"രസ്പരം സ്നേഹിക്കൂ...നിങ്ങൾ സന്തുഷ്ടരായിരിക്കും. എത്രത്തോളം ലളിതമാണെന്നു വിചാരിക്കുന്നുവോ അത്രയേറെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണിത്." മൈക്കൽ 
ല്യൂനിങ്ങിന്റെ വാക്കുകളാണിവ. ഏകദേശം ഇതിനുസമാനമായ ഒരു സന്ദേശം എന്റെ ഒരു വായനക്കാരനിൽനിന്ന് എനിക്ക്‌ ലഭിച്ചിരുന്നു. അതിങ്ങനെയാണ്. നമ്മൾ 
സ്നേഹത്തോടെ മുന്നോട്ടുപോകുന്നിടത്തോളം കാലം പ്രശ്നങ്ങൾ ഉണ്ടാവുകയില്ല. അഥവാ ഉണ്ടായാൽതന്നെ അതിനെ വളരെഎളുപ്പത്തിൽ പരിഹരിക്കാനും സാധിക്കും. 
മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചില നിർദേശങ്ങൾ കൂടി ഇതാ

കുട്ടിക്കുമുമ്പിൽവെച്ച് രക്ഷിതാവിനെ കുറ്റപ്പെടുത്താതിരിക്കുക

മാതാപിതാക്കളെ കുറ്റപ്പെടുത്താനും അവരിലെ കുറ്റവും കുറവും കണ്ടെത്താനും താത്പര്യമുള്ളവരാണ് കുട്ടികൾ. എന്നാൽ ഇത്തരം കുറ്റപ്പെടുത്തലുകൾ മറ്റുള്ളവരിൽനിന്ന് കേൾക്കുന്നത് അവർക്ക് സഹിക്കാനാവില്ല. അത് ഇനി അച്ഛൻ അമ്മയെക്കുറിച്ചോ നേരെ തിരിച്ചോ പറയുന്നത് ആണെങ്കിൽക്കൂടി. അതുകൊണ്ടുതന്നെ ഒരുകാരണവശാലും ഒരു രക്ഷിതാവിന്റെ അസാന്നിദ്ധ്യത്തിൽ അയാളെക്കുറിച്ച് കുട്ടികൾ കേൾക്കെ കുറ്റപ്പെടുത്താതിരിക്കുക.

കുട്ടികൾ മാതാപിതാക്കളെ ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ്. ഒരാളെ ഇഷ്ടപ്പെട്ടു പോയത് തെറ്റായിപ്പോയി എന്ന തോന്നിലിലേക്ക് കുഞ്ഞുങ്ങളെ നയിക്കാൻ ഇത്തരം കുറ്റപ്പെടുത്തലുകൾ കാരണമായേക്കാം. മാത്രമല്ല ഇത്തരം കുറ്റപ്പെടുത്തലുകൾ വ്യക്തിപരമായ ആക്രമണങ്ങളായും കുട്ടികൾ കണക്കാക്കാനിടയുണ്ട്. കുട്ടികളുടെ ആത്മാഭിമാനത്തിൽ ഇടിവുവരാനും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിലും വിള്ളൽവീഴ്ത്താൻ ഇടയാകും.  

രക്ഷാകർത്താക്കൾ തമ്മിലും രക്ഷാകർതൃരീതിയിലും വ്യത്യസ്തതകൾ ഉണ്ടാവുക സാധാരണമാണ്. മാതാപിതാക്കളോടുള്ള കുട്ടിയുടെ അടുപ്പവും വ്യത്യസ്തമായിരിക്കും. അഭിപ്രായവ്യത്യാസങ്ങൾ മാനിക്കുകയും പരസ്പരബഹുമാനത്തോടെ അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കാൻ സാധിക്കുമെന്ന് കുട്ടികൾക്ക്‌ കാണിച്ചു കൊടുക്കുകയും ചെയ്യേണ്ടത് രക്ഷിതാക്കളുടെ കടമയാണ്.

