നിർമാല്യത്തിലേക്കു വന്ന ക്ഷണം ഞാനും ലീലാമ്മയും സ്വീകരിച്ചു. ഭാസ്കരറാവും മാഷുടെ കുട്ടികൾ എന്ന നിലയിൽ യാതൊരു അസൗകര്യങ്ങളും കൂടാതെ 'പനിമതീ ബാലേ... 'അവതരിപ്പിച്ചു തിരിച്ചുപോന്നു. പ്രതിഫലം വാങ്ങേണ്ടതില്ലെന്ന് ഞാനും ലീലാമ്മയും തീരുമാനിച്ചിരുന്നു. നൃത്തമാണ് ലക്ഷ്യം, സിനിമയല്ല. ഭാസ്കരറാവുമാഷ് പറഞ്ഞതനുസരിച്ചു എന്നതു മാത്രമാണ് നിർമാല്യത്തിൽ സംഭവിച്ചത്. പ്രതിഫലത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഇട നൽകാതെ ഞാനും ലീലാമ്മയും മോഹിനിയാട്ടം അവതരിപ്പിച്ചശേഷം തിരികെപോന്നു.

ചാലപ്പുറം ചുറ്റുവട്ടത്തെ കാർഷെഡ്ഡുകളിലും ഒറ്റയൊറ്റ വീടുകളിലുമായി ചിതറിക്കിടക്കുന്ന എന്റെ നൃത്താധ്യാപനത്തെ ഏകോപിപ്പിച്ച മമ്മയുടെ അനുഗ്രഹവും പിന്തുണയുംകൊണ്ട് ഏറെക്കാലം രാജശ്രീ എന്ന വീടിന്റെ പടിപ്പുരമേൽ ഞാനെന്റെ നൃത്യാലയയെ അടുക്കുംചിട്ടയോടെയും കൊണ്ടുപോയി. വളരെ എണ്ണം പറഞ്ഞ വീടുകളിൽ പോയി അപ്പോഴും പഠിപ്പിച്ചിരുന്നു. അല്പം അകലെയായിരുന്നു ആ വീടുകൾ. ഭട്ട് റോഡ്, നടക്കാവ്, തുടങ്ങിയ ഇടങ്ങളിൽ മൂന്നാല് വീടുകൾ. ആ വീടുകളിലെ കുട്ടികളെ വീട്ടിൽ തന്നെ പോയി പഠിപ്പിക്കണം. ഇങ്ങോട്ട് വന്ന് പഠിക്കുന്ന ആളുകളല്ല. വളരെ കുറച്ചു വീടുകളായതിനാൽ അതിനായി ഞാൻ സമയം കണ്ടെത്തി. പഠിക്കാൻ താൽപര്യമുള്ള കുട്ടികളെ എത്ര യാത്രചെയ്താലും പഠിപ്പിക്കാം. അതിനുള്ള പ്രതിഫലവും അവർ തരുന്നുണ്ടല്ലോ. മമ്മ ഒരുക്കിത്തന്ന ക്ലാസിൽ രണ്ടിൽ കൂടുതൽ ബാച്ചുകാർ വരാൻതുടങ്ങി. മമ്മായ്ക്ക് കെട്ടിടവാടകയൊന്നും തന്നെ കൊടുക്കേണ്ടതില്ല, റീത്തയുടെ ഫീസ് മമ്മ തന്നാലും ഞാൻ വാങ്ങില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ എന്റെ അമ്മ കഴിഞ്ഞാൽ അതേ സ്വാതന്ത്ര്യം പ്രകടിപ്പിച്ചത് മമ്മയാണ്. 'സരസ്വതി എന്റെ കുട്ടിയാണ്' എന്ന് മമ്മ പറയുമായിരുന്നു. എന്റെ വീട്ടിൽ വരും അമ്മയെ കാണും. ആശുപത്രി ആവശ്യങ്ങൾ വരുമ്പോൾ ഞാനും കുടുംബവും മമ്മയെയാണ് ആശ്രയിക്കുക. എന്റെ കാര്യങ്ങളിൽ മമ്മ ഇടപെടുന്നത് വളരെ പക്വതയോടെയായിരുന്നു. മമ്മയോട് എനിക്കെന്തും ആവശ്യപ്പെടാമായിരുന്നു. സാമ്പത്തികമായ പ്രശ്നങ്ങൾ വരുമ്പോൾ ഞാൻ മമ്മയോട് പറയും- 'മമ്മാ ഇന്ന പ്രശ്നമുണ്ട്, എന്തുചെയ്യും? മമ്മാ ഞാൻ ഒരു പരിപാടി ഏറ്റെടുത്തിട്ടുണ്ട്, ചെലവു വരുന്നതാണ്.' മമ്മ അതിന് പരിഹാരം അപ്പോൾ തന്നെ കാണും. വ്യക്തിപരമായി എന്തുചെയ്യണം എന്നെനിക്ക് ആശയക്കുഴപ്പം വരുന്ന സന്ദർഭങ്ങൾ ഉണ്ടാവുമ്പോഴും ഞാൻ ഓടിക്കയറുക മമ്മയുടെ അടുത്തേക്കായിരുന്നു. 'നീ എന്റെ കുട്ടിയാണ്' എന്ന ആ ഉറച്ച ശബ്ദമായിരുന്നു ആദ്യം വരുന്ന മറുപടി. മമ്മ മരിക്കുംവരെ ഞങ്ങളുടെ ബന്ധത്തിന് ഒരു കോട്ടവും തട്ടിയിരുന്നില്ല. നിർവചിക്കാൻ കഴിയാത്ത സ്നേഹസാന്നിധ്യമായിരുന്നു മമ്മ.

