‘കുട്ടിയും നിങ്ങളും തമ്മിലുള്ള ജൈവികമായ ബന്ധത്തിനാണ് രക്ഷാകർതൃത്വം നിർവചിക്കുന്നതിൽ ഏറ്റവുംകുറഞ്ഞ പ്രാധാന്യമുള്ളത്.’ ‘രക്ഷാകർത്താവാകാൻ ആവശ്യം സ്നേഹമാണ് അല്ലാതെ ഡി.എൻ.എ.യല്ല.’ വായിക്കാനും കേൾക്കാനും ഇമ്പമുള്ള വാക്യങ്ങളാണ് ഇവ. എന്നാൽ യഥാർഥജീവിതത്തിൽ ഇത് കുറച്ച്‌ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം വാക്കുകൾക്ക് പുറത്താണല്ലോ ജീവിതം. രണ്ടാം എന്ന മലയാള പദം അല്ലെങ്കിൽ നാലക്ഷരം ചേർന്ന സ്റ്റെപ് എന്ന ഇംഗ്ലീഷ് വാക്ക്‌, ഇവ അച്ഛൻ/അമ്മ വാക്കുകൾക്കൊപ്പം ചേരുമ്പോൾ കൂട്ടിച്ചേർക്കപ്പെടുന്ന വാക്കിന്റെതന്നെ അർഥത്തെ വ്യത്യാസപ്പെടുത്തുന്നതായി കാണാം.

ഈ വിശേഷണം ചേർക്കപ്പെടുന്ന അച്ഛനെയും അമ്മയെയും മുൻധാരണയോടെയാവും കൂടുതൽ ആളുകളും വിലയിരുത്തുക. ജീവിതത്തിലെ ഏതു സാഹചര്യത്തിലും ഇവരുടെ സ്നേഹവും ആത്മാർഥതയും ചോദ്യംചെയ്യപ്പെടാനും ഇടയുണ്ട്. നമ്മളിൽ അധികംപേരും കേട്ടുവളർന്നിരിക്കുന്ന കഥകൾ ക്രൂരയായ രണ്ടാനമ്മമാരെ കുറിച്ചുള്ളവയാണ്. എന്നാൽ രണ്ടാനച്ഛന്മാരും രണ്ടാനമ്മമാരും കഠിനഹൃദയരാണോ? സ്വന്തം രക്തത്തിൽ പിറക്കാത്ത കുഞ്ഞുങ്ങളെ അവർക്ക് സ്നേഹിക്കാൻ കഴിയില്ലേ? എന്നാൽ രണ്ടാനച്ഛന്മാരും രണ്ടാനമ്മമാരും വില്ലന്മാരാകുന്നതിനേക്കാൾ ഇരകളാക്കപ്പെടുകയാണെന്ന കാര്യം അറിയുന്നത് നിങ്ങളെ അദ്ഭുതപ്പെടുത്തിയേക്കും.

രണ്ടാനച്ഛനോ രണ്ടാനമ്മയോ ആവുക അത്ര എളുപ്പമുള്ള കാര്യമല്ല

ഒരു മിനിറ്റ്‌ അവരുടെ (രണ്ടാനച്ഛന്മാരുടെയും രണ്ടാനമ്മമാരുടെയും) സ്ഥാനത്ത് നിങ്ങളെ സങ്കൽപ്പിച്ചുനോക്കുക. കുടുംബമെന്ന സന്തോഷകരമായ വൃത്തത്തിൽ ഇടംകണ്ടെത്തേണ്ടിവരുന്ന, ശ്രമിക്കുന്ന അപരിചതരാണ് അവർ. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. നിലവിൽ പ്രചാരത്തിലുള്ള മുൻധാരണകളോടും അപവാദങ്ങളോടും കെട്ടുകഥകളോടും ഇവർക്ക് പൊരുതേണ്ടതായിവരും. രക്തബന്ധം പുലർത്തുന്നില്ലെങ്കിലും മികച്ച അച്ഛനോ അമ്മയോ ആണെന്നു തെളിയിക്കേണ്ടിവരും. 

