ശ്വതിയുടെ സ്‌കൂള്‍ കാലമായപ്പോള്‍ എനിക്ക് നൃത്തപരിപാടികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിഞ്ഞിരുന്നു. രാവിലെ അവള്‍ പോയാല്‍ പിന്നെ വൈകുന്നേരം വരെ ഞാന്‍ ഫ്രീയാണ്. ദൂരയാത്രയുള്ള പരിപാടികള്‍ ധാരാളം ഏല്‍ക്കും. അനിയന്മാര്‍ രണ്ടുപേര്‍ മഹാദേവനും ശ്രീറാമും എന്റെ കൂടെത്തന്നെയാണ് താമസിക്കുന്നത്. എം.ടിയും അശ്വതിയും വല്ലപ്പോഴുമേ നേരില്‍ കാണാറുള്ളൂ. എം.ടി വീട്ടിലുള്ളപ്പോള്‍ സന്ദര്‍ശകരുടെ തിരക്കുകളുണ്ടാവും. സാഹിത്യവും സിനിമയും തന്നെയാണ് അന്നും എം.ടിയെക്കാണാന്‍ വരുന്നവരുടെ പ്രധാന വിഷയം. അതിനുപുറമേ വളരെ വേണ്ടപ്പെട്ടവരായ ബന്ധുക്കളും സുഹൃത്തുക്കളും. പലപ്പോഴും അച്ഛന്റെയടുക്കലേക്ക് അവള്‍ സന്തോഷത്തോടെ ഓടിച്ചാടി പോകും. മുടിയിലൂടെ ഒരു തലോടല്‍, നിറഞ്ഞ ഒരു പുഞ്ചിരി, എം.ടിയുടെ സ്‌നേഹം കഴിഞ്ഞു. അശ്വതിക്കും അതറിയാം. അച്ഛന്‍ വലിയ കാര്യമെന്തോ ചെയ്യാനുള്ള തിരക്കിലോ ഒരുക്കത്തിലോ ആണ്. അവള്‍ കുറച്ചുസമയം കൂടി എം.ടിയുടെ അടുത്ത് ചുറ്റിപ്പറ്റി നിന്നശേഷം തിരികെ പോരും. ദിവസങ്ങളോളം അച്ഛനെ കാണാന്‍പോലും കിട്ടാതെയുമാകും. എന്റെ ഭാഗത്തുനിന്നുള്ള പെരുമാറ്റവും ഏതാണ്ട് അങ്ങനയൊക്കെ തന്നെ.

നൃത്തം പഠിക്കാന്‍ വരുന്ന കുട്ടികള്‍, നൃത്തവുമായി അവരെ നല്ല ബന്ധത്തിലാക്കുക, അവരുടെ രക്ഷിതാക്കളുടെ പ്രതീക്ഷ, പരിപാടികള്‍ കണ്ടെത്തുക, അരങ്ങേറ്റങ്ങള്‍ ചെയ്യിക്കുക, കലാമണ്ഡലത്തിലെ പരിപാടികളില്‍ സാന്നിധ്യമറിയിക്കുക, ഇടയ്ക്കിടെ മദ്രാസില്‍ പോയി നൃത്തത്തിലെ പുതിയ അഭിരുചികള്‍ കണ്ടെത്തുക, സ്വായത്തമാക്കുക തുടങ്ങിയ കാര്യങ്ങളാണ് എന്നില്‍ ആധിപത്യം സ്ഥാപിച്ചിരുന്നത്. അതിനിടയില്‍ മകള്‍ക്ക് എത്രമാത്രം അമ്മയെ ആവശ്യമുണ്ടാകും എന്ന തിരിച്ചറിവൊന്നുമില്ല. കല ഒരു തരം ലഹരിയാണ്. ഉപയോഗിക്കുംതോറും ആനന്ദത്തിന്റെ ആഴത്തിലേക്ക് നമ്മള്‍ പോയ്‌ക്കൊണ്ടേയിരിക്കും. അവിടെ പലപ്പോഴും ബന്ധങ്ങള്‍ക്ക് പ്രസക്തി കൊടുത്തെന്നുവരില്ല.

