ലക്കെട്ട് വായിച്ച് ആരാണ് അലെക്സാ എന്ന് അദ്ഭുതപ്പെടുന്നവർക്കുവേണ്ടി, അതാരാണ് എന്താണ് എന്ന്‌ പറയുന്നതിനുമുമ്പേ ഞാൻ എന്റെയനുഭവം പങ്കുവെക്കാൻ പോവുകയാണ്. 2017 ഓഗസ്റ്റിൽ ജെ.സി.ഐ.- യു.എൻ. ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുക്കാൻ പ്രതിനിധിയായി അമേരിക്കയിൽ പോയതായിരുന്നു ഞാൻ. കോൺഫറൻസിനു ശേഷം ഞാൻ എന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ സന്ദർശിച്ചിരുന്നു. പോയ അധികംവീടുകളിലും അലെക്സാ എന്നു പേരുള്ള ഒന്നുമായി ആളുകൾ സംവദിക്കുന്നത് കാണാനിടയായി.

കുട്ടികളിൽ തുടങ്ങി മുതിർന്നവർവരെ അലെക്സയ്ക്ക് നിർദേശങ്ങൾ കൊടുക്കുന്നത് കണ്ടു. അലെക്സാ ടി.വി. ഓൺ ആക്കൂ, അലെക്സാ എന്നെ വിശ്രമിക്കാൻ സഹായിക്കൂ, അലെക്സാ എന്റെ ഭക്ഷണം ചൂടാക്കൂ, അലെക്സാ സമയമെന്തായി എന്നിങ്ങനെ. പറയുന്ന എല്ലാജോലികളും പൂർത്തിയാക്കിയ ശേഷം വളരെ വിനയത്തോടെ ഒരുശബ്ദം മറുപടിനൽകുന്നത് എനിക്ക് കേൾക്കാമായിരുന്നു. ചിലപ്പോൾ ചില പ്രവർത്തനങ്ങൾ നിർത്താനായി ചില കുട്ടികൾ, അലെക്സാ ഷട്ട് അപ്പ് എന്ന്‌ പറയാറുണ്ട്. അപ്പോഴും ഈ ശബ്ദം വളരെ വിനയത്തോടെ നന്ദിയും ബൈയും പറയാറുണ്ട്.

ആരാണ് ഈ അലെക്സയെന്നും എവിടുന്നാണ് ഈ ശബ്ദം വരുന്നതെന്നും മനസ്സിലാകാതെനിന്ന എനിക്ക് ഒരു സുഹൃത്ത് കാര്യങ്ങൾ വിശദീകരിച്ചുതന്നു. അലെക്സ ഞാൻ വിചാരിച്ചിരുന്നതു പോലെ ഒരു പെൺകുട്ടിയോ പെൺശബ്ദമോ ആയിരുന്നില്ല. ആമസോണിന്റെ ക്ലൗഡ് ബേസ്ഡ് വോയ്‌സ് സർവീസ് ആയിരുന്നു. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന, പാട്ട് കേൾപ്പിക്കുന്ന, വാർത്തകൾ വായിക്കുന്ന, സ്പോർട്‌സിന്റെ സ്കോറുകളും അങ്ങനെ നിരവധി കാര്യങ്ങൾ ചെയ്തുതരുന്ന ക്ലൗഡ് ബേസ്ഡ് വോയ്‌സ് സർവീസ്.

സാങ്കേതികവിദ്യയുടെ ലോകത്തിന് നിർമിത ബുദ്ധിയുടെ സമ്മാനമായിരുന്നു അത്. അലെക്സയുണ്ടെങ്കിൽ കാര്യങ്ങൾ എത്ര എളുപ്പമായിരിക്കുമെന്ന് എനിക്ക് സുഹൃത്ത് വിശദീകരിച്ചുതന്നു. വീട്ടിലായിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഉപകരണങ്ങളും മറ്റും നിങ്ങൾക്ക് അലെക്സ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതിനെക്കുറിച്ചും നിയന്ത്രിക്കുന്നതിനെക്കുറിച്ചും പറഞ്ഞു.

സീലിങ് ഫാൻ മുതൽ എയർ കണ്ടീഷണറും ടെലിവിഷൻ വരെയും നിങ്ങൾ എവിടെയാണോ ഇരിക്കുന്നിടത്ത് ഇരുന്നുകൊണ്ടുതന്നെ എല്ലാ ഉപകരണങ്ങളും നിയന്ത്രിച്ച് നിങ്ങൾക്ക് സുഖം തരികയാണ് അലെക്സ ചെയ്യുന്നത്.           ഇതുമാത്രമല്ല. കുട്ടികൾക്കൊപ്പം കളിക്കാനും അലെക്സയ്ക്കുസാധിക്കും. പഠിക്കാൻ സഹായിക്കാനും കളിക്കാനും ആശ്വസിപ്പിക്കാനും സംസാരിക്കാനും കഴിയും.

