യാദൃച്ഛികമെന്നു പറയട്ടെ, നോ പറയാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കാം എന്ന ലേഖനം എഴുതിക്കഴിഞ്ഞതിന്‌ തൊട്ടുപിന്നാലെയാണ് കുട്ടികളിലെ ലഹരിഉപഭോഗത്തെക്കുറിച്ചുള്ള വാർത്ത വായിക്കാനിടയായത്. ഹൈദരാബാദിൽനിന്നുള്ളതായിരുന്നു അത്. അവിടെ അമ്പതിലധികം സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികൾ ലഹരിക്ക് അടിമകളാണ് എന്നായിരുന്നു വാർത്തയിൽ പറഞ്ഞിരുന്നത്. പതിമ്മൂന്ന്‌ വയസ്സുള്ളവർവരെ ഈ മഹാവിപത്തിന് അടിമയാണ്.

നമ്മുടെ നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. വായിച്ച രണ്ടുവാർത്തകളിലുമുൾപ്പെട്ട കുട്ടികൾ നല്ല കുടുംബങ്ങളിൽനിന്നുള്ളവരായിരുന്നു. ലഹരിയുപയോഗിച്ച ഭൂതകാലവും ആ കുടുംബങ്ങൾക്ക് ഉണ്ടായിരുന്നില്ല. ലഹരിമരുന്നുകളുടെ ദൂഷ്യഫലങ്ങൾ അറിഞ്ഞുകൊണ്ടുതന്നെയാണ് പല കുട്ടികളും ഇതിന് അടിമകളാകുന്നത്.

സുഹൃത്തുക്കളുടെ ക്ഷണം നിരസിക്കാനുള്ളമടിയും അതുവഴി സുഹൃദ്ബന്ധത്തിൽ വിള്ളൽ വീഴാതിരിക്കാനുള്ള ആഗ്രഹവുമാണ് ഇതിനുകാരണമാകുന്നത്. ഒരിക്കൽ ഉപയോഗിക്കുകയും ക്രമേണ അതിന് അടിമകളായിമാറുകയും ചെയ്യുന്നു.

കുട്ടികളെ നോ പറയാൻ പഠിപ്പിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ യോജിക്കാതിരുന്നവരോട് ഒരു ചോദ്യം. നിങ്ങൾ ഇപ്പോഴും വിചാരിക്കുന്നുണ്ടോ ഒന്നിനോടും നോ പറയുന്നവരാകരുത് മക്കളെന്ന്? അതുകൊണ്ട് തന്നെ, തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരായിവേണം കുട്ടികളെ വളർത്താനെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ശരിയുംതെറ്റും വിവേചിച്ച് അറിയാനും ഉറപ്പോടെ സംസാരിക്കാനും അവരെ പ്രാപ്തരാക്കണം. 

എന്താണ് നല്ലത് എന്നതിനെക്കുറിച്ച്  സംസാരിക്കുക

തെറ്റായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനും അവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും നമ്മളിൽപലർക്കും മടിയാണ്. നമ്മുടെ സംസാരം ആ തെറ്റുകൾ ഒന്ന്‌ പരീക്ഷിച്ചുനോക്കാൻ കുട്ടികളെ പ്രേരിപ്പിച്ചാലോയെന്ന ഭയമാണ് ഇതിനുപിറകിൽ. മയക്കുമരുന്ന്/ മദ്യം/ പുകവലി- തെറ്റുകളുടെ ഉത്തമോദാഹരണങ്ങളാണ് ഇവയൊക്കെ. വീടുകളിലെ സംസാരവിഷയങ്ങളിൽ ഇവയുൾപ്പെടാറുമില്ല.

