ആദ്യമായി അമ്മയാകുന്നവർ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചാണല്ലോ കഴിഞ്ഞയാഴ്ചയിലെ ലേഖനത്തിൽ പറഞ്ഞത്. അതിന്റെ തുടർച്ചയിലേക്ക്..

ഉറക്കം നഷ്ടമാകല്‍

അധികം സ്ത്രീകൾക്കും ബോധ്യമുള്ള കാര്യമാണ് കുഞ്ഞിന്റെ ജനനശേഷം, മുലയൂട്ടലും ശിശുപരിചരണത്തിന്റെ തിരക്കുകൾകാരണവും അവർക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുകയില്ലെന്നത്. എന്നാൽ, മാതൃത്വം ആവശ്യപ്പെടുന്നത്രയും ഉറക്കമൊഴിക്കലിന് തങ്ങൾ തയ്യാറായിരുന്നില്ല എന്നത് പുതുതായി അമ്മമാരാകുന്നതിൽ വലിയൊരു ശതമാനം പേരും അംഗീകരിക്കാറുള്ള ഒരു കാര്യമാണ്. 

ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് ഭാവമാറ്റത്തിനും ക്ഷമയില്ലായ്മയ്ക്കും വിഷാദത്തിനും ചില അമ്മമാരിൽ കാരണമായേക്കാം. സാധാരണയായി പങ്കുചേരാറുള്ള ചില ജോലികളോട് ‘നോ’ പറയാൻ പുതുതായി അമ്മമാരാകുന്നവരോട് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ലഘുവിശ്രമം ലഭിക്കുന്നതിനു വേണ്ടിയാണിത്. കുഞ്ഞ് ഉറങ്ങുന്ന സമയത്ത് ഫോൺ നോക്കുന്നതിലേക്കും സുഹൃത്തുക്കളുമായി സംവദിക്കുന്നതിനും ടി.വി.യിലെ പ്രിയപ്പെട്ട പരിപാടികൾ കാണുന്നതിലേക്കും തിരിയുന്നതിനുപകരം അമ്മമാരോടും ആ സമയത്ത് ഉറങ്ങാനും ഡോക്ടർമാർ നിർദേശിക്കാറുണ്ട്. 

കുഞ്ഞുങ്ങളുടെ നിർത്താതെയുള്ള കരച്ചിൽ

കുഞ്ഞുങ്ങൾ എല്ലാ കാരണങ്ങൾക്കും കരയുകയാണ് പതിവ്. വിശക്കുന്നു എന്ന കാര്യം അറിയിക്കാനാണ് അധികവും കുഞ്ഞുങ്ങൾ കരയുന്നതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കുഞ്ഞുങ്ങൾ എത്ര ചെറുതായിരിക്കുന്നുവോ അവർക്ക് അത്രയ്ക്ക് പെട്ടെന്ന് വിശപ്പ് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. 

കുഞ്ഞുങ്ങളുടെ വയർ ചെറുതായതിനാൽതന്നെ കുറച്ചുഭക്ഷണമാകും ഉള്ളിൽ ചെന്നിട്ടുണ്ടാവുക. ഇത് പെട്ടെന്നുതന്നെ ദഹിക്കാനും അവർക്ക് വീണ്ടും വിശക്കാനും സാധ്യത കൂടുതലാണ്. ക്ഷീണിതരാകുമ്പോഴും കുട്ടികൾ കരയാറുണ്ട്. എടുക്കണമെന്ന് ആഗ്രഹം തോന്നുമ്പോളും കുഞ്ഞുങ്ങൾ കരയും.

മലമൂത്രവിസർജനം നടത്തിയിട്ടുണ്ടെങ്കിലും തണുക്കുന്നുണ്ടെങ്കിലും ആവിയെടുക്കുന്നുണ്ടെങ്കിലും സുഖമില്ലായ്മ തോന്നിയാലും കുട്ടികൾ കരയും. ചിലപ്പോൾ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെ കുഞ്ഞുങ്ങൾ കരയും. ആദ്യമായി അമ്മമാരാകുന്നതിൽ ചിലർക്ക് കുഞ്ഞുങ്ങളുടെ കരച്ചിൽ സഹിക്കാനാകും, എന്നാൽ മറ്റുചിലർക്ക് അത് സാധിച്ചെന്നു വരില്ല. മാതാപിതാക്കൾക്ക് വളരെയേറെ സമ്മർദം സൃഷ്ടിക്കുന്ന സന്ദർഭമാണിത്. 

