കുട്ടികൾ അശ്ലീലചിത്രങ്ങൾ കാണുന്നുണ്ടെങ്കിൽ അവരെ ആ ശീലത്തിൽനിന്ന് എങ്ങനെ മോചിപ്പിക്കാമെന്നതിനുള്ള മാർഗങ്ങൾ പറഞ്ഞുതരാമെന്ന് ഞാൻ മുമ്പത്തെ ലേഖനത്തിൽ സൂചിപ്പിച്ചിരുന്നുവല്ലോ? എന്നാൽ, കുട്ടികൾ അശ്ലീലചിത്രങ്ങൾ കാണുന്നതുകൊണ്ട് നിങ്ങൾക്കും കുട്ടികൾക്കുമുണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിക്കുകയാണ് ആദ്യം വേണ്ടതെന്ന് കഴിഞ്ഞയാഴ്ചത്തെ ലേഖനത്തിനു ലഭിച്ച പ്രതികരണങ്ങളിൽനിന്ന് എനിക്ക് മനസ്സിലായി. കുട്ടികൾ അശ്ലീലചിത്രങ്ങൾ കാണുന്നതുകൊണ്ട് എന്താണ് കുഴപ്പം? പ്രകൃത്യാലുള്ള ഒരു പ്രക്രിയ കാണുന്നതിൽനിന്ന് എന്തിനാണ് അവരെ തടയുന്നത്? കുട്ടികളുടെ സ്വകാര്യതയിൽ കൈകടത്തുന്നത് ശരിയാണോ തുടങ്ങിയവയായിരുന്നു ആ പ്രതികരണങ്ങൾ. ഇവ നല്ല ചോദ്യങ്ങളാണ്. 

എന്നാൽ, പറയട്ടെ അശ്ലീലചിത്രങ്ങൾ കാണുന്നത് തെറ്റുതന്നെയാണ്. അശ്ലീലചിത്രങ്ങൾ കാണുന്നത് സ്വാഭാവികമായ ഒരു കാര്യമല്ല. കുട്ടികളുടെ ഗുണത്തിനുവേണ്ടിയാകുമ്പോൾ അവരുടെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ സ്വഭാവം അറിയുന്നതിലും തെറ്റില്ല. മേൽപ്പറഞ്ഞ കമന്റുകൾ അശ്ലീലചിത്രങ്ങൾ കാണുന്നതിന്റെ ഗുണവും ദോഷവും ശാസ്ത്രീയമായി വിവരിക്കാൻ എന്നിലെ ശാസ്ത്രാധ്യാപികയ്ക്ക് പ്രചോദനമായി. അശ്ലീലസിനിമകൾ നിങ്ങളുടെ തലച്ചോറിനെ എങ്ങനെ ബാധിക്കും? ഹ്രസ്വനേരത്തേക്കു ലഭിക്കുന്ന സന്തോഷം എങ്ങനെ ദീർഘകാലത്തേക്ക് ദോഷകരമായി മാറും ? 

നമുക്ക് ഒരു ഉദാഹരണം നോക്കാം. ഒരു പെണ്ണെലിയുടെ കൂട്ടിലേക്ക് ഒരു ആണെലിയെ ഇട്ടാൽ എന്തു സംഭവിക്കും? അവ ഇണചേരുന്നതാകും നിങ്ങൾക്ക് ആദ്യം കാണാൻ സാധിക്കുക. എന്നാൽ ക്രമേണ ആണെലി പെണ്ണെലിയോട് താത്പര്യം കാണിക്കാതാകും. പെണ്ണെലിക്കു താത്പര്യമുണ്ടെങ്കിൽ കൂടിയും ആണെലിക്ക് താത്പര്യമുണ്ടായിരിക്കില്ല. ഇനി ആദ്യത്തെ പെണ്ണെലിയെ മാറ്റി മറ്റൊരു പെണ്ണെലിയെ കൂട്ടിലേക്ക് ഇടുക. ആണെലി പുതിയ പെണ്ണെലിയുമായി ഇണചേരാൻ ശ്രമിക്കുന്നതായി കാണാൻ സാധിക്കും. ആണെലിയുടെ കരുത്ത് അവസാനിക്കുന്നതുവരെ നിങ്ങൾക്ക് ഈ പരീക്ഷണം എത്രവേണമെങ്കിലും ആവർത്തിക്കാവുന്നതാണ്. ഇതിനെയാണ് കൂളിഡ്ജ് പ്രതിഭാസം പുതിയ ഇണകളോട് സ്വാഭാവികമായി തോന്നുന്ന ആകർഷണം എന്നുപറയുന്നത്. 

