ലോത്സവത്തിൽ വിജയിയായ സഹപാഠിയെ ആലിംഗനംചെയ്തതിന് പന്ത്രണ്ടാം ക്ലാസുകാരനെയും വിദ്യാർഥിനിയെയും പുറത്താക്കിയ സ്കൂളിന്റെ നടപടിയെക്കുറിച്ച് ഈയടുത്ത് വലിയ ചർച്ചകളും മുറവിളികളുമുണ്ടായിരുന്നല്ലോ. ഒരു പതിറ്റാണ്ടിലേറെ കൗമാരക്കാരും അവരുടെ രക്ഷിതാക്കൾക്കുമൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും ഒന്നുകൂടി സ്വരുക്കൂട്ടാൻ ഇവ എന്നെ പ്രേരിപ്പിച്ചു. 

മാധ്യമങ്ങളിൽ ഏറെ വിശദീകരിക്കപ്പെട്ട വിഷയം ഒന്നുകൂടി ആവർത്തിക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല. എന്നാൽ, എന്താണ് സംഭവിച്ചതെന്ന് സൂചിപ്പിക്കാം. പരസ്പരമുള്ള സ്നേഹം പരസ്യമായി പ്രകടിപ്പിച്ചതിലൂടെ കുട്ടികൾ ധിക്കാരപൂർവം പെരുമാറിയെന്നാകും സ്കൂൾ മാനേജ്‌മെന്റും അധികൃതരും വിചാരിക്കുന്നുണ്ടാവുക. അവർ അങ്ങനെ വിചാരിക്കുന്നതിൽ തെറ്റുമില്ല. കാരണം, ഇത്തരം ചിന്താഗതികളാണ് ചെറുപ്പംമുതൽ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. അങ്ങനെയാണ് നമ്മുടെ സാമൂഹിക, സാംസ്കാരിക, മതപരമായ കാഴ്ചപ്പാടുകളും നമ്മെ പഠിപ്പിച്ചിരിക്കുന്നത്. 

സ്നേഹത്തിന്റെ പരസ്യപ്രകടനം അനുവദനീയമല്ല എന്നത് പൊതുവിടങ്ങളിലെ മാത്രമല്ല കുടുംബസുഹൃത്തുക്കളുടെയും സുഹൃത്തുക്കളുടെ ഇടയിലെയും അപ്രഖ്യാപിതമായ ഒരു നിയമമാണ്. അതുകൊണ്ട് സ്കൂളിലെ സ്നേഹത്തിന്റെ പരസ്യപ്രകടനം പൂർണമായും ചോദ്യങ്ങൾക്ക് അപ്പുറം തന്നെയാണ്. മാത്രമല്ല, അത് നിയമങ്ങൾക്കും അപ്പുറമാണ്. ഇനി ഇത് അട്ടിമറിക്കാൻ നമ്മുടെ കൗമാരക്കാർ ശ്രമിച്ചാൽ അതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുകയുംചെയ്യും. ഈ കേസിൽ അത് സസ്പെൻഷന്റെ രൂപത്തിലായി. ഇത്തരമൊരു നടപടി സ്വീകരിച്ച സ്കൂൾ മാനേജ്‌മെന്റിന്റെ വികാരങ്ങളും ചിന്താഗതികളും  പൂർണമായും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

മാത്രമല്ല, സ്കൂളിന്റെ നടപടിയെ പിന്തുണച്ചവരെയും ഇന്നത്തെ കുട്ടികൾ ലജ്ജയില്ലാത്തവരാണെന്നും മുതിർന്നവരോട് ബഹുമാനമില്ലാത്തവരുമാണെന്ന് ചിന്തിക്കുന്നവരെയും  നിങ്ങളുടെ ആശങ്കകളെയും  എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ, ഒരു നിമിഷം നിൽക്കൂ. എന്നിട്ട് ആലോചിച്ചുനോക്കൂ. ഇന്നത്തെ കാലഘട്ടത്തിൽ ഒരു കൗമാരക്കാരനായിരിക്കുക എന്നത് എങ്ങനെയുള്ള കാര്യമാണ്. ഇത് നിങ്ങളുടെയോ എന്റെയോ കൗമാരകാലത്തേക്കാൾ എപ്രകാരമാണ് വ്യത്യസ്തമായിരിക്കുന്നത്. അവർ തന്നെ സൃഷ്ടിച്ച ഒരു അന്യഗ്രഹത്തിലല്ല നമ്മുടെ കുട്ടികൾ ജീവിക്കുന്നത്. പകരം ഞാനും നിങ്ങളും ചേർന്ന് അവർക്കായി നിർമിച്ച ലോകത്തിലാണ്.

