സിതാരയെപ്പോലുള്ള കുറച്ചുകുട്ടികളെ വീടുകളില്‍ പോയി പഠിപ്പിക്കുന്നതോടൊപ്പം തന്നെ ഒരൊറ്റ കലാവേദിയും അക്കാലത്ത് എന്റെ കുട്ടികള്‍ക്ക് ഞാന്‍ നഷ്ടപ്പെടുത്താറില്ലായിരുന്നു. എവിടെയെല്ലാം പരിപാടികളുണ്ടോ അവിടെയെല്ലാം മക്കള്‍ക്ക് അവസരങ്ങള്‍ ഉണ്ടാക്കും. പലപ്പോഴും സംഘാടകര്‍ ഞങ്ങളെ തേടിവരും. അനവധിയനവധി അരങ്ങേറ്റങ്ങള്‍ ഇടതടവില്ലാതെ നടത്താനുണ്ടാകും. ഇതിനെല്ലാം എന്നോടൊപ്പം സുസ്സജ്ജമായ ഒരു ഓര്‍ക്കസ്ട്ര സംഘവും മേക്കപ്പ് മാന്‍ ശ്രീധരന്‍ മാഷുമുണ്ടായിരുന്നു. മാഷ് അന്ന് കുണ്ടുപ്പറമ്പ് സ്‌കൂളിലെ ഡ്രോയിങ് മാഷാണ്. നല്ല ഫോട്ടോഗ്രാഫര്‍ കൂടിയാണ്. മാഷാണ് ഞങ്ങളുടെ എല്ലാ പരിപാടികളുടെയും മേക്കപ്മാന്‍ കംഫോട്ടോഗ്രാഫര്‍. മാഷ് കൂടെയുണ്ടങ്കില്‍ ഒരുകാര്യത്തിനും ഞാന്‍ കൂടുതല്‍ ഓടിനടക്കേണ്ടതില്ല. പരിപാടികള്‍ നടക്കുമ്പോള്‍ വേണ്ടതെല്ലാം അതത് സമയത്ത് ഏറ്റെടുത്ത് മാഷ് തന്നെ നിവൃത്തിച്ചുകൊള്ളും. എന്റെ കുട്ടികളുടെ രക്ഷിതാക്കളും എല്ലാറ്റിനും മുന്നിലുണ്ട്. അതില്‍ കാമിനീസുകുമാരനും രുഗ്മിണീവിജയരാഘവനുമാണ് എന്റെ ഏറ്റവും വലിയ രണ്ട് ബലങ്ങള്‍. പരിപാടികള്‍ കഴിയുംവരെ കുട്ടികള്‍ക്കൊപ്പവും എനിക്കൊപ്പവും അവരുണ്ടാകും. വ്യക്തിജീവിതത്തിലും എനിക്കൊപ്പം എക്കാലവും നിലകൊണ്ടവരാണ് കാമിനിയും രുഗ്മിണിയും. 

