95 ലക്ഷം ഇന്ത്യക്കാര്‍, അതില്‍ അമ്പതുലക്ഷം കേരളീയര്‍. വിദേശരാജ്യങ്ങളില്‍ താമസമുറപ്പിച്ചിരിക്കുന്ന ഇന്ത്യക്കാരുടെയും കേരളീയരുടെയും എണ്ണമാണിത്. എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2013-ല്‍ തയ്യാറാക്കിയ കണക്കാണിത്. നമ്മളില്‍ പലരും കുട്ടികളെ വളര്‍ത്തുന്നത് കുടുംബത്തില്‍നിന്ന് അകലെ താമസിച്ചുകൊണ്ടാണ്; പ്രത്യേകിച്ച് വിദേശരാജ്യങ്ങളില്‍ താമസമുറപ്പിച്ചിട്ടുള്ളവര്‍.

നമ്മുടെ കുട്ടികള്‍ അവരുടെ കുടുംബവേരുകളില്‍നിന്ന് ഏറെ ദൂരെയാണ്. അതുകൊണ്ട് സ്വന്തം അസ്തിത്വത്തെക്കുറിച്ചും നാടിനെക്കുറിച്ചും നിരവധി ആശങ്കകള്‍ അവര്‍ക്കുള്ളില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്.

മാതാപിതാക്കള്‍ വളര്‍ന്ന അതേ സംസ്‌കാരത്തിലും ചുറ്റുപാടിലും കുട്ടികളെയും വളര്‍ത്തുന്നതാണ് എപ്പോഴും നല്ലതെന്ന് ഇന്ത്യക്കു പുറത്തും കേരളത്തിനുപുറത്തും താമസിക്കുന്ന രക്ഷാകര്‍ത്താക്കളില്‍ പലരും സംഭാഷണമധ്യേ എന്നോട് പറഞ്ഞിട്ടുണ്ട്. സ്വന്തം നാടിനുപുറത്ത് വളരുന്ന കുട്ടികള്‍ പലപ്പോഴും അവരുടെ മാതൃഭാഷയുമായിപ്പോലും വലിയ അടുപ്പമില്ലാത്തവരാണ്.

ദൗര്‍ഭാഗ്യമെന്നു പറയട്ടെ, 'എന്റെ കുട്ടിക്ക് വിദേശഭാഷയേ അറിയൂ... മലയാളം അറിയില്ല' എന്ന് അഭിമാനത്തോടെ സുഹൃത്തുക്കളോട് പറയുന്ന ചില മാതാപിതാക്കളുമുണ്ട്. നമ്മള്‍ മലയാളത്തിന് എതിരല്ല. നമ്മുടെ വേരുകളെക്കുറിച്ച് കുട്ടികള്‍ അറിയുന്നതിനോടും എതിര്‍പ്പില്ല. എന്നാല്‍, അവയെക്കുറിച്ച് കുട്ടികളില്‍ താത്പര്യമുണ്ടാക്കാന്‍ നാം ശ്രമിക്കുന്നില്ല. ഉള്‍പ്പെടുന്ന സംസ്‌കാരത്തെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഏത് നാട്ടുകാരാണെന്നതിനെക്കുറിച്ചോ ആവശ്യമായ അറിവ് കുട്ടികളില്‍ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം മാതാപിതാക്കളില്‍നിന്ന് ഉണ്ടാകുന്നില്ല എന്നതാണ് പ്രശ്‌നം.

ഇപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം, ഇതൊക്കെ പ്രാധാന്യമുള്ള കാര്യമാണോ എന്ന്. കുടുംബവേരുകളെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയുംകുറിച്ച് അറിഞ്ഞതുകൊണ്ടും അടുപ്പം സൂക്ഷിക്കുന്നതുകൊണ്ടും നമ്മുടെ കുട്ടികള്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടാകുമോ എന്ന്. ശക്തമായ കുടുംബപശ്ചാത്തലമുള്ള കുട്ടികള്‍ അവരുടെ സമപ്രായക്കാരെക്കാള്‍ വൈകാരിക ആരോഗ്യമുള്ളവരായിരിക്കുമെന്ന് ഒരു ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തങ്ങളുടെ വേരുകളെയും കുടുംബത്തെയുംകുറിച്ച് കൂടുതല്‍ അറിയുന്നത് ജീവിതത്തിനുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുള്ളവരാകാന്‍ കുട്ടികളെ സഹായിക്കുമെന്നും പഠനം പറയുന്നു. ഉയര്‍ന്ന അഭിമാനബോധമുള്ളവരായിരിക്കും അവര്‍. സന്തുഷ്ടകുടുംബമെന്ന ആശയത്തെയും അവര്‍ക്ക് വിജയകരമായി ഉള്‍ക്കൊള്ളാനാകുമെന്നും പഠനം പറയുന്നു. കുടുംബത്തെക്കുറിച്ചുള്ള കഥകള്‍ കേള്‍ക്കുന്നത് കുടുംബചരിത്രം മനസ്സിലാക്കാന്‍ കുട്ടികളെ സഹായിക്കും. തലമുറകളെ കുറിച്ചും ബോധമുള്ളവരായി മാറും.

