നാഗ്പുരിലെ വേനാ തടാകത്തിൽ വിനോദയാത്രയ്ക്കെത്തിയ എട്ടുയുവാക്കൾ മുങ്ങിമരിച്ചു. സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ബോട്ടിൽനിന്ന് വീണായിരുന്നു മരണം. വഴിമുറിച്ചു കടക്കുന്നതിനിടെ സെൽഫിയെടുക്കുന്നവരാണ് മൂന്നിലൊന്ന് ഇന്ത്യക്കാരും. ബാനർഘട്ട ബയോളജി പാർക്കിൽ ആനയ്ക്കു മുന്നിൽനിന്ന് സെൽഫിയെടുക്കുന്നതിനിടെ ചവിട്ടേറ്റ് മുപ്പതുകാരൻ കൊല്ലപ്പെട്ടു. സമീപകാലത്ത് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട തലക്കെട്ടുകളാണിവ.

ഈയടുത്ത കാലത്തായി അപ്രതീക്ഷിത മരണങ്ങൾക്കു കാരണമാകുന്നതിൽ സെൽഫികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ലോകത്താകമാനമുള്ള സെൽഫി മരണങ്ങളുടെ കണക്കെടുത്താൽ അതിൽ അമ്പത് ശതമാനത്തോളം ഇന്ത്യയിൽനിന്നാണെന്ന് കാർണീഗൻ മെലൻ സർവകലാശാല, ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ഡൽഹി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തിരുച്ചിറപ്പള്ളി എന്നീ സ്ഥാപനങ്ങൾ നടത്തിയ പഠനം വ്യക്തമാക്കുന്നു. സെൽഫികളെടുക്കുക എന്നത് നമ്മുടെ യുവാക്കൾക്കിടയിൽ ഒരു സംസ്കാരമായി രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്.

നമ്മെപ്പോലുള്ള പഴയതലമുറക്കാർ സെൽഫികളെടുക്കാൻ പഠിക്കുന്നുണ്ടെങ്കിലും ഇന്നത്തെ കൗമാരക്കാരെപ്പോലെ ആ സാങ്കേതികവിദ്യയോട് അത്ര പരിചിതരല്ല. ഈ സെൽഫിയെടുക്കലിനോട് ഒറ്റയടിക്ക് നോ പറയാൻ നമുക്ക് സാധിക്കുമോ? അക്കാര്യത്തിൽ എനിക്കു വലിയ ഉറപ്പില്ല. സെൽഫിയുമായി ബന്ധപ്പെട്ട സകല അസംബന്ധങ്ങളെയും നമുക്ക് അംഗീകരിക്കാൻ സാധിക്കുമോ? പ്രത്യേകിച്ച്, ചുറ്റുമുള്ള യാഥാർഥ്യങ്ങളെ മറന്നുകൊണ്ടും സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കി ക്കൊണ്ടുമുള്ള  സെൽഫിയെടുക്കലുകളെ. തീർച്ചയായും ഇല്ല.

ഞാൻ വിചാരിക്കുന്നത് രക്ഷിതാക്കളെന്ന നിലയിൽ സെൽഫിയെടുക്കലിന്‌ പിന്നിലുള്ള കുഞ്ഞുങ്ങളുടെ മാനസികനിലയെക്കുറിച്ച് നമ്മൾ മനസ്സിലാക്കണം എന്നാണ്. സെൽഫിയെടുക്കലിന്റെ സാങ്കേതികവശങ്ങൾ മനസ്സിലാക്കുന്നതു മുതൽ അതിന്റെ ഗുണത്തെയും ദോഷത്തെയും കുറിച്ചും നാം പഠിക്കണം. ഇക്കാര്യത്തെ കുറിച്ചുള്ള എന്റെ ചിന്താഗതികൾ ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്. സെൽഫിയെടുക്കാൻ ഇഷ്ടപ്പെടുന്ന കൗമാരക്കാരായ മക്കൾക്കൊപ്പം ഇരുന്നു വേണം നിങ്ങൾ ഈ ലേഖനം വായിക്കാനെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. 

