യുവാക്കളോട്, പ്രത്യേകിച്ച് കോളേജ് വിദ്യാർഥികളോട് സംസാരിക്കുമ്പോൾ ഞാൻ ഒരു കാര്യം ശ്രദ്ധിക്കാറുണ്ട്, ഉപരിപഠനത്തിന് തിരഞ്ഞെടുത്ത മേഖലയെക്കുറിച്ച് അസംതൃപ്തിയുള്ളവരായിരിക്കും അതിൽ 70 ശതമാനം പേരും. ‘ഞാൻ ആഗ്രഹിക്കുകയാണ്‌ ആ മേഖല തിരഞ്ഞെടുത്തിരുന്നെങ്കിലെന്ന്’- ഇതാണ് അതിലധികം പേരുടെയും പല്ലവി. ‘ജീവിതം രണ്ടാമതൊരു അവസരംകൂടി എനിക്ക്‌ തന്നിരുന്നെങ്കിൽ മികച്ചരീതിയിൽ പ്രവർത്തിക്കാമായിരുന്നു’ -ഇത് ഞാൻ കാണാറുള്ള മുതിർന്നവരുടെ വാക്കുകളാണ്.

ഞാൻ എന്റെ കേൾവിക്കാരോട് ചോദിക്കാറുണ്ട്, നിങ്ങളിൽ എത്ര പേർ വലിയ മണ്ടത്തരങ്ങൾ ചെയ്തിട്ടുണ്ടെന്ന്. അവരിൽ മുഴുവനാളുകളും കൈകൾ ഉയർത്താറുമുണ്ട്. കാരണം ചോദിക്കുമ്പോൾ അവരുടെ മറുപടി ഇങ്ങനെയാണ്: "ഞാൻ രണ്ടാമത് ഒരുവട്ടംകൂടി ചിന്തിക്കാറില്ല", "ഗൗരവപൂർവം അതേക്കുറിച്ച് ചിന്തിച്ചില്ല", "മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിനുവഴങ്ങി തീരുമാനങ്ങളെടുത്തു..." 

തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയുള്ളവരാവുകയെന്നത് ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള കാര്യമാണ്. എന്നാൽ, ദൗർഭാഗ്യകരമെന്നുപറയട്ടെ, രക്ഷാകർതൃത്വത്തിന്റെ ഭാഗമായോ സ്കൂളിലോ തീരുമാനമെടുക്കുന്നതിനെക്കുറിച്ച്‌കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് വളരെ അപൂർവമായാണ്. കുട്ടികൾ തീരുമാനമെടുക്കുന്നതിനെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുള്ളവരാണ് നാം ഓരോരുത്തരും.

കുട്ടികൾ എന്തുകഴിക്കണം, എന്ത് ധരിക്കണം, ഐസ്‌ക്രീമിന്റെ ഏത് ഫ്ലേവർ വേണം കഴിക്കാൻ, ഏത് ടെലിവിഷൻ പരിപാടി കാണണം, ഏത് വീഡിയോ ഗെയിം കളിക്കണം, ഏതുപാട്ട് കേൾക്കണം എന്നിങ്ങനെ കുട്ടികൾക്കുവേണ്ടി തീരുമാനങ്ങളെടുക്കാൻ നാം താത്പര്യം കാണിക്കാറുമുണ്ട്. 

മുൻപിൻ നോക്കാത്തതും അഹംഭാവം മുറ്റിയതും ദീർഘവീക്ഷണമില്ലാത്തവയുമായ തീരുമാനങ്ങൾ മുതിർന്നവർ പലപ്പോഴും കൈക്കൊള്ളാറുണ്ട്. ശരിയായവിധത്തിൽ തീരുമാനങ്ങളെടുക്കാൻ അറിയാത്തതാണ്‌ ഇതിന്റെ പ്രധാനകാരണം. ഒരൊറ്റ രാത്രികൊണ്ട് ഇതിന് പ്രാപ്തരാകാൻ ആർക്കും സാധിക്കില്ല. അതുകൊണ്ടുതന്നെ ഭാവിയിൽ മികച്ച തീരുമാനങ്ങളെടുക്കുന്നവരാകാനുള്ള പരിശീലനം ചെറുപ്പത്തിൽത്തന്നെ കുട്ടികൾക്ക്‌ നൽകണം.

