സ്കൂൾ കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്നതോടെ കുട്ടികൾ ഏറിയസമയവും ചെലവഴിക്കുന്നത് അവരുടെ കൂട്ടുകാർക്കൊപ്പമായിരിക്കും. മാധ്യമങ്ങളും ചുറ്റുമുള്ള അന്തരീക്ഷവും അവരിൽ കാര്യമായി സ്വാധീനംചെലുത്തുകയും ചെയ്യും. പുത്തൻ ആശയങ്ങളുടെയും സന്ദേശങ്ങളുടെയും ലോകത്തായിരിക്കും അവർ അപ്പോൾ എത്തിച്ചേരുക. ഇവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുത്തേ മതിയാകൂ. അതിനുള്ള നിർദേശങ്ങളിതാ.

നിങ്ങളുടെ അഭിപ്രായം കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുക -പുകവലി, മദ്യം, മറ്റ് മയക്കുമരുന്നുകൾ എന്നിവയെക്കുറിച്ചും അവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും കുട്ടികൾക്ക് കൃത്യമായി പറഞ്ഞുകൊടുക്കുക. ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള ലഹരിക്ക് കുട്ടികൾ അടിമകളാകാനുള്ള സാധ്യത ഇല്ലാതാക്കാൻ ഇത് സഹായിക്കും. മദ്യമോ മറ്റു ലഹരികളോ ഉപയോഗിക്കുന്നതിലൂടെ കളിക്കാനും കടങ്കഥകൾക്ക് ഉത്തരംകണ്ടെത്താനുമൊക്കെ ഒരുപാട് കഷ്ടപ്പെടേണ്ടിവരുമെന്ന് കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കുക.

പുകവലിക്കുന്നത് ശ്വാസത്തിന് ദുർഗന്ധംവരുത്തുമെന്നും പറഞ്ഞുകൊടുക്കാം. ചില സിനിമകളും ടെലിവിഷൻ പരിപാടികളും മ്യൂസിക് വീഡിയോകളും പരസ്യങ്ങളുമൊക്കെ പുകവലിയുടെയും മദ്യത്തിന്റെയും മറ്റ്‌ ലഹരികളുടെയും ഉപയോഗം തെറ്റല്ലെന്ന സന്ദേശംനൽകാറുണ്ട്. ലഹരിയുടെ ഉപയോഗം തെറ്റല്ലെന്ന ബോധംവളർത്താൻ ഇത്തരം സിനിമകളും പരസ്യങ്ങളും സഹായിക്കാറുണ്ടോ എന്ന് കുട്ടികളോടു ചോദിക്കുക. ഇവയുടെ ഉപയോഗം തെറ്റാണെന്ന ബോധ്യം അവർക്കുണ്ടോ എന്നും ചോദിച്ചറിയാം.

ഇത്തരം പരസ്യങ്ങളും സിനിമകളും കാണുമ്പോൾ തോന്നുന്ന സംശയങ്ങൾ ചോദിക്കാനും ആവശ്യപ്പെടാം. കുഞ്ഞുങ്ങൾ പുകവലിക്കുന്നതിനെയും മദ്യമോ മറ്റ് ലഹരിപദാർഥങ്ങളോ ഉപയോഗിക്കുന്നതിനെയും നിങ്ങൾ എന്തുകൊണ്ട് എതിർക്കുന്നു എന്ന് അവർക്ക് പറഞ്ഞുകൊടുക്കുക. കുഞ്ഞുങ്ങൾക്ക് മാതൃകകളാകുന്ന അച്ഛനും അമ്മയുമാവുക. നിങ്ങളുടെ പ്രവൃത്തികളാണ് ഉപദേശങ്ങളെക്കാൾ ഫലവത്താകുക. 

