മയം എത്രവേഗമാണ് കടന്നുപോകുന്നത്! കഴിഞ്ഞ വർഷം ഏതാണ്ട് ഈ സമയത്താണ് കൗമാരക്കാരിയായ ഒരു വിദ്യാർഥിനിയുടെ അമ്മയെ പരീക്ഷാസമ്മർദത്തെ അതിജീവിക്കാൻ സഹായിച്ചതിനെക്കുറിച്ച് ഞാൻ നിങ്ങളോട് പറഞ്ഞത്. ഇപ്പോൾ ഇതാ വീണ്ടും ഒരുപാട് ഉത്കണ്ഠയും ആകാംക്ഷയും സമ്മർദവും ആവേശവുമൊക്കെ മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും സമ്മാനിച്ചുകൊണ്ട് മറ്റൊരു പരീക്ഷക്കാലംകൂടി എത്തിയിരിക്കയാണ്. 
കുട്ടികളുടെ പരീക്ഷയുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ഉയർത്തുന്ന ചില  ചോദ്യങ്ങളാണ് ഇന്ന്‌ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.

നമ്മളിൽ ഏറെപ്പേരും കുട്ടികളുടെ പരീക്ഷക്കാലത്ത് ഇത്തരം സംശയങ്ങളിലൂടെ കടന്നുപോകാറുണ്ട്. അതിനാൽത്തന്നെ ഈ ചോദ്യങ്ങൾക്കുള്ള എന്റെ ഉത്തരവും കാഴ്ചപ്പാടുകളും നിർദേശങ്ങളുമാണ് ഇതിനൊപ്പം ഉൾപ്പെടുത്തിയിട്ടുള്ളത്. മാതാപിതാക്കൾ ഉന്നയിക്കുന്ന ആദ്യത്തെ ചോദ്യം ഇതാണ് പരീക്ഷ ആരംഭിക്കുന്നതിന്‌ മുന്നേയുള്ള രക്ഷാകർതൃരീതി എങ്ങനെയുള്ളതായിരിക്കണം?

താഴെപ്പറയുന്ന നിർദേശങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും.
നിങ്ങളുടെ കുട്ടിയുടെ കഴിവിനെയും താത്പര്യത്തെയും മനസ്സിലാക്കുകയും യാഥാർഥ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രതീക്ഷ പുലർത്തുകയും ചെയ്യുക

1-ടി.വി. കാണുക, കളിക്കുക, വരയ്ക്കുക തുടങ്ങി കുട്ടികൾ ആസ്വദിക്കുന്ന കാര്യങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തി നിയന്ത്രിക്കാതിരിക്കുക.

2- ശല്യംതോന്നുന്ന വിധത്തിൽ കുട്ടികളോട് പഠിക്കാൻ പറയാതിരിക്കുക. കൃത്യമായ ഇടവേളകളിൽ മാന്യമായി ഓർമിപ്പിക്കുക. 

3- ഉറക്കത്തിന്റെ കാര്യത്തിൽ കൃത്യതപാലിക്കാനും ഏതെങ്കിലും തരത്തിലുള്ള വ്യായാമങ്ങളിൽ ഏർപ്പെടാനും പ്രോത്സാഹിപ്പിക്കുക.

4- ആരോഗ്യകരവും ശുഭാപ്തിവിശ്വാസം നിറഞ്ഞതും വൈകാരികപിന്തുണ നൽകുന്ന അന്തരീക്ഷവും ഒരുക്കിക്കൊടുക്കുക. കുട്ടികൾക്ക് ഏറെ അത്യാവശ്യമുള്ളതും എന്നാൽ, മാതാപിതാക്കൾ പലപ്പോഴും മറന്നുപോകുന്നതുമായ ഒരു കാര്യമാണിത്. 

5- കുഞ്ഞുങ്ങളുടെ കരുത്തിനെ ഉയർത്തിക്കാണിക്കുക. മുമ്പുണ്ടായ പരാജയങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകാൻ പ്രോത്സാഹനം നൽകുക. 

6- കുട്ടികളെ മറ്റുകുട്ടികളുമായും അവരുടെ നേട്ടങ്ങളുമായും താരതമ്യംചെയ്യാതിരിക്കുക. 
ഒന്നും ഓർമയില്ലെന്ന് ഒരുപക്ഷേ പരീക്ഷയ്ക്ക് തൊട്ടുമുമ്പ് കുട്ടികൾ പറഞ്ഞേക്കാം. അപ്പോൾ പരിഭ്രാന്തരാകാതിരിക്കുക. പകരം അവരെ ആശ്വസിപ്പിക്കുക. ഓർമവരുമെന്ന് ഉറപ്പുനൽകുക. നിന്നെക്കൊണ്ടാവുന്നത് ചെയ്താൽമതിയെന്നും നീ നന്നായി ചെയ്യുമെന്ന് ഞങ്ങൾക്ക് അറിയാമെന്നും കുട്ടിയോട്‌ പറയാം. 

