‘‘ചെന്നൈയിലെ വ്യാസർപാടിയിലുള്ള ഒരു ചേരിയിലാണ് ഞാൻ താമസിക്കുന്നത്. വളരെ പാവപ്പെട്ട കുടുംബമാണ് എന്റേത്. ഭർത്താവ് ഓട്ടോഡ്രൈവറാണ്. എട്ടായിരം രൂപയാണ് അദ്ദേഹത്തിന്റെ മാസവരുമാനം. ലെതർബാഗ് ഉണ്ടാക്കുന്ന ഒരു കമ്പനിയിൽ ഞാനും ജോലിക്കുപോകുന്നുണ്ട്. ആറായിരം രൂപയാണ് എനിക്കുകിട്ടുന്ന ശമ്പളം. ഏഴുവർഷംമുമ്പ് വളരെ വലിയ സാമ്പത്തികപ്രതിസന്ധി  കുടുംബത്തിന് നേരിടേണ്ടിവന്നു.

ഒരു ലക്ഷത്തോളം രൂപ ഞങ്ങൾക്ക് കടം വാങ്ങേണ്ടിവന്നു. അതിൽ ഏറെയും ചെലവഴിച്ചത് കുട്ടികളുടെ ഫീസടയ്ക്കാനും മറ്റുമായിരുന്നു. ആ പണം തിരികെക്കൊടുക്കാൻ മാർഗങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അങ്ങനെയിരിക്കെ സറോഗസി ക്ലിനിക്കുകളുടെ ഏജന്റായി പ്രവർത്തിക്കുന്ന ഒരാളെ  കാണാനിടയായി. ഗർഭപാത്രം വാടകയ്ക്കുനൽകുന്നതിലൂടെ വാടക അമ്മയാവുകയാണെങ്കിൽ രണ്ടുലക്ഷം രൂപ സമ്പാദിക്കാനാകുമെന്ന് അയാൾ എന്നോടുപറഞ്ഞു.

വാടക അമ്മമാരാകാൻ സമ്മതിച്ച, അയൽവാസികളായ രണ്ടുസ്ത്രീകളെ എനിക്കറിയാമായിരുന്നു. അങ്ങനെ വാടക അമ്മയാകാൻ ഞാൻ തയ്യാറായി. നാലുകുഞ്ഞുങ്ങളുടെ അമ്മയാണ് ഞാൻ. കുട്ടികളില്ലാത്ത ഒരമ്മയെ സഹായിക്കുകയാണ് ഗർഭപാത്രം വാടകയ്ക്കുനൽകുന്നതിലൂടെ ചെയ്യുന്നതെന്ന വിശ്വാസത്തോടെ  അതിന്‌ സമ്മതിച്ചു. കുട്ടികൾക്ക് ജന്മംനൽകാൻ സാധിക്കാതിരിക്കുന്ന ഒരു അവസ്ഥ എന്റെ മകൾക്കാണ് ഉണ്ടാകുന്നതെങ്കിലോ എന്ന ചിന്ത എന്നെ ഭയപ്പെടുത്തി.

ആ കുഞ്ഞിന്റെ യഥാർഥ അച്ഛനെയും അമ്മയെയും ഞാൻ ഇതുവരെ നേരിട്ടുകണ്ടിട്ടില്ല. അവർ ആരാണെന്ന് ഒരു ധാരണയും എനിക്കില്ല. ഞാൻ അബോധാവസ്ഥയിലായിരുന്നപ്പോഴാണ് കുട്ടിയെ അവർ കൊണ്ടുപോയത്. ഞാൻ ആ കുഞ്ഞിനെ കണ്ടിട്ടു കൂടിയില്ല. വെളുത്ത കുഞ്ഞാണോ അതോ കറുത്ത കുഞ്ഞാണോ അതെന്നുപോലും എനിക്കറിയില്ല. ഇന്ത്യൻ മാതാപിതാക്കളുടെയാണോ അതോ വിദേശികളുടെ കുഞ്ഞാണോ? അത് ആൺകുഞ്ഞായിരുന്നോ  പെൺകുഞ്ഞായിരുന്നോ എന്നുപോലും എനിക്കറിയില്ല.