ആയിടക്കാണ് അനിയത്തി രാജേശ്വരിയ്ക്ക് വിവാഹാലോചനകൾ വരാൻതുടങ്ങിയത്. അവൾ പത്താം ക്ലാസ് കഴിഞ്ഞതേയുള്ളൂ. അമ്മയുടെ ബന്ധത്തിലുള്ളയാളാണ് പയ്യൻ. വിവാഹം ഏതാണ്ട് ഉറപ്പിക്കുന്ന നിലയിലായി. ഇങ്ങനെ ഓടിപ്പാഞ്ഞു ക്ലാസുകളെടുക്കുന്നു പരിപാടികൾ ചെയ്യുന്നു എന്നതൊക്കെ ശരിതന്നെ. നീക്കിയിരിപ്പുകൾ ഒന്നും തന്നെ ഇല്ല. ഞങ്ങൾ ഒമ്പതു സഹോദരങ്ങളിൽ, പെൺകുട്ടികളിൽ ചേച്ചി മാത്രമാണ് കല്യാണം കഴിഞ്ഞുപോയിരിക്കുന്നത്. ഏട്ടൻ കുടുംബസ്ഥനായെങ്കിലും കൂടെത്തന്നെയുണ്ട്. പിന്നെയുള്ളത് എനിക്കുതാഴെയുള്ളവരാണ്. എല്ലാവരുടെയും ആശ്രയം എന്റെ ചിലങ്കകളാണ്. എന്റെ ആശ്രയമാകട്ടെ എന്റെ കുട്ടികളുടെ രക്ഷിതാക്കളും പിന്നെ മമ്മയും.

ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലെ പരമ്പരാഗത ചിന്തകൾക്കപ്പുറത്തേക്ക് അച്ഛൻ എന്നെ വളർത്തി വലുതാക്കിയിരുന്നു. പതിനഞ്ചാം വയസ്സുമുതൽ സ്വതന്ത്രജീവിതം നയിക്കാൻ തുടങ്ങിയതാണ് ഞാൻ. ചേച്ചി ഇരിക്കുമ്പോൾ എന്തുകൊണ്ട് അനിയത്തിയെ വിവാഹം കഴിപ്പിക്കുന്നു എന്ന ചോദ്യം അതുകൊണ്ടുതന്നെ ആരിൽ നിന്നും ഉയർന്നില്ല. ഞങ്ങൾ താമസിക്കുന്ന കന്യകാപരമേശ്വരി ചുറ്റുവട്ടത്തുള്ളവർക്കും എന്നെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. പരസഹായമില്ലാതെ, ആൺ എസ്കോർട്ടില്ലാതെ ഞാൻ യാത്രചെയ്യുന്നുണ്ട് എന്ന് അവർക്കറിയാം. കലാകാരി എന്ന നിലയിൽ അവരിൽ നിന്നും ബഹുമാനവും ലഭിച്ചിരുന്നു. അപ്പോൾ എന്റെ വ്യക്തിജീവിതത്തിലേക്ക് ഒരു എത്തിനോട്ടം ആരും നടത്താൻ ധൈര്യപ്പെട്ടിരുന്നില്ല. അത് അച്ഛൻ ചെയ്ത സുകൃതമായിട്ടാണ് ഞാൻ കാണുന്നത്. അദ്ദേഹമാണ് എന്നെ വീടിനപ്പുറത്തേക്കുള്ള ലോകത്തേക്ക് നയിച്ചത്.

എന്റെ ജീവിതത്തെക്കുറിച്ച് ഞാൻ അന്നൊന്നും ചിന്തിച്ചിരുന്നില്ല. കുടുംബജീവിതം എന്ന സങ്കല്പമൊന്നും ചിന്തയുടെ ഏഴയലത്തുപോലുമില്ല. അനിയത്തിയെ സുരക്ഷിതയാക്കണം. അനിയന്മാരെ ഓരോ വഴിക്കാക്കണം. കുടുംബത്തിൽ പുറത്തുപോയി പഠിച്ചത് അന്ന് ഞാനെ ഉള്ളൂ. അപ്പോൾ എന്റെ ജീവിതമല്ല വലുത്. എനിക്കു താഴെയുള്ളവരുടേതാണ്. സരസ്വതിയുടെ വിവാഹക്കാര്യം എന്നുംപറഞ്ഞ് ആരും എന്നെ സമീപിച്ചിട്ടുമില്ല. ആർക്കുമതിനുള്ള ധൈര്യവുമില്ലായിരുന്നു. അതിനുകാരണം അന്നു ഞാൻ അനുഭവിച്ചിരുന്ന സാമ്പത്തിക സ്വാതന്ത്ര്യമായിരുന്നു. ചേച്ചിയിരിക്കുമ്പോൾ എന്തുകൊണ്ടാണ് അനിയത്തിയെ വിവാഹം കഴിപ്പിക്കുന്നത് എന്ന ചോദ്യം കന്യകാപരമേശ്വരി കോംപൗണ്ടിൽ നിന്നും ഉയർന്നുവരില്ല എന്ന ഉത്തമബോധ്യം എനിക്കുണ്ടായിരുന്നു. അത് എന്റെ അച്ഛൻ ചെയ്ത പുണ്യമാണ്. അദ്ദേഹം സമൂഹത്തിൽ എല്ലാവർക്കും വളരെ വേണ്ടപ്പെട്ടവനായിരുന്നു. അദ്ദേഹം വളർത്തിയ മക്കളുടെ സ്വാതന്ത്ര്യം എല്ലാവരും കാണുന്നതാണ്. നൃത്തവുമായി ഞാൻ നിരവധി യാത്രകൾ നടത്തുന്നു, നിരന്തരം പരിപാടികൾ ചെയ്യുന്നു. വ്യക്തിപരമായും സാമ്പത്തികമായും സ്വതന്ത്രയായ ഒരു സ്ത്രീയുടെ നിലപാടുകളുടെ വില അന്നേ ഞാൻ സ്വന്തം ജീവിതത്തിൽ നിന്നും തിരിച്ചറിഞ്ഞതാണ്.

