കുട്ടികളുടെ വളർച്ചാകാലഘട്ടങ്ങളിൽ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ അധികം മാതാപിതാക്കൾക്കും നേരിടേണ്ടിവന്നിട്ടുള്ള ഒന്നാവും അവരിലെ പെരുമാറ്റവൈകല്യങ്ങൾ. അനുസരണക്കേട്, തർക്കുത്തരം പറച്ചിൽ, നശീകരണപ്രവണത, മാറിമറിയുന്ന ഭാവങ്ങൾ, പ്രതിരോധം, ഉത്തരവാദിത്വമില്ലായ്മ അങ്ങനെപോകുന്നു പട്ടിക. ഓരോ രക്ഷിതാവിനും പറയാനുണ്ടാവുക അവരുടെ കുട്ടിയിൽ കാണപ്പെടുന്ന പ്രത്യേക പ്രശ്നങ്ങളെക്കുറിച്ചാകും. രക്ഷിതാക്കളാകാൻ പോകുന്നു എന്നറിയുന്ന നിമിഷംമുതൽതന്നെ ലോകത്തിലെ ഏറ്റവും നല്ല മാതാപിതാക്കളാകാനുള്ള ശ്രമത്തിലായിരിക്കും നമ്മൾ. എന്നാൽ, രക്ഷാകർതൃത്വത്തിലെ ഈ വെല്ലുവിളികളെ നേരിട്ടുതുടങ്ങുന്നതോടെ കഥ മാറും.

ഈയടുത്ത് മാധ്യമങ്ങളിൽവന്ന ഞെട്ടലുണ്ടാക്കുന്ന ഒരു വാർത്ത ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുകയാണ്. നഗരത്തിലെ പ്രശസ്തമായ ഒരു കോളേജിലെ വിദ്യാർഥികൾ സഹപാഠിയുടെ പിറന്നാളാഘോഷിക്കാൻ പോയി. പിറന്നാളുകാരനെ മരത്തിൽ കെട്ടിയിട്ടശേഷം അറവുമാലിന്യങ്ങൾ അവനുനേർക്ക് വലിച്ചെറിയുന്നതുമുതൽ ഗ്രീസും മറ്റ് മാലിന്യംകലർന്ന എണ്ണകളും അവനുമേൽ പുരട്ടുകയും ചെയ്തു. പിന്നീട് പോലീസ് ഇടപെട്ട് കാര്യങ്ങൾ പരിഹരിക്കുകയായിരുന്നു. എന്നാൽ, ഈ സംഭവം നമ്മുടെ മനസ്സിൽ ചില ചോദ്യങ്ങളും ചിന്തകളും അവശേഷിപ്പിക്കും.

ഇതൊരു സംഭവമാണ്. ഇതുപോലെ ആഘോഷത്തിന്റെ പേരിൽ കുട്ടികൾ വിചിത്രമായ കാര്യങ്ങൾ ചെയ്തുകൂട്ടുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകാറുണ്ട്. എന്തുതരത്തിലുള്ള ആനന്ദമാകും കുട്ടികൾ ഇതിലൂടെ തിരയുന്നുണ്ടാവുക? എങ്ങനെയാണ് അവർ മറ്റുള്ളവരെ പരിഗണിക്കുന്നതും ആളുകളുമായി ഇടപഴകുന്നതും? ജീവിതത്തെക്കുറിച്ച് മഹത്തായ ഒരു ലക്ഷ്യമോ വിശ്വാസമോ നമ്മുടെ കുഞ്ഞുങ്ങൾക്കുണ്ടോ? നാം രക്ഷാകർതൃത്വത്തിൽ എവിടെങ്കിലും പരാജയപ്പെട്ടോ?

ആത്മബോധമുള്ളവരും സ്വന്തം കഴിവുകളെക്കുറിച്ച് ധാരണയുള്ളവരും ആനന്ദം ഉള്ളിൽനിന്ന് കണ്ടെത്താൻ സാധിക്കുന്നവരുമായി കുട്ടികളെ വളർത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ആളുകളുമായി നല്ലരീതിയിൽ ഇടപെടാനും പെരുമാറാനും അവരെ പഠിപ്പിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണെന്നാണ് ഞാൻ വിചാരിക്കുന്നത്. കുട്ടികളിൽ കാണപ്പെടുന്ന പെരുമാറ്റവൈകല്യങ്ങളെ വലിയൊരളവിൽ ഇല്ലാതാക്കാൻ ഇവ സഹായിക്കും. കുട്ടികളുടെ മനസ്സിൽ ആത്മീയതയ്ക്ക് ഇടംകൊടുക്കുന്നതിലൂടെ ഇത് സാധ്യമാകും.