എന്തുകൊണ്ട് സെൽഫി

ജോലിക്കു വേണ്ടിയുള്ള അഭിമുഖത്തിന് ഏറ്റവും നല്ലരീതിയിൽ ഒരുങ്ങി വരുന്നതിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല ഒരു സെൽഫിയെന്നാണ് പ്രശസ്ത മനഃശാസ്ത്രജ്ഞയായ റട്‌ലെജ് അഭിപ്രായപ്പെടുന്നത്. ഏറ്റവും ഭംഗിയായി നിങ്ങളെ അവതരിപ്പിക്കുക എന്നതാണ് ഫോട്ടോയിലൂടെ ഉദ്ദേശിക്കുന്നത്. സോഷ്യൽമീഡിയയുടെ സഹായത്തോടെ എപ്പോൾ വേണമെങ്കിലും അവനവനെ ഏറ്റവും നന്നായി അവതരിപ്പിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിക്കുന്നു.

സെൽഫി എന്നത് ഒരു ആശയവിനിമയ ഉപാധിയാണ്. വളരെ പെട്ടെന്നുള്ളതും കൂടുതൽ കൃത്യതയാർന്നതുമായ ഒന്ന്. മറ്റുള്ളവർ എന്നെപ്പറ്റി എന്തു ചിന്തിക്കുന്നു എന്നതിനെക്കുറിച്ച് ആകുലതയുള്ളവരാണ് കൗമാരക്കാർ. ചുറ്റുമുള്ള സമൂഹം അവരെ എങ്ങനെ വിലയിരുത്തുന്നു എന്നതിനെക്കുറിച്ച് അവർക്ക് ചിന്തയുണ്ടായിരിക്കും. മാത്രമല്ല, എങ്ങനെ മറ്റുള്ളവർക്കു മുന്നിൽ പ്രത്യക്ഷപ്പെടണം എന്നതിനെ ക്കുറിച്ചും ധാരണയുള്ളവരായിരിക്കും.

സാമൂഹികമായ ഇടപെടലുകൾ വഴി, വ്യക്തിത്വരൂപവത്കരണത്തിന് തുടക്കം കുറിക്കുന്ന സമയമാണ് കൗമാരം. ഇന്ന് സമൂഹവുമായുള്ള ഇടപെടലുകൾ സ്മാർട്ട് ഫോണുകളിലൂടെ ഏഴുദിവസവും 24 മണിക്കൂറും സാധ്യമാണ്. ശരിക്കു പറഞ്ഞാൽ അധോമുഖരായ കൗമാരക്കാരെ സമൂഹവുമായി ഇടപെടാൻ സഹായിക്കുന്നതിൽ സോഷ്യൽ മീഡിയ വഹിച്ച പങ്ക് ചെറുതല്ല. മാത്രമല്ല പ്രായപൂർത്തിയായവരുടെ പരസ്പരബന്ധത്തെ അടുപ്പിക്കുന്നതിലും സോഷ്യൽ മീഡിയ സഹായകമായിട്ടുണ്ട്.

ആളുകൾക്കും ഈ ലോകത്തിനു തന്നെയും കാണാനായി  അവർ സെൽഫികൾ പോസ്റ്റ് ചെയ്യുന്നു. ഒരു തരത്തിലുള്ള ശാക്തീകരണം ഇവിടെ സാധ്യമാകുന്നുണ്ട്. ലേകത്തിനു മുന്നിൽ എങ്ങനെ പ്രത്യക്ഷപ്പെടാൻ അവർ ആഗ്രഹിക്കുന്നുണ്ടോ ആ വിധത്തിലെത്താൻ സെൽഫികൾ അവരെ സഹായിക്കുന്നു. ഫോട്ടോകളിൽ തുടങ്ങി സ്റ്റാറ്റസുകൾ വരെ ഓൺലൈനിലെ ഓരോ സാധ്യതകളും സൈബർ ലോകത്തെ വ്യക്തിത്വ നിർമിതിക്കായി അവർ പ്രയോജനപ്പെടുത്തുന്നു.

