ഇ മെയിലിൽ കൂടെയും ഫോൺ കോളുകൾ വഴിയും നിരവധിയാളുകൾ ഈ പരമ്പരയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ എന്നെ അറിയിക്കാറുണ്ട്. ചിലതൊക്കെ അഭിനന്ദിച്ചുകൊണ്ടുള്ളതും മറ്റു ചിലത് വിമർശനാത്മകവുമാണ്. കൂടുതൽ എഴുതാൻ പ്രേരിപ്പിക്കുന്നവയുമുണ്ട് കൂട്ടത്തിൽ. ഇക്കൂട്ടത്തിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു കഴിഞ്ഞയാഴ്ച എനിക്കു വന്ന ഒരു ഫോൺ കോൾ.

ദിവസം മുഴുവൻ വീണ്ടുനിന്ന ജോലിയുടെ ആധിക്യംകൊണ്ട് തണുത്തുതളർന്ന ഒരു സ്ത്രീശബ്ദമായിരുന്നു അവരുടെത്. ഞാനും അവരുമായുള്ള സംഭാഷണം 45 മിനിറ്റോളം നീണ്ടുനിന്നു. തളർന്നതും ചിലമ്പിച്ചതുമായിരുന്നു അവരുടെ ശബ്ദം. അതുകൊണ്ടുതന്നെ അവർ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാൻ ആദ്യമൊക്കെ ഞാൻ കുറച്ചു ബുദ്ധിമുട്ടി. പിന്നീട് കൂടുതൽ ശ്രദ്ധയോടെ ഞാൻ അവരെ കേൾക്കാൻതുടങ്ങി. സ്വന്തം വീട്ടിൽ ഒരു അപരിചിതയായി മാറിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചാണ് ആ സ്ത്രീ എന്നോടു പറഞ്ഞത്.

മക്കൾ ഒറ്റപ്പെടുത്തുന്നതിനെക്കുറിച്ചും കൊച്ചുമക്കളെ അവരുടെ അരികിലേക്ക് വിടാൻ മക്കൾ തയ്യാറാകാത്തതിനെക്കുറിച്ചുമൊക്കെ അവർ എന്നോടു പറഞ്ഞു. അവർക്കൊരിക്കലും കുടുംബത്തിൽ നിന്ന് ആവശ്യത്തിന് പരിഗണന ലഭിച്ചിരുന്നില്ല. കുടുംബയാത്രകളിൽ പോലും അവരെ ഉൾപ്പെടുത്തിയിരുന്നില്ല. മക്കളിൽ നിന്ന് ഒരുപാടൊന്നും അവർ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല.

മക്കൾക്കും കൊച്ചുമക്കൾക്കും ഒപ്പം കുറച്ച് സമയം ചെലവഴിക്കുക, അർഹിക്കുന്നത്ര സ്നേഹവും പരിഗണനയും സ്വീകരിക്കുക അത്ര മാത്രമേ അവർ ആഗ്രഹിച്ചിരുന്നുള്ളു. എനിക്ക് അവർക്കുവേണ്ടി ആകെ ചെയ്യാൻ സാധിക്കുന്നത് അവർ പറയുന്നത് ശ്രദ്ധയോടെയും കരുണയോടെയും കേൾക്കുക എന്നതായിരുന്നു. അവർ പറയുന്നത് തുടർന്ന് കേട്ടപ്പോൾ എനിക്ക് അദ്ഭുതം തോന്നി.

കാരണം ഇതാണ്. കുടുംബത്തിൽ ഉൾപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നത്, ബഹുമാനം വേണമെന്ന് ആവശ്യപ്പെടുന്നത്, കുറച്ചുകൂടി നന്നായി മക്കൾ പെരുമാറാണമെന്ന് ആവശ്യപ്പെടുന്നത് ഇതൊക്കെ ഒരു രക്ഷിതാവിന്റെ ആവശ്യങ്ങളാണ്. ഒരു രക്ഷിതാവിനെ ഇത്തരം ആവശ്യപ്പെടലുകളിലേക്ക് നയിക്കുന്നത് എത്ര വലിയ അപരാധമാണ്. നമ്മുടെ പ്രായമായ മാതാപിതാക്കൾക്ക് അർഹമായ പരിഗണന നൽകുക എന്നത് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമാണോ?