പക്ഷെ ഞാൻ ഒന്നു ചോദിച്ചോട്ടെ, നമ്മൾ അവരോട് ഇതേക്കുറിച്ച് സംസാരിക്കാതിരിക്കുകയും ദൂഷ്യഫലങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കാതിരിക്കുകയും ചെയ്താൽ അവ നല്ലതല്ലെന്ന അറിവ് കുട്ടിക്ക് എങ്ങനെ ലഭിക്കും? പിന്നീടുള്ള അവരുടെ ആശ്രയം സുഹൃത്തുക്കൾമാത്രമാണ്. കുട്ടികൾ അവരുടെ കൗതുകങ്ങളും ആശങ്കകളും സുഹൃത്തുക്കളുമായി പങ്കുവെക്കും. എന്നാൽ അപൂർണവും തെറ്റിദ്ധാരണ കലർന്ന വിവരങ്ങളുമായിരിക്കും ഇത്തരം പങ്കുവെക്കലുകൾ കുട്ടികൾക്ക് നൽകുക.

ഇന്നത്തെകാലത്ത് വളരെചെറുപ്പത്തിൽ തന്നെ നമ്മുടെ കുട്ടികൾ പുകവലി, മദ്യം, മറ്റ് ലഹരിവസ്തുക്കൾ എന്നിവ പരിചിതമാക്കുന്നുണ്ട്. മദ്യപാനം, പുകവലി എന്നിവയൊക്കെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങളും മറ്റും ഒരു 'തമാശ' അല്ലെങ്കിൽ 'ജീവിതത്തിന്റെ ഭാഗം' എന്ന രീതിയിൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. അതുകൊണ്ടുതന്നെ ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തുന്ന ദോഷത്തെക്കുറിച്ച് മാതാപിതാക്കൾ കുട്ടികളുമായി നിർബന്ധമായും സംസാരിച്ചേ മതിയാകൂ.

പക്ഷെ എവിടെനിന്നാണ് നാം തുടങ്ങേണ്ടത്. വിദഗ്ധരുടെ അഭിപ്രായത്തിൽ കുട്ടികളുമായുള്ള ആശയവിനിമയം സ്കൂൾകാലത്തിനു മുമ്പേ ആരംഭിക്കുന്നത് വളരെനല്ലതാണ്. ദൈനംദിനജീവിതത്തിൽ ഇതിനു സഹായകമായ സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ അവയെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുക. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് മാതാപിതാക്കളിൽനിന്ന് അറിയുന്ന കുട്ടികൾ ഭാവിയിൽ അത് ഉപയോഗിക്കാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. വരൂ നമുക്ക് തുടങ്ങാം.

സ്കൂൾ കാലത്തിനു മുമ്പ് കുഞ്ഞുങ്ങൾക്ക് മാതാപിതാക്കളുമായുള്ള ബന്ധം ശക്തമായിരിക്കും. മാത്രമല്ല എല്ലാകാര്യങ്ങൾക്കും അവർ മാതാപിതാക്കളുടെ അംഗീകാരം ആവശ്യപ്പെടുകയും ചെയ്യും. പോഷകസമൃദ്ധവും ശരിയായതുമായ ഭക്ഷണക്രമം, ശുചിത്വം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയ സമയമാണിത്. തീരുമാനങ്ങളെടുക്കാനും പ്രശ്നപരിഹാരത്തിനുമുള്ള ചെറിയചെറിയ പാഠങ്ങളും കുഞ്ഞുങ്ങൾക്ക് ഇക്കാലത്ത് പഠിപ്പിച്ചു കൊടുക്കാം. അവ പിൽക്കാലത്ത് കുഞ്ഞുങ്ങൾക്ക് സഹായകരമാവുകയും ചെയ്യും. 

ആരോഗ്യകരമായ ജീവിതശൈലി പഠിപ്പിക്കാം

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ആവശ്യത്തിന് വിശ്രമിക്കുകയും ചെയ്യുമ്പോൾ തോന്നുന്ന സന്തോഷത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കുക. ആരോഗ്യവാന്മാരായ കുഞ്ഞുങ്ങൾക്ക് ഓടാനും ചാടാനും കളിക്കാനുമൊക്കെ സാധിക്കുമെന്നും അവരോട് പറയുക. 

