മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ആചരിക്കാറുണ്ട്. ജീവിതത്തിൽ ആർക്കും അവഗണിക്കാനാവാത്തതാണ് അമ്മമാരോടുള്ള ബന്ധം. ഈ ലോകത്തിലെ ഏറ്റവും മഹത്ത്വമേറിയതും അതേസമയം പലപ്പോഴും വിലയിരുത്തുന്നതിൽ നാം തെറ്റുവരുത്താറുള്ളതുമായ വ്യക്തിയാണ് അമ്മ.

എങ്ങനെയാണ് ഒരു ജീവിതകാലത്തിന്റെ സ്നേഹവും നന്ദിയും കടപ്പാടും ഓർമകളും ഒരു ലേഖനത്തിലെ കുറച്ചുവാക്കുകൾക്കുള്ളിൽ ഉൾക്കൊള്ളിക്കാനാവുക. ഇത്തവണത്തെ ലേഖനം സമർപ്പിക്കുന്നത് മാതൃത്വം ആരംഭിക്കുന്നവർക്ക്‌ വേണ്ടിയാണ്. അമ്മയാകാൻ ഒരുങ്ങുന്നവർക്കും ഈ അടുത്തകാലത്ത് അമ്മയായവർക്കും വേണ്ടിയുള്ളതാണ്.

കുഞ്ഞുപിറക്കുന്ന അതേ സമയത്തുതന്നെ ഒരു അമ്മയും ജനിക്കുന്നു. ആ അമ്മ മുമ്പുണ്ടായിരുന്നവളല്ല. മുൻപ് ഉണ്ടായിരുന്നത് ഒരു സ്ത്രീ മാത്രമായിരുന്നു. അവൾ അമ്മയായിരുന്നില്ല. കുഞ്ഞിന്റെ ജനനം ഒരു അമ്മയുടെ പിറവിക്കുകൂടി കാരണമാവുകയായിരുന്നു. അമ്മയാവുക എന്നത് തീർച്ചയായും പുതുമയേറിയ ഒരു കാര്യമാണ്. ആദ്യമായി അമ്മയാകുക എന്നത് അധികം സ്ത്രീകളിലും ഒരുപാട് ആഹ്ലാദം ജനിപ്പിക്കുന്ന കാര്യമാണ്. നിങ്ങൾ ആരാണെങ്കിലും എത്രയൊക്കെ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെങ്കിലും മാതൃത്വം എന്നത് വലിയൊരു പരിണാമവും പാഠവുമാണ്.

ഗർഭിണിയാകുന്നതോടെ നിങ്ങൾ പദ്ധതികൾ ഒരുക്കാൻ ആരംഭിക്കും. കുഞ്ഞുണ്ടാകുന്നതോടെ ജീവിതം എങ്ങനെയായിരിക്കും എന്നതിനെ ക്കുറിച്ച് ഒരുപാട് സങ്കല്പിച്ച്‌ കൂട്ടുകയും ചെയ്യും. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഏറെ സന്തോഷത്തോടെയാവും നിങ്ങൾ ഇക്കാര്യം പങ്കുവെയ്ക്കുക. നിങ്ങളുടെ വയർ വലുതാകുന്നതിനനുസരിച്ച് പുത്തൻകുപ്പായങ്ങളും നിങ്ങൾക്കു വാങ്ങേണ്ടിവരും. സുഗന്ധതൈലങ്ങൾ ഉപയോഗിച്ച് കുളിക്കാനും വിലയേറിയ ലോഷൻ കൊണ്ട് വയറിന്‌ പുറത്ത് തടവാനും അങ്ങനെ, ഒരു സ്ത്രീക്ക് അവളെത്തന്നെ പരിചരിക്കാൻ കിട്ടുന്ന ഏറ്റവും നല്ല സമയമാണ് ഗർഭകാലം. ചുറ്റുമുള്ളവരിൽനിന്ന് ലാളനയും പരിചരണവും ലഭിക്കുന്ന സമയം കൂടിയാണിത്. 

എന്നാൽ ഗർഭകാലം എന്നന്നേക്കും നിലനിൽക്കില്ല. കുഞ്ഞ് പിറക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ടു കണ്ടിരുന്ന പകൽക്കിനാക്കൾ അവസാനിക്കും. മാതൃത്വം ഒരുപാട് കാര്യങ്ങൾ ആവശ്യപ്പെടുന്ന ഒന്നാണെന്ന് ചില സ്ത്രീകൾ മുൻകൂട്ടി കാണാറുണ്ട്. എന്നാൽ അമ്മയായതിന്‌ ശേഷമാണ് അതുമായി ബന്ധപ്പെട്ട വെല്ലുവിളികളെ മനസ്സിലാക്കാനായതെന്ന് സമ്മതിക്കുന്ന അമ്മമാരുമുണ്ട്. എല്ലാ അമ്മമാരുടെയും അനുഭവം മറ്റുള്ളവരിൽനിന്ന് വ്യത്യാസപ്പെട്ടിരിക്കും.