പ്രശ്നങ്ങൾ പരിഹരിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കുക- ഗൃഹപാഠവുമായി ബന്ധപ്പെട്ടതോ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടതോ സ്കൂളിലെ വഴക്കുമായി ബന്ധപ്പെട്ടതോ എന്തുമാകട്ടെ, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കുഞ്ഞുങ്ങളെ പഠിപ്പിക്കുക. പെട്ടെന്നുള്ള പരിഹാരങ്ങളല്ല, പകരം ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങളാണ് ആവശ്യമെന്നും പറഞ്ഞുകൊടുക്കുക. 

കുഞ്ഞുങ്ങളുടെ സുഹൃത്തുക്കളെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചും അറിയുക- പുകവലി, മദ്യപാനം, മറ്റ് ലഹരികൾ ഇവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിങ്ങളുടെ അതേ നിലപാടുതന്നെയാണോ കുഞ്ഞുങ്ങളുടെ സുഹൃത്തുക്കൾക്കും അവരുടെ മാതാപിതാക്കൾക്കും ഉള്ളതെന്ന് അന്വേഷിച്ചറിയുക. ഫോണിലൂടെയോ ഇടയ്ക്കിടെയുള്ള സന്ദർശനങ്ങളിലൂടെയോ ഇക്കാര്യം ഉറപ്പുവരുത്താം. 

എട്ടുവയസ്സിനു മുകളിലുള്ള കുഞ്ഞുങ്ങൾക്കുവേണ്ടി- കൗമാരപ്രായത്തിലുള്ള കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ നിയന്ത്രണങ്ങളെ ചോദ്യംചെയ്യുക പതിവാണ്. അവർ സ്വന്തം സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടത്തിയേക്കാം. എന്നിരുന്നാലും മാതാപിതാക്കളുടെ ഉപദേശം അവർക്ക് അത്യാവശ്യമാണ്. കാരണം കുട്ടികളിലെ ലഹരിഉപയോഗവുമായി ബന്ധപ്പെട്ട് പരിഗണിക്കുകയാണെങ്കിൽ ഏറെ പ്രാധാന്യമുള്ള സമയമാണിത്. 

നിയമങ്ങളെക്കുറിച്ച് കുട്ടികൾക്ക്  ബോധ്യമുണ്ടെന്ന് ഉറപ്പുവരുത്തുക- ഈ പ്രായത്തിലെത്തുമ്പോഴേക്കും നിയന്ത്രണങ്ങളുടെയും നിയമങ്ങളുടെയും ആവശ്യകതയെക്കുറിച്ച് കുട്ടികൾക്ക് ചെറിയ ധാരണയുണ്ടാകും (അവർ ഇക്കാര്യം അംഗീകരിച്ചാലും ഇല്ലെങ്കിലും). ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് മാതാപിതാക്കളിൽനിന്ന് കൃത്യമായ ഉപദേശം കിട്ടിയ കുഞ്ഞുങ്ങൾ ഭാവിയിൽ ഇതിന് അടിമകളാകാനുള്ള സാധ്യത കുറവാണെന്നാണ് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

ലഹരിയോട് ‘നോ’ പറയാൻ പഠിപ്പിക്കുക- പുകവലി, മദ്യം, മറ്റ് ലഹരിപദാർഥങ്ങൾ എന്നിവ ആരെങ്കിലും കുഞ്ഞുങ്ങൾക്കുനേരേ നീട്ടുകയാണെന്നിരിക്കട്ടെ അതിനോട് ‘നോ’ പറയാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കാം. ഈ സാഹചര്യം കൈകാര്യംചെയ്യാൻ അറിയാത്ത കുഞ്ഞുങ്ങൾ സാഹചര്യത്തിന്റെ സമ്മർദത്തിനു വഴങ്ങി ഇവ ഉപയോഗിക്കാൻ തയ്യാറായേക്കാം.