7-പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകൾക്ക് അധ്യാപകരോടും പരീക്ഷാസംബന്ധിയായ ആകാംക്ഷകൾ പരിഹരിക്കുന്നതിന് ആവശ്യമെങ്കിൽ സ്കൂളിലെ കൗൺസിലറുടെയും സഹായം തേടുക.

8- 24 മണിക്കൂറുള്ള ദിവസത്തിൽ കുറഞ്ഞത് 15-30 മിനിറ്റ്‌ കുട്ടിക്കൊപ്പം ചെലവഴിക്കാൻ ശ്രദ്ധിക്കുക. അവരോട് സന്തോഷത്തോടെ സംസാരിക്കുക. ഓർക്കുക ഇടയ്ക്കിടയ്ക്ക് സ്നേഹത്തോടെ അവരെ കെട്ടിപ്പിടിക്കുകയുമാവാം. 

അടുത്ത ചോദ്യം ഇതാവും: പരീക്ഷാതയ്യാറെടുപ്പുകളെക്കുറിച്ച്‌ ചോദിക്കുമ്പോൾ എന്റെ മകൻ ദേഷ്യപ്പെടുന്നു. ഞാൻ ഇക്കാര്യം അവനോട് ചോദിക്കുന്നത് നിർത്തണോ? 

പരീക്ഷാതയ്യാറെടുപ്പിനെക്കുറിച്ച് ഓരോ തവണയും നിങ്ങൾ കുട്ടിയോട് ചോദിക്കുമ്പോൾ, അവന് കൂടുതൽ സമ്മർദം അനുഭവപ്പെടുകയാണ് ചെയ്യുന്നത്. ഇത് അവരുടെ ഉത്കണ്ഠ വർധിപ്പിക്കുകയും ചെയ്യും. രക്ഷിതാവ് എന്ന നിലയിൽ അവന്റെ തയ്യാറെടുപ്പിൽ നിങ്ങൾക്ക് ആശങ്കകളുണ്ടാവും. എന്നാൽ, നിങ്ങൾ അതേക്കുറിച്ച് അവനോട് ചോദിക്കുമ്പോൾ ആ 
ആശങ്ക അവനിലേക്കുകൂടി കൈമാറ്റംചെയ്യപ്പെടുകയാണ്.

ദിവസവും 15 മിനി​റ്റങ്കിലും ദീർഘശ്വാസമെടുക്കുന്നതും ധ്യാനിക്കുന്നതും ഉൾപ്പെടെയുള്ള വ്യായാമക്രമങ്ങളും നടത്താൻ അവനെ സഹായിക്കുക. അവനവന്റെ ഉള്ളിൽനിന്നുതന്നെ ശുഭാപ്തി വിശ്വാസത്തെ സ്വീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യാം. ഇങ്ങനെ ചെയ്യുന്നതിലൂടെ കുട്ടികൾ ശുഭാപ്തിവിശ്വാസം നിറഞ്ഞതും സ്വയം പ്രോത്സാഹനം നൽകുന്നതുമായി കാര്യങ്ങൾ അവനവനോടുതന്നെ തുടർച്ചയായി പറയാൻ ആരംഭിക്കും. 

കുട്ടികളോട് പരീക്ഷാതയ്യാറെടുപ്പിനെക്കുറിച്ച് ചോദിക്കുകയേ വേണ്ടന്നല്ല. അവരെ ദേഷ്യപ്പെടുത്തുന്ന വിധവും അസ്വസ്ഥരാക്കുന്ന രീതിയിലും ചോദിക്കേണ്ടതില്ലെന്നുമാത്രം. 

ചോദ്യം തുടരും: എന്റെ മകൾ അവളുടെ സുഹൃത്തിനൊപ്പം പഠിക്കണമെന്ന് പറയുന്നു. ഇത് അവൾക്ക് ഗുണംചെയ്യുമോ അതോ, വെറുതേ സമയംകളയാലാകുമോ?

എല്ലാ കുട്ടികളും വ്യത്യസ്തരാണ്. സംഘം ചേർന്ന് പഠിക്കുന്നതാണ് തനിക്ക് ഗുണകരമെന്ന് നിങ്ങളുടെ മകൾ വിചാരിക്കുന്നതെങ്കിൽ അതാണ് അവൾക്ക് നന്നാവുക. ചർച്ചയിലൂടെ സംശയങ്ങൾ പരിഹരിക്കാൻ സാധിക്കുന്നതിനാലും കൂടുതൽ നന്നായി പഠിക്കാൻ പ്രോത്സാഹനം ലഭിക്കുമെന്നതിനാലും ചില കുട്ടികൾക്ക് സംഘംചേർന്നുള്ള പഠനം ഗുണകരമാകാറുണ്ട്.