kalamandalam saraswati

അനിയത്തിയുടെ വിവാഹക്കാര്യം വന്നപ്പോൾ ആദ്യം പറഞ്ഞത് മമ്മയോടാണ്. മമ്മയുടെ പരിപൂർണപിന്തുണയായിരുന്നു എന്റെ ധൈര്യം. എന്റെ കാര്യത്തിൽ മമ്മയ്ക്ക് രണ്ട് പക്ഷമില്ലായിരുന്നു. മമ്മ കൈയയച്ചു സഹായിച്ചു. അനിയത്തി കോൺവെന്റിലായിരുന്നു പഠിച്ചത്. നന്നായി പഠിക്കുമായിരുന്നു. ഏട്ടന് അവളെ ഇനിയും പഠിപ്പിക്കണമെന്നൊക്കെയുണ്ടായിരുന്നു. പക്ഷേ അങ്ങനെയൊരു ഉറച്ച തീരുമാനമെടുക്കാൻ അച്ഛനില്ല, പിന്നെയുള്ളത് അമ്മയുടെ ആവലാതി അകറ്റുക എന്നതാണ്. അത് വിവാഹത്തിലൂടെയേ നടക്കുകയുള്ളൂ. അമ്മയുടെ ബന്ധത്തിൽ പെട്ട ആലോചനയാണ് വന്നിരിക്കുന്നത്. ഈ വിവാഹം നടത്തണമെന്ന് അമ്മയ്ക്ക് അതിയായ ആഗ്രഹവുമുണ്ട്. എന്നാൽ അങ്ങനെ ആയിക്കോട്ടെ എന്ന് ഞങ്ങൾ സഹോദരങ്ങളും അനുകൂലിച്ചു.

മമ്മയോടൊപ്പം തന്നെ അനിയത്തിയുടെ വിവാഹകാര്യത്തിൽ എന്നെ സഹായിച്ചത് കാമിനീ സുകുമാരൻ, രുഗ്മിണി വിജയരാഘവൻ എന്നീ രക്ഷിതാക്കളായിരുന്നു. കാമിനിയുടെ മകൾ ആശാ സുകുമാരനും രുഗ്മിണിയുടെ മകൾ ജയപ്രഭാമേനോനും എന്റെ നൃത്ത വിദ്യാർഥികളാണ്. ആശ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവർഫോട്ടോയൊക്കെ ആയിട്ടുണ്ട്. പിന്നെ എന്റെ കുട്ടികളുടെ എല്ലാ രക്ഷിതാക്കളും കൈമെയ് മറന്ന് സഹായിച്ചു. പണത്തേക്കാൾ വലുതാണല്ലോ ആൾ സഹായം. ഞങ്ങളുടെ സമുദായത്തിൽ വിവാഹം എന്നത് ഒരു ദിവസത്തെ ഏർപ്പാടല്ല, ഒരുനേരത്തെ ചടങ്ങുമല്ല. മൂന്നുദിവസം രാപകലില്ലാതെ ഓടിപ്പാഞ്ഞു നടക്കണം പെൺവീട്ടുകാർ. എല്ലാം പെൺവീട്ടുകാരുടെ ഉത്തരവാദിത്തവുമാണ്. ആചാരങ്ങളിൽ നിന്നും വ്യതിചലിക്കാത്തവരാണ് അന്നത്തെ ആളുകൾ. പാലക്കാടൻ ഗ്രാമാന്തരീക്ഷത്തിൽ ജനിച്ചുവളർന്ന വരന്റെ വീട്ടുകാരും ചിട്ടകളിൽ വിശ്വസിക്കുന്നവരാണ്. സാമവേദികളാണ് ഞങ്ങളുടെ കുടുംബം. ധാരാളം മന്ത്രോച്ചാരണങ്ങൾ മുഴങ്ങുന്ന, നാദസ്വരങ്ങളുടെ അകമ്പടികളോടെ,ആഘോഷമുഖരിതമായ വിവാഹത്തിന് ഒരു കുറവും വരുത്താതെ നടത്താൻ കഴിഞ്ഞു. 1977 ഓഗസ്റ്റ് 24-നായിരുന്നു വിവാഹം.

