"കുഞ്ഞുണ്ടായതിനുശേഷവും ജോലി ചെയ്യണമെന്നായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. കാരണം തൊഴിലിൽ ഒരു ഇടവേളവരുത്താൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, മകൾ ജനിച്ചതോടെ കാര്യങ്ങളാകെ തകിടംമറിഞ്ഞു. ഞാൻ ആകെ ചിന്താക്കുഴപ്പത്തിലായി. അവളെ ഉപേക്ഷിച്ച് ജോലിക്കുപോകാൻ എനിക്കു സാധിക്കുമായിരുന്നില്ല. എന്നാൽ എന്റെ മാതാപിതാക്കളുടെ പിന്തുണയും അന്തരിച്ച എന്റെ ഭർത്താവിന്റെ നിർബന്ധവുമാണ് എന്നെ മറിച്ചുചിന്തിക്കാൻ പ്രേരിപ്പിച്ചത്.

ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്; ആറുമാസം പ്രായമുള്ള മകളെ എന്റെ മാതാപിതാക്കളെ ഏൽപ്പിച്ച് ജോലിക്കു പോയ ദിവസം. ആ ഒരു ദിവസം ഒരു വർഷം പോലെയായിരുന്നു എനിക്ക് അനുഭവപ്പെട്ടത്. ഹൃദയത്തിന് കടുത്തഭാരം എനിക്ക് അനുഭവപ്പെട്ടിരുന്നു. ഒന്നിലും ശ്രദ്ധ കേന്ദ്രേീകരിക്കാനും എനിക്കു സാധിച്ചില്ല. പല ജോലികളും പൂർത്തിയാക്കാൻ ശരീരം ആവശ്യപ്പെട്ടപ്പോഴും മനസ്സ് അതിനനുസരിച്ച് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. അവൾ സുരക്ഷിതമായ കരങ്ങളിലാണെന്നുള്ളത് മാത്രമായിരുന്നു ഏക ആശ്വാസം.

ദിവസത്തിൽ കുറച്ചുസമയം തമ്മിൽ അകന്നിരിക്കുക എന്നതിനോട് ക്രമേണ ഞാനും അവളും പൊരുത്തപ്പെട്ടുതുടങ്ങി. സത്യംപറഞ്ഞാൽ ഇഷ്ടമുള്ളതുകൊണ്ടു മാത്രമല്ല ഞാൻ അധ്യാപകവൃത്തി തിരഞ്ഞെടുത്തത്. എന്റെ കുഞ്ഞിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുമെന്ന ഗൂഢോദ്ദേശംകൂടി അതിനു പിന്നിലുണ്ടായിരുന്നു. എന്റെ സമയം കുറച്ച് ആവശ്യപ്പെടുന്നതും അവധിക്കാലം തരുന്നതും സൗകര്യപ്രദമായി അവധിയെടുക്കാൻ സാധിക്കുമെന്നുള്ളതുമൊക്കെയാണ് ഈ ജോലി എന്നതായിരുന്നു എന്റെ ധാരണ.

എന്നാൽ എന്റെ ധാരണകളൊക്കെ തെറ്റായിരുന്നു. എന്റെ തൊഴിൽമേഖല ആകെ മാറി. അത് കൂടുതൽ വെല്ലുവിളികൾ നിറഞ്ഞതായി. അധ്യാപികയിൽനിന്ന് ട്രെയിനറായും പ്രഭാഷകയിൽനിന്ന് വ്യവസായസംരംഭകയായുമൊക്കെയുള്ള മാറ്റം ഒരുപാട് യാത്രകളും മകളിൽനിന്ന് അകന്നുള്ള താമസങ്ങളും ഉൾപ്പെട്ടതായിരുന്നു. ഒരു 'സിംഗിൾ മദർ' ആണെന്നുള്ളതും കാര്യങ്ങൾ കൂടുതൽ ശ്രമകരമാക്കി.