പണ്ടത്തെ കൗമാരക്കാരെക്കാൾ ഇന്നത്തെ കൗമാരക്കാർ അവരുടെ ഉടുപ്പിലും എടുപ്പിലും നടപ്പിലും ശ്രദ്ധിക്കുന്നുണ്ടെന്നും റട്‌ലെജ് വിലയിരുത്തുന്നു. പഴയശൈലി തന്നെ. എന്നാൽ അത് പുതിയ ഫോർമാറ്റിൽ അവതരിപ്പിക്കപ്പെടുന്നു. നേടാൻ ആഗ്രഹമുള്ള കാര്യങ്ങൾ അല്ലെങ്കിൽ നേടിയവയുടെ പ്രദർശനം ഇവയാണ് പലരുടെയും പ്രൊഫൈലുകളിൽ പ്രത്യക്ഷപ്പെടുന്നതും നിങ്ങൾ കാണുന്നതും. വ്യക്തിത്വത്തിലുണ്ടാകുന്ന ഈ മാറ്റം അത്ര അസാധാരണമല്ല. കൗമാരപ്രായത്തിലുള്ള ഒരു കുട്ടി ഒരു ചിത്രം പോസ്റ്റ് ചെയ്യുമ്പോൾ ലൈക്കുകളും കമന്റുകളും ലഭിക്കണമെന്ന ആഗ്രഹവും അതോടൊപ്പം തന്നെയുണ്ടാകും.

അംഗീകാരത്തിനു വേണ്ടിയുള്ള സ്വാഭാവിക ആഗ്രഹമായി വേണം ഇതിനെ കാണാൻ. നിങ്ങൾ ഒരു സെൽഫിയെടുക്കുന്നു. കാരണം ആ തരത്തിലുള്ള അംഗീകാരം നിങ്ങൾ ആഗ്രഹിക്കുന്നു എന്നാണതിന്റെ സൂചനയെന്ന മനഃശാസ്ത്രജ്ഞർ വിലയിരുത്തുന്നു. മികവുള്ളവരായി സ്വയം കണക്കാക്കുന്നതിനു പകരം പുറമേ നിന്നുള്ള അഭിനന്ദനത്തിനായി അമിതമായി  ആഗ്രഹിക്കുന്നത് കുട്ടികൾക്ക് അപകടകരമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

രക്ഷാകർത്താക്കൾക്ക് ചെയ്യാൻ കഴിയുന്നത്

ത്രോബാക്ക് തേഴ്‌സ് ഡേ എന്നോ മാൻ ക്രഷ് മൺഡേ എന്നോ ഉള്ളതായ ഹാഷ് ടാഗുകളോ ഫോട്ടോ ഫിൽറ്ററുകളെക്കുറിച്ചോ പഴയയതലമുറയിൽപ്പെട്ട മാതാപിതാക്കൾക്ക് മനസ്സിലായെന്നു വരില്ല. അതിരുകളോ നിയന്ത്രണങ്ങളോ ഇല്ലാതെ പുത്തൻ സാങ്കേതികവിദ്യ തരുന്ന സാമൂഹികഇടങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുന്നവരാണ് പുത്തൻ തലമുറയിലെ കുട്ടികൾ.