കുട്ടികൾ നിരവധി അബദ്ധങ്ങൾ ചെയ്യാറുണ്ടെന്നാണ് എന്റെയും വിശ്വാസം. മോശം തീരുമാനങ്ങളെടുക്കുകയും അതിന്റെ പരിണതഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നത് ഭാവിയിൽ മികച്ച തീരുമാനങ്ങളെടുക്കാൻ അവരെ പ്രാപ്തരാക്കും. എന്നാൽ, തുടർച്ചയായി മോശം തീരുമാനങ്ങൾ കൈക്കൊള്ളുന്നത് കുട്ടികളെ പ്രതികൂലമായി ബാധിക്കും. തെറ്റായ തീരുമാനങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് മാതാപിതാക്കൾ കുട്ടികളെ ഒഴിവാക്കുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. കാരണം, മോശം തീരുമാനത്തിന്റെ പരിണതഫലം എന്താണെന്ന് മനസ്സിലാക്കാനുള്ള അവസരം കുട്ടികൾക്ക് നഷ്ടപ്പെടുകയാണ് ഇതിലൂടെയുണ്ടാകുന്നത്. 

കുട്ടികളെ തീരുമാനങ്ങളെടുക്കാൻ പഠിപ്പിക്കുന്നതിനുമുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുടെ പ്രായം, പക്വത, മുമ്പ് ഏതെങ്കിലും അവസരത്തിൽ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ടോ എന്നീ കാര്യങ്ങൾ പരിഗണിക്കണം.  തീരുമാനമെടുക്കാനുള്ള പൂർണസ്വാതന്ത്ര്യം ചെറുപ്പത്തിൽത്തന്നെ കുഞ്ഞുങ്ങൾക്ക് നൽകുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് വരുത്തുക.

കുട്ടികൾക്ക് തീരുമാനമെടുക്കാനുള്ള പരിശീലനം ചെറിയപ്രായം മുതൽ നൽകാം. ശ്രദ്ധിക്കണമെന്നുമാത്രം. ഉദാഹരണത്തിന്, സൂപ്പർ മാർക്കറ്റിൽ ഷോപ്പിങ്ങിനുപോകുമ്പോൾ ഇഷ്ടമുള്ള സാധനം എടുത്തോളൂ എന്ന സ്വാതന്ത്ര്യം കുട്ടിക്ക് നൽകരുത്. കാരണം, അവിടെനിന്ന് എന്തുവാങ്ങണം, എന്തുവേണ്ട എന്ന കാര്യത്തിൽ കുട്ടി കുഴങ്ങിപ്പോകാനിടയുണ്ട്. പകരം ഏതെങ്കിലും മൂന്ന് സാധനങ്ങൾ പറയുക. അതിൽനിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ പറയുക. കാണുന്നതെല്ലാം വേണമെന്ന വാശിയെ കുട്ടികളിൽനിന്ന് അകറ്റാനും ഇത്തരം പരിശീലനം സഹായിക്കും. 

കുട്ടികൾ മുതിരുന്നതിനനുസരിച്ച് അവർക്ക് തീരുമാനമെടുക്കാനുള്ള കൂടുതൽ അവസരങ്ങൾ നൽകുക. ഒപ്പം പ്രാധാന്യമുള്ള തീരുമാനങ്ങളെടുക്കാനുള്ള അവസരവും അവർക്ക് നൽകുക. ഉദാഹരണത്തിന് എപ്പോൾ ഉറങ്ങണം, ഏതുകളികളിൽ ഏർപ്പെടണം എന്നിങ്ങനെ. ക്രമേണ ഓരോ തീരുമാനങ്ങൾ കൈക്കൊള്ളാനും അതിന്റെ ഭാഗമായ ഉത്തരവാദിത്വം ഏറ്റെടുക്കാനും കുട്ടികൾ പ്രാപ്തരാകും. ആവശ്യമെങ്കിൽ രക്ഷാകർത്താവ് എന്നനിലയിൽ കുട്ടികളുടെ തീരുമാനത്തിൽ മാറ്റംവരുത്താനും ശ്രദ്ധിക്കുക. 

