parenting
Representational image,
photo courtesy: pixabay.com

ണ്ടാനച്ഛന്മാരോ രണ്ടാനമ്മമാരോ ആകുമ്പോൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെക്കുറിച്ചാണല്ലോ കഴിഞ്ഞ ലേഖനത്തിൽ പറഞ്ഞത്. ഇനിആ പ്രശ്നങ്ങളെ നേരിടാനുള്ള ചിലനിർദേശങ്ങളിതാ..കുട്ടികളുടെ ആവശ്യങ്ങൾ ആദ്യം മനസ്സിലാക്കുന്നത് നല്ല തീരുമാനങ്ങളെടുക്കാൻ നിങ്ങളെ സഹായിക്കും.

മുൻഗണന ആഗ്രഹങ്ങൾക്കല്ല; ആവശ്യങ്ങൾക്ക്സ്നേഹം, മമത, പൊരുത്തത്തോടെയുള്ള മുന്നോട്ടുപോകല്‍ ഇവയൊക്കെയാണ് മറ്റെന്തിനെക്കാളും കുട്ടികൾക്ക് ആവശ്യം. കുട്ടികൾക്ക് കളിപ്പാട്ടങ്ങളും ട്രീറ്റും നൽകുന്നത് അവർ നല്ല മാർക്ക് നേടാതിരിക്കുമ്പോഴും മോശമായി പെരുമാറുമ്പോഴും ആണെന്നിരിക്കട്ടെ. എങ്കിൽ സമ്മാനം കൊടുത്ത് സ്നേഹം വാങ്ങുകയാണോ എന്ന ചിന്ത നിങ്ങളിൽ തന്നെ വളരാനിടയുണ്ട്. അതുപോലെ തന്നെ നിങ്ങളുടെ സ്വന്തം കുഞ്ഞുങ്ങളെയും ജീവിത പങ്കാളിയുടെ കുഞ്ഞിനെയും വ്യത്യസ്തമായാണ് പരിഗണിക്കുന്നതെന്ന കുറ്റബോധം മനസ്സിൽ തോന്നുന്നെന്നിരിക്കട്ടെ, ഇതിനു പകരമായി കളിപ്പാട്ടങ്ങളോ സമ്മാനങ്ങളോ നൽകാതിരിക്കുക. പകരം കുഞ്ഞുങ്ങളെ എങ്ങനെ തുല്യതയോടെ പരിഗണിക്കാമെന്ന കാര്യം ആലോചിക്കുക.

വീട്ടിലെ നിയമം എല്ലാവർക്കും ഒരുപോലെ- വീട്ടിലെ നിയമങ്ങൾ എല്ലാകുട്ടികളോടും ഒരേപോലെ പാലിക്കാൻ ആവശ്യപ്പെടുക. എന്റെയോ ജീവിതപങ്കാളിയുടെയോ പഴയ ബന്ധത്തിലെ കുഞ്ഞുങ്ങളാണ് ഇവർ, അതാണ് എന്റെ കുഞ്ഞുങ്ങൾ തുടങ്ങിയ ചിന്തകളെ പാടേ ഒഴിവാക്കുക. ചെറിയപ്രായത്തിലുള്ള കുഞ്ഞുങ്ങൾക്കും കൗമാരക്കാർക്കും വ്യത്യസ്തമായ നിയമങ്ങളാകും ഉണ്ടാവുക. ഇത് കൃത്യമായി പാലിക്കാൻ അവരെ പ്രേരിപ്പിക്കുക.

ഇങ്ങനെ നിയമങ്ങൾ അനുസരിക്കുന്നത് പുത്തൻ സാഹചര്യങ്ങളോട്, ഉദാഹരണത്തിന് ഒരു കുഞ്ഞിന്റെ ജനനത്തോടോ വീടുമാറ്റത്തോടോ ഒക്കെ എളുപ്പത്തിൽ പൊരുത്തപ്പെടാൻ കുട്ടികളെ പിൽക്കാലത്ത് സഹായിക്കും. മാത്രമല്ല കുടുംബത്തിലെ എല്ലാ കുട്ടികളും തുല്യരായാണ് പരിഗണിക്കപ്പെടുന്നത് എന്ന ചിന്തയും കുട്ടികളിൽ രൂപം കൊള്ളുകയും ചെയ്യും. രണ്ടുതരത്തിലുള്ള നിയമങ്ങളാണ് വീട്ടിൽ നടപ്പാക്കുന്നത് എങ്കിൽ ഈ വിഷയം ചർച്ച ചെയ്യാൻ വീട്ടിലെ മുതിർന്നവർ അടിയന്തരമായി ഒരു യോഗം ചേർന്നേ മതിയാകൂ. കാരണം രണ്ടുതരത്തിലുള്ള പരിചരണം ലഭിക്കുന്നത് കുട്ടികളിൽ പിന്നീട് പ്രശ്നങ്ങളുണ്ടാക്കാൻ ഇടയുണ്ട്.