അതുകൊണ്ടുതന്നെ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും അവയെ എങ്ങനെയാണ് നമ്മുടെ കുട്ടികൾ സ്വീകരിക്കുന്നതെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. 
എങ്ങനെ  തെറ്റുകൾ തിരുത്താം?  മനസ്സിലാക്കാം?  

ഓരോ തലമുറയിലെയും കുട്ടികൾ പാകപ്പെടുന്നത് അക്കാലത്തെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ സംഭവവികാസങ്ങളിലൂടെയാണ്. ഇക്കാലത്തെ കൗമാരക്കാരും വ്യത്യസ്തരല്ല. മൊബൈൽ സാങ്കേതികവിദ്യകൊണ്ടും സാമൂഹികമാധ്യമങ്ങൾകൊണ്ടും സമ്പന്നമായ ആദ്യത്തെ തലമുറകൂടിയാണ് അവരുടേത്.

ഐഫോണുകൾ സമൃദ്ധമായി ഉപയോഗിക്കാൻ തുടങ്ങിയവരായതുകൊണ്ടും വേറിട്ടരീതിയിൽ വ്യക്തിത്വത്തെ വിലയിരുത്തുന്നവരായതു കൊണ്ടും സാമൂഹികമായ ഇടപെടലുകളുടെയും മറ്റ് കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ 1995-നും 2012-നും ഇടയിൽ ജനിച്ച കുട്ടികളെ ഐജെൻസ് എന്നു വിളിക്കാം. 

ഇനി ഏതുവിധത്തിലാണ് ഐ ജെൻസുകൾ പാകപ്പെട്ടിരിക്കുന്നതെന്ന്  നോക്കാം

മറ്റുതലമുറകളെ അപേക്ഷിച്ച് ഉപചാരശീലമുള്ളവരും പലകാര്യങ്ങളിലും വൈവിധ്യമുള്ളവരുമാണ്. ഇതിന്റെ ഫലമായാണ് മറ്റേത് തലമുറകളെക്കാളും അവർ നിന്ദ്യാജനകമായ സംസാരത്തെ അവഗണിക്കുന്നത്. എന്നാൽ, നിഷ്കളങ്കതയുടെ പേരിലും മുന്നറിയിപ്പ് നൽകേണ്ടതിന്റെയും സുരക്ഷിതസ്ഥാനങ്ങളുടെ ആവശ്യകതയുടെയും പേരിൽ അവർ നിന്ദിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ അവർ ബഹുമാനിക്കാൻ അറിയാത്തവരായി മുദ്രകുത്തപ്പെടുന്നു.

മൊബൈൽ ഫോണുകൾക്കൊപ്പമാണ് ഐ ജെനുകൾ വളരുന്നത്. ഹൈസ്കൂൾ ആരംഭിക്കുന്നതിനുമുന്നേതന്നെ അവർക്ക് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഉണ്ടായിരിക്കും. ഇന്റർനെറ്റിനുമുമ്പുണ്ടായിരുന്ന കാലത്തെക്കുറിച്ച് അവർക്ക് ഓർമകളും ഉണ്ടായിരിക്കില്ല.
ദിവസം അഞ്ചുമുതൽ ആറുമണിക്കൂർവരെ സന്ദേശം അയച്ചും കളിച്ചും ഇന്റർനെറ്റിൽ തിരഞ്ഞും വീഡിയോകൾ പങ്കുെവച്ചും ഓൺലൈനിൽ കളിച്ചും അവർ ചെലവഴിച്ചേക്കാം. ഓരോ ദിവസവും രണ്ടുമണിക്കൂറിൽ കൂടുതൽ ഇന്റർനെറ്റിൽ ചെലവഴിക്കുന്നത് മാനസികാരോഗ്യത്തിന് അപകടമാണെന്ന് കണക്കാക്കുന്നവരുമുണ്ട്.