തീരുമാനമെടുക്കാം, ഘട്ടംഘട്ടമായി

നല്ല തീരുമാനം കൈക്കൊള്ളുക എന്നത് സങ്കീർണമായൊരു പ്രക്രിയയാണ്. ഇതിന് പ്രാപ്തരാകാൻ ഒരുപക്ഷേ, വർഷങ്ങൾതന്നെ വേണ്ടിവന്നേക്കാം. ചെറുപ്രായത്തിൽ കുട്ടികളെ തീരുമാനമെടുക്കാൻ ബോധവത്കരിക്കുന്ന ആ നിമിഷംമുതൽ ഈ പ്രക്രിയ ആരംഭിക്കുകയാണ്. അബദ്ധം നിറഞ്ഞ തീരുമാനങ്ങളെടുക്കുന്നതിലും അതിനനുസരിച്ച് പ്രവർത്തിക്കുന്നതിലും കുട്ടികൾ ബഹുമിടുക്കരാണ്.

അതുകൊണ്ടുതന്നെ എടുത്തുചാടി ഒന്നും ചെയ്യരുതെന്നുവേണം നിങ്ങൾ അവരെ ആദ്യം പഠിപ്പിക്കേണ്ടത്. ഇത്തരത്തിൽ ഒന്നോ രണ്ടോ നിമിഷങ്ങൾ വൈകുന്നത് വലിയ അബദ്ധങ്ങളിൽ ചെന്നുചാടുന്നതിൽനിന്ന് അവരെ രക്ഷപ്പെടുത്തും. ചിന്തിക്കാതെ എടുത്തുചാടുന്ന സന്ദർഭങ്ങളിൽ അവരെ തടയുക. ചിന്തിച്ച് പ്രവർത്തിക്കാൻ നിർദേശിക്കുക. ഓരോ സമയത്തും കുട്ടിക്കൊപ്പമുണ്ടാകാനും തീരുമാനത്തിന്റെ ഗുണത്തെക്കുറിച്ചും ദോഷത്തെ ക്കുറിച്ചും പറഞ്ഞുകൊടുക്കാനും നിങ്ങൾക്ക് സാധിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ചാടിക്കയറി തീരുമാനങ്ങളെടുക്കരുതെന്ന് അവരെ ബോധ്യപ്പെടുത്തുക. 

ചിന്തിച്ച് പ്രവർത്തിക്കാൻ പഠിപ്പിക്കുക

എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് നന്നായി ആലോചിക്കാൻ നിർദേശിക്കുക. എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് ഞാൻ ഇക്കാര്യം എന്തുകൊണ്ട് ചെയ്യുന്നു എന്ന് ആലോചിക്കാൻ കുഞ്ഞുങ്ങളോട് പറയുക. തീരുമാനമെടുക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയെന്ന് തിരിച്ചറിയാനും അവരോട് നിർദേശിക്കുക. കാരണം, ഒരു തീരുമാനം കൈക്കൊള്ളാൻ കുട്ടികളെ പല ഘടകങ്ങൾ പ്രേരിപ്പിക്കുന്നുണ്ടാകാം.

അബദ്ധമാണെന്നറിഞ്ഞും ചില കാര്യങ്ങൾ ചെയ്യാൻ കുട്ടികൾ നിർബന്ധിതരാകാറുണ്ട്. കൂട്ടുകാരിൽനിന്നുംമറ്റുമുള്ള സമ്മർദമാണ് ഇതിനവരെ നിർബന്ധിതരാക്കുന്നത്. ശരിയായ തീരുമാനത്തെക്കാൾ പോപ്പുലറായ തീരുമാനങ്ങൾ സ്വീകരിക്കുകയാണ് അധികം കുട്ടികളും ചെയ്യുന്നത്. പക്വത പ്രകടിപ്പിക്കുന്ന വളരെ കുറച്ചുകുട്ടികൾമാത്രമേ ശരിയായ തീരുമാനങ്ങൾ തിരഞ്ഞെടുക്കാറുള്ളൂ. അതുകൊണ്ട് പ്രവൃത്തികൾ ചിന്തിച്ച ശേഷമായിരിക്കണം.

എനിക്കു മുന്നിലുള്ള സാധ്യതകൾ എന്തൊക്കെയാണ്

തീരുമാനമെടുക്കുന്നതിനുമുമ്പ് തനിക്കുമുന്നിലുള്ള സാധ്യതകൾ ഏതൊക്കെയാണെന്ന് ചിന്തിക്കാൻ കുട്ടികളോട് പറയുക. ഒരു പ്രത്യേക സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ കുട്ടികൾക്കുമുന്നിൽ നിരവധി സാധ്യതകളുണ്ടാകും.