ജന്മംകൊടുത്ത രക്ഷാകർത്താക്കൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും അധികാരവും ആസ്വദിക്കാൻ അനുവാദമില്ലാത്തവരും എന്നാൽ ഉത്തരവാദിത്വങ്ങളും ചുമതലകളും നിറവേറ്റപ്പെടേണ്ടിവരുന്നവരുമാണ് രണ്ടാനച്ഛന്മാരും രണ്ടാനമ്മമാരും. രണ്ടാനമ്മയാണ് അല്ലെങ്കിൽ രണ്ടാനച്ഛനാണ് അവരെന്ന ഓർമപ്പെടുത്തൽ മക്കളിൽനിന്നും ജീവിതപങ്കാളികളിൽനിന്നും ഇവർക്ക് നേരിടേണ്ടിയും വരാറുണ്ട്. ഇത്തരം ഓർമപ്പെടുത്തലുകൾ ചിലപ്പോൾ തമാശരൂപേണയുള്ളവയായിരിക്കാം. ചിലപ്പോൾ അങ്ങനെ അല്ലാതെയുമിരിക്കാം.

മറ്റുള്ളവരുടെ കർശന നിരീക്ഷണങ്ങളും ഇവർക്കുനേരേയുണ്ടാകും. സാധാരണ മാതാപിതാക്കൾ ചെയ്യുന്ന തെറ്റുകൾ രണ്ടാനച്ഛനോ രണ്ടാനമ്മയോ ചെയ്താൽ അത് മഹാപാതകങ്ങളായി മാറും. ഇവയൊക്കെ കൊണ്ടുതന്നെ രണ്ടാനമ്മമാരും രണ്ടാനച്ഛന്മാരും ആകുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. 

രണ്ടാം രക്ഷാകർത്താവായി വരുന്നയാൾക്ക് ജീവിതപങ്കാളിയുടെ പിന്തുണ വളരെ അത്യാവശ്യമാണ്. രക്ഷാകർത്താവെന്ന രീതിയിലുള്ള ചുമതലകൾ നിർവഹിക്കാൻ ജീവിതപങ്കാളി സഹായിക്കാതിരിക്കുന്നത് രണ്ടാനച്ഛനെയും രണ്ടാനമ്മയെയും ബുദ്ധിമുട്ടിലാക്കും. കുട്ടികൾക്ക് ഇവരെ ഉൾക്കൊള്ളാൻ സാധിക്കാതെവരാനും ഇടയുണ്ട്. 

സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞ് അല്ലാത്തതുകൊണ്ടുതന്നെ തനിക്ക് രണ്ടാംകിടയിലുള്ള അച്ഛനോ അമ്മയോ ആകുവാനേ അധികാരമുള്ളു എന്ന ചിന്ത രണ്ടാനച്ഛന്മാരും രണ്ടാനമ്മമാരും കളയുക. കേവലം ബീജത്തിന്റെയും അണ്ഡത്തിന്റെയും സംയോഗത്തെക്കാൾ വലുതാണ് രക്ഷാകർതൃത്വം. മാതാപിതാക്കളായിരിക്കുക എന്നത് ജീവിതകകാലം മുഴുവൻ  നീണ്ടുനിൽക്കുന്ന ചുമതലയാണ്. അതുകൊണ്ടുതന്നെ മാതാപിതാക്കൾ എന്ന നിലയിലുള്ള ചുമതലകൾ മാത്രമല്ല അധികാരവും നിങ്ങൾക്കുണ്ടെന്നു മനസ്സിലാക്കുക. 

സാധാരണയായി ഉണ്ടാകാവുന്ന അബദ്ധങ്ങൾ

നല്ല മാതാപിതാക്കളാകാനും കുടുംബത്തിന്റെയും കുട്ടികളുടെയും പ്രിയപ്പെട്ടവരാകാനും രണ്ടാനമ്മമാരും രണ്ടാനച്ഛന്മാരും തിടുക്കംകാണിക്കുക പതിവാണ്. നല്ല രക്ഷിതാക്കളാകുന്നതിൽ പിന്നിലാകുമോ എന്ന ചിന്ത ചില അബദ്ധങ്ങൾക്ക് വഴിവയ്ക്കും. അതായത് ഇവർ രക്ഷാകർതൃത്വത്തിന്റെ ഭാഗമായി കുഞ്ഞുങ്ങൾക്കുമേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ കുട്ടികൾക്ക് അംഗീകരിക്കാൻ കഴിയണമെന്നില്ല.

പുത്തൻ നിയന്ത്രണങ്ങളോട്‌ പൊരുത്തപ്പെടാൻ കുട്ടികൾക്കു വളരെ പെട്ടെന്നു കഴിഞ്ഞെന്നുവരില്ല. പഴയവ നൽകുന്ന സുരക്ഷിതത്വത്തിലേക്കും അടുപ്പത്തിലേക്കും കുട്ടികൾ പോകാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ മിതത്വവും നിയന്ത്രണവും പാലിക്കുക. 

വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ

ദേഷ്യമോ അമർഷമോ ഉണ്ടെങ്കിൽ നിശ്ശബ്ദത പാലിക്കുന്നതിനുപകരം രണ്ടാനച്ഛന്മാരും രണ്ടാനമ്മമാരും അക്കാര്യം തുറന്നുപറയുക. നിങ്ങൾ നിറവേറ്റുന്ന ചുമതലകളെക്കുറിച്ച് കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തേണ്ടതും ചിലപ്പോഴൊക്കെ അത്യാവശ്യമാണ്. കുടുംബങ്ങൾ കാലങ്ങളായി പിന്തുടരുന്ന ചില പെരുമാറ്റക്രമങ്ങളുണ്ടായിരിക്കും. അവയിൽ ചിലതൊക്കെ ചിലപ്പോൾ കുടുംബാംഗങ്ങളിൽ ആരെയെങ്കിലും വേദനിപ്പിക്കുന്നതുമായേക്കാം. രണ്ടാനച്ഛനോ രണ്ടാനമ്മയോ പുതുതായി കുടുംബത്തിലേക്ക് കടന്നുവരുമ്പോൾ അവർക്ക് ഇത്തരം അപമര്യാദകൾ വളരെ പെട്ടെന്ന് തിരിച്ചറിയാനാകും. അത് മറ്റു കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരിക. 

കുടുംബാംഗങ്ങൾ തമ്മിൽ വികാരങ്ങൾ പങ്കുവയ്ക്കുക എന്നത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. ഓരോരുത്തർക്കും എന്താണ് ഇഷ്ടമുള്ള കാര്യമെന്ന് മറ്റു കുടുംബാംഗങ്ങൾ അറിഞ്ഞിരിക്കുക. മറ്റുള്ളവർ തനിക്ക് വില കല്പിക്കുന്നു എന്നു കേൾക്കാനാകും ചിലർക്ക് ഇഷ്ടം. ഉത്തരവാദിത്വങ്ങൾ പങ്കുവെച്ചും ജോലികൾ വിഭജിച്ചെടുത്തും ഇഷ്ടം പ്രകടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാകും മറ്റുചിലർ. ഈ രണ്ടുകാര്യവും നിങ്ങൾ പറയാതെ മറ്റുള്ളവർക്ക് അറിയാൻ സാധിക്കണമെന്നില്ല. അതുകൊണ്ടുതന്നെ രണ്ടാനച്ഛന്മാരും രണ്ടാനമ്മമാരും മറ്റു കുടുംബാംഗങ്ങളും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും തുറന്നുപറയുക. 

തനിക്കും കുടുംബത്തിനും നന്മ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ ഭാവിയിൽ എന്തുസംഭവിക്കുമെന്ന് നമുക്കാർക്കും പ്രവചിക്കുക സാധ്യമല്ല. അതുകൊണ്ട് എന്തുവന്നാലും അതിനെ തുറന്ന മനസ്സോടെ സ്വീകരിക്കാനും നാം തയ്യാറാക്കിവെച്ചിരിക്കുന്ന പദ്ധതികളിൽ മാറ്റംവരുത്താനും തയ്യാറാകുക. സാധ്യതകളെ പരിഗണിക്കുമ്പോൾ ജീവിതത്തിൽ സന്തോഷം കടന്നുവരും. എന്നാൽ വലിയ പ്രതീക്ഷകളെ ഉപേക്ഷിച്ച് ജീവിതത്തെ അതിന്റെതായ രീതിയിൽ സ്വീകരിച്ചാൽ മധുരം കൂടും. 

രക്ഷാകർതൃത്വവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്ക് ബുദ്ധിമുട്ടുകളുണ്ടാവുക സാധാരണമാണ്. പക്ഷേ, നിങ്ങൾ രണ്ടാനച്ഛനോ രണ്ടാനമ്മയോ ആണെങ്കിൽ ഈ ബുദ്ധിമുട്ടിന് കാഠിന്യം ഏറും. നിങ്ങളുടെ സ്വന്തം രക്തത്തിൽ പിറന്ന കുട്ടിയല്ല എന്ന കാരണമാണ് ഈ കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. കുടുംബത്തിനുള്ളിലും ഇത് പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. കുട്ടികളുമായോ പങ്കാളികളുമായോ അസ്വാരസ്യങ്ങളും ഉണ്ടാകാനിടയുണ്ട്. രണ്ടാനച്ഛൻ/രണ്ടാനമ്മ എന്ന നിലയിൽ നേരിടുന്ന പ്രശ്നങ്ങളെ എങ്ങനെ അതിജീവിക്കാമെന്നതിനുള്ള നിർദേശങ്ങൾ അടുത്ത ലേഖനത്തിൽ.

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)