ബ്ലൂവെയ്‌ൽ ഈ പേര് കഴിഞ്ഞ കുറേആഴ്ചകളായി വാർത്തകളുടെ തലക്കെട്ടിൽ ഇടംപിടിക്കുന്നുണ്ട്. ഈ കളിയെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിശദീകരണം തരുന്ന കുറിപ്പുകൾ വായിക്കാനുള്ള ഒരവസരവും നിങ്ങൾ പാഴാക്കിയിട്ടുണ്ടാവില്ല എന്നകാര്യം എനിക്കുറപ്പാണ്. ഈ ഗെയിം കളിച്ചതിനെക്കുറിച്ചുള്ള അനുഭവങ്ങളും മുൻകരുതലുകളെക്കുറിച്ചുമുള്ള വിവരങ്ങൾ കൊണ്ടും സമ്പന്നമാണ് ഡിജിറ്റൽ പ്രിന്റ് മാധ്യമങ്ങൾ. ഈ കുറിപ്പ് ബ്ലൂവെയ്‌ലിനെ സംബന്ധിക്കുന്നതു മാത്രമല്ല, വീഡിയോ ഗെയിമുകളെയും അവയോടുള്ള കുട്ടികളുടെ അഭിനിവേശത്തെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചുള്ളതാണ്.

എളുപ്പമുള്ളതും നമ്മൾ മാതാപിതാക്കൾ സ്വീകരിക്കുന്നതുമായ ഒരുവഴി ഗെയിമുകൾ കുട്ടികളിൽനിന്ന് ഒളിപ്പിച്ചു വെയ്ക്കുക എന്നതാണ്. ഐപാഡ് ഒളിപ്പിച്ചും ഇന്റർനെറ്റിന് പാസ് വേർഡ് ഇട്ടും ഒക്കെ കുട്ടികൾ വീഡിയോ ഗെയിമുകളിലേക്ക് എത്തിപ്പെടാതിരിക്കാൻ നാം ശ്രദ്ധിക്കും. ഒരു രക്ഷിതാവെന്ന നിലയിൽ ഞാനും ഇത്തരം മാർഗങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. പക്ഷേ ഞാൻ അദ്ഭുതപ്പെട്ടിട്ടുണ്ട്, ഇത്തരം മാർഗങ്ങൾ കുട്ടികളെ  വീഡിയോ ഗെയിമിൽനിന്ന് അകറ്റുകയാണോ അതോ അവയിലേക്ക് കൂടുതൽ  അടുപ്പിക്കുകയാണോ ചെയ്യുന്നത്?

ഇതൊരു ശരിയായ നടപടിയാണെന്ന് ഞാൻ വിചാരിക്കുന്നില്ല. കാരണം വീഡിയോ ഗെയിമിനോട് കുട്ടികൾക്കുള്ള താത്പര്യം കുറയ്ക്കാൻ ഇത് സഹായിക്കുന്നില്ലെന്നു മാത്രമല്ല, കുഞ്ഞുങ്ങൾ അനുസരണക്കേട് കാണിക്കുമ്പോഴുണ്ടാകുന്ന വിഷമം മാതാപിതാക്കൾ അനുഭവിക്കേണ്ടിയും വരുന്നു. 

ഇതിന് എന്താണൊരു പ്രതിവിധി? ശരി ആയിക്കോളൂ എന്ന് അനുവാദം നൽകാനോ കർശനമായി അരുത് എന്നു പറയാനോ സാധിക്കാത്ത അവസ്ഥ. എന്നാൽ ഗെയിമുകളോടുള്ള നിങ്ങളുടെ സമീപനത്തിൽ പ്രായോഗികമായ ചില മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ സാഹചര്യത്തെ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും. ഇതാ അതിനുള്ള ചില മാർഗങ്ങൾ.