ഉദാഹരണത്തിന്, ഒരു കടയിൽനിന്ന്‌ സുഹൃത്തുക്കൾക്കൊപ്പം മിഠായികൾ മോഷ്ടിക്കാൻ പോകുകയാണെന്നിരിക്കട്ടെ. മിഠായിയെടുക്കാം, എടുക്കാതിരിക്കാം(അവരുടെ സുഹൃത്തുക്കൾ മോഷ്ടിക്കുന്നു എന്ന കാര്യം വിട്ടേക്കുക) അല്ലെങ്കിൽ മോഷണം തെറ്റാണെന്ന് സുഹൃത്തുക്കളെക്കൂടി ബോധ്യപ്പെടുത്തിയശേഷം മോഷണശ്രമത്തിൽനിന്ന് പിന്മാറുക. ഇതിൽ ഏറ്റവും ശരിയായ സാധ്യത തിരഞ്ഞെടുക്കാൻ കുട്ടികളോട് പറയുക. 

എന്റെ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്? 

ഒരു തീരുമാനമെടുക്കുന്നതിനുമുമ്പ് അതുകൊണ്ടുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ, കുട്ടികളുടെ ഭാഷയിൽ പറഞ്ഞാൽ അതുകൊണ്ടുകിട്ടുന്ന ‘പണി’ എന്തൊക്കെയാണെന്ന് ചിന്തിക്കാൻ ആവശ്യപ്പെടുക. സ്വന്തം തീരുമാനം സൃഷ്ടിക്കുന്ന ഗുണത്തെയും ദോഷത്തെയും അവർതന്നെ വിലയിരുത്തേണ്ടതുണ്ട്.

കാരണം, തീരുമാനത്തിന്റെ ഫലം ദോഷമാണെങ്കിൽ അതിന്റെ തോത് കുറച്ചുകാണാനും അഥവാ നല്ലതാെണങ്കിൽ അമിതമായി ആഹ്ലാദിക്കാനുമുള്ള പ്രവണത കുട്ടികളിലുണ്ട്. ഈ പ്രശ്നം ഇല്ലാതാക്കാനും സ്വന്തം തീരുമാനങ്ങളെ ശരിയായ വിധത്തിൽ വിലയിരുത്തുന്നതിലൂടെ കുട്ടികൾക്ക് സാധിക്കും. 

എന്റെ തീരുമാനങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കും

താനെടുക്കുന്ന തീരുമാനങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാൻ കുട്ടികളോട് ആവശ്യപ്പെടാം. ഇങ്ങനെ ചിന്തിക്കുന്നത് തനിക്കും മറ്റുള്ളവർക്കും ഗുണകരമായ തീരുമാനങ്ങളെടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കും. അവസാനമായി കുട്ടികൾ അവരോടുതന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ഇതാണോ ഞാൻ കൈക്കൊള്ളേണ്ട ഏറ്റവും ശരിയായ തീരുമാനം.

എന്താണ് തനിക്ക് ഏറ്റവും അനുയോജ്യമെന്ന്‌ മനസ്സിലാക്കുകയും അതിനനുസൃതമായി ശരിയായ തീരുമാനത്തിലെത്തുകയുമാണ് വേണ്ടത്. കുട്ടികൾ എല്ലായ്‌പ്പോഴും ആലോചിച്ചുറച്ച തീരുമാനങ്ങൾ എടുക്കണമെന്നില്ല. പ്രത്യേകിച്ച് അവർ ചെറിയകുട്ടികളായിരിക്കുമ്പോൾ. ശരിയായ തീരുമാനങ്ങളെടുക്കാനുള്ള പരിശീലനം കുട്ടികൾക്ക്‌ നൽകുകയാണെങ്കിൽ അതിൽനിന്ന് പാഠമുൾക്കൊള്ളുകയും നല്ല തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയുള്ളവരായി അവർ മാറുകയുംചെയ്യും.

(ഓൺലൈൻ  അധ്യയന സ്ഥാപനമായ ലേണിങ്‌  അരീനയുടെ  സി.ഇ.ഒ. ആണ്‌ ലേഖിക)