നിങ്ങളുടെ പങ്കാളിയെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കുമ്പോഴും ശ്രദ്ധിക്കണം. കുട്ടികൾ കേൾക്കെ പങ്കാളിയെ കുറ്റപ്പെടുത്തി സംസാരിക്കരുത്. പങ്കാളിയെക്കുറിച്ച് മറ്റൊരാളോട് ഫോണിൽ സംസാരിക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 

ആരുടെയും പക്ഷംപിടിക്കാൻ കുട്ടികളെ അനുവദിക്കരുത്

മാതാപിതാക്കളിൽ ആരുടെയും പക്ഷം പിടിക്കാൻ കുട്ടികളെ അനുവദിക്കരുത്. മാതാപിതാക്കൾ തമ്മിൽ കലഹമുണ്ടാകുമ്പോൾ ആരുടെയെങ്കിലും ഒരാളുടെ പക്ഷം ചേരാനുള്ള പ്രവണത കാണിക്കാറുണ്ട്. ഇതിനെ നിരുത്സാഹപ്പെടുത്തുക. കാരണം രക്ഷിതാക്കളിൽ ഒരാളും കുട്ടിയുമായുള്ള ഈ കൂട്ടുകെട്ട് കുടുംബാന്തരീക്ഷത്തെ ദോഷകരമായി ബാധിക്കും. മാത്രമല്ല ഒരു രക്ഷിതാവും കുട്ടിയും ഒരു പക്ഷത്തും മറ്റേയാൾ മറുവശത്തും നിൽക്കുന്ന സാഹചര്യം ഏറെനാൾ തുടരുന്നത് എതിർപക്ഷത്ത് നിൽക്കുന്ന രക്ഷിതാവിനോട് കുട്ടിക്ക് ശത്രുത തോന്നാനും കാരണമായേക്കാം.

കുട്ടികളെ മനഃസാക്ഷി സൂക്ഷിപ്പുകാർ ആക്കാതിരിക്കുക

തമ്മിൽ കലഹമുണ്ടാകുമ്പോൾ കുട്ടികളുടെ പിന്തുണ തനിക്കുറപ്പാക്കാനുള്ള പ്രവണത മാതാപിതാക്കളിൽ പലരും കാണിക്കാറുണ്ട്. എന്നാൽ തീർത്തും ഒഴിവാക്കേണ്ട ഒന്നാണിത്. കുട്ടികളെ ഇത്തരത്തിൽ ആശ്രയിക്കുന്നത് അവർക്ക് പിൽക്കാലത്ത് ദോഷകരമായി ഭവിക്കാൻ ഇടയുണ്ട്. മാതാപിതാക്കൾക്കിടയിലെ പ്രശ്നങ്ങൾ അവർക്കുതന്നെ പരിഹരിക്കാൻ സാധിക്കും എന്ന ഉറപ്പാണ് കുട്ടികൾ മാതാപിതാക്കളിൽനിന്ന് കാണാനും കേൾക്കാനും ആഗ്രഹിക്കുന്നത്.

ഒരു കാര്യം മറക്കാതിരിക്കുക. അവർ കുഞ്ഞുങ്ങളാണ്. നിങ്ങൾ മുതിർന്നവരും. നിങ്ങൾ കൈകാര്യം ചെയ്യുന്നതും മുതിർന്നവർ തമ്മിലുള്ള പ്രശ്നമാണ്. അതിലേക്ക് കുഞ്ഞുങ്ങളെ വലിച്ചിഴയ്ക്കരുത്. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് മുതിർന്ന ഒരാളുടെ സഹായം ആവശ്യമാണ്. അതിനായി സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ കൗൺസിലർമാരുടെയോ സഹായം തേടുക. കുട്ടികൾ സുഹൃത്തായോ മുതിർന്നവരെ പോലെയോ പെരുമാറുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക; കുട്ടികളെ കുട്ടികളായിരിക്കാൻ അനുവദിക്കുക. 

ദേഷ്യം നിയന്ത്രിക്കാൻ കുട്ടികളെ പഠിപ്പിക്കുക

മാതാപിതാക്കൾ തമ്മിലുള്ള കലഹം, ദേഷ്യത്തെ മോശമായി കൈകാര്യം ചെയ്യുന്നതിനുള്ള ഉദാഹരണമായി കുട്ടി പരിഗണിക്കാനിടയുണ്ട്. മാതാപിതാക്കൾ പരസ്പരം ശാരീരികമായി ആക്രമിക്കുന്നതിനും കുട്ടികൾ ചിലപ്പോൾ സാക്ഷികളായിട്ടുണ്ടാകാം.