സംഭാഷണത്തിന്റെ അവസാനം അവർ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു, മുത്തശ്ശന്മാരും മുത്തശ്ശിമാരും നേരിടുന്ന ഈ പ്രശ്നങ്ങളെക്കുറിച്ച് എന്റെ ലേഖനപരമ്പരയിൽ ഉൾപ്പെടുത്തുമോ എന്നായിരുന്നു അത്. അതുകൊണ്ട് ഇന്നത്തെ ലേഖനം മുത്തശ്ശന്മാർക്കും മുത്തശ്ശിമാർക്കുമായി നീക്കി വയ്ക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. 

പ്രിയപ്പെട്ട രക്ഷിതാക്കളെ, നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക. മുത്തശ്ശന്മാർക്കും മുത്തശ്ശിമാർക്കും ഒപ്പമാണ് നിങ്ങളുടെ കുഞ്ഞുങ്ങൾ വളരുന്നതെങ്കിൽ, അവരുമായി നല്ല ബന്ധമാണ് കുഞ്ഞുങ്ങൾക്കുള്ളതെങ്കിൽ നിങ്ങളുടെ കുഞ്ഞുങ്ങൾ ഭാഗ്യവാന്മാരാണ്. അവർ തമ്മിൽ (കുഞ്ഞുങ്ങളും നിങ്ങളുടെ മാതാപിതാക്കളും തമ്മിൽ) ആരോഗ്യകരമായ ബന്ധം വളർത്തേണ്ടത് നിങ്ങളുടെ കടമയാണ്.

ഒന്ന് നിങ്ങളുടെ കുട്ടികൾക്ക് രക്ഷിതാക്കളെന്ന നിലയിലും മറ്റൊന്ന് നിങ്ങളുടെ മാതാപിതാക്കൾക്ക് മക്കളെന്ന നിലയിലും. മുത്തശ്ശനെയും മുത്തശ്ശിയെയും ബഹുമാനിക്കാൻ കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കുക. അവർ തമ്മിലുള്ള ബന്ധം കരുത്തുള്ളതാക്കേണ്ടത് നിങ്ങളുടെ ചുമതലയാണ്. മുതിർന്നവരെ ബഹുമാനിക്കണമെന്ന കാര്യം ചെറുപ്പംമുതൽതന്നെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം, പ്രത്യേകിച്ച് കുടുംബത്തിലുള്ളവരെ. കുട്ടികളും മുത്തശ്ശന്മാരും മുത്തശ്ശിമാരും തമ്മിലുള്ള ബന്ധം മികച്ചതും സുന്ദരവുമാക്കാൻ ചില നിർദേശങ്ങളിതാ

മുത്തശ്ശന്മാരും മുത്തശ്ശിമാരും ബഹുമാനിക്കപ്പെടേണ്ടവരാണെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക

കുടുംബത്തിന്റെ ഭാഗമാണ് മുത്തശ്ശനും മുത്തശ്ശിയുമെന്ന കാര്യം കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക. കുട്ടികളെ മനസ്സിലാക്കാൻ സാധിക്കാത്ത 'വയസ്സൻമാരും വയസ്സത്തികളുമല്ല' അവരെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക. ഒരിക്കൽ അവരും കൊച്ചുകുട്ടികളായിരുന്നെന്നും നിങ്ങൾക്കുസമാനമായ അന്തരീക്ഷത്തിലൂടെ കടന്നുവന്നവരാണെന്നും കുഞ്ഞുങ്ങളോട് പറയുക. 

ബഹുമാനത്തിന്റെ 'അർഥം' കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കുക

കുഞ്ഞുങ്ങൾ മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും പരിഗണിക്കുന്നത് പലവിധത്തിലായിരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചു കൊടുക്കുന്ന കാരുണ്യവാന്മാരായും ഇടയ്ക്കിടെ സന്ദർശിക്കാനെത്തുന്ന പഴഞ്ചന്മാരായും ഒക്കെ കുഞ്ഞുങ്ങൾ അവരെ കണ്ടേക്കാം. അവരെ ശരിയായ അർഥത്തിൽ ബഹുമാനിക്കണമെന്ന് കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുക. അവരോട് ഉപചാരപൂർവം പെരുമാറാനും പഠിപ്പിക്കുക. 

മാതാപിതാക്കളോട് നല്ല രീതിയിൽ നിങ്ങളും പെരുമാറുക

മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധത്തിൽ ചിലപ്പോൾ അസ്വാരസ്യങ്ങളുണ്ടായേക്കാം. അത് നിങ്ങളും മാതാപിതാക്കളും തമ്മിലുള്ള പ്രശ്നമാണ്. അതിനിടയിലേക്ക് കുട്ടികളെ കൊണ്ടുവരാതിരിക്കുക. അഭിപ്രായവ്യത്യസങ്ങൾക്കും അപ്പുറം നിങ്ങൾ അവരോട്  ബഹുമാനപൂർവം പെരുമാറുക.