ഇതാ പുതുതായി അമ്മമാരാകുന്നവർ നേരിടുന്ന ചില വലിയ വെല്ലുവിളികൾ. ഇവയെ നേരിടാൻ തയ്യാറായിരുന്നില്ലെന്ന് ഈ അമ്മമാർ സമ്മതിക്കും. 

മുലയൂട്ടൽ: പല അമ്മമാർക്കും നവജാതശിശുപരിചരണം അത്രപെട്ടെന്ന് സ്വായത്തമായെന്നു വരില്ല. ഇതിന് ചിലപ്പോൾ ആഴ്ചകൾ വേണ്ടിവന്നേക്കും. ആദ്യമായി അമ്മയാകുന്നവർക്ക് മുലയൂട്ടലുമായി ബന്ധപ്പെട്ട് പല അസൗകര്യങ്ങളും അനുഭവപ്പെട്ടേക്കാം. കാര്യങ്ങൾ തങ്ങൾ വിചാരിച്ചത്‌ പോലെ നടക്കാതെ വരുമ്പോൾ ഇത് അമ്മമാരിൽ സമ്മർദം സൃഷ്ടിക്കാനും സാധ്യതയുണ്ട്. സമാധാനമായിരുന്നാൽത്തന്നെ പാതിയുദ്ധം ജയിച്ചെന്ന് പാലൂട്ടി പരിചയമുള്ളവർ പറയാറുണ്ട്. അമ്മ സമ്മർദത്തിലായിരിക്കുന്നതും പാലൂട്ടുന്നതുമായി ബന്ധപ്പെട്ട് അസ്വസ്ഥതകൾ പുലർത്തുകയും ചെയ്യുന്നത് കുട്ടിക്ക് നല്ലതല്ല. 

പങ്കാളിയുമായുള്ള ബന്ധം: പങ്കാളികളെ തമ്മിൽ കൂടുതൽ അടുപ്പിക്കുന്ന സമയമാണ് ഗർഭകാലം. ഈ അടുപ്പം കുഞ്ഞ് പിറന്നതിന്‌ ശേഷം കൂടുതൽ ശക്തമാകുമെന്നാണ് കൂടുതൽ അമ്മമാരും പ്രതീക്ഷിക്കുന്നത്. എന്നാൽ ദൗർഭാഗ്യകരമെന്ന്‌ പറയട്ടെ, കുഞ്ഞുപിറന്നതിന്‌ ശേഷം പുതുതായി അമ്മമാരായ പലർക്കും ഭർത്താക്കന്മാരോട് ദേഷ്യം തോന്നാറുണ്ട്. ഇത് അവരെത്തന്നെ അമ്പരപ്പിക്കാറുമുണ്ട്. എത്ര കരുത്തുള്ള വ്യക്തിയുമായിക്കോട്ടെ, രക്ഷാകർത്താവ് എന്ന പുതിയ ഉത്തരവാദിത്വത്തോട് പൊരുത്തപ്പെടുന്നതിനിടെ ശക്തമായ സമ്മർദമായിരിക്കും ഒരാൾക്ക് നേരിടേണ്ടിവരിക. ഈ സമ്മർദം ദേഷ്യമായി മാറുകയാണ് സംഭവിക്കുന്നത്.

അമ്മമാരെന്ന നിലയിൽ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഭർത്താവ് മനസ്സിലാക്കുന്നില്ലെന്ന് പലപ്പോഴും ചിന്തിക്കാറുണ്ടെന്ന്, ആദ്യമായി അമ്മമാരായ പലരും സമ്മതിക്കുന്നുമെന്ന കാര്യം എനിക്കുറപ്പാണ്. കുട്ടിയുടെ കാര്യങ്ങൾ നോക്കുന്നതിനൊപ്പം വീട്ടുകാര്യങ്ങളും ജോലിക്കാര്യവും ശ്രദ്ധിക്കേണ്ടി വരുമ്പോൾ പല അമ്മമാരും ദേഷ്യം പ്രകടിപ്പിക്കാറുമുണ്ട്.

