ഞാൻ മുമ്പെഴുതിയ ലേഖനങ്ങളോടുള്ള നിങ്ങളുടെ പ്രതികരണങ്ങൾക്ക് ഒരുപാട്‌ നന്ദി. മാതാപിതാക്കളുമായുള്ള ആശയവിനിമയമാണ് എഴുത്ത് തുടരാൻ എനിക്ക് പ്രചോദനമാകുന്നത്. മാത്രമല്ല, കുഞ്ഞുങ്ങളെ വളർത്തുന്നതിൽ ഒരു പുതിയപാത അവർ സ്വീകരിച്ചിരിക്കുന്നു എന്ന തിരിച്ചറിവും ഏറെ പ്രോത്സാഹനജനകമാണ്.

ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായി ഞാൻ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. മക്കളുടെ അവസ്ഥയെക്കുറിച്ചോർത്ത് വല്ലാതെ വിഷമിക്കുന്നവരായിരുന്നു അവരിൽ ഏറെയും. കുട്ടിയുടെ അവസ്ഥയെക്കുറിച്ചുള്ള, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മ റ്റും ചോദ്യങ്ങളും അവ സമ്മാനിച്ച വിഷമങ്ങളുമായിരുന്നു അവരുടെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നത്. 

എഴുതാനോ വായിക്കാനോ മികച്ച രീതിയിൽ ആശയവിനിമയം നടത്താനുള്ളശേഷിയോ എന്തുമായിക്കോട്ടെ, ഇവയ്‌ക്കെല്ലാം അപ്പുറത്ത് കുഞ്ഞിനെ കുഞ്ഞായി നാം പരിഗണിക്കണം. ചില കുട്ടികൾ ചില കാര്യങ്ങളിൽ മറ്റുകുട്ടികളെക്കാൾ മുന്നിലായിരിക്കും. ഈയൊരു മുന്നേറ്റമായിരിക്കും നാം കുഞ്ഞുങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നത്.

എന്നാൽ, കുട്ടികൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖല പഠനംമാത്രമാണെന്ന്‌ വിചാരിക്കുന്നത് ശരിയായ ധാരണയല്ല. കുട്ടികളുടെ ആദ്യത്തെയും ഏറ്റവും മികച്ചതുമായ അധ്യാപകർ രക്ഷിതാക്കളാണ്. എന്നാൽ, ഓരോ കുടുംബത്തിലുമുണ്ടാകും, മുമ്പ് നൽകിയിരുന്ന ശ്രദ്ധയും പരിചരണവും അതേഅളവിൽ സ്വീകരിക്കാൻ സാധിക്കാത്ത ഒരു കുഞ്ഞ്. അവനെ/അവളെ മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് ഒരു പ്രത്യേക കഴിവുണ്ടായാലേ സാധിക്കൂ.

അവൻ അല്ലെങ്കിൽ അവൾ കടന്നുപോകുന്ന മാനസികസമ്മർദത്തെ അതേ അളവിൽ മനസ്സിലാക്കാൻ മാതാപിതാക്കൾക്ക്‌ കഴിയണം. എങ്കിൽമാത്രമേ നേരിടുന്ന വെല്ലുവിളികളിൽനിന്ന് അവരെ നമുക്ക് സഹായിക്കാനാകൂ.

അവർ നേരിടുന്ന വെല്ലുവിളി വൈകാരികമായതോ പഠനകാര്യവുമായി ബന്ധപ്പെട്ടതോ പെരുമാറ്റവുമായി ബന്ധപ്പെട്ടതോ എന്തുമായിക്കൊള്ളട്ടെ, ആ പരിമിതികളിലും കഴിവ് കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയുമാണ് ഒരു രക്ഷിതാവ് എന്നനിലയിൽ നിങ്ങൾ ചെയ്യേണ്ടത്. 

പഠനവൈകല്യമുള്ള കുഞ്ഞുങ്ങളിൽ പലരും മറ്റുകാര്യങ്ങളിൽ മിടുക്കരായിരിക്കും. കാര്യങ്ങൾ ഏതുതരത്തിൽ പഠിപ്പിച്ചാലാണോ അവർക്ക് മനസ്സിലാകുന്നത്, ആ രീതി അവലംബിക്കുകയാണ് പഠനവൈകല്യമുള്ള കുഞ്ഞുങ്ങളുടെ കാര്യത്തിൽ ചെയ്യേണ്ടത്.