എന്നാൽ ദേഷ്യം എന്നത് എല്ലാവരിലും കാണപ്പെടുന്ന വികാരമാണെന്നും അതിനെ ശരിയാം വിധം കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക. ദേഷ്യത്തെ കൈകാര്യംചെയ്യാൻ കുട്ടികളെ പഠിപ്പിക്കുന്ന നിരവധി പുസ്തകങ്ങളും മറ്റു മാർഗങ്ങളും ലഭ്യമാണ്. ആവശ്യമെങ്കിൽ അവയുടെ സഹായവും തേടുക. 

വിദഗ്ധരുടെ സഹായം തേടുക

മാതാപിതാക്കൾ തമ്മിലുള്ള കടുപ്പമേറിയ വഴക്കുകൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കലഹത്തിന്റെ ബാക്കിപത്രമെന്നോണം മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന മാതാപിതാക്കളും ചുരുക്കമല്ല. ദമ്പതിമാർ തമ്മിലുള്ള കലഹം നിങ്ങളുടെ രക്ഷാകർതൃരീതിയെത്തന്നെ ബാധിച്ചേക്കാം. കുട്ടികൾ നിങ്ങൾക്ക് കൂടുതൽ സമ്മർദം തരുന്നതായും അനുഭവപ്പെടാനും സാധ്യതയുണ്ട്.

മാനസികമായും ശാരീരികമായും ശാന്തത കൈവരിക്കുക എന്നതാണ് ഇത്തരം സാഹചര്യത്തിൽ ചെയ്യാൻ സാധിക്കുന്നത്. വ്യക്തിപരമായ കൗൺസലിങ്ങുകൾക്ക് വിധേയരാകുന്നത് മാനസികപിന്തുണ എന്ന നിലയിൽ നിങ്ങളെ സഹായിക്കാൻ കഴിയും. കുടുംബത്തിനു വേണ്ടിയുള്ളതോ ദമ്പതിമാർക്കു വേണ്ടിയുള്ളതോ ആയ കൗൺസലിങ്ങുകൾക്കും മികച്ച ആശയവിനിമയ രീതി സ്വായത്തമാക്കാൻ നിങ്ങളെ സഹായിക്കാനാകും. ദമ്പതിമാർക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വൈദഗ്ധ്യം നേടിയ നിരവധി കൗൺസിലർമാരുണ്ട്.

ദമ്പതിമാർ തമ്മിലുള്ള ആശയവിനിമയത്തിലെ അപാകം പരിഹരിക്കാൻ ഇവർക്ക് സാധിക്കും. ആവശ്യമെങ്കിൽ ഇവരുടെ സഹായംതേടുക. രക്ഷാകർതൃത്വത്തെ ക്കുറിച്ചുള്ള പരിശീലനപരിപാടികളിൽ പങ്കെടുക്കുന്നതും നല്ലതാണ്. ചിലപ്പോൾ വ്യത്യസ്തശൈലിയിലുള്ള രക്ഷാകർതൃരീതികൾ അവലംബിക്കുന്നവരായിരിക്കും മാതാപിതാക്കൾ ഇരുവരും. അങ്ങനെയെങ്കിൽ ഈ രണ്ട് രീതികളെയും സമന്വയിപ്പിക്കാൻ സാധിക്കുന്നതിലൂടെ മാതാപിതാക്കൾ തമ്മിലുള്ള കലഹം ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. ഇതിനായി മാതാപിതാക്കൾക്ക് പരിശീലനം നൽകാൻ സാധിക്കുന്ന സംഘടനകളുടെയും കൗൺസിലർമാരുടെയും സഹായം തേടാവുന്നതാണ്. മാതാപിതാക്കൾക്ക് സ്വയം കൈകാര്യം ചെയ്യാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ കുടുംബത്തിലെ മധ്യസ്ഥരുടെ സഹായവും സ്വീകരിക്കാവുന്നതാണ്. 

(ഓൺലൈൻ  അധ്യയന സ്ഥാപനമായ ലേണിങ്‌  അരീനയുടെ  സി.ഇ.ഒ. ആണ്‌ ലേഖിക)