സ്റ്റേജ് പരിപാടികള്‍ക്ക് മുമ്പുള്ള ഒരുക്കങ്ങള്‍ പോലെ കഷ്ടപ്പാടുള്ളതാണ് അത് അവസാനിച്ചാലുള്ള അഴിച്ചെടുക്കലും കെട്ടിപ്പെറുക്കലുകളും. അനിയത്തി രാജേശ്വരിയുടെ വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ നൃത്തപരിപാടികള്‍ കഴിഞ്ഞുള്ള ഒരു രാത്രിയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞുവരുന്നത്. കുട്ടികളെയെല്ലാം ഒന്നൊന്നായി രക്ഷിതാക്കളെ ഏല്‍പിച്ചുകൊടുത്ത്, പക്കവാദ്യക്കാരെയെല്ലാം പണം കൊടുത്ത് സെറ്റിലാക്കുന്ന തിരക്കിലാണ് ഞാന്‍. ശ്രീധരന്‍ മാഷിനെ അവസാനമേ ഞാന്‍ കാണാറുള്ളൂ. മാഷാണ് എല്ലാം അടുക്കിപ്പെറുക്കിവെക്കുകയും സംഘാടകരുടെ അഭിപ്രായം ചോദിച്ചറിയുകയുമൊക്കെ ചെയ്യാറ്. അന്ന് മാഷ് ഇതിനൊന്നും നിക്കാതെ കാമിനീ സുകുമാരനോടും രുഗ്മിണീ വിജയരാഘവനോടും വളറെ ഗൗരവമായി സംസാരിക്കുന്നു. എനിക്കങ്ങോട്ട് പോകാന്‍ പാടുണ്ടോ എന്നറിയില്ല. എന്റെ കുട്ടികളെ സംബന്ധിച്ച കാര്യമാണെങ്കില്‍ ഞാന്‍ ഉള്‍പ്പെടാതെയുള്ള ചര്‍ച്ചയില്ലല്ലോ. അപ്പോള്‍ മാഷിന്റെ വ്യക്തിപരമായ കാര്യങ്ങളായിരിക്കാം. എന്നെ അവര്‍ കാണാതെയൊന്നുമല്ല, പക്ഷേ ആ സംഘത്തിലേക്ക് എനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ട പോലെ. ആയിക്കോട്ടെ, ഞാനറിയേണ്ട കാര്യമായിരിക്കില്ല. എങ്കിലും എന്റെ മനസ്സും കണ്ണും ഇടയ്ക്കിടെ അവിടേക്കു തന്നെ പോയ്‌ക്കൊണ്ടിരുന്നു. മനുഷ്യസഹജമാണല്ലോ അത്.  ഞാന്‍ നൃത്തക്കോപ്പുകളെല്ലാം പെറുക്കിവെക്കുകയും ഒന്നും കളഞ്ഞുപോയില്ലല്ലോ, വല്ലതും താഴെവീണോ എന്നൊക്കെയുള്ള തിരച്ചിലും നടത്തവുമായി സമയം നീക്കി. കാമിനിയും രുഗ്മിണിയും എനിക്കെന്റെ സഹോദരങ്ങളേക്കാള്‍ പ്രിയമുള്ളവരാണ്. സമയമേറെ കഴിഞ്ഞാണ് അവര്‍ സംസാരം അവസാനിപ്പിച്ചത്. 

പോകാം ടീച്ചറേ എന്നും പറഞ്ഞ് ശ്രീധരന്‍ മാഷ് അടുത്തേക്ക് വന്നപ്പോള്‍ ഞാന്‍ മാഷിന്റെ കാശ് കൊടുത്തു. രുഗ്മിണിയും കാമിനിയും ഞാനും വീട്ടിലേക്കും പോയി. അവരോടൊപ്പമാണ് ഞാന്‍ പോകുന്നത്. എന്തെങ്കിലുമൊക്കെ സംസാരിക്കണ്ടേ എന്നു കരുതി എന്നോടൊന്തെക്കെയോ പറയാന്‍ ശ്രമിക്കുന്നതുപോലെയാണ് കാറിലുള്ള അവരുടെ സംഭാഷണമത്രയും എനിക്കു തോന്നിയത്. കന്യകാപരമേശ്വരി കോംപൗണ്ടില്‍ എന്നെയിറക്കി അവര്‍ പോയിട്ടും എനിക്ക് ആശങ്കയായിരുന്നു. നൃത്യാലയയില്‍ വല്ല പ്രശ്‌നവുമുണ്ടോ, കുട്ടികള്‍ക്കാര്‍ക്കെങ്കിലും ബുദ്ധിമുട്ടാകുന്നുണ്ടോ?

