കുട്ടികളെ ലക്ഷ്യബോധത്തോടെ വളർത്തിക്കൊണ്ടു വരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് കഴിഞ്ഞയാഴ്ച നമ്മൾ ചർച്ചചെയ്തത്. ‘ലക്ഷ്യബോധം നിങ്ങളെക്കുറിച്ചുമാത്രം ഉള്ളതല്ല, ലക്ഷ്യബോധം ഏതുതരത്തിൽ രൂപപ്പെട്ടാലും നിങ്ങളുടെ ആത്മനിയന്ത്രണങ്ങളെയും മറികടന്ന് നിങ്ങളുടെ ബാഹ്യഇടപെടലുകളിലും പ്രത്യേക സ്ഥാനം ഉണ്ടാക്കിയെടുക്കുന്നു’ എന്നാണ് ലക്ഷ്യബോധത്തെക്കുറിച്ച് പാസ്റ്റർ റിക്ക്, ‘ദി പർപ്പസ് ഡ്രിവൺ ലൈഫ്’ എന്ന പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നത്. ലക്ഷ്യബോധത്തെക്കുറിച്ച് വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന നിർവചനവും ഇതാണ്. ആത്മീയ പരിശീലനങ്ങളിൽ ലക്ഷ്യബോധത്തെ അതിശ്രേഷ്ഠമെന്ന് വിശേഷിപ്പിക്കാറുണ്ട്. 

എന്നാൽ ഇത് അതേ അർഥത്തിൽ കുഞ്ഞുങ്ങളിലേക്ക് പകരുന്നത് ഏറെ സങ്കീർണമായ കാര്യമാണ്. അവനവന്റെ സ്വത്വത്തിനും അപ്പുറത്തുള്ള ഒന്നാണ് ലക്ഷ്യബോധമെന്ന്, പറഞ്ഞുകൊടുക്കാൻ നമുക്ക് സാധിക്കണം. വെറുതേ പറയുന്നതിനും അപ്പുറത്ത് ലക്ഷ്യബോധമെന്ന ഘടകത്തിലേക്ക് കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ അത് പറഞ്ഞുകൊടുക്കണം. എങ്കിൽ അത് അവരുടെ സ്വഭാവ രൂപവത്‌കരണത്തിലും വലിയ സ്വാധീനമാവും ചെലുത്തുക. 
ഒരു ചെറിയ ഉദാഹരണം നോക്കുക, അഞ്ചോ ആറോ വയസുള്ള കുട്ടികൾ വീട്ടിലെ ജോലികളിൽ പങ്കുചേരാൻ രക്ഷിതാക്കളോട് അനുവാദം ചോദിക്കും. അത്തരം ചെറിയ ജോലികൾ ചെയ്യുന്നതിലൂടെ കുടുംബത്തിനുവേണ്ടി സേവനം ചെയ്യണമെന്ന ചിന്തയാണ് കുട്ടികൾക്ക് ലഭിക്കുന്നത്. പതിയെ ഈ ചിന്ത വീടിനുപുറത്തേക്ക് വിശാലമാവും. 

ചെറിയ കാര്യങ്ങളാണെങ്കിൽപ്പോലും തങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ അവർ അഭിമാനംകൊള്ളും. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ അവർ അനുഭവിക്കുന്ന അഭിമാനത്തിലൂടെ ലക്ഷ്യബോധം എന്ന ചിന്ത ഉരുത്തിരിഞ്ഞേക്കാം. എന്നാൽ ലക്ഷ്യബോധം എന്നത് സേവനത്തിനുമപ്പുറത്താണ്. കുടുംബത്തിന് സേവനംചെയ്യുമ്പോൾ ലഭിക്കുന്ന സന്തോഷം ലക്ഷ്യംനിറവേറ്റാൻ ശ്രമിക്കുമ്പോൾ ലഭിക്കുന്ന അനുഭവത്തിന്റെ ആഹ്ലാദത്തോളം വരില്ല. ലക്ഷ്യബോധം നിറവേറ്റുന്നതിനുള്ള പ്രവൃത്തികൾ ഞാനെന്ന വ്യക്തിക്കുമപ്പുറത്താണ്. 

ലക്ഷ്യബോധത്തോടെയുള്ള പ്രവൃത്തികൾ അവനവനോടുതന്നെ ചില അർഥങ്ങൾ വെച്ചുപുലർത്തുന്നു. ഇത് കുട്ടികൾക്ക് ഏറെ പ്രചോദനപരവും അവരെ ആകർഷിക്കുന്ന തരത്തിലുള്ളതുമാവും. എന്നാൽ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്നതിന് കുട്ടികളെ നിർബന്ധിക്കാൻ ആർക്കും സാധിക്കില്ല. ആവശ്യങ്ങൾക്ക് അനുസരിച്ചാവും കുഞ്ഞുങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ ചെയ്യുന്നതിന്റെ അർഥമെന്താണെന്ന് തിരിച്ചറിയാൻ അവർക്ക് സാധിക്കുന്നില്ലെങ്കിൽ ആ ലക്ഷ്യബോധം സ്ഥിരതയോടെ നീണ്ടുനിൽക്കില്ല. 

