കഴിഞ്ഞ ആഴ്ച പറഞ്ഞതു പോലെ, പരീക്ഷാക്കാലത്തെ രക്ഷാകർത്വത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ ചോദ്യങ്ങളും അതിനുള്ള മറുപടികളും നിർദേശങ്ങളും . 

1- പഠിക്കുന്നതിലും പഠിച്ച കാര്യങ്ങൾ ഓർത്തുവെക്കുന്നതിലും എന്റെ കുട്ടിക്ക് വലിയ ബുദ്ധിമുട്ടുണ്ട്. പഠനനിലവാരം മെച്ചപ്പെടുത്താൻ അവനെ എനിക്ക് എങ്ങനെ സഹായിക്കാനാകും?

നിങ്ങൾക്ക് ആദ്യമേ ചെയ്യാവുന്ന ഒരുകാര്യം അവന് കിട്ടാൻപോകുന്ന മാർക്കിനെക്കുറിച്ച് വേവലാതിപ്പെടുന്നതിനു പകരം അവന്റെ തയ്യാറെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുക യെന്നതാണ്. ആശയത്തെ ശരിയായരീതിയിൽ മനസ്സിലാക്കാൻ സഹായിക്കുക. ടൈം ടേബിളിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്താനും പഠനപുരോഗതിക്കനുസരിച്ച് മാറ്റങ്ങൾ വരുത്താനും നിർദേശിക്കാം. റിവിഷൻസമയത്ത് ചെറിയ പരീക്ഷകൾ എഴുതി നോക്കാനും പറയാവുന്നതാണ്. 

2-പഠിക്കുന്ന സമയത്ത് പാട്ട് കേൾക്കുന്നതിൽനിന്ന് കുട്ടിയെ വിലക്കേണ്ടതുണ്ടോ?

പഠിക്കുമ്പോൾ പാട്ടു കേൾക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നുണ്ടോ എന്ന് കുട്ടിയോട് സമാധാനത്തോടെ ചോദിക്കുക. പാട്ട്‌ കേൾക്കുന്നത് ശ്രദ്ധകേന്ദ്രീകരിക്കാൻ സഹായിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്ന ചില കുട്ടികളുണ്ട്. ഒരു പക്ഷെ നിങ്ങളുടെ കുട്ടി അക്കൂട്ടത്തിൽപ്പെട്ടതാകാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ  ആശങ്കപ്പെടേണ്ടതിന്റെയോ കുട്ടിയെ പാട്ടുകേട്ടുകൊണ്ട് പഠിക്കുന്നതിൽനിന്ന് വിലക്കേണ്ടതിന്റെയൊ ആവശ്യമില്ല. 

3- എന്റെ കുട്ടി സമ്മർദത്തിലാണോ എന്ന് ഞാൻ എങ്ങനെ തിരിച്ചറിയും? അവനിൽ ഞാൻ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ഇടയ്ക്കിടെയുണ്ടാകുന്ന ഭാവ വ്യത്യാസങ്ങൾ, ഇടയ്ക്കിടെ സങ്കടപ്പെട്ടിരിക്കൽ, നിസ്സാരകാരണങ്ങൾക്കു പോലുമുള്ള കരച്ചിൽ, സുഹൃത്തുക്കളെ ഒഴിവാക്കുക, ബന്ധുക്കളിൽനിന്ന് അകലം പാലിക്കുക., ശരീരവേദനയെന്നുള്ള പരാതി, വിശപ്പില്ലായ്മ, അല്ലെങ്കിൽ വിശപ്പു കുറവ്, ഉറക്കമില്ലായ്മ അല്ലെങ്കിൽ ഉറക്കത്തിന് തടസ്സം, തീവ്രമായ ദേഷ്യം, അസ്വസ്ഥത- തുടങ്ങിയവ വിഷാദത്തിന്റെ ചില സൂചനകളാണ്.
പ്രധാനപ്പെട്ടകാര്യം ഇതാണ്. ഇപ്പറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന പക്ഷം അതേക്കുറിച്ച് കുട്ടികളോട് ചോദിക്കുക. സംസാരിക്കുക. കാലങ്ങളായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വിഷാദത്തെ ചിലപ്പോൾ കുട്ടികൾ പുറത്ത്‌ കാണിച്ചുകൊള്ളണമെന്നില്ല. കുട്ടിയുടെ ശബ്ദത്തിൽനിന്നും ദൈനംദിന പ്രവർത്തനങ്ങളിൽനിന്നും നിങ്ങൾ വേണം അത് തിരിച്ചറിയാൻ. ഇനി നിങ്ങൾക്ക് കുട്ടിയുടെ പ്രശ്നം മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ ഒരു കൗൺസലറുടെ സഹായം തേടുക. മടിച്ചുനിൽക്കരുത്.