ഗെയിമുകൾ കുട്ടികൾക്ക് സന്തോഷം നൽകുന്നവയാണെന്ന് അംഗീകരിക്കുക (നിങ്ങൾക്ക് അത്ര സന്തോഷം തരുന്നില്ലെങ്കിലും)- എങ്ങനെയാണ് യാഥാർഥ്യമല്ലാത്ത ഈ ദ്വിമാന ലോകത്ത് ഒരാൾക്ക് സമയം ചെലവഴിക്കാനാവുക?  ഐ പാഡുകൾക്കൊപ്പമോ ഐ പോഡുകൾക്കൊപ്പമോ ബാല്യം ചെലവഴിക്കാത്തവർ അദ്ഭുതപ്പെട്ടേക്കുന്ന കാര്യമാണിത്. ശരിയാണ് നമ്മളിൽ അധികം ആളുകളും പത്തുമിനുറ്റിൽ ക്കൂടുതൽ കളിക്കാൻ താത്പര്യപ്പെടാറില്ല എന്നതു വാസ്തവമാണ്.

കുട്ടികൾ വീഡിയോ ഗെയിമിനു പിന്നാലെ പോകുന്നത് നിങ്ങളുടെ തെറ്റല്ല. നിങ്ങൾ അവരെ വായനയിലേക്കോ കായികവിനോദങ്ങളിലേക്കോ നയിക്കാത്തതു കൊണ്ടല്ല അവർ വീഡിയോ ഗെയിം ഇഷ്ടപ്പെടുന്നത്. അവർക്ക് എന്തിനോടാണോ താത്പര്യം അത് അവർ ചെയ്യുന്നെന്ന് മാത്രം. അത് അപകടകരമോ അനധികൃതമോ ആകാത്തതുവരെ കുഴപ്പമില്ല. നിങ്ങളുടെ കുട്ടികൾ എന്താണ് കാണുന്നതെന്നതിനെക്കുറിച്ച് നിങ്ങൾ ബോധവാന്മാരായേ മതിയാകൂ.

നിങ്ങളുടെ സ്വന്തം പെരുമാറ്റരീതികളെക്കുറിച്ച് പഠിക്കാൻ കുറച്ചു ദിവസങ്ങൾ തിരഞ്ഞെടുക്കുക- കുട്ടികൾ അര മണിക്കൂറിലധികം ഗെയിം കളിക്കുകയാണെങ്കിൽ നിങ്ങൾ വാതിലുകൾ വലിച്ചടച്ച് അനിഷ്ടം പ്രകടിപ്പിക്കാറുണ്ടോ? 45 മിനുട്ട് കടക്കുമ്പോൾ ഹാളിലൂടെ പരവശരായി അങ്ങോട്ടും ഇങ്ങോട്ടും നടക്കാറുണ്ടോ? ഇത്തരത്തിൽ കുട്ടികൾ ഗെയിം കളിക്കുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന പെരുമാറ്റ വ്യത്യാസങ്ങളെ, മുൻകോപത്തെ തിരിച്ചറിയുക.

അങ്ങനെയെങ്കിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒരു കാര്യം കുട്ടികൾക്ക് വീഡിയോ ഗെയിം കളിക്കാൻ കൃത്യമായി സമയക്രമം ഏർപ്പെടുത്തുക എന്നതാണ്. കുട്ടികൾ എത്രസമയം വീഡിയോ ഗെയിം കളിക്കണം എന്ന കാര്യം നിങ്ങൾ തന്നെ തീരുമാനിക്കുക. ഇതാ മറ്റുചില നിർദേശങ്ങൾ കൂടി.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ മാതാപിതാക്കൾ ഇരുവരും ഒരേപോലെ പങ്കാളികളാകണം. അനുവദിച്ച സമയം കഴിഞ്ഞു എന്ന് അമ്മയാണ് കുഞ്ഞുങ്ങളോട് സ്ഥിരമായി പറയുന്നതെന്നിരിക്കട്ടെ, അമ്മമാരോട് കുട്ടികൾക്ക് അപ്രിയം തോന്നാൻ കാരണമായേക്കും. എക്സ്‌ബോക്സ്, വി പോലുള്ള വലിയ ഗെയിമിങ് സിസ്റ്റങ്ങൾ വാങ്ങിക്കൊടുക്കാതിരിക്കുക. ഇവ കൈകാര്യം ചെയ്യുക എന്നത് രണ്ടു വിധത്തിൽ ബുദ്ധിമുട്ടുള്ള കാര്യമാണ്. 

