്ന് തോന്നിപ്പോയി. 'രാമായതുഭ്യം നമ:'! ഈയൊരു വിഷയം ഒറ്റയ്ക്ക്, രാമനായും രാവണനായും ശൂർപ്പണഖയായും സീതയായും ഊർമിളയായും ഭരതനായും കഥാപാത്രങ്ങൾ നമ്മുടെ മുന്നിലങ്ങനെ വന്നുംപോയും ഇരിക്കുകയാണ്. രാവണന്റെ ഊഴം വരുമ്പോൾ പദ്മാസുബ്രഹ്മണ്യം തനി രാവണൻ തന്നെ! സീതയാകുമ്പോൾ ഇനിയൊരു സീതയെ നമുക്ക് സങ്കല്പിക്കാൻ പോലും പറ്റാത്ത തരത്തിൽ സീതയായിക്കഴിഞ്ഞിരിക്കുന്നു അവർ.

ഞങ്ങൾ കുട്ടികളല്ലേ, ഇരുന്ന് വിതുമ്പുന്നതു കണ്ടപ്പോൾ ടൂർ മാനേജർ ചോദിച്ചു എന്തുപറ്റിയെന്ന്. എല്ലാവരും പദ്മയെ ഒന്നു തൊട്ടുതൊഴാൻ കഴിയാത്ത വിഷമത്തിലാണ്. പദ്മയുടെ കുടുംബം മുഴുവനായും നൃത്തത്തെ ഉപാസിച്ചവരാണ്. അതുകൊണ്ടുതന്നെ അവർ വളരെ
കണിശക്കാരുമാണ്. നൃത്തം അവതരിപ്പിക്കുക എന്നതിലുപരി മറ്റുയാതൊരു ഇടപഴകലും സാധ്യമല്ല. ടൂർ മാനേജർക്ക് അതറിയാം. അതുകൊണ്ടുതന്നെ അയാൾ ആകെ വിഷമത്തിലായി. ഞങ്ങളെന്തിനാണ് ഇങ്ങനെ വിഷമിച്ചിരിക്കുന്നത് എന്ന് പദ്മയുടെ അച്ഛൻ സുബ്രഹ്മണ്യം ഇടക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഞങ്ങളുടെ സങ്കടം അദ്ദേഹം അറിഞ്ഞു. അയ്യയ്യോ വിഷമിക്കാതെ, എല്ലാവരെയും വണങ്ങാനുള്ള അവസരം ഞാനൊരുക്കിത്തരാം എന്നദ്ദേഹം പറഞ്ഞു. അദ്ദേഹം നമസ്കരിക്കാനുള്ള ഏർപ്പാടുകൾ ചെയ്യാൻ പോയപ്പോൾ ഞാൻ മാനേജരോട് അടുത്ത ആവശ്യം അവതരിപ്പിച്ചു. 'എനിക്കെന്തായാലും ഇവിടെ നൃത്തം പഠിക്കണം. അതിനുള്ള ഏർപ്പാടുകൾ മാനേജർ അവരോട് പറഞ്ഞ് സൗകര്യമാക്കിത്തരണം.' അപ്പോൾ മാനേജർ തലയിൽ കൈവച്ചു. അയ്യോ ഇപ്പോൾ അതൊന്നും മിണ്ടരുത്. തല്ക്കാലം അവരെ നമസ്കരിച്ചിട്ടു വരൂ എല്ലാവരും. പിന്നെ ആലോചിക്കാം. അതേക്കുറിച്ചൊന്നും ഇപ്പോൾ ചിന്തിക്കുകപോലും വേണ്ട എന്നായി മാനേജർ.

kalamandalam sarawathi and padma subrahmanyam
കലാമണ്ഡലം സരസ്വതിയും പദ്മാ സുബ്രഹ്മണ്യവും. ഫോട്ടോ: എൻ. എം. പ്രദീപ്, സാബു സ്ക്കറിയ