ജീവിതത്തിന്റ ആ ഘട്ടത്തിൽ മകളും ജോലിയും എനിക്ക് ഒരുപോലെ പ്രധാനമായിരുന്നു. എന്നാൽ അന്നെടുത്ത തീരുമാനങ്ങളിൽ ഇന്ന് ഞാൻ ഏറെ സന്തോഷവതിയാണ്. കാരണം ഇന്ന് എനിക്ക് എന്റെതായ വ്യക്തിത്വമുണ്ട്. ഞാൻ എന്താണെന്നുള്ളതിൽ മകൾ എന്നെ ബഹുമാനിക്കുന്നുമുണ്ട്. വീട്ടമ്മയെക്കാൾ രക്ഷാകർത്താവായാണ് അവൾ എന്നെ പരിഗണിക്കുന്നത്. എന്റെ മകളാണെന്നു പറയുന്നതിൽ അവൾക്ക് അഭിമാനമാണ്. എനിക്കുറപ്പാണ് നിങ്ങളിൽ പലരും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാവും എന്ന കാര്യം". 

കുഞ്ഞിനെ ഉപേക്ഷിച്ച് ജോലിക്കു പോകേണ്ടി വരുമ്പോഴും തനിച്ചൊരു യാത്രപോകുമ്പോഴും കടുത്ത കുറ്റബോധത്തിലൂടെ നിങ്ങൾക്ക് സഞ്ചരിക്കേണ്ടതായി വന്നിട്ടുണ്ടാകും. എനിക്ക് നിങ്ങളുടെ വികാരം പൂർണമായും മനസ്സിലാക്കാൻ സാധിക്കും. ജീവിതത്തിൽ ചില തീരുമാനങ്ങളെടുക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. എന്നാൽ അത്തരം തീരുമാനങ്ങൾ പിൽക്കാലത്ത് ഏറെ പ്രയോജനംചെയ്യുന്നവയാണ്.

 ഉപേക്ഷിച്ചുപോവുക എന്നത് നമ്മുടെ ഹൃദയത്തെ കുത്തിനോവിക്കും. എല്ലാം ആകെ തകിടംമറിയുന്നെന്ന തോന്നലുണ്ടാകും. മുറിവുകൾ അവശേഷിപ്പിക്കും. കണ്ണീർ പൊഴിയും. ഹൃദയം നുറുങ്ങും. പക്ഷേ, ഉപേക്ഷിക്കലുകളും വേണ്ടന്നുവയ്ക്കലുകളും ചിലപ്പോഴൊക്കെ നല്ലതാണ്. അവ നമ്മെ കരുത്തുള്ളവരാക്കും. നമ്മളും കുഞ്ഞുങ്ങളും തമ്മിലുള്ള ബന്ധം കരുത്തുള്ളതാക്കും.

നിങ്ങളില്ലാതെയും ജീവിക്കാൻ സാധിക്കുമെന്ന് കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് നല്ലതാണ്. സാധിക്കുമെങ്കിൽ കുഞ്ഞുങ്ങളെ അച്ഛന്മാർക്കൊപ്പം ആക്കി പോകാം. സുരക്ഷിതമായ കരങ്ങളിലാണ് അവരെ ഏൽപ്പിച്ചുപോകുന്നതെന്ന വിശ്വാസം നിങ്ങളിൽ വളരാൻ ഇത് സഹായകമാകും. അത്ര എളുപ്പമായിരിക്കില്ല ഇത്. എങ്കിലും പരിശീലനത്തിലൂടെ ഇത് സ്വായത്തമാക്കാവുന്നതേയുള്ളു. 

ചില നിർദേശങ്ങളിതാ

കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോകുന്നു എന്ന കുറ്റബോധത്തെ ഉപേക്ഷിക്കുക. നമ്മെ അവർക്ക് ആവശ്യമുണ്ടെന്നും നമ്മളില്ലാതെ അവർക്ക് ജീവിക്കാനാകില്ലെന്നുമുള്ള ചിന്ത നിങ്ങളുടെ കുറ്റബോധത്തെ വർധിപ്പിക്കുകയേ ഉള്ളൂ. കുഞ്ഞുങ്ങൾ സാഹചര്യവുമായി പൊരുത്തപ്പെടാൻ സാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ അത്രയ്ക്ക് വിഷമംതോന്നാനിടയില്ല. കൃത്യമായി പറഞ്ഞാൽ നിങ്ങൾ തിരികെയെത്തുമ്പോൾ കുഞ്ഞുങ്ങൾ നിങ്ങൾക്ക് കൂടുതൽ സ്നേഹം സമ്മാനിക്കും.