അമ്മയുടെ അടുത്ത ബന്ധുതന്നെയാണ് അനിയത്തിയെ വിവാഹം ചെയ്തത്. അവർ തമ്മിൽ പത്തോ പന്ത്രണ്ടോ വയസ്സ് വ്യത്യാസമുണ്ട്. അതിൽ സഹോദരന്മാർക്ക് ചെറിയ വിഷമം വന്നു. പക്ഷേ അമ്മയ്ക്ക് ആ ബന്ധം വലിയ ആശ്വാസവും സന്തോഷവും തരുന്നതായിരുന്നു. അപ്പോൾ അമ്മയുടെ ഇഷ്ടം നടത്തി. കല്യാണം കോഴിക്കോട് ബ്രാഹ്മണ സമൂഹമഠത്തിൽ വെച്ച് വളരെ പെട്ടെന്ന് തന്നെ നടത്തി. ആഭരണങ്ങളുൾപ്പെടെയുള്ള മര്യാദകൾ പാലിക്കേണ്ടതുണ്ട്. വെള്ളിപ്പാത്രങ്ങളും ഓട്ടുപാത്രങ്ങളും വസ്ത്രങ്ങളും തുടങ്ങി പണം എത്ര ഒഴുക്കിയാലും മതിയാവില്ല ബ്രാഹ്മണസമുദായത്തിലെ കല്യാണത്തിന്. ഒരു ചിട്ടയും തെറ്റാൻ പാടില്ല. വരൻ പാലക്കാട്ടുകാരൻ കൂടി ആയതിനാൽ അല്പം കൂടി കണിശമായിരുന്നു ചടങ്ങുകൾ. ഒന്നിനും ഒരു കുറവും വരുത്താതെ എല്ലാം ഭംഗിയാക്കി നടത്താൻ മമ്മ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

അക്കാലത്തൊന്നും സമപ്രായത്തിലുള്ള ഏതെങ്കിലുമൊരു സുഹൃത്ത്, എല്ലാം തുറന്നു പറയാനുള്ള ഒരു കൂട്ട് എനിക്കില്ലായിരുന്നു. കലാമണ്ഡലത്തിൽ പഠിക്കുമ്പോൾ ആ പ്രായത്തിലെ താൽക്കാലിക സൗഹൃദം. അതുകഴിഞ്ഞാൽ ആ കൂട്ട് ഇല്ല. പിന്നെ എന്റെ ക്ലാസ്, വീട് അതിനപ്പുറത്തേക്ക് ഒന്നുമില്ല. എക്കാലവും തുടർന്നുപോരാൻ കെല്പുള്ള ഒരു സൗഹൃദവും എന്റെ മേഖലയിൽ നിന്നും ലഭിച്ചിട്ടില്ല. അത് എന്റെ മാത്രം കുറ്റവും കുറവും കൊണ്ടാണ്. ഞാൻ ആരോടും ഉള്ളുതുറക്കാത്ത, എന്റെ കാര്യങ്ങൾ പങ്കുവെക്കാത്ത ഒരാളായിരുന്നു. വിവരം വെക്കുന്നതിനുമുമ്പേ തലയിൽ വന്നുചേർന്ന ഉത്തരവാദിത്തങ്ങളോട് മാത്രം മല്ലടിച്ച ഒരു സ്ത്രീ മാത്രമായിപ്പോയി ഞാനന്ന്. പലതും നഷ്ടപ്പെടുത്തിയിട്ടുണ്ട്. നൃത്തത്തിലെ സാധ്യതകൾ എനിക്കായി വന്നുചേർന്നിട്ടും അതുപയോഗിക്കാൻ സാഹചര്യമൊരുക്കാതെ, ഉപജീവനത്തിനായി നൃത്തത്തെ ആശ്രയിച്ചതിന്റെ നഷ്ടബോധം ഈ വയസ്സിലും എന്നെ ഇടക്കിടെ വേട്ടയാടുന്നുണ്ട്. കയ്യിൽ വെണ്ണവെച്ച് നെയ്ക്കുവേണ്ടി അലഞ്ഞുനടന്നതായി ഇപ്പോൾ തോന്നുന്നു. മഹത്തായ ഒരു കലയെ കൈവെള്ളയിൽ വെച്ചുകൊണ്ട്, അതേക്കുറിച്ചോർക്കാതെ തൽക്കല നിവൃത്തിക്കായി ഓടിനടന്നു.

(തുടരും)

Content Highlights: Saraswatham Autobiography Kalamadalam Saraswathi part nine