ദിനംപ്രതി തങ്ങളുടെ കുട്ടികൾ ദുശ്ശീലമുള്ളവരായി മാറുന്നുവെന്ന ആശങ്കയോടെയാണ് പല രക്ഷിതാക്കളും എന്നെ സമീപിക്കുന്നത്. എന്നാൽ ഇതിനെക്കുറിച്ച് വിശകലനം ചെയ്തപ്പോൾ എനിക്ക് മനസ്സിലായത് പലകുട്ടികളും തീരെ ക്ഷമയില്ലാത്തവരും പെട്ടന്ന് അസ്വസ്ഥരാവുന്നതും സഹിക്കാൻ മനസ്സിലാത്തവരുമാണെന്നാണ്. കുട്ടികൾക്ക് എല്ലാ കാര്യങ്ങളും പെട്ടന്ന് മടുപ്പുണ്ടാക്കുന്നു. അവർ ചില കാര്യങ്ങളോട് അസ്വസ്ഥരാവുന്നു. എന്തെങ്കിലും ചെയ്തുതീർക്കാനുള്ള സഹിഷ്ണുതയോ അതിന്റെ ഫലംവരുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയോ അവർക്കില്ല. ചെയ്യുന്ന പ്രവൃത്തികൾ പാതിവഴിക്ക് ഉപേക്ഷിക്കാനുള്ള പ്രവണതയാണ് പല കുഞ്ഞുങ്ങൾക്കുമുള്ളത്. 

അടുത്തിടെ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് ആയ ഒരു സുഹൃത്തുമായി ഞാൻ സംസാരിക്കുകയുണ്ടായി. കുട്ടികളിൽ പഠന്യവൈകല്യങ്ങൾ കൂടുംതോറും അവരുടെ സാമൂഹികവും വൈകാരികവും വിദ്യാഭ്യാസപരവുമായ പ്രവൃത്തികളും തകരാറിലാവുമെന്ന് മനസ്സിലായെന്ന നിരീക്ഷണമാണ് സുഹൃത്ത് ഞാനുമായി പങ്കുവെച്ചത്. കുട്ടികളെപ്പോലെ തന്നെ പുതിയ ജോലിയിലേക്ക് പ്രവേശിക്കുന്ന പ്രൊഫഷണലുകളിൽ പലരും ഉയർന്ന ശമ്പളമുണ്ടായിട്ടും പെട്ടന്ന് മടുപ്പിലേക്ക് വീണുപോവുന്നതായി ശ്രദ്ധിച്ചിട്ടുണ്ടെന്നും സുഹൃത്ത് എന്നോട് പറയുകയുണ്ടായി. 

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? എങ്ങനെയാണ് കുട്ടികളുടെ സ്വഭാവത്തിൽ ഇത്തരത്തിലൊരു മാറ്റമുണ്ടാവുന്നതെന്ന് കണ്ടെത്താനായി പിന്നെ എന്റെ പഠനങ്ങളും ചിന്തകളും. അതിനിടെ എന്തുകൊണ്ടാണ് കുട്ടികൾ പെട്ടന്ന് മടുപ്പുണ്ടാവുന്നവരും അസ്വസ്ഥരുമാവുന്നതെന്നും വിശദീകരിച്ചുകൊണ്ടുള്ള ബ്രിട്ടീഷ് സൈക്കോളജിസ്റ്റിന്റെ ഒരു വീഡിയോ മറ്റൊരു സുഹൃത്ത് എനിക്ക് ഷെയർ ചെയ്തു. അദ്ദേഹത്തിന്റെ കണ്ടെത്തലുകളും എന്റെ വിലയിരുത്തലുകളുമാണ് ഈ പതിപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

ആവശ്യമുള്ളതെല്ലാം ലഭിക്കുന്ന കുട്ടികൾ

‘എനിക്ക് വിശക്കുന്നു’, ‘ഒരു സെക്കൻഡ്‌ കൊണ്ട് ഞാൻ ഹൈവേയിൽ നിർത്താം’, ‘എനിക്ക് ദാഹിക്കുന്നു’, ‘ഇതാ വെള്ളം’, ‘എനിക്ക് ബോറടിക്കുന്നു’, ‘എന്റെ ഫോൺ ഉപയോഗിച്ചോളൂ...’!!  നിത്യജീവിതത്തിൽ നേരിടുന്ന എത്രയെത്ര ‘കുഞ്ഞുകുട്ടി’ പ്രതിസന്ധികൾ. പക്ഷേ, ആഗ്രഹങ്ങളെ സമയമെടുത്ത് തൃപ്തിപ്പെടുത്തുക എന്ന ശീലമാണ് ഭാവി വിജയത്തെ സ്വാധീനിക്കുന്ന പ്രധാനഘടകം.

