കോഴിക്കോട്പാളയത്തുള്ള എന്റെ വാടകവീട്ടിലെ നൃത്താധ്യാപനം കഴിഞ്ഞാൽ ചാലപ്പുറവും അതിനെചുറ്റിപ്പറ്റിയുമുള്ള വീടുകളിലെ കുട്ടികൾക്കാണ് കൂടുതലും ക്ലാസുകൾ എടുക്കാനുണ്ടായിരുന്നത്. ചാലപ്പുറം എന്നെ വൈകാരികമായി വളരെയധികം സ്വാധീനിച്ച ഒരു സ്ഥലമാണ്. പരസ്പരം ബഹുമാനിക്കുന്ന ആളുകൾ, അനാവശ്യമായ ഇടപെടലുകൾ ഒരു കാര്യത്തിലും ഇല്ല. ഏതെങ്കിലുമൊരു കാലത്ത് സ്വന്തമായി ഒരു നൃത്തവിദ്യാലയം തുടങ്ങാൻ എനിക്കു കഴിവുണ്ടായാൽ അത് തീർച്ചയായും ചാലപ്പുറത്തു തന്നെയായിരിക്കും എന്ന് ഞാൻ അന്നേ മനസ്സിൽ പറഞ്ഞുവെച്ചതാണ്.

എന്നെ സംബന്ധിച്ചിടത്തോളം സാഹചര്യം കൊണ്ട് ഞാൻ വളരെ പക്വതയയുള്ള മുതിർന്ന ഒരാളായെങ്കിലും വയസ്സിൽ വളരെ ചെറുപ്പമാണ്.എന്റെ പോക്കുവരവുകളെല്ലാം സ്വന്തം റിസ്കിൽ തന്നെയാണ്. വീടുകളിൽ പോയിട്ടാണ് ക്ലാസുകൾ എടുക്കുക. അവിടെ പലസ്വഭാവത്തിലുമുള്ള ആളുകൾ ഉണ്ടാകും. അവരെയെല്ലാം നമ്മുടെ മനോനിലയ്ക്കനുസരിച്ച് നിർത്തിയിട്ട് വേണം ക്ലാസുകൾ എടുക്കാൻ. ഭാഗ്യവശാൽ എന്റെ കുട്ടികളുടെ രക്ഷിതാക്കളെല്ലാം വളരെ ബഹുമാനത്തോടെയായിരുന്നു പെരുമാറിയിരുന്നത്. കുട്ടികളെ അവരുടെ വീട്ടിൽ ചെന്ന് പഠിപ്പിക്കുമ്പോഴും ഞാൻ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. വളരെ കണിശമായി പെരുമാറി. അതിലും കണിശമായി അല്ലാത്ത സമീപനങ്ങളെയും നേരിട്ടു.

പദ്മയുടെ അടുക്കൽ പോയിക്കൊണ്ടിരിക്കുന്ന കാലത്താണ് കുച്ചുപ്പുടി പഠിക്കണം എന്ന ആഗ്രഹം വന്നത്. മദ്രാസ് ടീ നഗർ പനങ്കൽ പാർക്ക് ബസ് സ്റ്റോപ്പിനു പിറകിലാണ് കുച്ചുപ്പുടി ഗുരു വെമ്പട്ടി ചിന്നസത്യത്തിന്റെ വീട്. ആ വീടിനുള്ളിൽ ചെറിയൊരു ഹാളിലാണ് ചിന്നസത്യം സാർ കുച്ചുപ്പുടി അഭ്യസിപ്പിക്കുന്നത്. സ്ഥലം തേടിപ്പിടിച്ച് അവിടെപ്പോയി അദ്ദേഹത്തെ കണ്ട് കുച്ചുപ്പുടി പഠനത്തിന്റെ കാര്യം അവതരിപ്പിച്ചു. ചിന്നസത്യം സാറ് അഭിരുചിയെ ബഹുമാനിക്കുന്ന കലാകാരനാണ്. യാതൊരു തടസ്സവുമില്ലാതെ അദ്ദേഹം പഠിക്കാൻ അനുവാദം തന്നു. ശോഭാനായിഡു, മഞ്ജുഭാർഗവി തുടങ്ങിയ പ്രഗത്ഭരായ നർത്തകിമാരുടെ ഗുരുവാണ് അദ്ദേഹം. ആയിരക്കണക്കിന് ശിഷ്യസമ്പത്താണ്. വളരെ തിരക്കുള്ള ഗുരു. കുച്ചുപ്പുടി വളരെ വേഗത്തിൽ പഠിച്ചെടുക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രോത്സാഹനം കൊണ്ടായിരുന്നു. കോഴിക്കോട് ടൗൺഹാളിൽ വച്ചായിരുന്നു അരങ്ങേറ്റം. അരങ്ങേറ്റമൊക്കെ വലിയ ചിലവ് വരുന്ന കാര്യമാണ്. അതിന്റെയെല്ലാം സംഘാടനം ഏറ്റെടുത്തത് എന്റെ കുട്ടികളുടെ രക്ഷിതാക്കളായിരുന്നു.

