കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ആരാഞ്ഞുകൊണ്ട് വിവിധ പ്രായത്തിലുള്ള കുട്ടികളുമായി മാതാപിതാക്കൾ എന്റെ അടുക്കൽ വരാറുണ്ട്. എന്നെക്കൊണ്ട് സാധിക്കുന്ന വിധത്തിൽ ഞാൻ അവരെ സഹായിക്കാറുമുണ്ട്. ചില സമയങ്ങളിൽ മാതാപിതാക്കൾക്ക് ആവശ്യമായ  നിർദേശങ്ങൾ നൽകുകയും മറ്റു ചിലപ്പോൾ അവരുടെ കുട്ടികൾക്ക് പ്രോത്സാഹജനകമായ ഉപദേശങ്ങൾ നൽകുകയും ഇനി വേറെ ചില അവസരങ്ങളിൽ വളരെ ശ്രദ്ധാലുവായ കേൾവിക്കാരിയായി ഇരിക്കുകയും ചെയ്യാറുണ്ട്.

കൂടുതൽ രക്ഷാകർത്താക്കളുടെയും പരാതികൾ ഇങ്ങനെയൊക്കെയാണ്- 
പഠനകാര്യങ്ങളിൽ കുട്ടിക്ക് ശ്രദ്ധയില്ല, കുട്ടി നന്നായി പഠിക്കുന്നുണ്ട് എന്നാൽ ജീവിതത്തിൽ ഉദ്ദേശ്യങ്ങളില്ല, കുട്ടിക്ക് ഉത്തരവാദിത്വ ബോധമില്ല, ആഗ്രഹങ്ങളില്ല, ചെയ്യുന്ന കാര്യങ്ങളിൽ താത്പര്യം പ്രകടിപ്പിക്കുന്നില്ല, വീട്ടിലെ ചെറിയ ജോലികൾ ചെയ്യുന്നതിനുപോലും ഏറെ നിർബന്ധിക്കേണ്ടി വരുന്നു എന്നിങ്ങനെ.

സാഹചര്യങ്ങളോ കാര്യങ്ങളോ അനുകൂലമല്ലെങ്കിൽ ശ്രമിക്കുന്ന കാര്യം അപ്പാടെ ഉപേക്ഷിക്കാനുള്ള പ്രവണത കുട്ടികൾ ചിലപ്പോൾ കാണിച്ചുവെന്നു വരാം. പ്രശ്നങ്ങളെ പരിഹാരം കൊണ്ട് നേരിടുന്നതിനു പകരം ചെയ്യുന്ന കാര്യത്തെ ഉപേക്ഷിക്കുക എന്ന എളുപ്പ മാർഗത്തിലേക്കാണ് പലരും തിരിയുക. 

തങ്ങളുടെ ജീവിത ലക്ഷ്യത്തെക്കുറിച്ച് കുട്ടികൾക്ക് മതിയായ ധാരണയില്ലാത്തതോ അല്ലെങ്കിൽ കുട്ടികളെ അവരുടെ ജീവിതലക്ഷ്യത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ രക്ഷാകർത്താക്കൾക്ക് സാധിക്കാത്തതോ ആണ് കുട്ടികളും മാതാപിതാക്കളും നേരിടുന്ന ഇത്തരം പ്രശ്നങ്ങളുടെ മൂലകാരണമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 

നാം എപ്പോഴാണോ ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കുന്നത് അപ്പോഴെല്ലാം അത് ഉയർന്ന ചിന്താഗതിയും മികച്ച സ്വപ്നങ്ങളും ഉള്ളവരെ ഉദ്ദേശിച്ച് മാത്രമാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും എന്ന പദങ്ങൾ അന്യമായതും ഭീതിജനകമായതുമായി കുട്ടികൾ കരുതാൻ തുടങ്ങുന്നു. ജീവിതത്തിലെ താത്പര്യത്തിന്റെ കേന്ദ്രബിന്ദുവിനെ കുറിക്കുന്നതാണെങ്കിലും വളരെ അപൂർവമായാണ് നാം ലക്ഷ്യം എന്ന പദം ഉപയോഗിക്കുന്നത്. പകരം നാം കുട്ടികളോട് മറ്റു ചില ചോദ്യങ്ങൾ ചോദിക്കും- എന്തിനൊക്കെയാണ് അവർ പ്രാധാന്യം നൽകുന്നത്? ജീവിതത്തിൽ എന്തെല്ലാം നേടാനാണ് അവർ ആഗ്രഹിക്കുന്നത്? എന്നിങ്ങനെ. ജീവിതത്തിന്റെ ലക്ഷ്യം എന്തെന്ന് നേരിട്ട് ചോദിക്കാതെ മറ്റുചില ചോദ്യങ്ങളിലൂടെ ചുറ്റിക്കറങ്ങുകയാണ് നാം ഇതിലൂടെ ചെയ്യുന്നത്. 

ലക്ഷ്യത്തിന് ജീവിതത്തിൽ വളരെ വലിയ പ്രാധാന്യമാണുള്ളത്. അത് സുശക്തമായിരിക്കുകയും അത് കൈവരിക്കാൻ ആവശ്യമായ കഠിനപ്രയത്നം നടത്തുകയും വേണം. നിത്യജീവിതത്തിലെ കാര്യങ്ങളെ ഉദാഹരിച്ച് ലക്ഷ്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. നിലവിലും ഭാവിയിലും തങ്ങൾക്ക് നേടാൻ സാധിക്കുന്നതും ചെയ്യാൻ സാധിക്കുന്നതുമായ ലക്ഷ്യത്തെക്കുറിച്ച് ആലോചിക്കുന്നത് കുട്ടികൾക്ക് ആസ്വാദ്യകരവുമാണ്.

ഇക്കാരണംകൊണ്ടു തന്നെ അർഥപൂർണമായ ജീവിതലക്ഷ്യങ്ങൾ കുട്ടികൾക്കൊപ്പം ചേർന്ന് കണ്ടെത്തുക അല്ലെങ്കിൽ അവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്നത് സന്തോഷകരമായ കാര്യമാണ്. ജീവിതലക്ഷ്യത്തെക്കുറിച്ച് കുട്ടികളിൽ ഒരു ചിന്ത സൃഷ്ടിക്കുക എന്നത് അനായാസമായതും മൂല്യമുള്ളതുമായ പ്രവൃത്തിയുമാണ്. ഇത് അവർക്ക് വിദ്യാഭ്യാസകാര്യത്തിലും പ്രോത്സാഹജനകമാകും.

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)

content highlights: how to solve problems of children