4-ഞങ്ങൾ ഇരുവരും ജോലിക്കുപോകുന്നവരാണ്. ഈ മാസം കുട്ടി പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തുന്ന സാഹചര്യത്തിൽ ഒരാൾ എപ്പോഴും വീട്ടിൽ ഉണ്ടായിരിക്കേണ്ടതുണ്ടോ?  

നിങ്ങൾ എപ്പോഴും വീട്ടിൽത്തന്നെ ഉണ്ടായിരിക്കണമെന്ന് നിർദേശിക്കില്ല, പ്രത്യേകിച്ച് കുട്ടി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് നടത്തുമ്പോൾ. വീട്ടിൽ ഇരിക്കുന്നതുകൊണ്ടുള്ള നിങ്ങളുടെ ഉദ്ദേശ്യം നല്ലതാവാം. എന്നാൽ കുട്ടിക്ക് അത് നല്ലതായി അനുഭവപ്പെട്ടേക്കണമെന്നില്ല. തന്റെ രക്ഷാകർത്താവ് തന്നെ വിശ്വസിക്കുന്നില്ല എന്ന ചിന്ത ഒരു പക്ഷെ കുട്ടിയിൽ സൃഷ്ടിക്കാൻ ഇത് കാരണമായേക്കും. നിങ്ങൾ അവരെ നിരീക്ഷിക്കുകയാണെന്നും തോന്നിയേക്കാം. മാത്രമല്ല, നിങ്ങളുടെ സാന്നിദ്ധ്യം കുട്ടികളെ പഠിക്കാനുള്ള കൂടുതൽ സമ്മർദത്തിലേക്ക് തള്ളിവിടാനും ഇടയുണ്ട്. അതിനാൽ സാഹചര്യത്തെ മനസ്സിലാക്കിയശേഷം തീരുമാനമെടുക്കുക.

5-ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം ഉണ്ടാക്കാൻ കുട്ടികളെ എങ്ങനെ സഹായിക്കാനാകും

ശുഭാപ്തിവിശ്വാസം ഉണ്ടാക്കിയെടുക്കാൻ കുട്ടികളെ സഹായിക്കുന്നതിൽ മാതാപിതാക്കൾക്ക് വലിയ ചുമതലയാണ് വഹിക്കാനുള്ളത്. കുട്ടികളുടെ വികാസത്തിന്റെ ആദ്യത്തെയും സർവപ്രധാനവുമായ ഉറവിടം  മാതാപിതാക്കളാണ്. നിത്യേന ആശയവിനിമയം നടത്താൻ സാധിക്കുന്ന സുഹൃത്തുക്കളായിവേണം മാതാപിതാക്കൾ കുട്ടികൾക്ക് അനുഭവപ്പെടേണ്ടത്.

മാതാപിതാക്കളുടെ വാക്കാലുള്ളതും അല്ലാത്തതുമായ വികാരപ്രകടനങ്ങൾ, സമ്മർദം, നേടാനാവാത്ത സ്വപ്നങ്ങൾ ഇവയ്ക്കൊക്കെ നിങ്ങളുടെ കുട്ടിയുടെമേൽ സ്വാധീനം ചെലുത്താൻ സാധിക്കും. ഇവ കുട്ടികളുടെമേൽ അറിയാതെ നിഴൽ വീഴ്ത്തുകയും കുട്ടികളിലെ ശുഭാപ്തിവിശ്വാസത്തിന്റെ പ്രഭ കുറയ്ക്കുകയും ചെയ്തേക്കാം. എന്നാൽ ചില ചെറിയകാര്യങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും.