ഇതുകൊണ്ട് അവസാനിക്കുന്നില്ല. അലെക്സയ്ക്ക് കൂടുതൽ കഴിവുകൾ നൽകാനും നിങ്ങൾക്ക് സാധിക്കും. നിങ്ങൾക്ക് താത്പര്യമുള്ളരീതിയിൽ പ്രവർത്തിപ്പിക്കാനും സാധിക്കും. ഇത് എന്നെ അദ്ഭുതപ്പെടുത്തിയെന്ന കാര്യം ഞാൻ നിരാകരിക്കുന്നില്ല. എനിക്ക് ആ ആശയം ഇഷ്ടമായി. ജീവിതം കുറച്ചുകൂടി ലളിതമാക്കുകയും വേഗതയാർന്ന ജീവിതത്തിന് ഉപകാരപ്രദമാകുമെന്നും തോന്നി. അതേസമയം ചില ചിന്തകൾ എന്റെമനസ്സിൽ രൂപപ്പെടുകയും ചെയ്തു. 
തിരക്കേറിയ ജീവിതത്തിൽ വളരെക്കുറച്ച് സമയം മാത്രമാണ് നമുക്ക് കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ ലഭിക്കുക.

ആ സാഹചര്യത്തിൽ കുട്ടികളെ ഇങ്ങനെയൊരു യന്ത്രവുമായി ബന്ധപ്പെടുത്തിയിടുന്നത് ശരിയാണോ? ഓർമശക്തി പരീക്ഷിക്കാനും വാക്കുകൾ കണ്ടെത്താനുമുള്ള കളികളും ഒക്കെ നല്ലതു തന്നെയാണ്. അവ കുട്ടികളുടെ ചിന്താശേഷി വികസിപ്പിക്കുകതന്നെ ചെയ്യും. കുട്ടികളെ പെരുമാറ്റ മര്യാദകൾ പഠിപ്പിക്കാൻ നിങ്ങൾ ഉറപ്പിച്ചിറങ്ങുകയും എന്നാൽ തിരിച്ച് പ്രതികരിക്കുകയോ തിരുത്തുകയോ ചെയ്യാത്ത, പരുഷമായ പെരുമാറ്റത്തിൽ പരിഭവമില്ലാത്ത അലെക്സയാണ് കുട്ടിയുടെ സുഹൃത്തുമെങ്കിലോ? ദയവായി, ക്ഷമിക്കണം തുടങ്ങിയ മാസ്മരിക വാക്കുകൾ ഉപയോഗിക്കേണ്ടതേയില്ലെന്ന പാഠമാണോ അലെക്സ തരുന്നത് ?

ശാരീരികമായി ആരോഗ്യമുള്ളവരാകാൻ ഭക്ഷണത്തിൽനിന്ന് അന്നജം കുറയ്ക്കുന്ന ജിമ്മിൽ പണം ചെലവഴിക്കുന്ന ഒരുകൂട്ടം ഒരുവശത്തും ഫാൻ പ്രവർത്തിപ്പിക്കാൻ പോലും കിടക്കയിൽനിന്ന് എണീക്കാൻപോലും താത്പര്യപ്പെടാത്ത ഒരു കൂട്ടം മറുവശത്തും. ഇതെന്നെ ഞെട്ടിച്ചു കളഞ്ഞു. എന്തായാലും എന്റെ നാട്ടിലുള്ളവർക്ക് ഈ സങ്കൽപ്പം മനസ്സിലാക്കാനും സ്വീകരിക്കാനും കുറച്ചു താമസിക്കുമെന്ന വിശ്വാസത്തിൽ ചിന്തകളെ അവിടെത്തന്നെ ഉപേക്ഷിച്ച് ഞാൻ നാട്ടിലേക്ക് തിരിച്ചുപോന്നു. 