ചില കുഞ്ഞുങ്ങൾക്ക് ക്ലിനിക്കലായുള്ള സമീപനവും വേണ്ടിവന്നേക്കാം. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്കായി ഈ ലേഖനം സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഈ കവിത അജ്ഞാതനായ ഏതോ കവിയുടെ സൃഷ്ടിയാണ്. 

ഒരു സംജ്ഞയല്ല ഒരു പദമല്ല
നിങ്ങൾ കേട്ട ആക്ഷേപകരമായ വാക്കല്ല
ഞാനും നിങ്ങളെപ്പോലെത്തന്നെയാണ് 
എനിക്കും
 ഒരു മനസ്സുണ്ട്. ഹൃദയമുണ്ട്, വ്യക്തിത്വമുണ്ട് 
ഞാൻ അവളോ അവനോ ആകാം
ഒരു വ്യക്തി ഒരിക്കലും ഒരു വൈകല്യമല്ല
നിങ്ങൾ കാണുന്നത് എന്നെയാണോ അതോ എന്റെ വൈകല്യമാണോ

ഓരോ കുട്ടിയും വ്യത്യസ്തരാണ്. കണ്ണിന്റെയും മുടിയുടെയും ശാരീരികക്ഷമതയുടെയുമൊക്കെ കാര്യത്തിൽ വ്യത്യസ്തർ. അവർ ഇഷ്ടപ്പെടുന്നത് വേറേതരത്തിലുള്ള പാട്ടുകളായിരിക്കും. അവർക്കിഷ്ടപ്പെടുന്ന കഥകളും വേറെ തരത്തിലുള്ളതായിരിക്കും.

പിന്നെ എന്തിനാണ് അവർ ഒരേതരത്തിൽ പഠിക്കണമെന്ന് നാം ശഠിക്കുന്നത്? ഒരു വൈകല്യവും ശാപമായി കാണരുതെന്നാണ് എന്റെ അഭിപ്രായം. അതിനെ ഭിന്നശേഷിയായി കാണുകയും പരിഗണിക്കുകയും ചെയ്യുക.

അതാണ് വേണ്ടത്. കുഞ്ഞിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അല്ലാതെ അവരുടെ വൈകല്യത്തിലേക്കല്ല. പഠനവൈകല്യത്തിന് ഒന്നിലേറെ മുഖങ്ങളുണ്ട്. അതായത് നിരവധി പ്രശ്നങ്ങൾ കലർന്നതാണ് പഠനവൈകല്യം. കുഞ്ഞിന് ബുദ്ധി കുറവാണെന്നതിന്റെ സൂചകമല്ല പഠനവൈകല്യം.

മറ്റുള്ളവരെ അപേക്ഷിച്ച് അവരുടെ ബുദ്ധി വ്യത്യസ്തതരത്തിൽ പ്രവർത്തിക്കുന്നെന്നുമാത്രം. കുഞ്ഞുങ്ങൾക്ക് പഠനവൈകല്യമുണ്ടെന്ന് മനസ്സിലാക്കുകയെന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്.

അങ്ങനെയാണെന്നുള്ള തിരിച്ചറിവ് നിങ്ങളെ പല ചോദ്യത്തിലേക്കും നയിക്കും. അവന്റെ അല്ലെങ്കിൽ അവളുടെ ഭാവി എന്താകും? സ്കൂളിലും ജീവിതത്തിലും അവർ എങ്ങനെ വിജയികളാകും?  ഇവയൊക്കെയാകും ആ ചോദ്യങ്ങൾ. ക്ലാസ് മുറിയിൽ അവർ പിന്നിലാകുന്നതിനെക്കുറിച്ചോർത്ത് നിങ്ങൾ വിഷമിക്കാനും സാധ്യതയുണ്ട്.

എന്നാൽ, നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഏതുതരത്തിൽ പറഞ്ഞുകൊടുത്താൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമോ അതേരീതി അവലംബിക്കുകയാണ് വേണ്ടത്. കുഞ്ഞുങ്ങളിലെ വൈകല്യത്തെ ഭേദപ്പെടുത്താൻ രക്ഷിതാക്കളെന്നനിലയിൽ നമുക്ക് കഴിഞ്ഞെന്നുവരില്ല. എന്നാൽ, അവർക്ക് മികച്ച പിന്തുണ നൽകാൻ കഴിയും. അതിനുള്ള ചില മാർഗങ്ങളിതാ...