കാരണം നമ്മുടെ കുട്ടികളെ സന്തോഷിപ്പിക്കാൻ നമുക്കുള്ളത് ഏറ്റവും മികച്ച ലക്ഷ്യബോധമാണ്. എന്നാൽ നിർഭാഗ്യവശാൽ നാം നമ്മുടെ കുട്ടിയെ ആ സമയത്തേക്കുമാത്രം സന്തോഷിപ്പിച്ചുകൊണ്ട് ഭാവിയിലേക്ക് നൽകുന്നത് മറ്റൊരു തരത്തിലുള്ള ദുരിതമാണ്. 

ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിൽ കാലതാമസംവരുത്തുക എന്നതിലൂടെ സമ്മർദങ്ങൾക്കിടയിലും പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ഇത് പരിശീലിപ്പിക്കാൻ തയ്യാറാവാത്തതിലൂടെ ചെറിയ പ്രതിസന്ധികളെപ്പോലും മറികടക്കാനുള്ള അവരുടെ കഴിവിനെയാണ് നാം ഇല്ലാതാക്കുന്നത്. ഇത് അവരുടെ ജീവിത വിജയത്തെത്തന്നെ വളരെ ദോഷകരമായി ബാധിച്ചേക്കാം.

ഷോപ്പിങ് മാൾ, ടോയ്‌സ് സ്റ്റോർ, ക്ലാസ് റൂം, റെസ്റ്റോറന്റ് എന്നിവിടങ്ങളിലാണ് പല കുട്ടികൾക്കും ഈ ആഗ്രഹങ്ങളെ അടക്കിവയ്ക്കാൻ സാധിക്കാതെവരുന്നത്. കാരണം കുട്ടികൾക്ക് വേണ്ടതെല്ലാം ഉടൻ സാധിച്ചുകൊടുത്ത് ശീലിപ്പിച്ചതിലൂടെ ഇല്ല എന്നൊരു മറുപടി കേൾക്കാനുള്ള സഹിഷ്ണുതപോലും അവർക്കുണ്ടായെന്ന് വരില്ല.

കുറയുന്ന സാമൂഹിക ഇടപെടൽ

തിരക്കുള്ളവരാണ് നമ്മൾ, അതുകൊണ്ട് നേരംകളയാൻ ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികൾക്ക് നൽകിക്കൊണ്ട് അവരെയും നമ്മൾ തിരക്കിലാഴ്ത്തുന്നു. പണ്ടൊക്കെ കുട്ടികൾ വീടിനുപുറത്തായിരുന്നു കളിച്ചിരുന്നത്. പുറത്തെ സ്വാഭാവിക പരിസ്ഥിതിയുമായി ഇടപെട്ടുകൊണ്ട് അവർ അവരുടെ സാമൂഹികമായ കഴിവുകളെ വികസിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് ഇത് സാങ്കേതിക വിദ്യയാൽ പകരംവയ്ക്കപ്പെട്ടിരിക്കുന്നു.

രക്ഷിതാക്കൾക്ക് കുട്ടികളെ സമൂഹവുമായി ഇടപഴകാനുള്ള അവസരങ്ങൾ ഒരുക്കിനൽകുന്നതിനെയും ഈ സാങ്കേതികവിദ്യ പലപ്പോഴും തടസ്സമാവുന്നുണ്ട്. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം  ഇത്തരം ഡിജിറ്റൽ ഉപകരണങ്ങൾ ഒരിക്കലും കുട്ടികളിൽ സാമൂഹികമായ കഴിവുകൾ വളർത്താൻ സഹായിക്കില്ലെന്ന വസ്തുതയാണ്. 
ജീവിതത്തിൽ വിജയം കൈവരിച്ച എല്ലാവരും സാമൂഹികമായി ഇടപെടാൻ കഴിവുള്ളവരാണ്. വീണ്ടും പരിശീലിപ്പിക്കാൻ കഴിയുന്ന ഒരു മസിൽ പോലെയാണ് നമ്മുടെ തലച്ചോർ.