ഭരതനാട്യത്തിൽ നിന്നും വളരെ വ്യത്യസ്തമായ നൃത്തരൂപമാണ് കുച്ചുപ്പുടി. ചിട്ടയെല്ലാം വേറെയാണ്. ചാടിച്ചാടി ചെയ്യണം. കാല് അതിദ്രുതം ചലിപ്പിക്കണം. ശരീരം അതിനനുസരിച്ച് വഴങ്ങണം. കുച്ചുപ്പുടി മുഴുവനായും സ്വായത്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും രണ്ട് മൂന്ന് ഐറ്റങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു കോഴിക്കോട് വച്ച് ഒരു പരിപാടി നടത്താൻ ആഗ്രഹിക്കുന്നുവെന്ന്. അങ്ങനെ ചെയ്യുന്ന കാര്യം ആലോചിക്കാം എന്നു പറഞ്ഞെങ്കിലും അദ്ദേഹം വളരെ മിതമായ രീതിയിൽ അതുനടത്താൻ തന്നെ തീരുമാനിച്ചിരുന്നു. രണ്ടുമണിക്കൂർ നീണ്ട കുച്ചുപ്പുടി വലിയ പരിപാടിയായിട്ട് തന്നെ ടൗൺഹാളിൽ തന്നെ നടത്തി. ശോഭാനായിഡു, ഞാൻ, സി.എച്ച് പത്മ...ഞങ്ങൾ മൂന്നുപേരും കൂടി കുച്ചുപ്പുടി അവതരിപ്പിച്ചു. എട്ടുപത്ത് പക്കവാദ്യക്കാരും അവരുടെ ചിലവുകളുമെല്ലാം വെമ്പട്ടിമാഷ് വളരെ മിതമായ സാമ്പത്തിക രീതിയിൽ കൈകാര്യം ചെയ്തു. അത്രയും ആത്മാർഥതയായിരുന്നു ആ മനുഷ്യന് നൃത്തത്തോട്. അല്ലെങ്കിൽ തിരക്കുകൾ മാറ്റിവെച്ച് അദ്ദേഹം കോഴിക്കോട് വരെ വരില്ല. ഇന്നത്തെ യാത്രാ സൗകര്യങ്ങളുമില്ല. കാലങ്ങൾ കഴിഞ്ഞപ്പോൾ തമിഴ്നാട് സർക്കാർ അദ്ദേഹത്തിന്റെ സംഭാവനകളെ ബഹുമാനിച്ചുകൊണ്ട് കലാലയം പണിയാൻ അടയാറിൽ ഭൂമി തന്നെ നൽകി. അവിടെയാണ് വെമ്പട്ടി ചിന്നസത്യം കുച്ചുപ്പുടി ആർട്സ് അക്കാദമി സ്ഥാപിച്ചത്. അദ്ദേഹം കുച്ചുപ്പുടി അഭ്യസനം അടയാറിലേക്ക് മാറ്റിയപ്പോൾ അവിടെയും പോയി പഠിക്കാൻ എനിക്കു സാധിച്ചു.

അങ്ങനെ നൃത്തത്തിന്റെ പല മേഖലകളിലേക്കും പയ്യെപ്പയ്യെ ഞാൻ സാന്നിധ്യം അറിയിച്ചുകൊണ്ട് എന്റെ അച്ഛന്റെ ആഗ്രഹം പടിപടിയായി നിറവേറ്റിക്കൊണ്ടിരുന്നു. എങ്കിലും വേഷഭൂഷാദികളോടെ മകൾ നൃത്തം ചെയ്യുന്നതു കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചില്ല. നൃത്തം പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ അതേ ആവേശം പക്ഷേ അദ്ദേഹം പരിപാടികൾക്കുപോകുമ്പോഴും കാണിക്കുമായിരുന്നു, ജീവിച്ചിരുന്നെങ്കിൽ. അദ്ദേഹത്തോടുള്ള, അദ്ദേഹത്തിന്റെ കലാസ്നേഹത്തോടുള്ള സമർപ്പണമായിരുന്നു എനിക്ക് ഓരോ വേദിയും.