ഇത്തരം സാഹചര്യങ്ങളെ കൈകാര്യംചെയ്യാൻ കുട്ടികളെ പഠിപ്പിച്ചുകൊടുക്കുക. ഏതൊക്കെ തരത്തിൽ ‘നോ’ പറയാമെന്നും പറഞ്ഞുകൊടുക്കുക. ഞാൻ സിഗരറ്റ്‌ വലിച്ചുവെന്നറിഞ്ഞാൽ അച്ഛൻ/അമ്മ എന്നെ കൊന്നുകളയും, ക്ഷമിക്കണം ഞാൻ പുകവലിക്കാറില്ല, നന്ദി ഇത്തരത്തിലൊക്കെ ‘നോ’ പറയാമെന്നു പഠിപ്പിക്കുക. മാത്രമല്ല, ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ച കുട്ടികളുമായി സൗഹൃദം തുടരുന്നില്ലെന്നും ഉറപ്പുവരുത്തുക.

ആത്മാഭിമാനംവളർത്താൻ സഹായിക്കുക- പ്രായപൂർത്തിയാകുന്നതോടെ കുട്ടികളുടെ ആത്മവിശ്വാസത്തിൽ ഉലച്ചിലുകൾ ഉണ്ടാകാനിടയുണ്ട്. ഇത് അരക്ഷിതാവസ്ഥ, സംശയം, സഹപാഠികളുടെയും മറ്റും സമ്മർദത്തിന് വഴങ്ങൽ തുടങ്ങിയവയിലേക്ക് വഴിതെളിച്ചേക്കാം. അതുകൊണ്ടുതന്നെ കുട്ടികളിൽ ആത്മവിശ്വാസംവളർത്തുന്ന രീതിയിൽ സംസാരിക്കുക, ശുഭാപ്തിവിശ്വാസം വളർത്തുക, വിജയത്തിൽ അഭിനന്ദിക്കുക എന്നീ കാര്യങ്ങൾ മാതാപിതാക്കൾ ചെയ്യുക.

സഹപാഠികളിൽനിന്ന് വ്യത്യസ്തമായ അഭിപ്രായം രൂപപ്പെടുത്താൻ പ്രേരിപ്പിക്കുക. ഉദാഹരണത്തിന് കുട്ടിയോട് അവന് ഇഷ്ടമുള്ളയിനം ഷൂ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുക. സുഹൃത്തുക്കളിൽനിന്ന് വ്യത്യസ്തമായത് തിരഞ്ഞെടുക്കാൻ അവസരം നൽകുക. സ്കൂളിലെ കൂട്ടുകാരല്ലാതെ മറ്റു സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോകാനും കളിക്കാനും മകളോട് ആവശ്യപ്പെടുകയുമാവാം. 

കൗമാരത്തിനും അതിനു തൊട്ടുമുമ്പുമുള്ള കുഞ്ഞുങ്ങൾ ഭാവിയെക്കുറിച്ച് വലിയ ഉത്കണ്ഠയുള്ളവർ ആയിരിക്കില്ല. അതുകൊണ്ടുതന്നെ മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിപദാർഥങ്ങൾ എന്നിവ ഒന്നു പരീക്ഷിച്ചുനോക്കാനുള്ള പ്രവണത ഈ പ്രായക്കാർ കാണിച്ചേക്കാം. തങ്ങളുടെ ബാഹ്യരൂപത്തെക്കുറിച്ചാകും ഈ സമയത്ത് അവരുടെ ആശങ്കകളിൽ അധികവും. അവനവനോട് തന്നെയായിരിക്കും ഇക്കാലയളവിൽ കുട്ടികൾക്ക് ഇഷ്ടക്കൂടുതൽ.