എന്നാൽ, അതേസമയംതന്നെ കുട്ടികൾ സംഘംചേർന്നിരുന്ന് പഠിക്കുന്നത് എവിടെയാണ്, എപ്പോഴാണ്, അവിടത്തെ അന്തരീക്ഷം ഗുണകരമാണോ, അവരുടെ ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങളുണ്ടാകുന്നോ എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.  

ഇത്ര മാർക്ക് നേടണമെന്ന് കുട്ടികളോട് പറയേണ്ടതുണ്ടോ? അങ്ങനെ പറയാതിരുന്നാൽ അവർക്ക് പഠിക്കാനുള്ള പ്രചോദനം ലഭിക്കുമോ?

ഇത്രമാർക്ക് നേടണമെന്ന് നിങ്ങൾ പറയുന്നത് കുട്ടിയെ ലക്ഷ്യം നേടാൻ സഹായിച്ചു കൊള്ളണമെന്നില്ല. ഇനി ഇത്ര മാർക്ക് നേടണമെന്ന് കുട്ടിയോട് പറയണമെന്ന് നിങ്ങൾ ആഗ്രഹിക്കുകയാണെന്നിരിക്കട്ടെ, അത് കുട്ടിയോട് സംസാരിച്ചതിനുശേഷമായിരിക്കണം. നിങ്ങൾ നിർദേശിക്കുന്ന ലക്ഷ്യം കുട്ടിക്ക് ഒരു മാർഗദീപമായിവേണം മാറാൻ. അല്ലാതെ സമ്മർദമുണ്ടാക്കുന്ന ഒന്നായി മാറരുത്. 

എനിക്കറിയാം എന്റെ കുട്ടി ടി.വി. കണ്ടും സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചും ഒരുപാട് സമയം പാഴാക്കുന്നുണ്ടെന്ന് എങ്ങനെ അവനെ ഇതിൽനിന്ന് പിന്തിരിപ്പിക്കാം? 

ഒരു ടൈംടേബിൾ ഉണ്ടാക്കുന്നതിലൂടെ നിങ്ങളുടെ കുട്ടിയെ സഹായിക്കാനാകും. അങ്ങനെ എത്ര സമയമാണ് ടി.വി. കാണുന്നതിലൂടെ പാഴാക്കി കളയുന്നതെന്ന് കുട്ടിയെ ബോധ്യപ്പെടുത്താം. സമയം വിനിയോഗിക്കുന്ന കാര്യത്തിലും കുട്ടിയെ നിങ്ങൾക്ക് സഹായിക്കാം. പക്ഷേ, ഇതിനെല്ലാം മുന്നേ ഒരു കാര്യം ഉറപ്പുവരുത്തുക.

നിങ്ങളുടെ കുട്ടി ദീർഘനേരം ടി.വി. കാണുന്നില്ലെങ്കിൽ, കുറച്ചുസമയമേ സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നുള്ളൂവെങ്കിൽ അതിന് അവനെ അനുവദിക്കുക. കാരണം, പഠനത്തിനിടയിൽ ചെറിയ ഇടവേള അവനും ആവശ്യമാണ്. 

എന്റെ കുട്ടിയുടെ പരീക്ഷാഫലത്തെക്കുറിച്ച് ഏറെ ആകുലയാണ്. ഇതേക്കുറിച്ച് ഞാൻ കുട്ടിയുമായി സംസാരിക്കേണ്ടതുണ്ടോ ?

രക്ഷാകർത്താവെന്ന നിലയിൽ, പരീക്ഷയിലെ കുട്ടിയുടെ പ്രകടനത്തെക്കുറിച്ച് നിങ്ങൾക്ക് ഉത്കണ്ഠയുണ്ടാവുക സ്വാഭാവികമാണ്. ഞാൻ അതിനെ അംഗീകരിക്കുകയും ചെയ്യുന്നു. എന്നാൽ, ആ ആകാംക്ഷയെ നിങ്ങൾ കുട്ടിയുടെ മനസ്സിലേക്ക് കടത്തിവിടരുത്. അങ്ങനെ ചെയ്യുന്നത് കുട്ടിയിൽ മാനസിക അതിസമ്മർദത്തിന് കാരണമാകും.

മാത്രവുമല്ല ഇത് പരീക്ഷാഫലത്തെക്കുറിച്ച് കൂടുതൽ കുട്ടിയെ ആശങ്കാകുലനാക്കും. കൂടാതെ പരീക്ഷയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതിരിക്കാനും കാരണമാകും. പരീക്ഷാക്കാലത്തെ രക്ഷാകർതൃത്വത്തെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളും മറുപടികളും അടുത്ത ആഴ്ചയിലെ ലേഖനത്തിൽ.

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക.)