ടൗൺഹാളിലെ നൃത്തപരിപാടിക്കുശേഷം,നിലവിലുള്ള രക്ഷിതാക്കളുടെ കെയറോഫിൽ നിരവധി രക്ഷിതാക്കൾ സമീപിച്ചുതുടങ്ങി. ഇനിയൊരുനൃത്തവിദ്യാലയമാകാം എന്നൊക്കെയുള്ള ആഗ്രഹം വന്നുതുടങ്ങിയകാലം. പക്ഷേ അതത്ര എളുപ്പമല്ല. വീടുവീടാന്തരം കയറി പഠിപ്പിക്കുമ്പോൾ പലപ്പോഴും കൂടുതൽ കുട്ടികളിലേക്ക് നൃത്തം പകർന്നുനൽകാൻ പറ്റാതെയായി. തിരക്കുകൾ ഏറിത്തുടങ്ങി. എല്ലാവർക്കും ഒരുപോലെ സമയം പകുത്തുനൽകാൻ പറ്റുന്നില്ല. അപ്പോഴാണ് ചില രക്ഷിതാക്കൾ അവരുടെ വീടുകളുടെ കാർഷെഡ് ഒഴിവാക്കിത്തരാൻ മനസ്സുകാണിച്ചത്. പത്തു കുട്ടികൾക്കായി പത്തുവീടുകളിൽ പോയി അഭ്യസിപ്പിക്കുന്ന സമയം ലാഭിക്കാമല്ലോ. അത് കുട്ടികൾക്കു തന്നെയാണ് കൂടുതൽ ഉപകാരപ്പെടുക എന്ന് രക്ഷിതാക്കൾ തിരിച്ചറിഞ്ഞിരുന്നു. ഏതാണ്ട് സമയദൂരമില്ലാത്ത പ്രദേശങ്ങളിലെ പത്ത് കുട്ടികളെ ഒരുമിച്ചു പഠിപ്പിക്കാനായെങ്കിൽ എന്ന എന്റെ ആഗ്രഹം ഞാൻ രക്ഷിതാക്കളോട് പറഞ്ഞു. അവർ വളരെ അനുകൂലമായിട്ടായിരുന്നു പ്രതികരിച്ചത്. 'ടീച്ചർ കാർഷെഡ് ഉപയോഗിച്ചോളൂ' എന്നായിരുന്നു ആദ്യം വന്ന പ്രതികരണം. അങ്ങനെ വിലകൂടിയ കാർ മുറ്റത്തൊതുങ്ങി, ആഴ്ചയിലൊരിക്കലെ നൃത്തക്ലാസ്സായി മാറി അക്കാലത്തെ കോഴിക്കോട്ടെ പലവീടുകളിലെയും കാർപോർച്ചുകൾ.