തിരികെയെത്തുമ്പോൾ നിങ്ങളുടെ ജീവിതത്തോടും നിങ്ങൾക്ക് ഇഷ്ടക്കൂടുതൽ തോന്നും. കുഞ്ഞുങ്ങൾക്ക് പലപ്പോഴും നമ്മെ ആവശ്യമായി വരാറുണ്ട്. അവർ പലപ്പോഴും നമ്മെ മിസ് ചെയ്യും. വേർപിരിഞ്ഞിരിക്കേണ്ടിവരുന്നത് നല്ലതാണങ്കിലും അത് ഏറെ വേദനാജനകവുമാണ്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചുപോവുക എന്ന കുറ്റബോധത്തിൽനിന്നും ആകാംക്ഷയിൽനിന്നും പുറത്തുകടക്കാനായി നിങ്ങൾക്കു ചെയ്യാവുന്നത് അവരെ തനിച്ചാക്കി പോവുക എന്ന തീരുമാനം എടുക്കുകതന്നെയാണ്. 

നമ്മുടേതു പോലൊരു സമൂഹത്തിൽ കുഞ്ഞുങ്ങളെ തനിച്ചാക്കിയുള്ള യാത്രകൾ അമ്മമാർ ഒഴിവാക്കുന്നതിന്റെ പ്രധാനകാരണം, ആ സാഹചര്യം അവർക്ക് കൈകാര്യംചെയ്യാൻ കഴിയാത്തതുകൊണ്ടോ കുഞ്ഞുങ്ങൾ വിഷമിക്കുമെന്നതു കൊണ്ടോ മാത്രമല്ല. അങ്ങനെയൊരു തീരുമാനം എടുക്കേണ്ടിവരുമ്പോൾ ചുറ്റുമുള്ള ആളുകൾ എന്തുപറയുമെന്ന ചിന്തകൊണ്ടുകൂടിയാണ്. തനിച്ചു സഞ്ചരിക്കാൻ തീരുമാനിക്കുന്ന അമ്മമാർക്കുനേരെ പുരികങ്ങൾ ഉയർത്തിയുള്ള നോട്ടങ്ങൾ ഉണ്ടാകും.

അവർ അങ്ങനെ ചെയ്യുന്നത് സ്വാർഥതകൊണ്ടോ തെറ്റായ രക്ഷാകർതൃരീതി കൊണ്ടോ ആണെന്നു വിലയിരുത്തപ്പെടും. ഇത്തരത്തിലുള്ള നിരവധി മോശം അഭിപ്രായപ്രകടനങ്ങൾ എനിക്കു നേരിടേണ്ടിവന്നിട്ടുണ്ട്. അമ്മയുടെ ചുമതലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്ന് പലരും പറഞ്ഞിട്ടുണ്ട്. സ്വാർഥമതിയാണെന്നും യാത്ര ചെയ്യാനായി കുഞ്ഞിനെ മറ്റുള്ളവരെ ഏൽപ്പിക്കരുതെന്നും പലരും പറഞ്ഞിട്ടുണ്ട്.

നിങ്ങളുടെ കുഞ്ഞിന് ഏറ്റവും നല്ലതെന്തെന്ന് തീരുമാനിക്കാൻ സാധിക്കുന്നയാളാണ് നിങ്ങൾ. നിങ്ങൾ കുഞ്ഞുങ്ങളോട് ക്രൂരതയോടെ പെരുമാറുകയല്ല ചെയ്യുന്നത്. ആ സത്യം മനസ്സിലാക്കുക. ഇത്തരം മോശം അഭിപ്രായങ്ങൾക്കു ചെവി കൊടുക്കുന്നത് നിങ്ങളെ വിഷമത്തിലാക്കുകയേ ഉള്ളൂ. പകരം ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

നിങ്ങൾക്ക് നിങ്ങളോടുതന്നെയുള്ള സ്നേഹം- ഇതായിരിക്കണം തനിച്ചു സഞ്ചരിക്കാൻ തീരുമാനിക്കുന്നതിന്റെ ഏറ്റവും പ്രധാനകാരണം. നമുക്കെല്ലാവർക്കും ആവശ്യമായ ഒരു ഗുണമാണിത്. എന്നാൽ പലരും ഇതേക്കുറിച്ച് ചിന്തിക്കുക പോലുമില്ല. അവർ ഇതിനെ സ്വയം വേണ്ടെന്നുവയ്ക്കും. എന്നിട്ട് ചിന്തിക്കും എന്തുകൊണ്ടാണ് എനിക്ക് ഇത്രയേറെ ആകാംക്ഷയും നിരാശയുമുള്ളതെന്ന്. ഒരു കാര്യം മനസ്സിലാക്കുക. നാം നമ്മെത്തന്നെ നന്നായി പരിഗണിക്കുക. എങ്കിൽ മാത്രമേ മറ്റുള്ളവരെ കരുതലോടെ സംരക്ഷിക്കാൻ സാധിക്കു. നമുക്ക് നമ്മോടുതന്നെ ആശയവിനിമയം നടത്താനും സ്വയം മനസ്സിലാക്കാനും സാധിക്കും. ഇത് തനിച്ചുള്ള യാത്രയുടെ മറ്റൊരു ഗുണമാണ്. 