നിങ്ങളുടെ കുട്ടി ബൈക്ക് ഓടിക്കണമെങ്കിൽ നിങ്ങൾ അവന് അതിനുള്ള പരിശീലനം നൽകണം. കുട്ടി കാത്തിരിക്കണമെന്നുണ്ടെങ്കിൽ നിങ്ങൾ അവനെ ക്ഷമ എന്താണെന്ന് പഠിപ്പിക്കണം. അതുപോലെ നിങ്ങളുടെ കുട്ടികൾ സാമൂഹികമായി ഇടപെടണമെന്നുണ്ടെങ്കിൽ നിങ്ങളവന് സാമൂഹികമായ കഴിവുകൾ പകർന്നുകൊടുക്കുകതന്നെ വേണം. ഏത് കഴിവായാലും അത് പരിശീലനത്തിലൂടെ മാത്രമേ സിദ്ധിക്കുകയുള്ളൂ. 

അവസാനിക്കാത്ത തമാശകളുടെ ലോകം

തമാശയുടെയും കളിചിരികളുടെയും കൃത്രിമമായ ഒരു ലോകം നാം നമ്മുടെ കുട്ടികൾക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്. അവിടെ അവരെ ബുദ്ധിമുട്ടിക്കുന്ന സന്ദർഭങ്ങളില്ല. എപ്പോഴെങ്കിലും അത്തരത്തിലൊരു അവസ്ഥ നേരിടേണ്ടിവന്നാൽ അവരെ സന്തോഷിപ്പിക്കാനായി പിന്നെയുള്ള പരക്കംപാച്ചിൽ. അല്ലാത്തപക്ഷം രക്ഷാകർത്താക്കളെന്നെ നിലയ്ക്ക് നാം നമ്മുടെ കടമ നിറവേറ്റുന്നില്ലെന്നാണ് നമ്മുടെ മിഥ്യാധാരണ. രണ്ട് വ്യത്യസ്ത ലോകങ്ങളിലാണ് നമ്മളുള്ളത്. കുട്ടികൾ അവരുടെ ‘ഫൺ വേൾഡി’ലാണ് ഉള്ളതെങ്കിൽ നമ്മൾ നമ്മുടെ ‘വർക്ക് വേൾഡി’ലാണുള്ളത്. ഇത് മാറ്റിയെടുക്കാൻ ശ്രമിച്ചുനോക്കൂ. 

എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ കുട്ടികളെ ചെറിയ ജോലികൾ ഏൽപ്പിച്ച് അടുക്കളയിലേക്കോ പുറത്തേക്കോ ക്ഷണിക്കാത്തത്. എന്തിനാണ് എപ്പോഴും അവരെ കളിപ്പാട്ടങ്ങൾക്കൊപ്പം കെട്ടിയിടുന്നത്?  

മടുപ്പുണ്ടായി ബോറടിച്ചിരിക്കുന്ന സന്ദർഭത്തിലും കുട്ടികളുടെ തലച്ചോറിനെ കാര്യക്ഷമമായ പ്രവർത്തിപ്പിക്കാനുള്ള പരിശീലന വിദ്യയാണ് വീട്ടിലെ ചെറിയ കാര്യങ്ങളിൽ അവരെ ഉൾക്കൊള്ളിക്കുക എന്നത്. ഇതേ പരിശീലനംതന്നെയാണ് പിന്നീട് സ്കൂളുകളിലും നൽകുന്നത്. 