അന്നത്തെ എന്റെ സാമ്പത്തികവും മാനസികവുമായ ആശ്വാസത്തിന് ആ സഹായങ്ങളെല്ലാം വലിയ അനുഗ്രഹമായിരുന്നു. ഓരോ രക്ഷിതാവും അത്രയധികം സഹായിച്ചു. ഇന്നത്തെ പി.വി.എസ് ഫ്ളാറ്റ് നിൽക്കുന്നിടത്ത് ഒരു വീടായിരുന്നു. ആ വീട്ടിലെ കാർഷെഡ്ഡിനെ ഒന്നു വൃത്തിയാക്കിയെടുത്ത് ഡാൻസ് ക്ളാസാക്കിയെടുത്തുപയോഗിച്ചു. അതൊരു തുടക്കമായിരുന്നു. ആ ചുറ്റുവട്ടത്തുള്ള പത്തുകുട്ടികളെ അവിടെ വച്ച് പഠിപ്പിച്ചു. പിന്നെ നെടുങ്ങാടി കുടുംബത്തിലെ, പത്മിനി നെടുങ്ങാടിയുടെ മകളെയാണ് പഠിപ്പിക്കാനുള്ളത്. അവരും പറഞ്ഞു, 'കാർഷെഡ് ടീച്ചറെടുത്തോളൂ എത്രകുട്ടികളെ വേണമെങ്കിലും പഠിപ്പിക്കാലോ.' അവിടെ പത്തുപതിനഞ്ചു കുട്ടികളായി. കുട്ടികൾ കൂടുന്നതിനനുസരിച്ച്, കാർഷെഡ്ഡിന്റെ വലുപ്പത്തിനനുസരിച്ച് സഞ്ചരിക്കുന്ന നൃത്തവിദ്യാലയമായി മാറി എന്റേത്. ചാലപ്പുറത്തെ കേന്ദ്രസ്ഥാനത്തു നിർത്തിക്കൊണ്ട് എന്നാൽ കുട്ടികൾക്ക് വരാനും പോകാനുമുള്ള എളുപ്പത്തിൽ സ്ഥലത്തെ പ്രമുഖരുടെ വീടുകളിലെ കാർഷെഡ്ഡുകൾ എന്റെ നൃത്തവിദ്യാലയമായി മാറിക്കൊണ്ടിരുന്നു. എന്റെ കുട്ടികളുടെ രക്ഷിതാക്കൾ അതിലൊട്ടും അതൃപ്തി കാണിച്ചില്ല എന്നത് ഇന്നും നന്ദിയോടെ ഓർക്കുകയാണ്. ഒരു കുട്ടി അധികം വരുമ്പോൾ, അപ്പോൾ ഉപയോഗിക്കുന്ന സ്ഥലം തികയാതെ വരുമ്പോൾ സൗകര്യം ചെയ്തുതരാൻ മുന്നോട്ടുവന്ന രക്ഷിതാക്കൾ. അവരായിരുന്നു കലാമണ്ഡലം സരസ്വതിയുടെ അക്കാലത്തെയും എക്കാലത്തെയും ആസ്തി.

Women

എങ്കിലും എന്റെ നെട്ടോട്ടങ്ങൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. വീട്ടിലെ ആവശ്യങ്ങൾ പലതാണ്. താഴെയുള്ളവർക്ക് പഠിക്കണം, ഉടുക്കണം, തിന്നണം, പോകേണ്ട ഇടങ്ങളിലെല്ലാം പോകണം. അച്ഛന്റെയും അമ്മയുടെയും കുടുംബത്തിൽ ചെയ്യേണ്ടതായിട്ടുള്ള മര്യാദകളൊക്കെ ചെയ്യണം. വരുമാനമാർഗം നൃത്താധ്യാപനം മാത്രമാണ്. സ്ഥലത്തിന്റെയോ സമയത്തിന്റെയോ പരിമതി പറഞ്ഞുകൊണ്ട് ഒരു കുട്ടിയെയും തിരികെ അയക്കാൻ പറ്റുന്ന നിലയിലല്ല. അങ്ങനെയിരിക്കെയാണ് ഡോ. സുമതി എസ്.മേനോന്റെ അനിയത്തിയുടെ മകൾ റീത്തയെ നൃത്തം പഠിപ്പിക്കാൻ പറ്റുമോ എന്ന അന്വേഷണമുണ്ടാവുന്നത്. എന്റെ വ്യക്തി ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്നായിരുന്നു ആ കുടുംബത്തിന്റെ സ്നേഹവും ഇടപെടലുകളും.