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക, ടി.വി. ഒരുമിച്ചിരുന്ന് കാണുക., പരീക്ഷാക്കാലങ്ങളിൽ കുറച്ചുസമയം കുട്ടിക്കൊപ്പം നടക്കുക, വീട്ടിൽ സമാധാനപൂർണമായ അന്തരീക്ഷമൊരുക്കുക. എന്നിങ്ങനെ. 

6-ദിവസം രണ്ടോ മൂന്നോ മണിക്കൂർമാത്രമാണ് എന്റെ കുട്ടി ഉറങ്ങുന്നത്. ഇത് അവന്റെ ആരോഗ്യത്തെയും പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനെയും ദോഷകരമായി ബാധിക്കില്ലേ?

തീർച്ചയായും. കുട്ടിയുടെ ആരോഗ്യത്തെയും തയ്യാറെടുപ്പിനെയും ദോഷകരമായി ബാധിക്കും. ഒരാൾ ദിവസം രണ്ടോ മൂന്നോ മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെങ്കിൽ, അടുത്ത രണ്ടുദിവസത്തേക്ക് കൂടുതൽസമയം ഉറങ്ങിയാണ് ശരീരം അതിനെ പരിഹരിക്കുന്നത്. വളരെ കുറച്ചുസമയംമാത്രം ഉറങ്ങുന്നത് ദീർഘകാലത്തേക്ക് തുടരുകയാണെങ്കിൽ ശരീരം സ്ലീപ് ഡിപ്രൈവേഷൻ സിൻഡ്രം എന്ന അവസ്ഥയിലേക്ക് പോകാനും ഇടയുണ്ട്. ഇത് ക്ഷീണം, ഉറക്കംതൂങ്ങൽ, തലവേദന, ശരീരവേദന, ദഹനക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതിരിക്കുക, അസ്വസ്ഥത, പെട്ടെന്ന് ദേഷ്യംവരിക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാനും കാരണമാകും. 

7- തോൽക്കുന്നത് ദോഷകരമാണോ? അതിനെ എങ്ങനെ അതിജീവിക്കാം

പരാജയത്തെ എങ്ങനെ നേരിടാമെന്ന് കുട്ടികൾ പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. നിരാശയുണ്ടാക്കുന്ന ഫലങ്ങളെ കൈകാര്യംചെയ്യാൻ, കുട്ടികളെ എങ്ങനെ സഹായിക്കാമെന്നും മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. കുട്ടികളെ പഠനകാര്യങ്ങളിൽ സഹായിക്കുന്നതിന് എല്ലാ മാതാപിതാക്കൾക്കും സാധിക്കണമെന്നില്ല.

എന്നാൽ എങ്ങനെ ശ്രദ്ധിക്കാം, ഉത്തരവാദിത്തം ഏറ്റെടുക്കാം, ജോലികൾ എങ്ങനെ നന്നായി പൂർത്തിയാക്കാം തുടങ്ങിയ കാര്യങ്ങൾ എല്ലാ മാതാപിതാക്കൾക്കും പറഞ്ഞുകൊടുക്കാൻ സാധിക്കുന്നവയാണ്. കുട്ടികൾ ഇക്കാര്യങ്ങൾ അവരുടേതായരീതിയിൽ പഠിക്കുകയും ഫലം നേടുകയും ചെയ്തുകൊള്ളും. ഭാവിയിലേക്കുള്ള നേട്ടത്തിന്റെ ചവിട്ടുപടികളാണ് പരാജയമെന്ന് കുട്ടികൾ മനസ്സിലാക്കുകയും ചെയ്യും. ചില പരീക്ഷയുടെ ഫലങ്ങൾ സന്തോഷംതരികയും മറ്റ് ചിലത് ദുഃഖം തരികയും ചെയ്തേക്കുമെന്ന് കുട്ടികൾ മനസ്സിലാക്കേണ്ടതുണ്ട്.

നിങ്ങൾക്ക് എന്ത് അറിയാമെന്നാണ് പരീക്ഷയിൽ ചോദിക്കുക. അല്ലാതെ നിങ്ങൾ എന്താണ് എന്നല്ല ചോദിക്കുകയെന്ന് കുട്ടികൾ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. സന്തോഷം നൽകുന്ന പരീക്ഷകളെയും സങ്കടം തരുന്ന പരീക്ഷകളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിഞ്ഞിരിക്കണ്ടകാര്യമാണ്. 