ഇതേസമയംതന്നെ, കുട്ടികള്‍ ജീവിക്കുന്നതും വളരുന്നതും വ്യത്യസ്തമായ പരിതഃസ്ഥിതിയിലും സംസ്‌കാരത്തിലുമാണെന്ന യാഥാര്‍ഥ്യത്തെക്കുറിച്ചും നമുക്ക് ബോധമുണ്ടായിരിക്കണം. വിദേശത്ത് വളരുമ്പോഴും കുടുംബപാരമ്പര്യങ്ങളും സംസ്‌കാരവുമായി സന്തുലിതാവസ്ഥ പാലിക്കാന്‍ കുട്ടികളെ എങ്ങനെ സഹായിക്കാനാകും. അതിനുള്ള ചില മാര്‍ഗങ്ങളിതാ...

വീട്ടില്‍ മലയാളത്തില്‍ സംസാരിക്കുക: വീട്ടില്‍ മലയാളത്തിലേ സംസാരിക്കൂ എന്ന് മാതാപിതാക്കള്‍ തീരുമാനിക്കുക. അപ്പോള്‍ കുട്ടികളും അതേഭാഷയില്‍ പ്രതികരിക്കുകയും സ്‌കൂളില്‍ ആ നാട്ടിലെ ഭാഷ പഠിക്കുന്നിതിനൊപ്പം വീട്ടില്‍ ക്രമേണ മാതൃഭാഷാപഠനം പുരോഗമിക്കുകയും ചെയ്യും. മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുകയുമാകാം.

ആചാരങ്ങള്‍ ആഘോഷിക്കുക: നിങ്ങളുടെ ആചാരങ്ങള്‍ ആഘോഷിക്കുക. നിങ്ങള്‍ക്കുചുറ്റുമുള്ളവര്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ക്കൂടിയും നിങ്ങള്‍ ചെയ്യുക. ഒപ്പം ആചാരങ്ങള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കേണ്ടതിന്റെയും ഒരുമിച്ചുകൂടുന്നതിന്റെയും പ്രാധാന്യം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുകയുമാകാം.

കുടുംബവേരുകളെക്കുറിച്ച് കുട്ടികള്‍ അറിയട്ടെ. വര്‍ഷത്തില്‍ ഒരിക്കലുള്ള സന്ദര്‍ശനമാകട്ടെ, അല്ലെങ്കില്‍ ടെലിഫോണിലൂടെയോ ഇന്റര്‍നെറ്റിലൂടെയോ അതുമല്ലെങ്കില്‍ ബന്ധുക്കളുമായുള്ള ഇടപെടലിലൂടെയോ ആവട്ടെ, കുടുംബവേരുകളെക്കുറിച്ച് കുട്ടികള്‍ അറിയട്ടെ. ഇതിന് സാങ്കേതികവിദ്യയുടെ സഹായവും തേടാവുന്നതാണ്.

എനിക്ക് പൂര്‍ണമായും മനസ്സിലാക്കാനാകുന്നുണ്ട്, നിങ്ങള്‍ സ്വന്തം നാടുവിട്ട് മറ്റൊരു നാട്ടിലേക്കോ രാജ്യത്തേക്കോ പോകുന്നത് നമുക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള നല്ല ഭാവിയെ കരുതിയാണെന്ന്. എന്നിരുന്നാലും സ്വന്തം നാട്ടില്‍നിന്ന് ദൂരെയാകുമ്പോള്‍, നമ്മെ നാമാക്കി മാറ്റിയ ആ പാരമ്പര്യത്തെ കുട്ടികളിലേക്ക് പകര്‍ന്നുകൊടുക്കാനുള്ള ആര്‍ജവം നാം കാണിച്ചേ മതിയാകൂ.

content highlight: children growing in abroad