ഞാൻ ആത്മീയത എന്നതുകൊണ്ട് ഉദ്ദേശിച്ചത് മതത്തിൽനിന്നും മതാചാരത്തിൽനിന്നും വ്യത്യസ്തമായ ഒന്നിനെയാണ്. മതാചാരങ്ങൾക്ക് ഒരു ബദൽ എന്നനിലയിലോ അല്ലെങ്കിൽ പകരംവയ്ക്കാനോ ഉള്ള ഒന്നല്ല ആത്മീയത (നേരേ തിരിച്ചും) എന്ന് ശക്തമായി വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. കുട്ടികളുടെയോ അല്ലെങ്കിൽ വ്യക്തിയുടെയോ മതപരമായ വിശ്വാസത്തെയും ശാരീരികവും മാനസികവും സാമൂഹികവുമായ വളർച്ചയെയും സഹായിക്കേണ്ട ഒന്നാണ് ആത്മീയത. 

മറ്റുള്ളവരോട് അനുകമ്പയുണ്ടാക്കാനും ബഹുമാനത്തോടെ പെരുമാറാൻ പഠിപ്പിക്കുകയും അവരിൽ ജീവിതത്തെക്കുറിച്ച് വിശ്വാസവും ലക്ഷ്യവും വളർത്തുകയുമാണ് ചെയ്യുന്നത്. കുട്ടികൾ ചെറുപ്പമായിരിക്കുമ്പോൾ പഠിപ്പിച്ചുകൊടുക്കുക അത്ര എളുപ്പമായെന്നുവരില്ലെങ്കിലും എത്ര നേരത്തേ ആത്മീയതയുടെ അടിത്തറ കുട്ടികളുടെ മനസ്സിൽ പാകുന്നുവോ അത്രയും നന്നായിരിക്കും. എങ്ങനെയാണ് ഇത് നിങ്ങൾക്ക് പ്രാവർത്തികമാക്കാൻ സാധിക്കുക?

സ്നേഹവും കരുതലും നൽകുന്ന ഉന്നതമായ ഒരു ശക്തിയോട് നാം ചേർത്തുനിർത്തപ്പെട്ടിരിക്കുന്നു എന്ന ആത്മബോധമാണ് ആത്മീയതയുടെ അടിസ്ഥാനം. ഈ ഉന്നതശക്തിക്ക് നാം നൽകുന്ന പേര് ദൈവം, പ്രകൃതി, ആത്മാവ്, പ്രപഞ്ചം, സ്രഷ്ടാവ് എന്നോ അങ്ങനെ പരിശുദ്ധമായ സാന്നിധ്യത്തെക്കുറിക്കുന്ന  മറ്റെന്തെങ്കിലും പദങ്ങളോ ആകാം. എന്നാൽ, പ്രധാനപ്പെട്ട വസ്തുത ഇതാണ്-ആത്മീയത ഈ ഉന്നതശക്തിയുമായുള്ള നമ്മുടെ ബന്ധത്തെയും ആശയവിനിമയത്തെയും അടിസ്ഥാനപ്പെടുത്തിയുള്ളതാവും.

രുചി, സ്പർശം, യുക്തിപരമായി ചിന്തിക്കാനുള്ള കഴിവ് എന്നിവയ്ക്ക്‌ സമാനമായി ജന്മനായുള്ള ആത്മീയതയുടെ വളർച്ചയെയും വികാസത്തെയുമാണ് ആത്മീയവികാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉന്നതമായ ആ ശക്തിയും നിങ്ങളും തമ്മിലുള്ള  സംഭാഷണം പലതരത്തിലുള്ളതാവാം. പലപേരുകളിലാകും ഇത് അറിയപ്പെടുകയും ചെയ്യുക. ഇതിന് പല ആകാരങ്ങളാണുണ്ടാവുക. 

ആത്മാവായോ ലോകമായോ ദൈവമായോ അല്ലെങ്കിൽ നാം ഭാഗമായിരിക്കുന്ന സമൂഹം ഉൾപ്പെടുന്ന, ലോകവുമായുള്ള ഏകത്വമായോ ഒക്കെ അനുഭവപ്പെടാം. നിങ്ങളും ആ ഉന്നതശക്തിയും ഉൾപ്പെടുന്ന അത്തരം സംഭാഷണങ്ങളിൽ മതം ഉൾപ്പെടാനും ഇല്ലാതിരിക്കാനും സാധ്യതയുമുണ്ട്. ധ്യാനത്തിലൂടെയോ യോഗയിലൂടെയോ അല്ലെങ്കിൽ കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ വളർത്തുമൃഗങ്ങളുമായുള്ള കുഞ്ഞുങ്ങളുടെ ഇടപെടലുകളിലൂടെയോ പരിസരത്തോടോ പറമ്പിലുള്ള പ്രിയപ്പെട്ട മരത്തിനോടുള്ള അടുപ്പത്തിലൂടെയോ ഈ ബന്ധം സാധ്യമാകും.

പ്രപഞ്ചത്തിന്റെ ജീവതാളം നേരിട്ട് ശ്രദ്ധിക്കാനും ദൃശ്യവും അദൃശ്യവുമായ ലോകത്തോട് താദാത്മ്യം പ്രാപിക്കാനുമുള്ള കഴിവാണ് പ്രകൃതിദത്ത ആത്മീയത. കുട്ടികളിലെ ആത്മീയത ഭാഷ, സംസ്കാരം, മതം എന്നിവയ്ക്ക് അതീതമായിരിക്കും. ചിത്രശലഭത്തെ കാണുമ്പോഴും ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ കാണുമ്പോഴും തോന്നുന്ന കൗതുകംപോലെ വളരെ സ്വാഭാവികമായിരിക്കും കുഞ്ഞുങ്ങളിൽ ആത്മീയത എത്തിച്ചേരുന്നത്. 