മാതാപിതാക്കളുമായി എല്ലാക്കാര്യത്തിലും യോജിച്ചു പോകാൻ കഴിഞ്ഞില്ലെങ്കിൽ കൂടിയും അഭിപ്രായവ്യത്യാസത്തെ മാനിച്ചുകൊണ്ടുതന്നെ ബഹുമാനത്തോടെ പെരുമാറാൻ സാധിക്കുമെന്ന് കുട്ടികൾക്ക് ഇതിലൂടെ മനസ്സിലാക്കി കൊടുക്കാം. നിങ്ങളും നിങ്ങളുടെ കുട്ടിയുമായുള്ള ബന്ധത്തെയും ഇത് മെച്ചപ്പെടുത്തും. 

മുത്തശ്ശന്മാരും മുത്തശ്ശിമാരും കുഞ്ഞുങ്ങളും തമ്മിലുള്ള ആശയവിനിമയത്തെ പ്രോത്സാഹിപ്പിക്കുക

മാതാപിതാക്കളും നിങ്ങളും താമസിക്കുന്നത് അടുത്തടുത്താണെങ്കിൽ ഇടക്കിടെയുള്ള സന്ദർശനങ്ങൾ സാധ്യമാകും. മാത്രമല്ല പുത്തൻ സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ പലരീതിയിൽ അവരുമായി സമ്പർക്കം പുലർത്താനും സാധിക്കും. കുഞ്ഞുങ്ങളും അവരും തമ്മിൽ ആശയവിനിമയം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. 

കുട്ടികളുടെ മര്യാദകേടിനു നേർക്ക് കണ്ണടയ്ക്കാതിരിക്കുക

കുട്ടികൾ നിങ്ങളുടെ മാതാപിതാക്കളോട് ബഹുമാനമില്ലാതെ പെരുമാറുന്നത് കണ്ടാൽ അപ്പോൾതന്നെ അതേക്കുറിച്ച് അന്വേഷിക്കണം. കുട്ടിയുടെ മര്യാദയില്ലാത്ത പെരുമാറ്റത്തിന്റെ നേർക്ക് കണ്ണടയ്ക്കാതിരിക്കുക. സാഹചര്യം കൈവിട്ടുപോകുന്ന സന്ദർഭങ്ങൾ ഒഴിവാക്കുക.

കുട്ടികളും അവരും തമ്മിൽ ശരിയായ രീതിയിൽ ആശയവിനിമയം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മാതാപിതാക്കളെന്ന നിലയിൽ നിങ്ങളുടെ ഉത്തരവാദിത്വമാണ്. അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കാനും ബഹുമാനത്തോടെ പെരുമാറാനും കുട്ടികളെ പഠിപ്പിക്കുക. എത്ര തിരക്കാണെങ്കിലും ഇക്കാര്യത്തിൽ ഉപേക്ഷ വിചാരിക്കാതിരിക്കുക. 

അവസാനമായി ഒന്നു കൂടി. മുത്തശ്ശന്റെയോ മുത്തശ്ശിയുടെയോ ഒപ്പം സമയം ചെലവഴിക്കുന്നത് ഒരു ഔദാര്യമായി കണക്കാക്കരുതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക. അതൊരു അമൂല്യഅവസരമായി വേണം പരിഗണിക്കാൻ എന്നു കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക. ജീവിതത്തെക്കുറിച്ച് പഠിക്കാൻ അവർക്ക് ലഭിക്കുന്ന അവസരങ്ങളാണിവ. അതുകൊണ്ടുതന്നെ മാന്യതയോടെയും  സ്നേഹത്തോടെയും പെരുമാറാനും പറഞ്ഞുകൊടുക്കുക. അപ്പോൾ മുത്തശ്ശന്മാരും മുത്തശ്ശിമാരും  കുഞ്ഞുങ്ങളും തമ്മിലുള്ള ബന്ധത്തിന് സൗന്ദര്യം വർധിക്കുക തന്നെ ചെയ്യും. 

(ഓൺലൈൻ  അധ്യയന സ്ഥാപനമായ ലേണിങ്‌  അരീനയുടെ  സി.ഇ.ഒ. ആണ്‌ ലേഖിക)