8-  കുട്ടിയെ സഹായിച്ചില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? 

ചിലസമയത്ത് കുട്ടികൾക്ക് ഒരു സഹായവും ആവശ്യമായി വരാറില്ല. മറ്റു ചിലപ്പോൾ സഹായിക്കാനാവാത്തവിധം നിങ്ങൾ തിരക്കിലായിപ്പോയെന്നുവരാം. അതേസമയം ചില സാഹചര്യങ്ങളിൽ സഹായം അനിവാര്യമാണ്. മറ്റു ചിലപ്പോൾ അങ്ങനെയല്ല. കുട്ടികളുടെ ശ്രമത്തിലും പുരോഗതിയിലും നിങ്ങൾ സന്തുഷ്ടരാണെന്ന് അവരെ ബോധ്യപ്പെടുത്തുക. അവർക്ക് ആവശ്യമുള്ളസമയത്ത് നിങ്ങൾ സഹായത്തിനുണ്ടാവുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുക.

9-  കുട്ടിയിൽനിന്ന് സമ്മർദം ഒഴിവാക്കാനുള്ള അഞ്ച് വഴികൾ നിർദേശിക്കാമോ?

A) എല്ലാ ദിവസവും കുറച്ചുസമയം കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ചെലവഴിക്കുക. പരീക്ഷയെക്കുറിച്ചല്ലാതെ മറ്റുകാര്യങ്ങളെക്കുറിച്ച് സംസാരിക്കുക.

B) ശ്വസനവുമായി ബന്ധപ്പെട്ട ചില വ്യായാമങ്ങൾ പാലിക്കുക. ദിവസവും മൂന്നോ നാലോ തവണ, മെല്ലെ ദീർഘശ്വാസമെടുത്ത് മെല്ലെ നിശ്വസിക്കുന്നത് നല്ലതാണ്. നാലോ അഞ്ചോ മിനിറ്റ്‌ ഇതിനായി മാറ്റിവെക്കാം. ഇത് സമ്മർദം കുറയ്ക്കാൻ ഫലപ്രദമാണ്. 

C) ചിന്തകളിൽ ശുഭാപ്തിവിശ്വാസം കൊണ്ടുവരിക. കാരണം നിരാശാജനകമായ ചിന്തകൾ ആത്മവിശ്വാസത്തെ നശിപ്പിക്കും. നിരാശാജനകമായ ചിന്തകളെ ശുഭാപ്തി വിശ്വാസംകൊണ്ട് മറികടക്കാൻ ശ്രമിക്കുക. (ഉദാഹരണത്തിന്- ഞാൻ നന്നായി പഠിക്കുന്നുണ്ട്- എനിക്ക് കാര്യങ്ങൾ അറിയാം- എനിക്ക് നന്നായി ചെയ്യാനാകും എന്ന് മനസ്സിൽ ഉറപ്പിക്കുക).

D) കുട്ടികളിൽ സമ്മർദം വളരെ കൂടുതലാണെങ്കിൽ, പ്രിയപ്പെട്ടവരുമായുള്ള സംസാരത്തിലൂടെ അതിന് പരിഹാരമാകണമെന്നില്ല. ഇത്തരം സാഹചര്യത്തിൽ കൗൺസലർമാരുടെ സഹായം തേടുക. മാനസിക സമ്മർദത്തെ കുറയ്ക്കുന്നതിൽ പരിശീലനം നേടിയിട്ടുള്ളവരാണ് ഇവർ. 

E) അവസാനമായി ഒന്നുകൂടി, അത് ഇതാണ് -പരീക്ഷകൾക്കുശേഷവും ജീവിതമുണ്ട്.

(ഓണ്‍ലൈന്‍ അധ്യയനസ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)

Read more....പരീക്ഷാക്കാലമാണ് വരുന്നത്, മാതാപിതാക്കള്‍ക്കും വേണം തയ്യാറെടുപ്പുകള്‍.

content highlights: Parenting in the time of examination