പുതിയരീതികൾ ആവിഷ്കരിക്കാംനിങ്ങൾ രണ്ടാനച്ഛനോ രണ്ടാനമ്മയോ ആയി വരുന്ന കുടുംബത്തിലെ കുട്ടികളുമായി വിനോദങ്ങളിലും കളികളിലും ഏർപ്പെടുക. അവയോടുള്ള അവരുടെ പ്രതികരണവും ചോദിച്ചറിയുക. ഒരുമിച്ച് സൈക്കിൾ ചവിട്ടാൻ പോകുന്നത്, പാചകം ചെയ്യുന്നത്, വാക്കുകൾ ഉപയോഗിച്ചുള്ള കളികൾ ഇവയൊക്കെ ഒരുമിച്ചാകാം. സന്തോഷമാകണം ഇത്തരം വിനോദങ്ങളുടെയും കളികളുടെയും ലക്ഷ്യം. അല്ലാതെ കുട്ടികളുടെ സ്നേഹം പിടിച്ചുവാങ്ങാനുള്ള ശ്രമമാക്കി ഇതിനെ മാറ്റരുത്. കാരണം കുട്ടികൾ മിടുക്കന്മാരാണ്. അവർക്ക് നിങ്ങളുടെ ഗൂഢലക്ഷ്യം മനസ്സിലാക്കാൻ സാധിക്കും.

എല്ലാ മാതാപിതാക്കളെയും ബഹുമാനിക്കുകനിങ്ങളുടെ ജീവിതപങ്കാളിയുടെ മുൻഭർത്താവോ മുൻ ഭാര്യയോ ജീവിച്ചിരിക്കുന്നില്ല എന്നിരിക്കട്ടെ, അവരെ ക്കുറിച്ച് ബഹുമാനത്തോടെ വേണം പരാമർശിക്കാൻ. ഇനി കുട്ടിയുടെ കസ്റ്റോഡിയനാണ് നിങ്ങളും ജീവിതപങ്കാളിയുമെങ്കിലും മറ്റേ രക്ഷാകർത്താവിനോട് നല്ല ബന്ധം പുലർത്തുക.

കുട്ടികളുടെ മുന്നിൽവെച്ച് അവർക്ക് ജന്മം നൽകിയ അച്ഛനെയോ അമ്മയെയോ കുറ്റപ്പെടുത്തി സംസാരിക്കരുത്. കുറ്റപ്പെടുത്തിയുള്ള സംസാരം കുട്ടികളെ ദേഷ്യം പിടിപ്പിക്കുകയും അത്തരം പരാമർശം നടത്തിയ രക്ഷിതാവിനോട് അമർഷം തോന്നാനും ഇടയാക്കും. മറ്റാരെങ്കിലും മാതാപിതാക്കളെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കുട്ടികൾക്ക് സഹിക്കാനാവില്ല എന്നതാണ് ഇതിനു കാരണം.

കുട്ടികളെ സന്ദേശവാഹകരായി ഉപയോഗിക്കാതിരിക്കുക- നിങ്ങൾ കുട്ടിയുടെ കസ്റ്റോഡിയൻ എന്ന ചുമതല വഹിക്കുന്നുണ്ടെങ്കിൽ മറ്റേ രക്ഷിതാവിന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കുട്ടിയോട് ചോദിക്കാതിരിക്കുക. മറ്റേ രക്ഷിതാവിനെക്കുറിച്ച് അറിയാൻ തന്നെ ചാരവൃത്തിക്ക് ഉപയോഗിക്കുന്നുവോ എന്ന ചിന്ത കുട്ടിയുടെ മനസ്സിൽ വളരാൻ ഇത് കാരണമാകും.

