കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് അതിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശപ്പെട്ട സമയങ്ങളിലൊന്നിനാണ്. ജീവിതം കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. എല്ലായിടവും ദുരന്തങ്ങള്‍. ഭയപരവശരാകുക എന്ന അവസ്ഥ കുട്ടികളിലും മുതിര്‍ന്നവരിലും അനുഭവപ്പെടുന്നത് ഒരേപോലെയാണ്. മുതിര്‍ന്നവര്‍ക്ക് പ്രകൃതിയുടെ ഭാവമാറ്റത്തെ മനസ്സിലാക്കാന്‍ സാധിക്കും. ഭയപ്പെടുമെങ്കിലും ആ സാഹചര്യത്തില്‍ തങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നുംചെയ്യാന്‍ സാധിക്കില്ലെന്ന ബോധ്യവും അവരില്‍ രൂപപ്പെടും. അതോടെ ആ മണിക്കൂറുകളിലെ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള തിരക്കിലേക്ക് മുതിര്‍ന്നവര്‍ മുഴുകും. നാശനഷ്ടത്തെയും ദുരന്തത്തെയും നിയന്ത്രിച്ചും അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിച്ചും അവര്‍ നീങ്ങുന്ന സമയമാണിത്. നഷ്ടങ്ങളെ എങ്ങനെ പരിഹരിക്കാമെന്ന ആലോചനയാവും ആ സമയത്ത് മുതിര്‍ന്നയാളുകളുടെ മനസ്സിനുള്ളില്‍ നിറയെ. 

എന്നാല്‍ ഇതിനിടെ കുട്ടികളുടെ സുരക്ഷിതത്വബോധവും മാനസിക സന്തുലിതാവസ്ഥയും ബാധിക്കപ്പെട്ടേക്കാം. ദുരന്തങ്ങളുടെ ഭീഷണി ഒഴിയുന്നതോടെ, തങ്ങളുടെ വികാരങ്ങളെ എങ്ങനെ വേണം പ്രകടിപ്പിക്കേണ്ടതെന്ന മാര്‍ഗനിര്‍ദേശത്തിനായി കുട്ടികള്‍ അവരുടെ ജീവിതത്തിലെ പ്രധാനവ്യക്തികളിലേക്ക് തിരിയും. ശാന്തത പാലിച്ചും എല്ലാം ശരിയാകുമെന്ന ഉറപ്പു നല്‍കിക്കൊണ്ടും ദുരന്തത്തിന് ശേഷമുള്ള സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ കുട്ടികളെയും യുവാക്കളെയും സഹായിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും മറ്റു സംരക്ഷകര്‍ക്കും സാധിക്കും.
 
ദുരന്തശേഷമുള്ള സാഹചര്യത്തോട് വളരെപ്പെട്ടെന്ന് തന്നെ പൊരുത്തപ്പെട്ടു പോകാന്‍ സഹായിക്കുന്ന വിധത്തിലാവണം നിങ്ങള്‍ നിര്‍ദേശങ്ങള്‍ കൊടുക്കേണ്ടത്. സ്ഥിരതയുള്ളതും പരിചിതമായ അന്തരീക്ഷം ഒരുക്കുന്നതിലൂടെയും സ്‌കൂളുകള്‍ക്കും ഇക്കാര്യത്തില്‍ പങ്കാളികളാകാന്‍ സാധിക്കും. 

മുതിര്‍ന്നവരുടെയും അധ്യാപകരുടെയും സഹായത്തോടെ കുട്ടികള്‍ക്ക് സാധാരണനിലയിലേക്ക് തിരികെ വരാന്‍ സാധിക്കും. പേടിപ്പെടുത്തിയ ആ സംഭവത്തെ ഒരു ലേണിങ് എക്‌സ്പീരിയന്‍സാക്കി മാറ്റാനുള്ള അവസരവും കുട്ടികള്‍ക്ക് കൊടുക്കുക. 