ഒന്ന് ഇവ താരതമ്യേന വലിയ കളികളാണ്. കാൾ ഓൺ ഡ്യൂട്ടി, ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ, ഹാലോ, അസാസിൻ ക്രീഡ് തുടങ്ങിയവയെ ആയിരിക്കും നിങ്ങൾക്ക് കൈകാര്യം ചെയ്യേണ്ടിവരിക. അതുകൊണ്ട് ഇത്തരം വലിയ ഗെയിമുകൾ കുട്ടികൾക്ക് സമ്മാനിക്കാതിരിക്കുക. ഈ ഗെയിമുകളിൽ പലതും അക്രമങ്ങൾ നിറഞ്ഞവയാണ്. വലിയ സ്ക്രീനിൽ കളിക്കുന്നതുകൊണ്ടു തന്നെ അവർ ഇതിൽ പൂർണമായി മുഴുകിപ്പോകാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ കളിയിൽനിന്ന് പുറത്തുവരാനോ അവസാനിപ്പിക്കാനോ അവർ അത്ര പെട്ടെന്ന് തയ്യാറായെന്നു വരില്ല. 

നിങ്ങൾക്കു താത്പര്യമില്ലെങ്കിലും കുട്ടികളുടെ ഇഷ്ടമല്ലേ എന്നുകരുതി നിങ്ങൾ വീഡിയോ ഗെയിമുകൾ കളിക്കാൻ അവരെ അനുവദിക്കുന്നു എന്നു കരുതുക. അങ്ങനെയെങ്കിൽ അക്കാര്യത്തിൽ നിങ്ങൾ അവർക്കു മേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ശ്രദ്ധാപൂർവമായിരിക്കണം. കുട്ടികൾക്ക് ഗെയിം കളിക്കാനുള്ള അവസരം രണ്ടുവിധത്തിൽ നൽകാം

പ്രതിഫലം എന്ന രീതിയിൽ- ഒരു മണിക്കൂർ കണക്കു പഠിച്ചാൽ അരമണിക്കൂർ ഗെയിം കളിക്കാൻ അവസരം തരാം എന്ന രീതി മാതാപിതാക്കൾക്ക് നടപ്പാക്കാവുന്നതാണ്. പൂന്തോട്ടത്തിലെ കാര്യങ്ങൾ ചെയ്യൂ അരമണിക്കൂർ കളിക്കൂ. എന്നിങ്ങനെ. നിത്യജീവിതത്തിലെ ചുമതലകൾക്ക് അനുസൃതമായി ക്രിയാത്മകമായ കാര്യങ്ങൾ ചെയ്യാനും അതിനുള്ള പ്രതിഫലമായി ഗെയിം കളിക്കാനുള്ള അവസരവും നൽകാവുന്നതാണ്. 

ഗെയിം കളിക്കാൻ കൃത്യമായ സമയക്രമം ഏർപ്പെടുത്തുക- ഇതാണ് രണ്ടാമത്തെ രീതി.രണ്ടാമത്തെരീതി. ഗെയിമിന്റെ കാര്യത്തിൽ മക്കളുമായി ഒത്തുതീർപ്പ് ആഗ്രഹിക്കാത്ത മാതാപിതാക്കൾക്ക് ഈ രീതി പിന്തുടരാം. ഗെയിം കളിക്കാനുള്ള സമയം കൃത്യമായി എഴുതി തയ്യാറാക്കുകയും അത് വീട്ടിൽ പ്രദർശിപ്പിക്കുകയുമാകാം. ആവശ്യമുള്ളപ്പോൾ ഇത് ചൂണ്ടിക്കാണിക്കുകയുമാകാം.

ഇനി ഇങ്ങനെ ചെയ്യുന്നതു കൊണ്ടുള്ള ഉപകാരം ഇതാണ് ഞാൻ എല്ലാം ചെയ്തുകഴിഞ്ഞു, അരമണിക്കൂർ കളിച്ചോട്ടെ എന്ന് കുട്ടി വന്ന് ചോദിക്കുന്നെന്നിരിക്കട്ടെ. നിങ്ങൾക്ക് ഗെയിമിനായി തയ്യാറാക്കിയ സമയച്ചാർട്ട് ചൂണ്ടിക്കാണിച്ച് ഇങ്ങനെ പ്രതികരിക്കാം. നീ ജോലികൾ പൂർത്തിയാക്കിയെന്നറിഞ്ഞതിൽ സന്തോഷം. പക്ഷേ ഗെയിം വാരാന്ത്യത്തിൽ(നിങ്ങൾ എപ്പോഴാണോ കളിക്കുള്ള സമയം തീരുമാനിച്ചിരിക്കുന്നത്) മാത്രമേ കളിക്കാവൂ എന്നതാണ് നമ്മുടെ നിയമം. അതെന്താ അങ്ങനെ എന്ന കുട്ടി ചോദിച്ചാൽ സമയക്രമത്തിന്റെ ചാർട്ട് ചൂണ്ടിക്കാണിച്ച് അതാണ് നമ്മുടെ നയമെന്നും പറയാം. 