ലഹരി ഉപയോഗിക്കുന്നത് ആരോഗ്യത്തെയും സൗന്ദര്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞാൽ ഒരുപക്ഷെ, ഈ ദുശ്ശീലത്തിന്റെ കെണിയിൽ വീഴാതിരുന്നേക്കാം. സിഗററ്റിന്റെ ഉപയോഗം ശ്വാസത്തിന് ദുർഗന്ധമുണ്ടാക്കുമെന്നും കഞ്ചാവ് ഉപയോഗിക്കുന്നത് സ്കൂളിലെ കലാകായിക മത്സരങ്ങളിൽ മികച്ചപ്രകടനം കാഴ്ചവയ്ക്കുന്നതിന് തടസ്സമാകുമെന്നും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം. 

ഭാവനാലോകവും യഥാർഥലോകവും  രണ്ടാണെന്ന് പറഞ്ഞുകൊടുക്കാം- കുട്ടികൾക്കൊപ്പംവേണം സിനിമകളും ടെലിവിഷൻ പരിപാടികളും കാണാൻ. അവയെക്കുറിച്ച് ചോദ്യങ്ങളും ചോദിക്കുക. ഭാവനയും യാഥാർഥ്യവും രണ്ടും രണ്ടാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ ഇത്തരം ചോദ്യങ്ങൾ കുഞ്ഞുങ്ങളെ സഹായിക്കും. ശക്തമായ സന്ദേശങ്ങൾ സംവേദനംചെയ്യുന്നതാണെങ്കിൽ പരസ്യങ്ങളെക്കുറിച്ചും സംസാരിക്കുക. 

ആരോഗ്യകരമായ ശീലങ്ങൾ പഠിപ്പിക്കുക- കുട്ടികൾക്കു ലഭിക്കുന്ന ഒഴിവുസമയത്തിന്റെ ദൈർഘ്യം കുറയ്ക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുക. കലാകായിക രംഗത്തും സ്കൂളിലെ ക്ലബ്ബുകളിലും മറ്റും സജീവമായി പങ്കെടുക്കാൻ കുഞ്ഞുങ്ങളോട് നിർദേശിക്കുക. നല്ല സുഹൃദ്ബന്ധങ്ങൾ സൃഷ്ടിക്കാനും പറഞ്ഞുകൊടുക്കുക. നിങ്ങൾക്കും കുഞ്ഞിനും ഒരുമിച്ച് പങ്കെടുക്കാവുന്ന കളികളും ഇടയ്ക്ക് തിരഞ്ഞെടുക്കുക. 

തുറന്ന കുടുംബാന്തരീക്ഷമാണ് കുട്ടികൾക്ക് ആവശ്യം. അവരുടെ വികാരങ്ങൾ തുറന്നുപറയാൻ സാധിക്കുന്ന, അവരുടെ വിജയങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്ന ആത്മവിശ്വാസം വളർത്തുന്നയിടങ്ങളാകണം വീടുകൾ. ചോദ്യങ്ങളും സംശയങ്ങളും തുറന്നുപറയാൻ അവരെ പ്രോത്സാഹിപ്പിക്കുക. വീട്ടിൽ അതിനുള്ള സാഹചര്യം ലഭിക്കാതിരുന്നാൽ ഉത്തരങ്ങൾതേടി അവർ പുറത്തേക്കുപോകും. പ്രാധാന്യമുള്ള അവരുടെ സംശയങ്ങൾക്ക് പുറത്തുനിന്നാകും അപ്പോൾ ഉത്തരം ലഭിക്കുക. കുഞ്ഞുങ്ങളുമായി സമയം ചെലവിടുന്നത് ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക. ഒരുമിച്ച് ആസ്വദിക്കാൻ സാധിക്കുന്ന കാര്യങ്ങൾ കണ്ടെത്തുകയും അതിനായി സമയം ചെലവഴിക്കുകയുംചെയ്യുക. ഇത് പരസ്പരമുള്ള ബന്ധം കൂടുതൽ ഊഷ്മളമാകാനും തുറന്ന ആശയവിനിമയത്തിനും സഹായകമാകും.

(ഓണ്‍ലൈന്‍ അധ്യയനസ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)