അശ്ലീലസിനിമകൾക്ക് അടിമകളാകുന്നതോടെ നിങ്ങളും പ്രവേശിക്കുന്നത് ഇത്തരമൊരു വഴിയിലേക്കാണ്. യുവാക്കളിലെ ലൈംഗികപ്രശ്‌നങ്ങളുടെ എണ്ണത്തിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ വർധനയുണ്ടായതായി കാണാം. ഇതിന്റെ വലിയൊരു കാരണം വ്യാപകമായിക്കൊണ്ടിരിക്കുന്ന അശ്ലീലസിനിമയുടെ ഉപഭോഗമാണ്. കൃത്യമായ പഠനം നടത്തുക അത്ര എളുപ്പമല്ലാത്തതുകൊണ്ടുതന്നെ ഇതിന്റെ വ്യക്തമായ കണക്കുകൾ ലഭ്യമല്ല. 

നമ്മൾ/ കുഞ്ഞുങ്ങൾ അശ്ലീല സിനിമകൾക്ക് അടിമപ്പെടുന്നത് -ലളിതമായി പറഞ്ഞാൽ, സന്തോഷം ലഭിക്കുന്ന ഒരു കാര്യം ആവർത്തിച്ചു ചെയ്യുന്ന പെരുമാറ്റരീതിയെയാണ് അടിമപ്പെടൽ എന്നു പറയുന്നത്. ഡോപമൈൻ പോലുള്ള ചില ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നതാണ് നമുക്ക് സന്തോഷം തോന്നാൻ കാരണമാകുന്നത്. കൂടുതൽ ഡോപമൈൻ ഉത്പാദിപ്പിക്കപ്പെടുമ്പോൾ നമുക്ക് കൂടുതൽ സന്തോഷം തോന്നും.

കുടുതൽ സന്തോഷം തോന്നുന്നതോടെ ആ പ്രക്രിയ ആവർത്തിക്കാൻ സ്വാഭാവികമായി നമുക്ക് തോന്നുകയും ചെയ്യും. ഡോപമൈൻ പുതിയ തരത്തിലുള്ള സന്തോഷമാണ് നമുക്ക് തരുന്നത്. അതുകൊണ്ടുതന്നെ കൂളിഡ്ജ് പ്രതിഭാസത്തിലേക്ക് എത്തുന്നതുവരെ തലച്ചോർ വീണ്ടും ഡോപമൈൻ ഉത്പാദിപ്പിക്കുകയും ചെയ്യും. (ദയവായി ശ്രദ്ധിക്കുക മയക്കുമരുന്നിന്റെ അടിമപ്പെടുത്താനുള്ള കഴിവിനെക്കാൾ  സാമൂഹിക അന്തരീക്ഷമാണ് വ്യക്തികളെ മയക്കുമരുന്നിന് അടിമകളാക്കുന്നതെന്നാണ് പുതിയ പഠനഫലങ്ങൾ വെളിപ്പെടുത്തുന്നത്. എന്തുകൊണ്ടാണ് ചിലർ മാത്രം മയക്കുമരുന്നിന് അടിമകളാകുന്നതെന്ന് ഇത് വ്യക്തമാക്കും)

എന്തുകൊണ്ടാണ് ഇത് ദോഷകരമാകുന്നത് -എല്ലാ അടിമപ്പെടലുകളും തലച്ചോറിനെ സ്വാധീനിക്കുന്നത് ഒരേവിധത്തിലാണ്.