ഞാന്‍ വീട്ടിലില്ലാത്തപ്പോള്‍, എം.ടിയും മകളും മാത്രമേയുള്ളൂവെങ്കിലും അവര്‍ തമ്മില്‍ കാര്യമായ സംസാരമൊന്നും ഉണ്ടാകാന്‍ ഇടയില്ല. എം.ടി ധാരാളം സിനിമകള്‍ കാണും. വായന കഴിഞ്ഞാല്‍ പിന്നെ സിനിമയാണ് മുഖ്യം. ഏത് ഭാഷയിലുള്ള സിനിമയായാലും എം.ടി കാണാനായി സമയം കണ്ടെത്തിയിരിക്കും. ഡാന്‍സ് ക്ലാസ് കഴിഞ്ഞ് വരുമ്പോള്‍ പലപ്പോഴും അച്ഛനും മകളും അച്ചടക്കത്തോടെ ഇരുന്ന് സിനിമ കാണുന്നുണ്ടാകും. ചിലപ്പോള്‍ കൂടെ ഞാനും ഇരിക്കും. വിദേശഭാഷാ സിനിമകളിലെ സ്വകാര്യരംഗങ്ങളൊക്കെ വരുമ്പോള്‍ ഞാന്‍ അശ്വതിയെ നോക്കും. അതിലേറെ എം.ടിയെയും. എം.ടി അതിലെന്തിരിക്കുന്നു എന്ന ഭാവത്തില്‍ സിനിമ കാണും. അച്ഛന്റെ കൂടെ ഇരുന്ന് മകള്‍ കാണുന്ന സിനിമയിലെ സദാചാരവിരുദ്ധരംഗങ്ങള്‍ പരമാവധി എത്രത്തോളമുണ്ടാകും എന്ന് എം.ടിയ്ക്കറിയാം. എന്റെ നെറ്റിചുളിഞ്ഞിട്ട് കാര്യമില്ല. അച്ഛനും മകളും തമ്മില്‍ ഒരു അന്തര്‍വിനിമയം നടക്കുന്നുണ്ട്. അവരുടെ ആസ്വാദകമനസ്സ് വളരെ വിശാലവും സുതാര്യവുമാണ്. 

ഒരു കാര്യവും വളച്ചൊടിച്ചു പറയുന്നത് എം.ടിയുടെ ശീലമല്ല. ദ്വയാര്‍ഥം ധ്വനിപ്പിച്ചുള്ള ഒരു വാക്കും പ്രവൃത്തിയും അവിടെ നിന്നും വരില്ല. ഒരു ദിവസം എം.ടി അശ്വതിയെ കാത്തിരുന്നു. അന്നവള്‍ ഏഴാംക്ലാസില്‍ പഠിക്കുകയാണ്. പഠനമോ വായനയോ നൃത്തമോ അങ്ങനെ എന്തെങ്കിലുമായിട്ട് തിരക്കിലാണോ എന്നന്വേഷിച്ച് അല്ല എന്നു മനസ്സിലായപ്പോള്‍ എം.ടി അശ്വതിയോട് ഇരിക്കാന്‍ പറഞ്ഞു. മുഖവുരകളില്ലാതെ എം.ടി പറഞ്ഞുതുടങ്ങി. ''നിനക്ക് സിതാര എന്നു പേരുള്ള ഒരു ചേച്ചിയുണ്ട്. നിന്നെ വാവ എന്നു വിളിക്കുന്നതുപോലെ പാപ്പ എന്നാണ് അവളെ ഞാന്‍ വിളിക്കാറ്. പാപ്പ ഉപരിപഠനം നടത്തിയത് അമേരിക്കയിലാണ്. അവിടെത്തന്നെ ജോലിയുമായി. സഹപ്രവര്‍ത്തകനായ പൂനെ സ്വദേശി സഞ്ജയ് എന്ന ചെറുപ്പക്കാരനെ അവിടെ വെച്ച് വിവാഹം ചെയ്തു. അവര്‍ക്കുവേണ്ടി കോഴിക്കോട് വെച്ച് വളരെ വേണ്ടപ്പെട്ട ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വൈകുന്നേരം ഒരു സത്കാരം നടത്തുന്നുണ്ട്. നിനക്ക് വേറെ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെങ്കില്‍, വരാന്‍ ആഗ്രഹമുണ്ടെങ്കില്‍ എന്റെ കൂടെ വരാം.'' 