ജോലിയും കുഞ്ഞും

അമ്മയാകാനുള്ള ഒരു സ്ത്രീയുടെ തീരുമാനം അവളുടെ ജോലിയെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഒന്നാമതായി, മോണിങ് സിക്ക്‌നസ് അല്ലെങ്കിൽ മറ്റ് അസ്വസ്ഥതകൾ അവൾക്കുണ്ടാകാനിടയുണ്ട്. ഇത് ഒരു ദിവസത്തേക്കോ അല്ലെങ്കിൽ കുറച്ചുദിവസത്തേക്കോ ജോലിയിൽനിന്നു അവധിയെടുക്കുന്നതിന് കാരണമായേക്കാം. രണ്ടാമതായി, കുഞ്ഞ് ജനിച്ചതിനുശേഷവും അവൾക്ക് അവധിയെടുക്കേണ്ടതായി വരും. 

കുട്ടിയെ വീട്ടിലാക്കിയ ശേഷം ജോലിക്ക് തിരികെവരുമ്പോൾ പല അമ്മമാർക്കും വിഷമമുണ്ടാകും. ഇത് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ ബാധിക്കാനും ഇടയുണ്ട്. ജോലി പൂർത്തീകരിക്കേണ്ട അവസാനതീയതി ലംഘിക്കേണ്ടി വന്നതും ജോലിക്കിടെ തെറ്റുകളുണ്ടായിട്ടുള്ളതും കുഞ്ഞ് ജനിച്ചതിനു തൊട്ടുപിന്നാലെയാണെന്ന് പല അമ്മമാരും സമ്മതിക്കാറുണ്ട്. പെട്ടെന്നൊരു സ്ഥാനക്കയറ്റം അല്ലെങ്കിൽ പുതിയ പദ്ധതിയുടെ ചുമതല ഇവയൊക്കെയാണ് ആദ്യമായി അമ്മമാരാകുന്നവർക്കു നേരിടേണ്ടി വരുന്ന വൻവെല്ലുവിളികൾ. കുട്ടിയിൽനിന്ന് ഏറെസമയം അകന്നിരിക്കേണ്ടി വരുന്നതാണ് സ്ഥാനക്കയറ്റത്തിന്റെ ഫലമെങ്കിൽ അമ്മമാരെ സംബന്ധിച്ച് ഹൃദയം നുറുങ്ങുന്ന തീരുമാനമായിരിക്കും അത്. സ്ഥാനക്കയറ്റം ലഭിക്കുക എന്നത് ജോലി തുടങ്ങിയപ്പോൾ മുതലുള്ള ആഗ്രഹമായിരിക്കുമെങ്കിൽ കൂടിയും. 

താൻ നല്ലൊരു അമ്മയാണോ എന്ന ചിന്ത ആദ്യമായി അമ്മയാകുന്ന സ്ത്രീകളെ വേട്ടയാടുക പതിവാണ്. എല്ലാം കൃത്യതയോടെ ചെയ്യണമെന്ന വിചാരം അലട്ടിക്കൊണ്ടേയിരിക്കും. കാരണം ഗർഭകാലത്ത് കാര്യങ്ങൾ കൃത്യതയോടെ ചെയ്യുന്നതിന് ആവശ്യമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടാവും. എന്നാൽ, കാര്യങ്ങൾ അതേരീതിയിൽ നടക്കാത്തതാവും ഇതിനു കാരണം. പ്രിയപ്പെട്ട രക്ഷിതാക്കളെ, പ്രതികരണശേഷി ഉള്ളവരാകുക എന്നതാണ് രക്ഷാകർത്താക്കളാവുക എന്നതിന് ഏറ്റവും അനിവാര്യമായ ഗുണം. 

കുട്ടിയുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെങ്കിൽ, ഇനി മനസ്സിലായില്ലെങ്കിലും എന്താണെന്ന് അറിയാൻ ശ്രമിക്കുന്നുണ്ടെങ്കിൽ നിങ്ങൾ നല്ലൊരു രക്ഷാകർത്താവാണ്. കാരണം നിങ്ങൾ കുട്ടിയെ ശ്രദ്ധിക്കുകയും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ സമാധാനമായിരിക്കാനാണ് ഞാൻ നിങ്ങളോട് നിർദേശിക്കാൻ ആഗ്രഹിക്കുന്നത്. കാരണം നിങ്ങളുടെ കുട്ടി മറ്റുരക്ഷിതാക്കളുമായി നിങ്ങളെ താരതമ്യം ചെയ്യില്ല. അവനെ അല്ലെങ്കിൽ അവളെ സംബന്ധിച്ചിടത്തോളം ഈ ലോകത്തെ ഏറ്റവും മികച്ച വ്യക്തിയാണ് നിങ്ങൾ.

Read more...ആദ്യമായി അമ്മയാകുമ്പോള്‍

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)

content highlights: Motherhood and its challenges