ഡിസെൻസൈറ്റേഷൻ: കുടുതൽ അശ്ലീലചിത്രങ്ങൾ കാണുമ്പോൾ കൂടുതൽ ഡോപമൈൻ ഉത്പാദിപ്പിക്കേണ്ടി വരുന്നു. സെൻസിറ്റൈസേഷൻ അശ്ലീലചിത്രങ്ങൾ കൂടുതലായി കാണുന്നതിലൂടെ ഇവ വീണ്ടും വീണ്ടും കാണാനുള്ള ആഗ്രഹം രൂപപ്പെടും.

നിങ്ങൾ എന്തൊക്കെ തിരഞ്ഞെന്ന തെളിവുകൾ അവശേഷിപ്പിക്കാൻ സഹായിക്കുന്നതാണ് ഗൂഗിൾ ക്രോമിലെ ഇൻകൊഗ്‌നിറ്റോ സംവിധാനം. ഒരു കംപ്യൂട്ടറിൽ നിങ്ങൾ അശ്ലീല സിനിമകൾ കാണുകയും അതിന്റെ തെളിവുകൾ അവശേഷിപ്പിക്കാൻ ഭയപ്പെടുകയും ചെയ്താൽ ഇൻകൊഗ്‌നിറ്റോ സംവിധാനം നിങ്ങൾക്ക് സഹായകമായേക്കും. തെളിവുകൾ അവസാനിപ്പിക്കാതെയുള്ള ഇത്തരം കാഴ്ചകൾ തേടുന്നത് നിങ്ങളെ ഇവയുടെ അടിമയാകും. പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ സാധിക്കാതെ പോകും. 

അശ്ലീലചിത്രങ്ങൾക്ക് കൂടുതൽ അടിമപ്പെടുന്നതോടെ അതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള ശേഷി നഷ്ടപ്പെടും. കൂടുതൽ അടിമപ്പെടുന്നതോടെ അതിൽനിന്ന് വിട്ടുപോരാനും പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനും സാധിക്കാതെ പോകും. 
ഒരിക്കൽ അടിമകളായാൽ അതിലേക്ക് വീണ്ടും അടിമപ്പെട്ടുപോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ഒരിക്കൽ അടിമകളായിരുന്നവർ കടുത്തമാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇതിലേക്ക് വീണ്ടും അകപ്പെട്ടു പോകാൻ കാരണമാകുന്നത്.

എന്തിനെങ്കിലും അടിമപ്പെടുമ്പോൾ തലച്ചോറിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് ഇവയെല്ലാം. കുറച്ചു പുതുതായതിനാൽ ഈ മേഖലയെക്കുറിച്ച് അത്രവലിയ പഠനങ്ങൾ ഒന്നും നടന്നിട്ടില്ല. എന്നിരുന്നാലും ചില പഠനങ്ങൾ പറയുന്നത് അശ്ലീലചിത്രങ്ങൾക്ക് അടിമപ്പെട്ടവരുടെയും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നവരുടെയും തലച്ചോറിന്റെ പ്രവർത്തനത്തിൽ സമാനതകളുണ്ടെന്നാണ്. 