‘‘നിങ്ങൾ കുഞ്ഞിനെ കണ്ടോ? ആൺകുഞ്ഞായിരുന്നോ അതോ പെൺകുഞ്ഞോ?’’ -ബോധം വന്നപ്പോൾ ഞാൻ എന്റെ ഭർത്താവിനോട് ആദ്യം അന്വേഷിച്ചത് ഇക്കാര്യങ്ങളൊക്കെയായിരുന്നു. ഞാൻ കണ്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതേ ചോദ്യങ്ങൾ ഞാൻ എന്റെ ഡോക്ടറോടും ചോദിച്ചു. അവരും എനിക്ക് ഉത്തരങ്ങൾ നൽകിയില്ല. ‘‘നിങ്ങളൊരു വാടകഅമ്മയാണ്. നിങ്ങൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല’’ -ഡോക്ടർ എന്നോടുപറഞ്ഞു.

പക്ഷേ, എനിക്കറിയണമായിരുന്നു ആ കുഞ്ഞിനെക്കുറിച്ച്‌. അവൻ/അവൾ എവിടെയാണെന്നും എന്തിനാണ് പഠിക്കുന്നതെന്നുമൊക്കെ. കുഞ്ഞിന്‌ ജന്മംനൽകിയശേഷം, മൂന്നുമാസത്തോളം എനിക്ക് ഉറങ്ങാൻ സാധിക്കുമായിരുന്നില്ല. കുഞ്ഞിനെക്കുറിച്ച് ഓർക്കുമ്പോൾ തലപൊട്ടിത്തകരുന്ന വേദനയായിരുന്നു  അനുഭവിച്ചത്. മനസ്സ് ശാന്തമാകാൻ മരുന്നുകഴിക്കേണ്ടിവന്നു. എല്ലാവർഷവും നവംബർ നാലാംതീയതി (അന്നാണ് ഞാൻ ആ കുഞ്ഞിന് ജന്മംനൽകിയത്) ഞാനും കുടുംബവും ആ കുഞ്ഞിന്റെ പിറന്നാൾ ആഘോഷിക്കാറുണ്ട്.

അന്ന് രാവിലെ ഞാൻ ഉപവസിക്കും. പായസമുണ്ടാക്കി വീട്ടിലുള്ളവർക്കും അയൽവാസികൾക്കും നൽകും. അമ്പലത്തിൽപ്പോയി എന്റെ കുഞ്ഞിന്‌ നല്ലതുവരുത്തണേയെന്നും ദീർഘായുസ്സ് നൽകണേയെന്നും പ്രാർഥിക്കും. ആ കുഞ്ഞിനെ കാണാൻ എന്റെ മറ്റു മക്കളെപ്പോലെയാണോ എന്ന്‌ പലപ്പോഴും ആലോചിക്കാറുണ്ട്. ആ കുഞ്ഞിനെ ഒരുവട്ടംകൂടി കാണാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. അതിനായി എന്തുചെയ്യാനും ഞാൻ ഒരുക്കവുമാണ്.

എനിക്കറിയാം അത് എന്റെ കുഞ്ഞല്ലെന്ന്. കണ്ടിരുന്നെങ്കിൽ ആ കുഞ്ഞിനെ വിട്ടുകൊടുക്കില്ലായിരുന്നെന്നും എനിക്കറിയാം. എവിടെയാണെങ്കിലും ആ കുഞ്ഞ് നന്നായിരിക്കണേ എന്നുമാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്’’ -ഒരു വാടക അമ്മ അവരുടെ അനുഭവങ്ങൾ ഒരു വാർത്താചാനലുമായി പങ്കുെവച്ചതാണിത്.