മുതിർന്നവരുടെ ഇഷ്ടങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നതിന് പകരം അവരുടെ ഉള്ളിലെ സ്ഫുലിംഗത്തെ ജ്വലിപ്പിച്ചുകൊണ്ട് ലക്ഷ്യബോധം നിറവേറ്റുന്നതിൽ കുഞ്ഞുങ്ങളെ സഹായിക്കാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും സാധിക്കണം. അതിന് ലക്ഷ്യം നിറവേറ്റുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ മാതാപിതാക്കൾ കുഞ്ഞുങ്ങളിലേക്കെത്തിക്കണം. എന്നാൽ യഥാർഥ ലക്ഷ്യബോധത്തെ സഹായിക്കുന്ന പ്രവർത്തനങ്ങളാണോ ഇതെന്ന് തീരുമാനിക്കാൻ കുട്ടികൾക്കുമാത്രമേ സാധിക്കുകയുള്ളൂ. 

ലക്ഷ്യബോധത്തെ സാധൂകരിക്കുന്ന മാർഗങ്ങൾ കുട്ടികൾക്ക് യോജിച്ചരീതിയിൽ ക്ലാസ് മുറികളിൽ അവതരിപ്പിക്കാൻ അധ്യാപകർക്കും സാധിക്കണം. ഇതിനുവേണ്ടി ഞാൻ അധ്യാപകർക്ക് നൽകുന്ന ഒരു ഉപദേശമെന്തെന്നാൽ, നിങ്ങൾ എന്തുകൊണ്ട് അധ്യാപകവൃത്തി തിരഞ്ഞെടുത്തുവെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക. അധ്യാപനത്തിലൂടെ നിങ്ങൾ എന്ത് ലക്ഷ്യമാണ് നിറവേറ്റുന്നതെന്ന്, വിദ്യാർഥികളുമായി സംവദിക്കുന്നതിലൂടെ നിങ്ങൾ എന്താണ് നേടുന്നതെന്ന് അവർക്ക് പറഞ്ഞുകൊടുക്കുക. എന്നാൽ എല്ലാ വിദ്യാർഥികളും അധ്യാപകരാവണമെന്ന ചിന്ത നിങ്ങൾ വിദ്യാർഥികളിൽ സൃഷ്ടിച്ചെടുക്കരുത്. കുട്ടികൾക്ക് അവരുടെതായ തൊഴിൽ താത്‌പര്യങ്ങൾ ഉണ്ടാവും. 

കുട്ടികൾ അവരുടെ  ആഗ്രഹങ്ങൾ നേടണം

ലക്ഷ്യത്തോട് ചേർന്നുനിൽക്കുന്ന മാതൃകാവ്യക്തിത്വങ്ങളെ നിരീക്ഷിക്കുന്നത് കുട്ടികൾക്കെന്നും പ്രചോദനപരമാണ്. എന്നാൽ സ്വന്തം ലക്ഷ്യത്തെ കണ്ടെത്താൻ, സ്വന്തം താത്‌പര്യങ്ങൾ എന്താണെന്ന് തിരിച്ചറിയാൻ അവർക്ക് സാധിക്കണം. ലക്ഷ്യബോധമുള്ള കുട്ടികൾ രണ്ടുകാരണങ്ങളാൽ പ്രചോദിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

1) ഈ ലോകത്ത് ഇനിയും ശരിയാവാൻ/നിലനിർത്തേണ്ടതായ ചില കാര്യങ്ങളുണ്ടെന്ന തോന്നൽ

2) അതിനുവേണ്ടി തനിക്ക് എന്തെങ്കിലും സംഭാവനചെയ്യാൻ പറ്റും എന്ന ചിന്ത.

ആദ്യത്തെ കാരണം കുട്ടികളിൽ ഒരു പ്രത്യേക ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുന്നു. രണ്ടാമത്തെ കാരണം കുട്ടികളിൽ ലക്ഷ്യബോധം നിറവേറ്റാനുള്ള ആത്മവിശ്വാസം ഉണ്ടാക്കുന്നു. 

ജീവൻരക്ഷിക്കാനുള്ള മരുന്നുകൾമുതൽ കലയും സംഗീതവും സർഗാത്മകതയും ഉൾപ്പെടുന്ന കാര്യങ്ങൾവരെ ലോകത്തെ നന്നാക്കാനും ചിലത് നിലനിർത്താനുമുള്ള വഴികളും സാധ്യതകളും അനന്തമാണ്. ലക്ഷ്യത്തെ കണ്ടെത്താനുള്ള വഴികൾ ഒരിക്കലും അവസാനിക്കുന്നില്ല. പ്രായം കൂടുംതോറും വ്യക്തികൾ പുതിയ ആഗ്രങ്ങളും പുതിയ ലക്ഷ്യങ്ങളും പുതിയ കാരണങ്ങളും കണ്ടെത്തുന്നു.

പ്രായം കൂടിയാലും ആളുകൾ ആരോഗ്യത്തോടെ ഇരിക്കുന്നതിന്റെ പ്രധാനകാരണം ഇതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്യബോധം നിറവേറ്റുന്നതിനുള്ള സ്വന്തം കഴിവിനെ വളർത്താൻ ആളുകൾക്ക് സാധിക്കും. കുട്ടിക്കാലത്തുതന്നെ ഇങ്ങനെ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കിയാൽ അത് അവരുടെ മുഴുവൻ ജീവിതത്തിനും പ്രയോജനപ്പെടും.

(ഓണ്‍ലൈന്‍ അധ്യയനസ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)