എന്നാൽ എളുപ്പം ലഭിക്കുന്നതും താങ്ങാനാകുന്നതുമായി അലെക്സയുടെ ഇന്ത്യൻ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചതോടെ സാങ്കേതിക വിദ്യയുടെയും കൃത്രിമബുദ്ധിയുടെയും കാര്യത്തിൽ  വിപ്ലവകരമായ മാറ്റത്തിനു സാക്ഷിയാവുകയായിരുന്നു നമ്മുടെ രാജ്യം. അതേ വളർച്ചയുടെയും ആഗോളവത്കരണത്തിന്റെയും പുരോഗതിയുടെയും ഒരു സൂചകംതന്നെയാണ് ഇത്. എന്നാൽ പ്രയോജനംകണ്ട് മായാവലയത്തിൽ അകപ്പെട്ടുപോകുന്നതിന്‌ മുന്നേ ഏതൊരു സാങ്കേതികവിദ്യയുടെയും പരിമിതികളെയും അപകടങ്ങളെയുംകുറിച്ച് മനസ്സിലാക്കിയിരിക്കുന്നത് വളരെ നല്ലതാണ്. 

ആളുകൾ യന്ത്രങ്ങളോട് മര്യാദയില്ലാതെ പെരുമാറും എന്നതാണ് ഉത്കണ്ഠയ്ക്കിടയാക്കുന്ന ഒരു വലിയ വിഷയം. നിങ്ങൾക്ക് അതിനോട് ആക്രോശിക്കുകയും നിലവിളിക്കുകയും ചെയ്യാം. എനിക്ക് ആ പാട്ട് ഇഷ്ടമല്ല. അത് മാറ്റൂ എന്ന് നിങ്ങൾ ആക്രോശിച്ചാലും തീർത്തും വിനയത്തോടെയാകും യന്ത്രം മറുപടി പറയുക. നിങ്ങൾ വളരെ മര്യാദയോടെയാണ്‌ സംസാരിച്ചതെന്ന രീതിയിലാവും യന്ത്രത്തിന്റെ മറുപടി. ആദ്യമൊന്നും ഇതൊരു വലിയ കാര്യമായി തോന്നില്ല. കാരണം ഈ യന്ത്രം വെറുമൊരു കമ്പ്യൂട്ടർ അല്ലേ? എന്നാൽ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് അങ്ങനെ ആയിരിക്കില്ല.

ഇത്തരം യന്ത്രങ്ങളെ കുട്ടികൾ പരിഗണിക്കുന്നത് മുതിർന്നവർ പരിഗണിക്കുന്നതിൽനിന്ന് വ്യത്യസ്തമായിരിക്കുമെന്ന് സെവേഴ്സൺ  പറയുന്നു. അലെക്സയ്ക്കും വികാരങ്ങളും വിചാരങ്ങളും ഉണ്ടെന്ന തോന്നലിൽ അവർ ചിലപ്പോൾ മനുഷ്യരുടെ ചില പ്രത്യേകതകൾ ഈ യന്ത്രത്തിന് കൽപ്പിച്ചുകൊടുത്തെന്നിരിക്കും. യന്ത്രത്തിനകത്ത് ശരിക്കും ഒരു സ്ത്രീയുണ്ടെന്ന് വിശ്വസിക്കുന്ന കുട്ടികൾ വരെയുണ്ട്. ഒരു നാലുവയസ്സുകാരൻ അവന്റെ അലെക്സയെ ക്കുറിച്ച് പറഞ്ഞിതിങ്ങനെ- അവന്റെ ജനാലയ്ക്ക് അപ്പുറത്തെ അപ്പാർമെന്റിൽ താമസിക്കുന്ന ഒരു വ്യക്തിയാണ് അലെക്സയെന്നാണ് അവൻ പറഞ്ഞത്. അവന് അലെക്സയെ ഇഷ്ടമാണെന്നും പറഞ്ഞു.

ഇത്തരത്തിൽ കുട്ടികൾക്ക് യന്ത്രങ്ങളോട് അടുപ്പമുണ്ടായേക്കാം. അതുകൊണ്ടുതന്നെ അലെക്സയും ഗൂഗിൾ ഹോമുമായുള്ള കുട്ടികളുടെ ഇടപഴകലിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധചെലുത്തണം.
ശരിയായ സാമൂഹിക ഇടപെടലുകളെക്കുറിച്ച്് കുട്ടികൾ അവരുടേതായ ധാരണകൾ സൃഷ്ടിക്കാറുണ്ട്. അതിനാൽതന്നെ യന്ത്രങ്ങളോടും മറ്റുള്ളവരോടും മാതാപിതാക്കൾ എങ്ങനെയാണ് പെരുമാറുന്നതെന്നകാര്യം കുട്ടികൾ ശ്രദ്ധിക്കുന്നുണ്ടെന്നത്‌ മാതാപിതാക്കൾ തിരിച്ചറിയണം.