എന്നാൽ ആദ്യമായി അമ്മമാർ ആകുന്നവർ മനസ്സിൽ സൂക്ഷിക്കേണ്ട ഒരുകാര്യമുണ്ട്. അച്ഛന്മാരും ഇക്കാലയളവിൽ സമ്മർദം അനുഭവിക്കുന്നുണ്ട്. കുടുംബത്തിന്റെ സാമ്പത്തികസുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ വിജയിച്ചോ എന്ന ചിന്തയാണ് ഈ സമയത്ത് അച്ഛന്മാരെ സമ്മർദത്തിലാക്കുന്നത്. ഭാര്യമാർക്ക് ആവശ്യമുള്ള സമയത്ത് സഹായത്തിന് എത്താൻ ആഗ്രഹിക്കുന്നവരുമാണ് ഇവർ. എന്നാൽ ഇക്കാര്യം ശരിയായരീതിയിൽ ചെയ്യാൻ ഇവർക്ക് പലപ്പോഴും അറിയണമെന്നില്ല. കുഞ്ഞ് പിറന്നതിന്‌ ശേഷം തങ്ങളെ അലട്ടുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് പങ്കാളികൾ പരസ്പരം പങ്കുവെയ്ക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. പങ്കാളിയിൽനിന്ന് ശ്രദ്ധയും പരിചരണവും ആവശ്യമാണെന്ന്‌ തോന്നുന്ന സന്ദർഭങ്ങളെ മാന്യമായ രീതിയിൽ പരസ്പരം അറിയിക്കുകയും ചെയ്യുക. 

ക്ഷമയുണ്ടാകണം- നവജാതശിശുവിനെ പരിപാലിക്കുന്നതിന് ഒരുപാട് ക്ഷമ ആവശ്യമാണ്. ദൈര്‍ഘ്യമേറിയ ദിവസങ്ങളും ഉറക്കമില്ലാത്ത രാത്രികളുമുണ്ടാകും. ഒപ്പം വീട്ടിലെ മറ്റുജോലികളിലും ശ്രദ്ധ നല്‍കേണ്ടിവരും. ആദ്യമായി അമ്മയാകാന്‍ ഒരുങ്ങുന്ന പല സ്ത്രീകളും വിചാരിക്കുന്നത് കാര്യങ്ങളെ കുറിച്ച് നേരത്തെ തന്നെ പദ്ധതിയുണ്ടാക്കിവച്ചാല്‍ എല്ലാം എളുപ്പമായെന്നാണ്. ഇത്തരം വെല്ലുവിളികളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നാണ്. എന്നിരുന്നാലും നേരത്തെ പദ്ധതിയുണ്ടാക്കിയാലും പല അമ്മമാരും ഇത്തരം വെല്ലുവിളികളെ അതിജീവിക്കാന്‍ ബുദ്ധിമുട്ടാറുണ്ട്. എന്തുകൊണ്ടാണ് ഇത്? കാര്യം വളരെ ലളിതമാണ്-ക്ഷീണമാണ് ഇതിനു കാരണം. എല്ലാ പുതിയ അമ്മമാര്‍ക്കും അനുഭവിക്കേണ്ടി വരുന്ന ഒന്നാണിത്. ആളുകളുടെ സഹനശക്തി കുറയാന്‍ പലപ്പോഴും ക്ഷീണം കാരണമാകാറുണ്ട്. 

കുഞ്ഞുങ്ങള്‍ അദ്ഭുതവും ആനന്ദവുമാണ്. അതെ അവര്‍ വരുന്നത് വെല്ലുവിളികളുമായാണ്. ഒരുകുട്ടിയുണ്ടായതിനു ശേഷം മനസ്സിലാക്കാന്‍ സാധിക്കുന്നവയാണ് അതില്‍ ചില വെല്ലുവിളികള്‍. കുഞ്ഞിനെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട പലകാര്യങ്ങളെ കുറിച്ചും ധാരണയില്ലെങ്കിലും പലദിവസങ്ങളും സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞതാണെങ്കിലും അമ്മയാവുക എന്ന അവസരം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കാത്തവരാണ് സ്ത്രീകളില്‍ അധികവും. ആദ്യമായി അമ്മയാകുമ്പോള്‍ നേരിടേണ്ടി വരുന്ന മറ്റുചില പ്രശ്‌നങ്ങളെ എങ്ങനെ അതിജീവിക്കാം എന്നതിനെ കുറിച്ച് അടുത്ത ലേഖനത്തില്‍.

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക.)

content highlights: How to prepare ourselves for Motherhood