ഇനി നിങ്ങളുടെ നിയന്ത്രണങ്ങൾ കുട്ടികൾ പാലിക്കുന്നില്ലെന്നിരിക്കട്ടെ, അതിന് പരിണിതഫലമുണ്ടാകുമെന്നും കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. ലളിതവും യുക്തിപൂർണവുമായിരിക്കണം ഇത്തരം നിയന്ത്രണങ്ങൾ തെറ്റിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ. 

എന്റെ വീട്ടിലാണെങ്കിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ ഗെയിം കളിക്കാനുള്ള സമയം കുറയ്ക്കുകയാണ് ചെയ്യുന്നത്. ശനിയാഴ്ച രാവിലെ മകളുടെ മുറിയിൽ ചെല്ലുമ്പോൾ അവൾ വീഡിയോ ഗെയിം കളിക്കുകയാണെങ്കിൽ ഞാൻ ചെയ്യുന്നത് ഇങ്ങനെയാണ്. ഞാൻ ഒന്നും പറയില്ല. പകരം കൈനീട്ടും. അവൾ ഐ പാഡ് അതിൽ വെയ്ക്കും. വീഡിയോ ഗെയിം വാരാന്ത്യങ്ങളിൽ മാത്രമാണ് ഞങ്ങളുടെ വീട്ടിൽ അനുവദനീയം. അതിൽ ഒരു ദിവസം നഷ്ടമാവുക എന്നത് വിഷമകരമായ കാര്യമാണ്. അവൾ പിന്നെയും നിയന്ത്രണം തെറ്റിക്കുകയാണെങ്കിൽ പിന്നീട് ആ ആഴ്ച ഗെയിം അനുവദിക്കുകയേ ഇല്ല. അടുത്തആഴ്ച അവസാനം മാത്രമേ പിന്നെ കളിക്കാൻ അനുവദിക്കുകയുള്ളു. 

കുട്ടികളിൽ മാനസികവും ശാരീരികവുമായ ഊർജവും ഉണർവും സമ്മാനിക്കാൻ നല്ല ഉറക്കവും പോഷകാഹാരവുംപോലെത്തന്നെ പ്രധാനമാണ് പ്രകൃതിയുമൊത്തുള്ള സഹവാസവും. തീവ്രതയേറിയതും ദുർഘടവും ലക്ഷ്യംമാത്രം നോക്കി മുന്നേറുന്നതുമായ വീഡിയോ ഗെയിമുകളുടെ നേർ വിപരീതമാണ് വീടിനു പുറത്തെ അന്തരീക്ഷം കുട്ടികൾക്കു സമ്മാനിക്കുന്നത്. കൈകൾകൊണ്ട് നിയന്ത്രിക്കുന്ന ദ്വിമാന ലോകത്തിലേക്ക് മുഴുവൻ ശരീരവും ഉൾപ്പെട്ടു പോകുന്ന അവസ്ഥയാണ് വീഡിയോ ഗെയിമുകൾ സൃഷ്ടിക്കുന്നത്.  മേൽപ്പറഞ്ഞ കാര്യങ്ങൾ നടപ്പാകണമെങ്കിൽ ഏറ്റവും പ്രധാനമായ മറ്റൊരു കാര്യമുണ്ട് സ്ഥിരത(consistency). ഫലപ്രദമായ രക്ഷാകർതൃത്വത്തിന് ഏറ്റവും അനിവാര്യമായ ഘടകമാണ് സ്ഥിരത. രക്ഷാകർത്താവ് എന്ന നിലയിൽ നിങ്ങൾ നൽകുന്ന വാഗ്ദാനങ്ങളും വാക്കുകളും കൃത്യമായി പാലിക്കുകതന്നെ വേണം. 

(ഓണ്‍ലൈന്‍ അധ്യയനസ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)