ചെറിയതീരുമാനങ്ങൾ അവരും എടുക്കട്ടെ

സാധിക്കുന്ന അവസരങ്ങളിൽ കുഞ്ഞുങ്ങളെക്കൊണ്ട് കൊച്ചുകൊച്ചു തീരുമാനങ്ങളെടുപ്പിക്കുക. ഏത് വസ്ത്രംധരിക്കണം, ഉച്ചയ്ക്ക് എന്തു കഴിക്കണം അങ്ങനെയങ്ങനെ. അവർ തിരഞ്ഞെടുക്കുന്ന വസ്ത്രം തമ്മിൽ ചേരാത്തതോ അല്ലെങ്കിൽ ഒരിക്കൽ കഴിച്ച ഭക്ഷണം വീണ്ടും ആവശ്യപ്പെടുകയോ ചെയ്യുകയാണെന്നിരിക്കട്ടെ, തീരുമാനങ്ങളെടുക്കാനുള്ള അവരുടെ കഴിവിനെ കുറച്ചുകൂടി മെച്ചപ്പെടുത്തണമെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. 

പല്ലു തേക്കുക, കളിപ്പാട്ടങ്ങൾ അടക്കിവെക്കുക, ശുചിത്വം പാലിക്കുക, വളർത്തുമൃഗങ്ങളെ പരിപാലിക്കുക തുടങ്ങിയകാര്യങ്ങളിൽ കുഞ്ഞുങ്ങളുടെ പങ്കാളിത്തവും അവർ അത് ആസ്വദിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക. കുഞ്ഞുങ്ങൾക്ക് കൈകാര്യം ചെയ്യാൻ പാകത്തിന് ഉത്തരവാദിത്വങ്ങൾ ചെറുതാക്കി കൊടുക്കുക. പിൽക്കാലത്ത് ഘട്ടംഘട്ടമായി വ്യക്തമായ പദ്ധതിയോടെ കാര്യങ്ങൾ ചെയ്യാൻ കുട്ടികളെസഹായിക്കും. മാത്രമല്ല പ്രശ്നപരിഹാരത്തിനും ഈ രീതി അവരെ സഹായിക്കും. 

അപകടം പിടിച്ചവയെക്കുറിച്ച്  പറഞ്ഞുകൊടുക്കുക

പരിസരത്തുള്ള അപകടകരവും വിഷംനിറഞ്ഞതുമായ വസ്തുക്കളെ ക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. ഉദാഹരണത്തിന് അടുക്കളയും ശൗചാലയവും വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ലായനികൾ തുടങ്ങിയവ. വസ്തുക്കളുടെ പുറംചട്ടയിലെഴുതിയിരിക്കുന്ന മുന്നറിയിപ്പുകൾ കുട്ടികൾക്ക് ഉറക്കെ വായിച്ചുകേൾപ്പിക്കുക. മാത്രമല്ല, പകടകാരികളായ വസ്തുക്കൾക്കുമുകളിൽ മുന്നറിയിപ്പുകൾ എപ്പോഴും ഉണ്ടാകണമെന്നില്ല എന്നകാര്യവും കുട്ടികൾക്ക്‌ പറഞ്ഞുകൊടുക്കുക. മരുന്നോ ഭക്ഷണമോ ആകട്ടെ, മാതാപിതാക്കളിൽനിന്നോ മറ്റ് ഉത്തരവാദപ്പെട്ടവരിൽനിന്നോ അല്ലാതെ കുഞ്ഞുങ്ങൾ വാങ്ങിക്കഴിക്കാനുള്ള അപകടസാധ്യത ഒഴിവാക്കാൻ ഇത് സഹായകമാകും. 

അഞ്ചുമുതൽ എട്ടുവയസ്സുവരെ പ്രായമുള്ളവർക്കും മുതിർന്ന കുട്ടികൾക്കും ആവശ്യമായ നിർദേശങ്ങൾ അടുത്ത ലേഖനത്തിൽ. 

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒ ആണ് ലേഖിക)