ഈ ദിശയിലുള്ള യാത്ര അവരിൽ ചിലരെയെങ്കിലും കുഴപ്പത്തിലാക്കാനും ഇടയുണ്ട്. കുട്ടികൾക്ക് സ്വയം പ്രകടിപ്പിക്കാനുള്ള വലിയൊരു പ്ലാറ്റ്‌ഫോം സെൽഫികളും സോഷ്യൽ മീഡിയയും സമ്മാനിക്കുന്നുണ്ട്. എന്നാൽ ചിലകാര്യങ്ങളിൽ ശ്രദ്ധ വേണം. സോഷ്യൽ മീഡിയയെ ശരിയായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുമെന്ന് ഉറപ്പുള്ള പ്രായമായാൽ മാത്രം കുഞ്ഞുങ്ങളെ അതിന് അനുവദിക്കുക. അവർ ഒരുപാട് സമയം ഓൺലെനിൽ ചെലവിടുന്നില്ലെന്നും മാതാപിതാക്കൾ ഉറപ്പുവരുത്തണം. സൈബർ ബുള്ളിയിങ്ങനെ കുറിച്ചും ഓൺലൈൻ വേട്ടക്കാരെയും കുറിച്ചുള്ള അറിവുകൾ കുട്ടികൾക്ക് സ്കൂളുകളിൽനിന്ന് ലഭിക്കും.

സോഷ്യൽ മീഡിയയുടെ ഉപയോഗം അവരുടെ മാനസികാവസ്ഥയെ എങ്ങനെ ബാധിക്കുമെന്നുള്ള കാര്യം മാതാപിതാക്കൾ വീട്ടിൽനിന്നുതന്നെ കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കി കൊടുക്കണം. മൊബൈൽ നമ്പർ, വിലാസം തുടങ്ങിയ തീർത്തും വ്യക്തിപരമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കരുതെന്നും കുഞ്ഞുങ്ങളോട് പറയാം.

ഞാൻ എപ്പോഴും പറയാറുള്ള കാര്യമാണ്; കുഞ്ഞുങ്ങളോട് സംസാരിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ അവർക്കു മുന്നിൽ പ്രഭാഷണം നടത്തുകയല്ല വേണ്ടത്. മാതാപിതാക്കളുടെ അഭിപ്രായം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നതിനോട് വിയോജിക്കുന്നവരാണ് പല കൗമാരക്കാരും. അവരുടെ അഭിപ്രായംകൂടി അറിഞ്ഞതിനു ശേഷമുള്ള തീരുമാനമെടുക്കലിനോടാണ് ഏറെ പേർക്കും താത്പര്യം. ഇക്കാര്യം മറന്നുപോകരുത്.

ഓൺലൈൻ വ്യക്തിത്വങ്ങളിൽനിന്ന് മോചിപ്പിച്ച് യഥാർഥ വ്യക്തിത്വങ്ങളായി വളരാൻ കുഞ്ഞുങ്ങളെ സഹായിക്കുക എന്നതും മാതാപിതാക്കളുടെ ചുമതലയാണ്. കുഞ്ഞുങ്ങളെ അവരുടെ കഴിവുകളും ശക്തിയും മനസ്സിലാക്കാൻ പ്രാപ്തരാക്കുക. കാരണം കൗമാരക്കാർ തീരുമാനങ്ങൾ കൈക്കൊള്ളാൻ പഠിച്ചുവരുന്നതേയുള്ളു. ഓൺലൈൻ മാധ്യമങ്ങളിൽ ഇടപെടുന്നതിനെക്കുറിച്ച് വീട്ടിനുള്ളിൽ ചർച്ച ചെയ്യുന്നതും ഗുണകരമാണ്. കാരണം സോഷ്യൽ മീഡിയയുടെ ഉപയോഗത്തിന്  ഒരു തുലനാവസ്ഥ (BALANCING) പാലിക്കേണണ്ടതുണ്ട്.  എന്തുകാര്യത്തിന് ഉപയോഗിക്കണം? എങ്ങനെ ഉപയോഗിക്കണം എന്നതിനെ അടിസ്ഥാനമാക്കിയാവണം ഈ തുലനാവസ്ഥ കണക്കാക്കേണ്ടത്. 

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)