Aswathi and MT
അശ്വതി വി നായർ, എം.ടി

പന്ത്രണ്ട് വയസ്സാണ് അന്ന് അശ്വതിയ്ക്ക്. അച്ഛന്‍ പറഞ്ഞകാര്യം അവള്‍ക്ക് മനസ്സിലായിട്ടുണ്ടാകുമോ. അച്ഛന്‍ രണ്ടാമതായി വിവാഹം ചെയ്തതാണ് അമ്മയെ എന്ന് അന്നാണ് അവള്‍ അറിയുന്നത്. അച്ഛനും മകളും തമ്മിലുള്ള സംസാരം ഞാന്‍ അറിഞ്ഞിരുന്നില്ല. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അശ്വതി എന്റെയടുക്കലെത്തി. ''ഇന്ന് പാപ്പയുടെ വിവാഹ റിസപ്ഷനാണ്. അച്ഛനൊപ്പം വൈകുന്നേരം വരുന്നുണ്ടോ എന്നു ചോദിച്ചു.'' അശ്വതി പറഞ്ഞതുകേട്ട് ഞാന്‍ അവളെത്തന്നെ നോക്കി. പാപ്പ എന്നാണ് അവള്‍ പറഞ്ഞത്. മുമ്പെന്നോ തനിക്ക് അടുപ്പവും പരിചയവുമുള്ള ഒരാളെന്നപോലെ. അവള്‍ക്ക് മുഖം കൊടുക്കാതെ 'മോളെന്തു പറഞ്ഞു അച്ഛനോട് 'എന്നാണ് ഞാന്‍ ചോദിച്ചത്. 'വരുന്നുണ്ടെന്നു പറഞ്ഞു.' അശ്വതിയുടെ മറുപടി കേട്ടതും എനിക്ക് അതിയായ സന്തോഷമായി. പാപ്പയുടെ വിവാഹം ഉറപ്പിച്ചതോ, കഴിഞ്ഞതോ, കോഴിക്കോട് വെച്ച് സത്കാരം നടത്തുന്നതോ ഒന്നും തന്നെ ഞാന്‍ അറിയില്ല. എം.ടി പറഞ്ഞിട്ടില്ല. അറിയിക്കേണ്ടത് എന്നെയല്ല, അശ്വതിയെയാണ്. അതാണ് എം.ടിയുടെ തീരുമാനം. എം.ടി ആഗ്രഹിക്കുന്നതും അശ്വതി പാപ്പയുടെ വിവാഹസത്കാരത്തില്‍ പങ്കെടുക്കണം എന്നായിരിക്കും. മോള് പോകുന്നുണ്ടോ എന്ന് ഞാന്‍ ഒന്നുകൂടി ചോദിച്ചു. 'എനിക്ക് പാപ്പയെ കാണണം-'അശ്വതി പറഞ്ഞു. ഒരച്ഛന്റെ രണ്ടു മക്കളാണ്. ഒരേ ചോര. സ്വന്തമായി ഒരു ചേച്ചിയുണ്ട് എന്നറിയുമ്പോള്‍, അവളെ കാണണം എന്ന് തീരുമാനിച്ചപ്പോള്‍ അശ്വതി എത്രയോ വലുതായി, പക്വതയുള്ളവളായി എന്നാണ് തോന്നിയത്. 

വൈകുന്നേരം അച്ഛനും മകളും പോയി. സ്വന്തമായിത്തന്നെ നന്നായി അണിഞ്ഞൊരുങ്ങിയാണ് പോയത്. അവള്‍ അച്ഛനോടൊപ്പം പോകുന്നത് നിറഞ്ഞ മനസ്സോടെ ഞാന്‍ നോക്കിനിന്നു. അധികം വൈകാതെ തന്നെ തിരികെയെത്തുകയും ചെയ്തു. പാപ്പയുടെ വിശേഷങ്ങളറിയാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു. അവള്‍ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. ചേച്ചിയെ കണ്ട കൗതുകം ആ കണ്ണുകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. വളരെ ചുരുക്കം ആളുകളെ മാത്രമേ റിസപ്ഷന് വിളിച്ചിട്ടുണ്ടായിരുന്നുള്ളൂ. എം.ടിയുടെ ഏട്ടന്മാരും സുഹൃത്തുക്കളുമായി അശ്വതിയ്ക്ക് പരിചയമുള്ളവര്‍ തന്നെയായിരുന്നു അതിഥികള്‍. 'പാപ്പയുടെ അടുത്ത് പോയോ മോള് 'എന്ന് ഞാനവളോട് ചോദിച്ചു. അടുത്തുപോയി, പരിചയപ്പെട്ടു എന്നായിരുന്നു മറുപടി. കൂടുതലായൊന്നും അവളോട് ചോദിക്കാന്‍ തോന്നിയില്ല. ചേച്ചി മോളോട് എന്തുപറഞ്ഞു എന്നൊക്കെ അറിയാന്‍ ആഗ്രഹമുണ്ടായിരുന്നു. അവള്‍ പാപ്പയെ കണ്ട അമ്പരപ്പിലാണ്. ആ മുഖത്തെ കൗതുകം എനിക്ക് കോരിയെടുക്കാം.   

രാത്രി എം.ടിയെത്തിയപ്പോള്‍ വിശേഷങ്ങളൊന്നും തിരക്കിയില്ല. ആ പതിവ് ഞങ്ങള്‍ തമ്മില്‍ ഇല്ല. അത് അവര്‍ അച്ഛന്റെയും മക്കളുടെയും കാര്യം, സ്വകാര്യത. എന്നോട് പറയാനുള്ളതാണെങ്കില്‍ പറയും. എങ്കിലും അശ്വതി പറഞ്ഞപ്പോള്‍ മനസ്സുകൊണ്ട് സിതാരമോള്‍ക്ക് നന്മകള്‍ നേര്‍ന്നു. അച്ഛന്റെ മോളാണ്. ഞാന്‍ ആദ്യമായി നൃത്തം പഠിപ്പിക്കാന്‍ ചെല്ലുമ്പോള്‍ അച്ഛന്റെ മടിയില്‍ സര്‍വ്വാധികാരത്തോടെ ഇരുന്ന് പുഞ്ചിരിതൂകിയ മോളാണ്. അവള്‍ കുടുംബജീവിതത്തിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ നന്മകള്‍ മാത്രമേ ആശംസിക്കാനുള്ളൂ...

(തുടരും)

തയ്യാറാക്കിയത് : ഷബിത

മുന്‍ഭാഗങ്ങള്‍ വായിക്കാം

Content Highlights: saraswatham autobiography by kalamandalam saraswathi part 20