പഠനങ്ങളും കണക്കുകളും കാണിക്കുന്നത് ദേശീയതലത്തിൽ കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ വർധനയും വിപണിയിൽ ഐ ഫോണുകൾ എത്തിയതും തമ്മിലുള്ള ബന്ധമാണ്. 2012-ഓടെ ഇവ രണ്ടും വർധിച്ചതായി കാണാം. ഇവ പരസ്പരം ബന്ധപ്പെട്ടതുതന്നെയാണ്. നിങ്ങളുടെ കുട്ടികൾ കുറച്ചുകാലത്തേക്ക് ഫെയ്സ്ബുക്ക് ഉപേക്ഷിക്കുകയും പ്രകൃതിയുമായി സമയം ചെലവഴിക്കുകയും ചെയ്യുന്നിലൂടെ അവർ കൂടുതൽ സന്തോഷവാന്മാരാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 

മറ്റ് തലമുറകളെക്കാൾ കൂടുതൽ വികാരങ്ങൾ പ്രകടിപ്പിക്കാൻ മടിയില്ലാത്തവരാണ് ഐജെൻസ്. നമ്മുടെ മാതാപിതാക്കളുടെ കാലത്തോ അല്ലെങ്കിൽ മുത്തച്ഛന്മാരുടെയോ മുത്തശ്ശിമാരുടെയോ കാലത്ത് കൈകൊടുക്കുക അല്ലെങ്കിൽ തൊടുക എന്നതൊന്നും അത്ര സാധാരണമായിരുന്നില്ലെന്ന് നമുക്കുതന്നെ അറിയാം.

അവിടെനിന്ന് കൈകൊടുക്കുന്നതിലേക്കും ഹൈ ഫൈവിലേക്കും ലോ ഫൈവിലേക്കും നാം എത്തിക്കഴിഞ്ഞു. കെട്ടിപ്പിടിക്കുക എന്നത് ഐജെനുകളെ സംബന്ധിച്ചിടത്തോളം വെറുമൊരു അഭിവാദനരീതി മാത്രമാണ്. അവരുടെ ലോകത്ത് പലവിധം ആലിംഗനങ്ങളുണ്ടാകും. സുഹൃത്തുക്കൾ തമ്മിലുള്ള ആലിംഗനം, ബെയർ ഹഗ്, അങ്ങനെ പലതും. നല്ല ആലിംഗനം ഏതെന്നും തെറ്റായത് ഏതെന്നും നമ്മുടെ കുട്ടികൾക്ക് നന്നായറിയാം. 

അതുകൊണ്ടുതന്നെ അവരുടെ ഇത്തരം പ്രകടനങ്ങളെ ബഹുമാനമില്ലാത്തതായും ലൈംഗികച്ചുവയുള്ളതുമായും കണക്കാക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ഞാൻ വിചാരിക്കുന്നത്. ശരിയാണ് മുതിർന്നവർ എന്നനിലയിൽ നമ്മുടെ സംസ്കാരത്തെക്കുറിച്ച്‌ കുട്ടികൾക്ക് പറഞ്ഞുകൊടുക്കാവുന്നതാണ്. എന്താണ് അനുവദനീയം എന്താണ് അനുവദനീയമല്ലാത്തത് എന്തൊക്കെയാണ് പരിമിതികളെന്നും പറഞ്ഞുകൊടുക്കാം. എന്നാൽ, ഇത് ഭീകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നതായിരിക്കരുതെന്ന് മാത്രം. 

മറ്റൊരു നല്ലകാര്യം ഐ ജെനുകൾ അവകാശവാദത്തിൽ താത്പര്യമുള്ളവരായിരിക്കില്ല എന്നതാണ്. അവനവന്റെ ഗുണഗണങ്ങളിൽ മതിമറക്കുന്ന ഇവർ മറ്റ് തലമുറകളെക്കാൾ അധികം ആത്മവിശ്വാസമുള്ളവരുമായിരിക്കും. കഠിനമായി പരിശ്രമിക്കാൻ താത്പര്യപ്പെടുന്നവരുമായിരിക്കും ഇവർ. സമൂഹത്തിൽ ഇടപെടുന്നവരും സാമൂഹിക നീതിയെക്കുറിച്ച് ബോധ്യമുള്ളവരും ആയിരിക്കും. വൈവിധ്യത്തെ അംഗീകരിക്കുന്നവരും വിഭാഗീയതയോട് വലിയ പ്രതിപത്തിയില്ലാത്തവരുമായിരിക്കും ഇവർ. ഇത് അർഥമാക്കുന്നത് ഇവർ കൂടുതൽ സഹകരണമനോഭാവം ആഗ്രഹിക്കുന്നവരും കൂടുതൽ ന്യായബോധമുള്ളവരും സമത്വത്തിനുവേണ്ടി വാദിക്കുന്നവരുമായിരിക്കുമെന്നാണ്.