അന്നെനിക്ക് ഇരുപത്തിയെട്ട് വയസ്സാണ്. മൂത്തഏട്ടന്‍ നാരായണ അയ്യരുടെ ഭാര്യ അലമേലുവും ഞാനും തമ്മില്‍ അത്ര പ്രായവ്യത്യാസമൊന്നുമില്ല. മൂന്നുപെണ്ണും ഒരാണുമാണ് അവര്‍ക്കുള്ളത്. ഏട്ടത്തിയമ്മ ഒരു ഭാഗ്യമായിരുന്നു ഞങ്ങള്‍ക്ക്. അലമു എന്നാണ് ഏട്ടനും അമ്മയും വിളിക്കുക. ഞങ്ങള്‍ക്കവര്‍ മന്നിയാണ്. അമ്മ അകത്തിരുന്നും മന്നി അടുക്കളയിലിരുന്നുമാണ് വീട് ഭരിക്കുന്നത്. മന്നിയാണ് എന്റെ എല്ലാകാര്യങ്ങളും ചെയ്തുതരിക. പരിപാടിയൊക്കെ കഴിഞ്ഞുവന്നാല്‍ ഞാന്‍ നേരെ കട്ടിലിലേക്കാണ് വീഴുക. എന്റെ വസ്ത്രങ്ങളും മറ്റെല്ലാം അടുക്കിപ്പെറുക്കി വെക്കുന്നതും അലക്കിയിടുന്നതുമെല്ലാം മന്നിയാണ്. മന്നിയോടാണ് എല്ലാവരും എല്ലാ കാര്യങ്ങളും പറയുകയും ആവശ്യപ്പെടുകയും ചെയ്യുക. രാപകലില്ലാതെ അടുക്കളയില്‍ കിടന്ന നരകിച്ച ജീവിതമായിരുന്നു ഏട്ടത്തിയമ്മയുടേത്. മുന്‍കൂട്ടി പറഞ്ഞേല്‍പ്പിക്കുന്നവര്‍ക്കും കുറച്ച് സ്ഥിരം കസ്റ്റമേഴ്‌സിനും ഭക്ഷണം ഉണ്ടാക്കിയിരുന്നു അവര്‍. ഭക്ഷണം ഉണ്ടാക്കിയിട്ട് വില്‍ക്കാന്‍ ഏട്ടനെ ഏല്‍പ്പിക്കും. അതില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനവും ഞങ്ങള്‍ക്ക് ആശ്വാസമാണ്. കുറേക്കാലം അതു തുടര്‍ന്നു. പിന്നെ പാലടപ്രഥമന്‍ മാത്രം ഉണ്ടാക്കി വില്‍ക്കാന്‍ തുടങ്ങി. മന്നിയുടെ പാലടപ്രഥമന്‍ വില്‍പനയെക്കുറിച്ചുള്ള ഒരു ഫീച്ചര്‍ തൊണ്ണൂറുകളില്‍ മാതൃഭൂമിപത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാത്രി അട പരത്തി പുഴുങ്ങിവെച്ച് പിറ്റേന്ന് പുലര്‍ച്ചെയെഴുന്നേറ്റ് അതെല്ലാം മുറിച്ചുവേണം പ്രഥമനുണ്ടാക്കിക്കൊടുക്കാന്‍. അതിനിടയില്‍ വീട്ടുജോലികളും ഉണ്ടാകും. കാലുവയ്യാത്ത അമ്മയ്ക്ക് ഒന്നിനും വയ്യ. ഏട്ടനും കുടുംബവും നാലുമക്കളും ഞാനും താഴെയുള്ള മൂന്നുപേരും അമ്മയും എല്ലാവരും കൂടിയാണ് ആ കൊച്ചുവീട്ടില്‍. രാത്രിയായാല്‍ എല്ലാവര്‍ക്കും പായയിട്ട് വിരിച്ചുകൊടുക്കും. തലയിണയും നിരത്തിവെക്കും. നിലത്ത് എല്ലാവരും ഒരുമിച്ചാണ് ഉറക്കം. ഇത്രയധികം ആളുകളുണ്ടായിരുന്നിട്ടും ഞങ്ങള്‍ക്ക് അന്ന് സ്ഥലം ബാക്കിയായിരുന്നു ആ കൊച്ചുപുരയില്‍. 