കുട്ടികളുടെ ആരോഗ്യപഠനകാര്യങ്ങളെക്കുറിച്ചും മറ്റും ഇരുരക്ഷിതാക്കളും പരമാവധി നേരിട്ട് കാര്യങ്ങൾ സംസാരിക്കുക. മറ്റേ രക്ഷിതാവിന് കുട്ടിയെ സന്ദർശിക്കാൻ അനുവാദമുള്ള ദിവസങ്ങളും മറ്റും ഓൺലൈൻ കലണ്ടറിലോ മറ്റോ രേഖപ്പെടുത്തി വെക്കുന്നത് സഹായകമാകും. ഇത് ഓൺലൈൻ മുഖാന്തരം ഇരുരക്ഷിതാക്കൾക്കും തമ്മിൽ പങ്കുവെക്കുകയും ആവാം.

രക്ഷാകർത്താക്കൾ തമ്മിൽ ആശയവിനിമയം നടത്തുക- നിങ്ങളും ജീവിതപങ്കാളിയുമായും ശരിയായ വിധം ആശയവിനിമയം നടത്തേണ്ടത് അത്യാവശ്യമാണ്. കാരണം രക്ഷാകർതൃത്വവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിങ്ങൾ ഇരുവരും ചേർന്നാണ് കൈക്കൊള്ളേണ്ടത്. രക്ഷാകർതൃത്വവും അച്ചടക്കപാലനവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് മാതാപിതാക്കൾക്കുള്ളതെങ്കിൽ നിങ്ങൾ ഇരുവരും തമ്മിലുള്ള ആശയവിനിമയം വളരെ അത്യാവശ്യമാണ്.

രണ്ടാനച്ഛൻ അല്ലെങ്കിൽ രണ്ടാനമ്മ എന്ന ചുമതലയിലേക്ക് ആദ്യമായി പ്രവേശിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ, കുട്ടിയെ മനസ്സിലാക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് ജീവിതപങ്കാളിയോട് ചോദിച്ചു മനസ്സിലാക്കുക. വ്യത്യസ്തപ്രായത്തിലുള്ള കുട്ടികളുടെ താത്പര്യങ്ങളെക്കുറിച്ചും മനസ്സിലാക്കുക. ഇക്കാര്യം കുട്ടികളോടും ചോദിക്കാവുന്നതാണ്.

മാറ്റത്തെ അംഗീകരിക്കാൻ കുട്ടികളെ തയ്യാറാക്കാം- കുടുംബം വലുതാകുന്നതിനനുസരിച്ച് നിരവധി മാറ്റങ്ങൾ ഉണ്ടാകും. എന്നാൽ ഈ മാറ്റങ്ങളോട് എല്ലാക്കുട്ടികൾക്കും യോജിക്കാൻ സാധിക്കണമെന്നില്ല. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുപോകാൻ കുട്ടികളെ പഠിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മാതാപിതാക്കൾ ഇക്കാര്യത്തിൽ കുട്ടികൾക്ക് മാതൃകകളാവുക. കാരണം തങ്ങളുടെ ജീവിതത്തിൽ പ്രാധാന്യമുള്ളവരെ നിരീക്ഷിച്ചാണ് കുട്ടികൾ പല കാര്യങ്ങളും പഠിക്കുന്നത്.

അതുകൊണ്ട് മാതാപിതാക്കളും രണ്ടാംരക്ഷാകർത്താക്കളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. മാറ്റങ്ങളെ ശുഭാപ്തിവിശ്വാസത്തോടെ വേണം അംഗീകരിക്കാനും. പുതിയ കുടുംബത്തിന്റെ സാഹചര്യങ്ങൾ എന്തു തന്നെയുമായിക്കൊള്ളട്ടെ, വഴിയിൽ തടസ്സങ്ങളുണ്ടാകാനുള്ള സാധ്യത സ്വാഭാവികമാണ്. കാര്യങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ബുദ്ധിമുട്ടുണ്ടായെന്ന് കരുതി തോൽവി സമ്മതിച്ച് പിന്മാറേണ്ടതില്ല. നിങ്ങളും പുതിയ കുടുംബാംഗങ്ങളുമായി അറിഞ്ഞുവരുന്നതോടെ അവയെല്ലാം ക്രമേണ ശരിയായിക്കൊള്ളും.

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)