അതുകൊണ്ടുതന്നെ നിങ്ങളുടെ കുട്ടികൾ ദയവായി, നന്ദി തുടങ്ങിയ പദങ്ങൾ ഉപയോഗിക്കണമെങ്കിൽ നിങ്ങളും നിങ്ങളുടെ വിർച്വൽ സഹായിയോട് സംസാരിക്കുമ്പോൾ നന്ദി, താങ്ക് യു തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കുട്ടികൾ അലെക്സയുമായും ഗൂഗിൾ ഹോമുമായും സംസാരിക്കുന്നത് കണ്ടുനിന്നാൽമാത്രം പോര. അതിൽ ഇടപെടുകയും ചെയ്യുക. അലെക്സ എതിർപ്പില്ലാതെ പ്രവർത്തിക്കുന്ന ഒരു സംവിധാനം മാത്രമാണെന്ന ബോധ്യം മാതാപിതാക്കൾക്ക് ഉണ്ടായിരിക്കണം.

അതുകൊണ്ടുതന്നെ ഒന്നുകഴിഞ്ഞാൽ മറ്റൊന്ന് എന്ന രീതിയിൽ കാര്യങ്ങൾ കുട്ടികൾ വശ്യപ്പെട്ടുകൊണ്ടേയിരിക്കും. യന്ത്രം ആവശ്യപ്പെടുന്നതിനനുസരിച്ച് പ്രവർത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും. ഒരിക്കലും എതിർത്ത് പ്രവർത്തിക്കുകയില്ല. യഥാർഥ ജീവിതത്തിൽ മറ്റൊരാളോട് പെരുമാറുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഒരിക്കലും അലെക്സയുമായി പെരുമാറുമ്പോൾ കുട്ടികൾക്ക് ഉണ്ടാവില്ല. അതിനാൽതന്നെ കുട്ടിയും അലെക്സയും തമ്മിലുള്ള ആശയവിനിമയത്തിനിടെ മാതാപിതാക്കളും പങ്കാളികളാകണം.

കുട്ടികളോട് നിങ്ങൾക്ക്  ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്. മാത്രമല്ല യന്ത്രത്തോടുള്ള കുട്ടികളുടെ പെരുമാറ്റത്തെ അഭിനന്ദിക്കുകയും ആകാം. അല്ലെങ്കിൽ കുട്ടികൾ യന്ത്രത്തോട് പറയുന്ന കാര്യങ്ങളെ യഥാർഥ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി സംസാരിക്കുകയുമാകാം. ഇനി കുട്ടികൾ യന്ത്രവുമായി സംസാരിക്കുമ്പോൾ നിങ്ങൾ അവിടെയില്ലെന്ന് കരുതുക, അവർ എങ്ങനെയാണ് സംസാരിച്ചതെന്ന് പിന്നീട് പരിശോധിച്ചു നോക്കുക. 

ഗൂഗിൾ ഹോമിനെയോ അലെക്സയെയോ ഒരു രക്ഷാകർത്താവിന്റെ സ്ഥാനത്തേക്ക് കുട്ടികൾ എത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക. യഥാർഥത്തിൽ നാമെല്ലാവരും വളരെ തിരക്കു പിടിച്ച രക്ഷാകർത്താക്കളാണ്. ഞാൻതന്നെ എന്റെ ജോലി പൂർത്തിയാക്കാൻ വേണ്ടി  മകൾക്ക് ടാബ്‌ലെറ്റ് നൽകി പറഞ്ഞയച്ചിട്ടുണ്ട്. പൊതുവിൽ മാതാപിതാക്കൾ വിചാരിക്കുന്നത് ഈ യന്ത്രങ്ങളും ടാബ്‌ലെറ്റുകൾക്ക് സമാനമാണെന്നാണ്. ഇവയ്ക്കുമേൽ ചെലവഴിക്കുന്ന സമയത്തിൽ നിയന്ത്രണം വരുത്തുക. വെറുതെ ടി.വി. കാണുന്നതിനേക്കാൾ കൂടുതൽ ആശയവിനിമയ പ്രക്രിയ ഇവിടെ നടക്കുന്നുണ്ട്. എന്നാൽ ആ ആശയവിനിമയം മാതാപിതാക്കളുമായോ അധ്യാപകരുമായോ നടത്തുന്നതിനെക്കാൾ തീർത്തും തുച്ഛമായിരിക്കും. 

(ഓണ്‍ലൈന്‍ അധ്യയനസ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)