ഞാൻ മാനേജർ പറഞ്ഞതുപോലെ നമസ്കരിക്കാൻ ചെന്നു. പദ്മയെ നമസ്കരിച്ച് അവരുടെ അച്ഛന്റെ അടുത്തെത്തിയപ്പോൾ അദ്ദേഹം ചോദിച്ചു എന്താ പേര്? സരസ്വതി എന്ന് ഞാൻ വണങ്ങിക്കൊണ്ട് മറുപടി പറഞ്ഞു. ഉന്നെ പാത്താലൊരു ബ്രാഹ്മിൺ പൊണ്ണ് പോലെരിക്കേ എന്നദ്ദേഹം പറഞ്ഞു. അപ്പോൾ ഞാൻ തമിഴിൽ സംസാരിച്ചു. തമിഴ് എനിക്ക് നന്നായിട്ട് വഴങ്ങിയിരുന്നു അന്നേ. വീട്ടിൽ തമിഴാണ് ഞങ്ങൾ പലപ്പോഴും പറഞ്ഞിരുന്നത്. പറയുന്ന മലയാളത്തിിന് നല്ല തമിഴ് സ്വാധീനവും ഉണ്ടായിരുന്നു. അതവർക്ക് വലിയ ഇഷ്ടമായി. പിന്നെ എവിടെയാണ്, എങ്ങനെയാണ് തുടങ്ങിയ ചോദ്യങ്ങളായി. ഞാനെന്റെ കാര്യമെല്ലാം വിശദമായിട്ടു തന്നെ പറഞ്ഞു. അച്ഛൻ എന്നെ നൃത്തമഭ്യസിപ്പിക്കാൻ പെടുന്ന പരിശ്രമങ്ങൾ വരെ പറഞ്ഞു. പിന്നെ അവർ ഇങ്ങോട്ടെന്തെങ്കിലും പറയുന്നതിനു മുന്നേ ഞാൻ പറഞ്ഞു: ''എനിക്ക് ഒരൊറ്റ ആഗ്രഹമേയുള്ളൂ, എനിക്ക് അക്കായുടെ അടുക്കൽ വന്ന് കുറച്ചുകാലം പഠിക്കണം.'' പദ്മാസുബ്രഹ്മണ്യത്തെ എല്ലാവരും അക്കാ എന്നാണ് വിളിക്കുക. ''ഇവിടെ താമസിക്കാനുള്ള പാങ്ങൊന്നും എനിക്കില്ല. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ തമിഴ്നാട്ടിലില്ല. കേരളത്തിൽ കോഴിക്കോട് ആണ് താമസം. അവിടെ നിന്നും വന്ന് പഠിക്കണമല്ലോ എന്നോർക്കുമ്പോൾ ആഗ്രഹം നടക്കില്ലേ എന്ന സങ്കടമുണ്ടെനിക്ക്''. വിതുമ്പിപ്പോയി ഞാൻ.

'ശരി, ശരി അത്‌ക്കെന്ന തേവ, നീ പോയി തിരുമ്പി വാ.' എന്നായി അദ്ദേഹം. എന്റെ ദൂരമൊന്നും അവർക്കൊരു പ്രശ്നമില്ല. നേരെ ഇങ്ങു വന്നോളൂ എന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ അവർ അങ്ങനെ പറഞ്ഞെന്നു കരുതി നമ്മൾ മുന്നൊരുക്കങ്ങൾ നടത്താതിരിക്കാൻ പാടില്ലല്ലോ. ഞാൻ ടൂർ മാനേജരോട് പദ്മയുടെ വിലാസം വാങ്ങി വെച്ചു. മനസ്സിൽ ഒരൊറ്റ ആഗ്രഹമേയുള്ളൂ, പദ്മയ്ക്ക് ശിഷ്യപ്പെടണം. അവരുടെ പക്കൽ നിന്നും ആ നൃത്തകലയുടെ മനോഹാരിത സ്വായത്തമാക്കണം.

അങ്ങനെ വീട്ടിലെത്തി അച്ഛനോട് കാര്യം പറഞ്ഞു. അച്ഛനാണെങ്കിൽ ഇനിയൊരു നയാപൈസാ എനിക്കായി മുടക്കാൻ ശേഷിയില്ലാതെ ഇരിക്കുകയാണ്. അപ്പോഴാണ് മദ്രാസിലെ പദ്മാസുബ്രഹ്മണ്യമെന്ന മോഹവുമായി ഞാൻ വരുന്നത്. പിന്തിരിപ്പിക്കാൻ ശ്രമിച്ചു പലരും. ഞാൻ അണുവിട വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു. അതായിരുന്നു എന്റെ മനസ്സിലുറച്ചുപോയ പദ്മാസുബ്രഹ്മണ്യവും അവരുടെ വശ്യനടനവും. തുടർപഠനം നൃത്തം തന്നെ അതും പദ്മാസുബ്രഹ്മണ്യത്തിന്റെ കീഴിൽ തന്നെ എന്നുറപ്പിച്ചെങ്കിലും എങ്ങനെ അത് സാധ്യമാക്കും, സാമ്പത്തികം എവിടെ എന്ന ചോദ്യങ്ങളെല്ലാം ബാക്കിയായിരുന്നു. പിന്നീടങ്ങോട്ടുള്ള കുറച്ചുവർഷങ്ങൾ കോഴിക്കോടുനിന്ന് മദ്രാസിലേക്കും തിരിച്ച് മദ്രാസിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള എന്റെ ഓട്ടങ്ങളായിരുന്നു.

(തുടരും)

Content Highlights : Saraswatham Autobiography of Kalamandalam Saraswathi Chapter 3 About Padma subrahmanyam