Alamelu Ammal
അലമേലു അമ്മാള്‍

അമ്മയോട് ഞങ്ങള്‍ മക്കള്‍ക്ക് ആര്‍ക്കെന്തുപറയാനുണ്ടെങ്കിലും മന്നിയോടാണ് ആദ്യം അവതരിപ്പിക്കുക. തിരിച്ച് അമ്മയും അങ്ങനെ തന്നെയാണ്. മന്നിയോടുമാത്രമേ കാര്യങ്ങള്‍ പറയൂ. അഭിപ്രായങ്ങള്‍ വരുമ്പോള്‍ തീരുമാനം അവരുടേതാണ്. അത് അമ്മയാണ് പറയുക എന്നുമാത്രം. അമ്മ ഞങ്ങള്‍ മക്കളേക്കാളും സ്‌നേഹിച്ചതും ആശ്രയിച്ചതും മന്നിയെയായിരുന്നു. ഏട്ടത്തിയമ്മയുടെ കഠിനാധ്വാനം ഞങ്ങളുടെ കുടുംബത്തിന് വലിയൊരു മുതല്‍ക്കൂട്ടായിരുന്നു. എന്റെ കയ്യില്‍ കിട്ടുന്നതെല്ലാം അമ്മയെ ഏല്‍പ്പിച്ചിരുന്ന ഞാന്‍ പിന്നെപ്പിന്നെ കിട്ടുന്നതില്‍ കുറച്ച് അമ്മയ്ക്കും ബാക്കി മന്നിയുടെ കയ്യിലും കൊടുക്കാന്‍ തുടങ്ങി. കാരണം അവരാണ് എല്ലാ അറ്റവും കൂട്ടിമുട്ടിക്കുന്നത്. അവരും അതേപോലെ എന്നെ പരിഗണിച്ചിരുന്നത് കുടുംബത്തിനുവേണ്ടി അധ്വാനിക്കുന്നവള്‍ എന്ന രീതിയില്‍ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഒരു പെണ്‍കുട്ടി ചെയ്തിരിക്കണം, അറിഞ്ഞിരിക്കണം എന്ന് അക്കാലം നിര്‍ബന്ധം പിടിച്ചിരുന്ന വീട്ടുജോലികളില്‍ നിന്നും ഞാന്‍ തികച്ചും സ്വതന്ത്രയായിരുന്നു. നൃത്തത്തോടും കലയോടുമൊക്കെ വലിയ ഇഷ്ടമായിരുന്നു ഏട്ടത്തിയമ്മയ്ക്ക്. പരിപാടികളെക്കുറിച്ചും യാത്രകളെക്കുറിച്ചുമെല്ലാം നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കും. എന്റെ പരിപാടികളുടെ ഷെഡ്യൂള്‍ എന്നെക്കാള്‍ മുന്നേ അറിഞ്ഞുവെക്കും. ഏട്ടത്തിയമ്മ ഒരു അനുഗ്രഹമായിരുന്നു ഞങ്ങള്‍ക്ക്. ഏട്ടന്‍ ഒരു തണുത്ത സ്വഭാവക്കാരനായിരുന്നു. ആ ഊര്‍ജവും കൂടി ഏട്ടത്തിയമ്മയ്ക്കുണ്ടായിരുന്നു. 