കൃതജ്ഞതാബോധം വളർത്താം

നമുക്ക് ലഭിച്ചിട്ടുള്ള ചെറുതും വലുതുമായ അനുഗ്രഹങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നത് ഏറെ പ്രയോജനകരമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഓരോ ദിവസവും ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും ചെറുതോ വലുതോ ആകട്ടെ, കൃതജ്ഞതയോടെ ആയിരിക്കാൻ ശ്രദ്ധിക്കാം. കുട്ടികളുമായി സംസാരിക്കാൻ സാധിക്കുന്നിടത്ത്, കിടക്കയിലോ ഊൺമേശയിലോെവച്ചോ ആകാമിത്. നിങ്ങൾക്ക് ഉപകാരസ്മരണയുള്ളതോ സന്തോഷംതന്നതോ ആയ കാര്യങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കാം. വിശ്രമിക്കാൻ ശാന്തമായ ഒരു രാത്രി ആയതിനാലോ അല്ലെങ്കിൽ നല്ല വീടുണ്ടായതിനോ ഒക്കെ നമുക്ക് കൃതജ്ഞതയുള്ളവരാകാം. ജീവിതത്തിൽ ശുഭകരമായ കാര്യങ്ങളുണ്ടെന്ന് ഇതിലൂടെ കുഞ്ഞുങ്ങളെ നാം ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. സാധിക്കുമെങ്കിൽ കുട്ടികളോടും കൃതജ്ഞതയുടെ കുറിപ്പുകൾ തയ്യാറാക്കി സൂക്ഷിക്കാൻ ആവശ്യപ്പെടാം. 

പ്രകൃതിയെ പരിചയപ്പെടുത്താം

പ്രകൃതിയെ ആസ്വദിക്കാൻ കുട്ടികളെ അനുവദിക്കാം. പാഠ്യക്രമം, പുസ്തകം, പഠനം, വീഡിയോ ഗെയിമുകൾ എന്നിവയിൽ തളച്ചിടാതെ അവർക്കൊപ്പം വിനോദയാത്രകൾ പോകാം. നിത്യജീവിതത്തിലെ തിരക്കുകളിൽനിന്ന് മനസ്സിന് ഒരു മോചനവും ഇതിലൂടെ സാധ്യമാകും. 

കുട്ടികളുടെ ചിന്തകളെ വിപുലപ്പെടുത്താനും സമൂഹത്തെയും സഹവർത്തിത്വത്തെയുംകുറിച്ച് ബോധവാന്മാരാക്കാനും മാതാപിതാക്കൾക്ക് സാധിക്കും. ഉദാഹരണത്തിന്, തെരുവിൽെവച്ച് ഒരാൾ നിങ്ങളോട് സഹായിക്കാനായി ആംഗ്യം കാണിക്കുകയാണെന്നിരിക്കട്ടെ, മുഖംതിരിച്ച് നടക്കുന്നതിനു പകരം അയാൾ ആരാണെന്ന് അന്വേഷിക്കാം. അയാൾക്ക് കുടിവെള്ളമോ ഭക്ഷണമോ നൽകാം. അല്ലെങ്കിൽ അയാൾ സഹായം ആവശ്യപ്പെടുന്നത് സത്യസന്ധമാണെന്ന് മനസ്സിലാക്കി ആത്മാർഥമായ ഒരു പുഞ്ചിരി സമ്മാനിക്കാം.

ഇങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ അയാൾ നമ്മെപ്പോലെ ഒരുവനാണെന്ന് കുട്ടികൾക്ക് നാം ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് ചെയ്യുന്നത്. അയാൾ നമ്മെക്കാൾ മികച്ചവനോ മോശപ്പെട്ടവനോ അല്ല. കണ്ടുമുട്ടുന്ന എല്ലാവരോടും വിനയത്തോടെയും ബഹുമാനത്തോടെയും എല്ലാവരോടും എങ്ങനെ പെരുമാറാമെന്നും കുഞ്ഞുങ്ങളോട് സംസാരിക്കാം. 

മതപരമോ ആത്മീയപരമോ ആയ ഏതൊരു ആചാരമാണെങ്കിലും അതിന്റെ സത്ത എന്നത് സഹവർത്തിത്വത്തിന്റെയും ആശ്വാസം പകരലിന്റെയും സ്നേഹിക്കപ്പെടലിന്റെയും അഭിനന്ദിക്കപ്പെടലിന്റേതുമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കുഞ്ഞുങ്ങൾ ഇതേക്കുറിച്ച് ആഴത്തിൽ അറിഞ്ഞ് വളരാൻ നാമെല്ലാവരും പരിശ്രമിച്ചേ മതിയാകൂ.

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)