ഇനി നാം സഞ്ചരിക്കുന്നത് മറ്റു കുടുംബാംഗങ്ങൾക്കൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ അല്ലെങ്കിൽ ജീവിതപങ്കാളിക്കൊപ്പമോ ആണെന്നിരിക്കട്ടെ, അവരെ കൂടുതൽ മനസ്സിലാക്കാൻ ഇത്തരം യാത്രകൾ സഹായിക്കും. മാത്രമല്ല, ജീവിതപങ്കാളിക്ക് അമ്മമാരുടെ റോൾ കൈകാര്യം ചെയ്യാനുള്ള ഒരു അവസരംകൂടിയാണ് നിങ്ങളുടെ ഇത്തരം യാത്രകൾ നൽകുന്നത്. സുരക്ഷിതമായ കരങ്ങളിലാണ് കുഞ്ഞുങ്ങളെ ഏൽപിച്ചു പോകുന്നതെന്ന വിശ്വാസം യാത്ര ആസ്വദിക്കാൻ നിങ്ങളെ സഹായിക്കും. 

തനിച്ചൊരു യാത്ര പോകാൻ മക്കൾക്ക് പതിനെട്ടു വയസ്സാകുന്നതു വരെ കാത്തിരിക്കേണ്ട ആവശ്യമില്ല. ജീവിതത്തിലെ ഓരോ ദിവസവും ഓരോ സമ്മാനങ്ങളാണ്. കാര്യങ്ങൾ ഓരോ ദിവസവും മാറ്റിവെച്ചാൽ അത് ഒരിക്കലും നടക്കാൻ പോകുന്നില്ല. ഒരമ്മയെക്കാൾ ഒരുപാടു വലുതാണ് നിങ്ങളുടെ വ്യക്തിത്വം എന്നു മനസ്സിലാക്കുക. സ്വന്തം താത്പര്യങ്ങൾക്കു വില കൊടുക്കുന്നതിലൂടെയും സാഹസികതകൾ ആസ്വദിക്കുന്നതിലൂടെയും കുഞ്ഞുങ്ങൾക്ക് നല്ല മാതൃകകളാകാൻ സാധിക്കും.

തെറ്റും ശരികളുമില്ല. നിങ്ങൾ എന്തു ചെയ്യുമെന്നും എന്ത് ചെയ്യില്ല എന്നതുമേയുള്ളൂ. ലോകം ചെയ്യുന്നതുപോലെയായിരിക്കില്ല നിങ്ങൾ ഒരുകാര്യം ചെയ്യുന്നത്. ഓരോ ദിവസത്തെയും ഒരു സമ്മാനമായി പരിഗണിക്കുക. ഒന്നോർക്കുക, നാളെ നാം ഉണ്ടാകുമോ എന്നതുപോലും നിശ്ചയമുള്ള കാര്യമല്ല. അതുകൊണ്ട് ഇന്ന് ഏറ്റവും നന്നായി ജീവിതം ആസ്വദിക്കുക. ഞാൻ എഴുതിയ കാര്യങ്ങളെക്കുറിച്ച് നിങ്ങൾ ഇപ്പോഴും സംശയത്തോടെയാണ് ചിന്തിക്കുന്നതെന്നിരിക്കട്ടെ, ഒരു കാര്യം നിങ്ങൾ നിങ്ങളോടുതന്നെ ചോദിക്കൂ. മക്കൾ നിങ്ങൾ എങ്ങനെ ഓർമിക്കണമെന്നാണ് ആഗ്രഹിക്കുന്നത്? തനിച്ചാക്കി നിങ്ങൾ യാത്രപോകുമ്പോൾ കുഞ്ഞുങ്ങൾക്കു നൽകേണ്ട പരിശീലനങ്ങളെക്കുറിച്ച് അടുത്ത ലേഖനത്തിൽ. 

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)