അവരുടെ കഴിവിൽ ശ്രദ്ധയൂന്നുക
എല്ലാ കുട്ടികൾക്കും പ്രത്യേകവാസനകളും പരിമിതികളും കാണും. നിങ്ങളുടെ കുഞ്ഞിന്റെ മികവ് ഏതുമേഖലയിലാണെന്ന് തിരിച്ചറിയുക. അതിനെ പ്രോത്സാഹിപ്പിക്കുക. കുഞ്ഞിന് ആവശ്യമായ പ്രോത്സാഹനം നൽകുക.

വൈകാരികവും സാമൂഹികവുമായകഴിവിനെ പ്രോത്സാഹിപ്പിക്കുക
വിഷാദം, ദേഷ്യം, ഉൾവലിയൽ തുടങ്ങിയവ പഠനവൈകല്യമുള്ള കുഞ്ഞുങ്ങളിൽ കാണാറുണ്ട്. നിങ്ങളുടെ കുഞ്ഞിന്റെ തലച്ചോർ പ്രവർത്തിക്കുന്നത് വ്യത്യസ്തമായ രീതിയിലാണെന്ന് മനസ്സിലാക്കുക. അതിനനുസൃതമായി അവരോട് പെരുമാറുകയും ചെയ്യുക.

അവരിൽ സൗഹൃദം വളർത്താനും കളിക്കാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുക. മത്സരങ്ങളിൽ പങ്കെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. പക്ഷേ, ഒരുകാര്യം മനസ്സിൽ സൂക്ഷിക്കുക, മത്സരത്തിൽ പങ്കെടുക്കുക എന്നതാണ് മുഖ്യം, അല്ലാതെ ഒന്നാമതെത്തുക എന്നതല്ല. 

ഭാവിയെക്കുറിച്ച് പദ്ധതി തയ്യാറാക്കുക
പഠനവൈകല്യമുള്ള കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നവരാണ് അവരുടെ മാതാപിതാക്കൾ. ഇതിനുള്ള പരിഹാരമാണ് ഭാവിയെക്കുറിച്ചുള്ള പദ്ധതി തയ്യാറാക്കാൻ കുഞ്ഞുങ്ങളെ സഹായിക്കുകയെന്നത്.

കാരണം, പഠനവൈകല്യമുള്ള നിരവധിയാളുകൾ ജീവിതത്തിൽ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട്. അവർക്ക് യോജിക്കുന്ന തൊഴിൽ മേഖല തിരഞ്ഞെടുക്കാനും അതിന് ആവശ്യമായ പരിശീലനം ലഭിക്കാനുമുള്ള അവസരം മാതാപിതാക്കൾ ഒരുക്കിക്കൊടുക്കണം. 

സമൂഹത്തിന്റെ ഭാഗമാണെന്ന ബോധം അവരിൽ വളർത്തണം
താൻ സമൂഹത്തിന്റെ ഭാഗമാണെന്ന ബോധം കുട്ടികളിൽ വളർത്തേണ്ട ചുമതല മാതാപിതാക്കൾക്കുണ്ട്. തന്റെ പരിമിതിയെക്കുറിച്ച് സമൂഹത്തിനുമുന്നിൽ സംസാരിക്കാൻ അവരെ പ്രാപ്തരാക്കണം. സ്വന്തം അവസ്ഥയെക്കുറിച്ച് മോശമായി വിചാരിക്കാതിരിക്കാൻ ഇത് സഹായിക്കും.  

പഠനവൈകല്യമുള്ള കുഞ്ഞുങ്ങൾക്കായി സ്കൂളുകൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അവർക്ക് അനുയോജ്യമായ അന്തരീക്ഷമാണോ സ്കൂളിൽനിന്ന് ലഭിക്കുകയെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം.

പഠനവൈകല്യമുണ്ടെന്ന് കരുതി ഒരു കുഞ്ഞിന് വിദ്യാഭ്യാസം നിഷേധിക്കുന്നത് മനുഷ്യാവകാശലംഘനത്തിന്‌ തുല്യമാണ്. കാരണം, വിദ്യാഭ്യാസനിഷേധം അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കും, അവരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കും. മാത്രമല്ല, അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. 

(ഓൺലൈൻ അധ്യയനസ്ഥാപനമായ ലേണിങ്‌ അരീനയുടെ സി.ഇ.ഒ. ആണ്‌ ലേഖിക)