ഇക്കഴിഞ്ഞ ഞായറാഴ്ച (മേയ് 14) ലോകമെമ്പാടുമുള്ള അമ്മമാർ ആദരിക്കപ്പെടുകയും അവരുടെ കുട്ടികൾക്കൊപ്പം മാതൃദിനം ആഘോഷിക്കുകയുമായിരുന്നു. സ്വന്തം കുഞ്ഞുങ്ങൾ കളിക്കുന്നതും വളരുന്നതും നേരിൽക്കാണാൻ ഭാഗ്യമുള്ളവരാണ് അതിൽ ബഹുഭൂരിപക്ഷവും. എന്നാൽ, ചില അമ്മമാരുണ്ട്, ജന്മം നൽകിയിട്ടും വളർത്താൻ സാധിക്കാതെ പോയവർ, വളർത്താൻ കഴിയില്ലെന്ന് അറിയുന്നവർ. പിറന്നുവീഴുമ്പോൾത്തന്നെ തന്റെ അരികിൽനിന്ന് എടുത്തുമാറ്റുമെന്ന ഭയത്തോടെ ഒമ്പതുമാസം കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നവർ.

ആ ഒമ്പതുമാസം അവസാനിക്കരുതേയെന്നാവും അവർ ആഗ്രഹിക്കുന്നത്. ജന്മം നൽകിയത് ആൺകുഞ്ഞിനാണോ പെൺകുഞ്ഞിനാണോ എന്നറിയാൻ അവർ കൊതിക്കുന്നുണ്ടാവും. ആരോഗ്യത്തോടെയും സന്തോഷത്തോടെയും ആ കുഞ്ഞ് ജീവിക്കുന്നുണ്ടെന്നറിയാൻ ആ അമ്മമാരുടെ മനസ്സ് എപ്പോഴും ആഗ്രഹിക്കുന്നുമുണ്ടാകും. അതെ, ഞാൻ സംസാരിക്കുന്നത് വാടക അമ്മമാരെക്കുറിച്ചാണ്.

ഗർഭപാത്രം വാടകയ്ക്ക് നൽകിയതിന്റെ പേരിൽ നാം സംശയദൃഷ്ടിയാടെ നോക്കുന്ന, അവരുടെ സ്വഭാവം ശരിയല്ലെന്ന മുൻവിധിയോടെ സംസാരിക്കുന്ന വാടകഅമ്മമാരെക്കുറിച്ച്. മറ്റൊരാളുടെ ജീവിതത്തിൽ സന്തോഷംനിറയ്ക്കാൻ സ്വന്തം ഗർഭപാത്രം വാടകയ്ക്ക് നൽകിയവരാണ് ഈ അമ്മമാർ. ഈ അമ്മമാർക്ക് അഭിനന്ദനമർപ്പിച്ചുകൊണ്ടുള്ളതാണ് ഈ ആഴ്ചയിലെ ലേഖനം.

മുമ്പത്തെ ആഴ്ചകളിലെപ്പോലെ നുറുങ്ങുവിദ്യകളും നിർദേശങ്ങളും ഇക്കുറി ചേർത്തിട്ടില്ല. ഒരു വാടകഅമ്മ കടന്നുപോകേണ്ടി വരുന്ന മാനസികാവസ്ഥയെക്കുറിച്ച് നിങ്ങളെ ബോധ്യപ്പെടുത്താനാണ് ഞാൻ ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്. അവരുടെ അവസ്ഥ നാം മനസ്സിലാക്കുകയും സമൂഹത്തിലെ ഏതൊരുവ്യക്തിക്കും നൽകുന്ന ബഹുമാനത്തോടെ നാം പെരുമാറുകയും വേണം. കാരണം ആ ബഹുമാനം അവർ തീർച്ചയായും അംഗീകരിക്കുന്നുണ്ട്.

വാടകഗർഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യ. വാണിജ്യാടിസ്ഥാനത്തിലുള്ള വാടകഗർഭധാരണം 2002 മുതൽ നിയമവിധേയമായതാണ് ഇതിന്റെ കാരണം. നിയമവശങ്ങൾ വ്യക്തമല്ലാത്തതിനാൽ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ ചില നിർദേശങ്ങൾ അനുസരിച്ച് വാടകഗർഭധാരണം നടക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും പണത്തിന് ആവശ്യമുള്ളവരുമായ സ്ത്രീകൾ വാടകഅമ്മമാരാകാൻ തയ്യാറാകുമ്പോൾ പലപ്പോഴും വഞ്ചിതരാകാറുമുണ്ട്.

ആശ്ചര്യമെന്നുപറയട്ടെ, ലോകത്തെ ആദ്യ ബേബി ഫാക്ടറി(വിദേശികളായ ദമ്പതിമാർക്കുവേണ്ടി വാടകഅമ്മമാരെ കണ്ടെത്തുകയും അവരെ താമസിപ്പിക്കുകയും ചെയ്യുന്നിടം) സ്ഥാപിതമായ രാജ്യം ഇന്ത്യയാണത്രെ. രാജ്യത്തെ പ്രശസ്തമായ സറോഗസി ആസ്പത്രികളിലൊന്നിൽ 45 വാടകഅമ്മമാരുണ്ടത്രെ. ഇതിൽ 27 പേർ ഗർഭിണികളാണ്. കഴിഞ്ഞവർഷം വാടകഗർഭപാത്രത്തിലൂടെ അമ്പതോളം കുഞ്ഞുങ്ങളാണ് പിറന്നത്. നൂറ്റമ്പതോളം ദമ്പതിമാരാണ് കുഞ്ഞിനായി ഇനിയും കാത്തിരിക്കുന്നത്.

വിദേശരാജ്യങ്ങളിൽ 5000-7000 ഡോളറാണ് വാടകഅമ്മമാരാകാൻ സ്ത്രീകൾ ആവശ്യപ്പെടുന്നത്. ഇതിന്റെ പാതി ചെലവുമാത്രമേ ഇന്ത്യയിൽ വരുന്നുള്ളൂ. നിത്യജോലിയിൽനിന്ന് നൂറുരൂപയിൽ കൂടുതൽ വരുമാനം ലഭിക്കുമെന്ന് സ്വപ്നംപോലും കാണാൻ സാധിക്കാത്ത പാവപ്പെട്ട സ്ത്രീകൾ അങ്ങനെ വഞ്ചിതരാകുന്നു. കുടുംബാംഗങ്ങളുടെയോ ഏജന്റുമാരുടെയോ സമ്മർദത്തിനും ഭീഷണിക്കും വഴങ്ങിയാണ് പല സ്ത്രീകളും വാടകഗർഭധാരണത്തിന് തയ്യാറാകുന്നത്.

സ്വപ്നം കാണാൻ സാധിക്കുന്നതിനെക്കാൾ കൂടുതൽ പണം വാടകഅമ്മമാർക്ക് ലഭിക്കുന്നു എന്നത് സത്യമാണ്. എന്നാൽ മാനസികവും ശാരീരികവുമായി ചൂഷണത്തിന് വിധേയരാകുന്നുവെന്ന കാര്യം മറന്നുകൂടാ. വാടകഗർഭധാരണത്തിന് കൃത്യമായ നിയമനിർദേശങ്ങളും ബോധവത്കരണവും നൽകണം. നിർബന്ധങ്ങൾക്കു വഴങ്ങിയാവരുത് ഒരു സ്ത്രീ വാടകഅമ്മയാകേണ്ടത്. അവളുടെ പൂർണസമ്മതത്തോടെയാകണം.