ഡോ. സുമതി എസ് മേനോൻ അക്കാലത്തെ പേരുകേട്ട ഗൈനക്കോളജിസ്റ്റാണ്. രാജശ്രീ നഴ്സിങ് ഹോമിന്റെ ഉടമസ്ഥ. വീടിനോടത്തു തന്നെയാണ് ആശുപത്രിയും. ചാലപ്പുറത്തെ കേൾവികേട്ട തറവാട്ടിലെ അംഗമാണ്. വലിയൊരു പടിപ്പുര കടന്നുവേണം 'രാജശ്രീ' എന്നു പേരിട്ടിരിക്കുന്ന വീട്ടിലേക്ക് വരാൻ. വലിയൊരു വീടാണ്. മമ്മയുടെ അനിയത്തിയുടെ മകൾ റീത്തയെ ഞാൻ വീട്ടിൽപോയി നൃത്തം പഠിപ്പിക്കാൻ തുടങ്ങി. ഡോക്ടറെ എല്ലാവരും മമ്മ എന്നാണ് വിളിക്കുക. മമ്മ എന്നു വിളിക്കുന്നതാണ് അവർക്കിഷ്ടം. മമ്മയും ഭർത്താവ് ശങ്കുണ്ണി മേനോനുമാണ് രാജശ്രീയിൽ താമസിക്കുന്നത്. അവർക്ക് മക്കളില്ല. റീത്തയെയാണ് മകളെപ്പോലെ വളർത്തുന്നത്. മമ്മയുടെ സഹോദരങ്ങളുടെ മക്കൾ മമ്മയെ മക്കളില്ലാത്ത കുറവ് അറിയിക്കാതെ കൂടെത്തന്നെ എപ്പോഴും കാണും. 'പട്ടത്തീ, അമ്മ്യാരേ' എന്നൊക്കെ എന്നെ കളിയാക്കി വിളിക്കും മമ്മ. വല്യ ഇഷ്ടമാണ് എന്നോട്. ഞാനും അവരെ മമ്മാ എന്നാണ് വിളിച്ചിരുന്നത്. എന്നെക്കുറിച്ച് അവർക്ക് നന്നായിട്ടറിയാം. എന്റെ നിൽപ്പില്ലാഓട്ടങ്ങൾ മറ്റാരേക്കാളും നന്നായിട്ട് മമ്മ മനസ്സിലാക്കിയിരുന്നു. ഒരു ദിവസം എന്നോട് പറഞ്ഞു: ''പട്ടത്ത്യേ..നീയിങ്ങനെ ഓടിപ്പാഞ്ഞു നടക്കണ്ട. ഞാനൊരു വഴി കണ്ടിട്ടുണ്ട്.''

അന്നും ഞാൻ ഒരു വീട്ടിലെ കാർഷെഡ്ഡിൽ പത്തുകുട്ടികൾ, രണ്ടു സ്റ്റോപ്പ് അപ്പുറത്തുള്ള മറ്റൊരു വീട്ടിലെ ഷെഡ്ഡിൽ വേറൊരു പത്തുകുട്ടികൾ എന്ന നിലയിൽ മെച്ചപ്പെട്ട ഓട്ടത്തിൽ തന്നെയാണ്. കുറച്ചു കുട്ടികൾ ഒരു വളവിനപ്പുറത്തെ വീട്ടിലുള്ള കാർഷെഡ്ഡിൽ, കുറച്ചു കുട്ടികൾ രണ്ട് മതിലിനപ്പുറത്തെ കാർ ഷെഡ്ഡിൽ എന്ന മട്ടിൽ വേണ്ട എന്ന മമ്മയാണ് തീരുമാനിച്ചത്. അങ്ങനെ വേണ്ട എന്നു മമ്മ വന്നു പറഞ്ഞപ്പോൾ എന്താണ് പകരം വഴിയെന്ന് ഞാനും ചോദിച്ചില്ല. എന്റെ മുഖത്തേക്ക് കുറച്ചുനേരം നോക്കിയിരുന്നിട്ട് രണ്ടാഴ്ച കാത്തിരിക്കാൻ പറഞ്ഞു മമ്മ.

മമ്മയുടെ വീട്ടിലേക്കുളള പടിപ്പുര കയറിവരുമ്പോൾ നേരെ ഇടതുവശത്ത് ഒരു കോണിയുണ്ട്. അതുകയറി അകത്തു കടന്നാൽ വിശാലമായൊരു ഹാളാണ്. മമ്മയുടെ ആശുപത്രിയിലേക്കുവേണ്ട സാധനങ്ങൾ സൂക്ഷിച്ചുവെക്കുന്ന സ്റ്റോക്ക് റൂം ആണ് അത്. പണിക്കാരെ വെച്ച് ഉടൻ തന്നെ ആ ഹാളിലെ സാധനങ്ങളെല്ലാം ആശുപത്രിയിലേക്ക് മാറ്റിച്ചു അവർ. എന്നിട്ട് എല്ലാം വൃത്തിയാക്കിയതിനുശേഷം എന്നെ കൂട്ടി കോണികയറി കാണിച്ചു തന്നു. നല്ലൊരു ദിവസം നോക്കി എന്നാണെന്നു വച്ചാൽ ക്ലാസ് ആരംഭിച്ചോളാൻ പറഞ്ഞു. അക്ഷരാർഥത്തിൽ കണ്ണുനിറഞ്ഞുപോയി. എനിക്കൊന്നും പറയാൻ പറ്റുന്നില്ല. ഞാൻ ആ വിശാലമായ ഹാളിനെ നോക്കി. ഇരുപത്തിയഞ്ചു കുട്ടികൾക്ക് വിരിഞ്ഞിരുന്ന് കളിക്കാം. ഞാൻ മമ്മയെത്തന്നെ നോക്കി നിന്നു കുറേനേരം. വിലപിടിപ്പുള്ള ആശുപത്രി ഉപകരണങ്ങളും മറ്റും യാതൊരു കേടുപാടുകളും കൂടാതെ സൂക്ഷിക്കുന്ന ഇടമാണ്, മമ്മയുടെ വീടാണ്. മുഴുവൻ സമയവും തിരക്കുള്ള സ്ത്രീരോഗ വിദഗ്ധയാണ്. എല്ലാറ്റിനുമുപരി മറ്റൊരു പെൺകുട്ടിയുടെ പെടാപ്പാട് തിരിച്ചറിഞ്ഞിരിക്കുന്നു. അവൾക്ക് ഇനിയൊന്നും ആരും ചെയ്തുതരേണ്ടാത്തവിധം അലച്ചിലുകൾക്ക് അറുതിയുണ്ടാക്കിയിരിക്കുന്നു! എന്റെ മമ്മ.