സ്വന്തം ലോകത്തെ ഭരിക്കുന്ന കുട്ടികൾ

‘എന്റെ മകൻ പച്ചക്കറി കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല’, ‘നേരത്തേ കിടന്നുറങ്ങാൻ മകൾക്ക് ഇഷ്ടമല്ല’, ‘പ്രഭാതഭക്ഷണം കഴിക്കാൻ മകൾക്ക് താത്‌പര്യമില്ല’, ‘കളിപ്പാട്ടങ്ങൾ അവൾക്കിഷ്ടമല്ല, എന്നാൽ ഐപാഡ് ഉപയോഗിക്കുന്നതിൽ അവൾ ഹാപ്പിയാണ്’, ‘ഒറ്റയ്ക്ക് കഴിക്കാൻ അവൾക്ക് മടിയാണ്’, ‘ഒറ്റയ്ക്ക് വസ്ത്രം ധരിക്കാനും ഒരുങ്ങാനും അവൾക്ക് മടിയാണ്...’! രക്ഷിതാക്കളിൽനിന്ന്‌ എല്ലായിപ്പോഴും കേൾക്കുന്ന ആശങ്കകളാണ് ഇവ. യഥാർഥത്തിൽ ഞങ്ങളെ എങ്ങനെ വളർത്തണമെന്ന് അവർ രക്ഷിതാക്കളെ പഠിപ്പിക്കുന്ന അവസ്ഥയാണ് ഇത്. 

കുട്ടികളുടെ എല്ലാ കാര്യങ്ങളും അവർക്കുതന്നെ വിട്ടുകൊടുത്താൽ നടക്കുന്നത് എന്താവും?  അവർക്കിഷ്ടമുള്ളതെല്ലാം ഇഷ്ടംപോലെ അവർ കഴിക്കും, തോന്നുമ്പോഴൊക്കെ ടിവിക്കു മുന്നിൽ ഇരിപ്പുറപ്പിക്കും. എപ്പോഴും കളിച്ചുകൊണ്ടിരിക്കും.. കുട്ടികളെ സ്വന്തം ഇഷ്ടത്തിന് വിട്ടാൽ ഇതൊക്കെയാവും സംഭവിക്കുക. എന്നാൽ ഒരിക്കലും നല്ലതല്ലെന്ന് അറിഞ്ഞിട്ടും അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച്, ആഗ്രഹങ്ങൾ സാധിച്ചു നൽകുന്നതിലൂടെ എന്ത് നന്മയാണ് നമ്മൾ കുട്ടികൾക്ക് വേണ്ടി ചെയ്യുന്നത് എന്ന് ചിന്തിച്ചുനോക്കൂ.

ഇഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ അനുവദിച്ച്, കൃത്യമായ ഉറക്കമോ ആവശ്യത്തിന് പോഷകമുള്ള ഭക്ഷണമോ ഇല്ലാതെ അശ്രദ്ധയോടെ, ഉത്കണ്ഠയോടെ, അസ്വസ്ഥരായിട്ടാവും നമ്മുടെ കുഞ്ഞുങ്ങൾ പിന്നീട് ക്ലാസ് മുറികളിലേക്കെത്തുക. 

ഇഷ്ടമുള്ള കാര്യങ്ങൾമാത്രം ചെയ്ത്, ഇഷ്ടമില്ലാത്തവയെ നിഷേധിക്കാമെന്ന തെറ്റായ സന്ദേശം കൂടിയാണ് ഇതിലൂടെ നമ്മൾ കുട്ടികൾക്ക് പകർന്നുനൽകുന്നത്. ഇഷ്ടം എന്നതിനപ്പുറത്ത് ‘ആവശ്യമായത്’ എന്ന ആശയത്തിന് ഇവിടെ തീരെ പ്രസക്തി ഇല്ലാതായിപ്പോവുന്നു. എന്നാൽ ജീവിതത്തിലെ ലക്ഷ്യങ്ങൾ നിറവേറ്റണമെങ്കിൽ ഇഷ്ടമുള്ളതുമാത്രമല്ല, ആവശ്യമുള്ള കാര്യങ്ങൾകൂടി നാം ചെയ്യേണ്ടതായി വരും. ലക്ഷ്യബോധം നിറവേറ്റാനാവശ്യമുള്ളത് എല്ലായ്‌പ്പോഴും നമുക്ക് ഇഷ്ടമുള്ളതാവണമെന്നില്ല. 

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)

content highlights: Why are our kids impatient, intolerant, get easily bored and frustrated?