മുകളിൽ പറഞ്ഞിരിക്കുന്നവയിൽനിന്ന് നമുക്ക് മനസ്സിലാക്കാനാവുന്നത് എന്താണ്?  നമ്മുടെ രക്ഷാകർതൃരീതി കുറച്ചുകൂടി വ്യത്യസ്തമാക്കണമെന്നാണ് ഇതിലടങ്ങിയിരിക്കുന്ന പാഠം. കുഞ്ഞുങ്ങളോട് ഒപ്പം നിൽക്കുകയും അതേസമയംതന്നെ അവരെ സ്വയംപര്യാപ്തരാക്കുകയും ചെയ്യാൻ സാധിക്കും. ഇന്റർനെറ്റിൽ ചെലവഴിക്കാൻ കൗമാരക്കാരായ കുട്ടികൾക്ക് കുറച്ച് സമയം അനുവദിക്കാം. ഒപ്പംതന്നെ ആളുകളുമായുള്ള പരസ്പരബന്ധംതന്നെയാണ് കൂടുതൽ പ്രാധാന്യമുള്ളത് ബോധ്യപ്പെടുത്തുകയും ചെയ്യാം. മറ്റുള്ളവരോട് അനുഭാവപൂർവം പെരുമാറാനും അവരെ ബഹുമാനിക്കാനും പഠിപ്പിക്കുന്നതിനൊപ്പം അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരോട് എങ്ങനെ ചർച്ചകളിൽ ഏർപ്പെടാമെന്നും കുട്ടികളെ പഠിപ്പിക്കാം. 

എന്നിരുന്നാലും ഇത് രക്ഷാകർതൃത്വത്തെക്കുറിച്ച് മാത്രമുള്ളതല്ല. സംസ്കാരത്തിലും സന്പദ്‌വ്യവസ്ഥയിലും സാങ്കേതികവിദ്യയിലും വരുന്ന ചരിത്രപരമായ മാറ്റങ്ങൾ ഓരോ തലമുറയെയും സ്വാധീനിക്കുന്നുണ്ടെന്ന് തലമുറകളെക്കുറിച്ചുള്ള പഠനം വ്യക്തമാക്കുന്നു. 
അതുകൊണ്ടുതന്നെ ഒരു സമൂഹമെന്നനിലയിൽ നാം പുതിയ മനുഷ്യരെയാണ് ആവശ്യപ്പെടുന്നതെങ്കിൽ അത്തരത്തിലുള്ള അടുത്ത തലമുറ വളർന്നുവരാൻ ആവശ്യമായ സാഹചര്യങ്ങൾ ശ്രദ്ധയോടെ ഒരുക്കുകതന്നെ വേണം.

ആളുകളുടെ ശ്രദ്ധയെ ഹൈജാക്ക് ചെയ്യുന്ന ഡോപമൈനുകളായി പ്രവർത്തിക്കുന്ന സാങ്കേതികവിദ്യകളെ അനുവദിക്കുകയും പിന്നീട് എന്തുകൊണ്ടാണ് അവർ ഒറ്റപ്പെട്ടവരും വേദനിക്കുന്നവരുമായി മാറിയതെന്ന് ചിന്തിക്കുകയുമല്ല വേണ്ടത്.  മറ്റുള്ളരോട് കരുണയോടെയും ബഹുമാനത്തോടെയും പെരുമാറാൻ പഠിപ്പിച്ചതിനുശേഷം കുട്ടികൾ മൃദുലമനസ്കരാണെന്നുപറഞ്ഞ് വിഷമിക്കരുത്.

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)

content highlights: life and attitude of teenage of our time