women

ശബ്ദമുഖരിതമായിരിക്കും നൃത്തക്ലാസുകൾ. അവരുടെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കും. രാപകലില്ലാതെ പ്രസവമെടുത്തും ഓപ്പറേഷൻ ചെയ്തും വന്ന് കിടക്കയിൽ വീഴുമ്പോഴായിരിക്കും തെയ്യം തത്ത തെയ്യം താഹ കേൾക്കേണ്ടി വരിക. ഇതിനെക്കുറിച്ചൊന്നും മമ്മ ബോധവതി അല്ലാതിരുന്നിട്ടല്ല. പടിപ്പുര കടന്ന് വിശാലമായ മുറ്റം കടന്നിട്ടുവേണം മമ്മയുടെ വീട്ടിലെക്കു കയറാൻ. അപ്പോൾ ആ പടിപ്പുരയുടെ ഇടതുവശത്തു കൂടെ കോണികയറി ഞാനും എന്റെ കുട്ടികളും ഞങ്ങളുടെ പാടുമായി അങ്ങ് ജീവിച്ചോളുമെന്ന് മമ്മയ്ക്ക് നന്നായിട്ടറിയാമായിരുന്നു. അതുപോലെ തന്നെ, മമ്മ ചെയ്തു തന്ന ആ സൗകര്യത്തിന് അവർക്കൊരു ശല്യമാകാത്ത രീതിയിൽ കുട്ടികളോട് കർക്കശമായിട്ടു തന്നെ അച്ചടക്കം പാലിപ്പിച്ചുകൊണ്ട് ഞാൻ വളരെക്കാലം അവിടെ ഡാൻസ് ക്ളാസ് നടത്തിപ്പോന്നു. പടിപ്പുരക്കോണി കടന്ന് നേരെ നൃത്തക്ലാസിലേക്കു വരിക എന്നതിലപ്പുറം ആ ചുറ്റുമതിലിന്റെ അപ്പുറത്തേക്ക് കടക്കാൻ ഞാൻ കുട്ടികളെ സമ്മതിച്ചിരുന്നില്ല. ചാലപ്പുറം ഭാഗത്തുള്ള കുട്ടികളിൽ ഏറിയ പങ്കും വരാൻ തുടങ്ങിയതും എന്റെ നൃത്തക്ലാസുകൾ വിശാലമാകാൻ തുടങ്ങിയതും മമ്മയൊരുക്കിത്തന്ന കലാലയ അന്തരീക്ഷത്തിൽ നിന്നായിരുന്നു. അമ്മയോടൊപ്പം അതേ തൂക്കത്തിൽ അതേ അളവിൽ എന്റെ നെഞ്ചിലുണ്ട് മമ്മയുടെ തേജസ്സുള്ള മുഖം. നൃത്തവിദ്യാലയം എന്ന ആഗ്രഹം സാക്ഷാൽക്കരിക്കപ്പെട്ടിരിക്കുന്നു. ഇനിയെനിക്കൊന്നിരിക്കാം. പക്ഷേ, കാലം അങ്ങനെ കനിഞ്ഞുകൊള്ളണമെന്നില്ലല്ലോ.

(തുടരും)

Content Highlights : Saraswatham Autobiography Kalamandalam Saraswathi part seven