മേൽപ്പറഞ്ഞവയൊക്കെ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളാണ്. വേറെയും പല ദോഷങ്ങൾ അശ്ലീ ചിത്രങ്ങൾ കാണുന്നതിലൂടെ ഉണ്ടാകുന്നുണ്ട്. ജീവിതപങ്കാളിയില്ലാത്തതും അവരുമായുള്ള ജീവിതം അനുഭവിച്ചിട്ടുമില്ലാത്ത കുട്ടികൾ അശ്ലീലസിനിമകൾ കാണുമ്പോൾ ലൈംഗികജീവിതത്തെക്കുറിച്ച് തെറ്റായധാരണകൾ അവരിലുണ്ടാകും. യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതായിരിക്കും ഈ സിനിമകളിൽ കാണിക്കുന്നത്. സിനിമയിൽ കണ്ടിട്ടുള്ള രീതികൾ ജീവിതത്തിൽ പ്രായോഗികമാകാതെ വരുന്നത് ഇവരിൽ നിരാശയുണ്ടാകാൻ കാരണമാകും. തമ്മിൽ ചേരുന്നവരല്ല തങ്ങളെന്ന ചിന്തയുണ്ടാവുകയും കുടുംബജീവിതത്തിൽ വിള്ളലുണ്ടാകുന്നതിലേക്ക് ഇത് നയിക്കുകയും ചെയ്‌തേക്കാം.

ഒരാൾ അശ്ലീലചിത്രങ്ങൾ കൂടുതലായി കാണുമ്പോൾ അയാൾ ഒറ്റപ്പെട്ടു പോകാനുള്ള സാധ്യത കൂടുതലാണെന്ന് കഴിഞ്ഞ മുപ്പതുവർഷമായി അശ്ലീലസിനിമകൾക്ക് അടിമകളായവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മനഃശാസ്ത്രജ്ഞൻ ഡോ. ഗാരി ബ്രൂക്ക്‌സ് പറയുന്നു. ഏതെങ്കിലും സമയത്ത് (ഒരാൾ) സാധാരണത്തേതിൽനിന്ന് വ്യത്യസ്തമായി കുറച്ചു സമയമാണ് അശ്ലീലസിനിമ കാണുന്നതെന്നിരിക്കട്ടെ, അത് ഗുണമല്ല ദോഷമാണ് ഉണ്ടാക്കുക. അത് വിഷാദത്തിനും നിരാശയ്ക്കും കാരണമാവുകയും ചെയ്യും.

കൂടുതൽ നിരാശയും വിഷമവും തോന്നുമ്പോഴാണ് ആളുകൾ മറ്റുള്ളവരിൽനിന്ന് സമാശ്വാസം ആഗ്രഹിക്കുന്നത്. സാധാരണയായി വിഷമമുള്ള സമയത്ത് ഏറ്റവും അടുപ്പമുള്ള ആളുകളോട് പങ്കാളി, സുഹൃത്ത്, കുടുംബസുഹൃത്ത് എന്നിങ്ങനെ ആരെങ്കിലുമായി അതു പങ്കുവയ്ക്കാനും അവരിൽ ആശ്രയം തേടാനുമാണ് ആളുകൾ ചെയ്യുക. എന്നാൽ, അശ്ലീലസിനിമയ്ക്ക് അടിമകളായവർ അവരുടെ പ്രശ്‌നം മറ്റാരോടെങ്കിലും പങ്കാളിയോടുപോലും തുറന്നുപറയാൻ താത്പര്യപ്പെടില്ല.

അതുകൊണ്ട് അവർ ലഭ്യമായ ആശ്വാസം(അശ്ലീല സിനിമകൾ കൂടുതൽ കാണുന്നതിലേക്ക്) തിരിയും. പല പഠനങ്ങളും കാണിച്ചു തരുന്നത് അശ്ലീലസിനിമകൾക്ക് അടിമകളായവരുടെ ബന്ധങ്ങൾ പ്രശ്‌നങ്ങൾ നിറഞ്ഞതാണെന്നാണ്. ഇവരുടെ ജീവിതത്തിൽ വിവാഹമോചനവും മറ്റ് പ്രശ്‌നങ്ങളുമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവരിൽ ഏറിയ പങ്കും ജീവിതപങ്കാളികളോട് വിശ്വസ്തത പുലർത്താതിരിക്കാനുള്ള സാധ്യതയും പങ്കാളികളിൽ സംതൃപ്തിയില്ലാത്തവരും ആയിരിക്കും.

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)

content highlights: Why watching porn is bad for you and your children parenting column sandhya varma