വാടകഅമ്മമാരുടെ മാനസികവും വൈകാരികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്താൻ ആ സ്ത്രീയുടെ കുടുംബാംഗങ്ങളും അവരിൽ നിന്ന് കുട്ടിയെ സ്വീകരിക്കാനൊരുങ്ങുന്ന ദമ്പതിമാരും തയ്യാറാകണം. അതിനുള്ള ചില നിർദേശങ്ങളിതാ.

അമ്മയെ മാനസികമായി തയ്യാറാക്കുക

ജന്മം നൽകിയ കുഞ്ഞിനെ വിട്ടുകൊടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും കരാറിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രകാരം കുഞ്ഞിനെ വിട്ടുകൊടുത്തേ മതിയാകൂ. അതിന് വാടകഅമ്മയാകാൻ സമ്മതിച്ച സ്ത്രീയെ മാനസികമായി തയ്യാറാക്കുക. ചിലപ്പോൾ കുഞ്ഞിനെ കാണാൻ സാധിച്ചേക്കാം ചിലപ്പോൾ സാധിച്ചില്ലെന്നും വരാം.

ഏത് സാഹചര്യമാണെങ്കിലും അതിനെ നേരിടാൻ അമ്മയെ മാനസികമായി തയ്യാറാക്കുക, അതിനുള്ള പിന്തുണ നൽകുക. കരാറിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വാടകഅമ്മയുടെ അഭിപ്രായംകൂടി തേടുക. അവ ഉൾപ്പെടുത്തുക.

ഏത് മാർഗത്തിലൂടെയാണ് ഗർഭം ധരിക്കുന്നതെന്നും എത്ര ബീജമാണ് നിക്ഷേപിക്കുന്നതെന്നും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്് വാടകഅമ്മയ്ക്ക് പറഞ്ഞുകൊടുക്കുക.

വാടകഗർഭധാരണത്തെക്കുറിച്ച് ഓരോരുത്തർക്കും ഓരോ തരത്തിലുള്ള അഭിപ്രായമായിരിക്കും ഉണ്ടാവുക. അതിലേറെയും മോശമായിരിക്കുമെന്നും മനസ്സിലാക്കുക. ചിലർ പറയും ആ അതുകൊള്ളാമെന്ന്. ഇനി മറ്റുചിലർ പറയും ദൈവത്തിന്റെ ഓരോ കളികളെന്ന്. കുട്ടിയെ വിറ്റുവെന്ന കുറ്റപ്പെടുത്തലും ചിലപ്പോൾ കേൾക്കേണ്ടി വന്നേക്കാം. വാടകഅമ്മയുടെ മാതൃത്വം എന്ന വികാരത്തെ അധികം പേർക്കും മനസ്സിലാക്കാനാകില്ല.

അതുകൊണ്ടുതന്നെ മനസ്സിലാക്കാൻ സാധിക്കുന്ന ആളുകളുമായി സംസാരിക്കുക. അവരിൽനിന്ന് അഭിപ്രായങ്ങൾ തേടുക.മാതൃത്വം ഒരു സ്ത്രീയിലേക്ക് എങ്ങനെ എത്തിച്ചേര്‍ന്നു എന്നതിനെ കുറിച്ചല്ല ചിന്തിക്കേണ്ടത്. ശരിയാംവിധം നിര്‍വഹിക്കുമ്പോള്‍ അത് സൃഷ്ടിക്കുന്ന അദ്ഭുതങ്ങളെ കുറിച്ചാണ്. അമൂല്യവും മനോഹരവും അതുല്യവുമായ ഒന്നിന് ജന്മം നല്‍കാന്‍ ശ്രമിക്കുമ്പോള്‍, ഒരുപക്ഷെ സഹാനുഭൂതിയുള്ള മറ്റൊരു ഹൃദയത്തിന്റെ സഹായം ആവശ്യമായി വന്നേക്കാം.

(ഓൺലൈൻ  അധ്യയന സ്ഥാപനമായ ലേണിങ്‌  അരീനയുടെ  സി.ഇ.ഒ. ആണ്‌ ലേഖിക)