ഏതൊരു പരിപാടി കഴിഞ്ഞാലും പിറ്റേന്ന് വിശ്രമിക്കട്ടെ എന്നൊന്നും വിചാരിച്ചിരിക്കാനുള്ള സമയമില്ല. കുട്ടികള്‍ കാത്തിരിക്കും. അന്നും അതുപോലെ ഞാന്‍ പിറ്റേന്നെഴുന്നേറ്റ് കാപ്പികുടിയും കഴിഞ്ഞ് ഡാന്‍സ്‌ക്ലാസിലേക്ക് പോയി. ഉച്ചവരെയേ അന്നെടുത്തുള്ളൂ. വീട്ടിലെത്തി ഭക്ഷണം കഴിക്കാന്‍ അടുക്കളയില്‍ ഇരുന്നപ്പോള്‍ ഏട്ടത്തിയമ്മ വസ്ത്രങ്ങളെല്ലാം കഴുകിയിട്ട് അകത്തേക്ക് വന്നതയുള്ളൂ. എന്നെ കണ്ടതും വേഗം പാത്രമെടുത്ത് മുന്നിലേക്ക് വെച്ചു. വലിയ കരുണയായിരുന്നു അവര്‍ക്ക്. ഞങ്ങള്‍ വഴുക്കും വക്കാണവുമൊക്കെയുണ്ടാക്കും എന്നതൊക്കെ നേരുതന്നെ. ചിലപ്പോള്‍ ഏട്ടത്തിയമ്മ പറയുന്നത് എനിക്ക് പിടിക്കില്ല, ഞാന്‍ മറ്റാരോടെങ്കിലും ശണ്ഠകൂടിയാല്‍ ഏട്ടത്തിയമ്മ ശാസിക്കും, അമ്മയോടാണെങ്കില്‍ പ്രത്യേകിച്ചും. ചോറുണ്ണാന്‍ തുടങ്ങിയതും ഏട്ടത്തിയമ്മ അമ്മ കേള്‍ക്കാതെ പതുക്കെ പറഞ്ഞു; രുഗ്മിണിയും കാമിനിയും വന്നിരുന്നു. എനിക്ക് ക്ലാസുണ്ടെന്ന് അവര്‍ക്കറിയാലോ എന്ന് ഞാന്‍ ഏട്ടത്തിയമ്മയെ നോക്കിക്കൊണ്ട് പറഞ്ഞതും അവര്‍ അമ്മയെ കാണാനാണ് വന്നത് എന്നായിരുന്നു മറുപടി. അമ്മയെ കാണാന്‍, അതും ഞാന്‍ ഉണ്ടാവില്ല എന്നറുപ്പുള്ള സമയത്താണ് അവര്‍ വന്നിരിക്കുന്നത്. എന്നിട്ട്? ചോറ് തിന്നാതെ മന്നിയെത്തന്നെ നോക്കിയിരുന്നു ഞാന്‍. എന്നിട്ടെനിക്കറിയില്ല, അമ്മയെന്നെ വിളിച്ചില്ല- മന്നി പറഞ്ഞു. ആരു വന്നാലും അമ്മയോട് എന്തുകാര്യം പറയുമ്പോഴും മന്നി അമ്മയുടെ അടുത്തുണ്ടാവും, ഇല്ലെങ്കില്‍ അമ്മ വിളിക്കും. ഇത്തവണ അമ്മ വിളിച്ചില്ല. അമ്മ വിളിക്കാതെ മന്നി പോവുകയുമില്ല. അവര്‍ എന്താണ് വന്നുപറഞ്ഞതെന്ന് അമ്മയ്ക്ക് മാത്രമേ അറിയൂ. അതറിയണമെങ്കില്‍ രാത്രിവരെ കാത്തിരിക്കണം. കിടക്കാന്‍ പോകുന്നതിനു മുമ്പ് ഞാനും മന്നിയും അമ്മയുടെ മുമ്പിലേക്ക് രാത്രി വിളിക്കപ്പെടും. മരണംവരെ മന്നി എന്നോട് ഒന്നും മറച്ചുവെച്ചിട്ടില്ല. കാര്യമെന്താണെന്ന് മന്നിയ്ക്കുമറിയില്ല എന്നുറപ്പാണ്. കാരണം ഒരുകാര്യവും മറച്ചുവെക്കാനുള്ള ശേഷി അവരുടെയുടെ മുഖത്തിനില്ല. രാത്രിയാകുന്നതുവരെ കാത്തിരിക്കുകയേ തരമുള്ളൂ.

സാരസ്വതം മുന്‍ഭാഗങ്ങള്‍ വായിക്കാം

(തുടരും) 

Content Highlights: Saraswatham Autobiography by Kalamandalam Saraswathy 12 part