കുട്ടികളുടെ പ്രതികരണങ്ങളുടെ തീവ്രതയെ സ്വാധീനിക്കുന്ന ചില ഘടകങ്ങളുണ്ട്. ഇത് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അപകടത്തില്‍പ്പെട്ടു പോവുക, മുറിവു പറ്റുകയോ പ്രിയപ്പെട്ടവരെ നഷ്ടമാവുകയോ ചെയ്യുക, രക്ഷാകര്‍ത്താക്കളില്‍നിന്ന് ലഭിക്കുന്ന പിന്തുണ, വീട്ടില്‍നിന്നോ കൂട്ടത്തില്‍നിന്നോ ഒറ്റപ്പെട്ടു പോവുക, ഭൗതികനാശനഷ്ടങ്ങള്‍ തുടങ്ങിയവയൊക്കെ കുട്ടികളുടെ പ്രതികരണങ്ങളുടെ തീവ്രതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കൂടാതെ കുട്ടിക്ക് മുമ്പ് ഏതെങ്കിലും വിധത്തിലുള്ള മാനസിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും അതിനും സ്വാധീനം ചെലുത്താനാകും. 

ഇനിപ്പറയുന്ന വിധത്തിലുള്ള പെരുമാറ്റ രീതികള്‍ കുട്ടികള്‍ ദീര്‍ഘകാലമായി പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അടിയന്തരമായി വിദഗ്ധരുടെ സേവനം ലഭ്യമാക്കി കൊടുക്കുക.

സ്‌കൂളില്‍ പോയിത്തുടങ്ങിയിട്ടില്ലാത്ത കുട്ടികള്‍: വിരലു കുടിക്കുക, ഉറക്കത്തില്‍ അറിയാതെ മൂത്രമൊഴിക്കുക, മാതാപിതാക്കളുടെ അടുത്തുനിന്ന് മാറാതിരിക്കുക, ഉറക്കം തടസ്സപ്പെടല്‍, വിശപ്പില്ലായ്മ, ഇരുട്ടിനോട് ഭയം, ഉള്‍വലിഞ്ഞ പ്രകൃതം, കൂട്ടുകാരില്‍നിന്നും പതിവുപരിപാടികളില്‍നിന്നുമുള്ള പിന്‍വലിയല്‍. 
പ്രൈമറി ക്ലാസിലെ കുട്ടികള്‍: അസ്വസ്ഥത പ്രകടിപ്പിക്കല്‍, ആക്രമണസ്വഭാവം, ദുഃസ്വപ്നങ്ങള്‍ കാണുക, സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുക, ശ്രദ്ധക്കുറവ്, കൂട്ടുകാരില്‍നിന്നും പതിവുപരിപാടികളില്‍നിന്നും ഉള്‍വലിയുക.
 
കൗമാരക്കാര്‍: ഭക്ഷണം കഴിക്കുന്നതിലും ഉറക്കത്തിലുമുള്ള ക്രമരാഹിത്യം, ബഹളം വയ്ക്കല്‍, അമിതമായ വഴക്കുണ്ടാക്കല്‍, ശാരീരിക അസ്വസ്ഥതകള്‍, ശ്രദ്ധക്കുറവ്.
ചെറിയൊരു ശതമാനം കുട്ടികളില്‍ പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് ഡിസോഡറിന് (പി. ടി. എസ്. ഡി.) സാധ്യതയുണ്ട്. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഇതിന്റെയും സൂചനയാണ്. കൂടാതെ, കഴിഞ്ഞുപോയ ദുരന്തം കളിക്കിടയിലോ സ്വപ്നത്തിലോ ഒക്കെ വീണ്ടും അനുഭവപ്പെടുക, ആ ദുരന്തം വീണ്ടും സംഭവിക്കാന്‍ പോകുന്നു എന്ന തോന്നലുണ്ടാവുക, വൈകാരിക വിഷയങ്ങളില്‍പ്പോലും പ്രതികരണമില്ലാതിരിക്കുക, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരിക, ഭയചകിതമായ പ്രതികരണങ്ങള്‍ നടത്തുക തുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങളാണ്. പി. ടി. എസ്. ഡിയോ വിഷാദമോ പോലുള്ള ഗുരുതര മാനസിക ആരോഗ്യ പ്രശ്‌നങ്ങളുള്ള ചില കൗമാരക്കാര്‍ അപൂര്‍വമായി ആത്മഹത്യാ പ്രവണതയും പ്രകടിപ്പിച്ചേക്കാം. ഇത്തരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് മാനസികാരോഗ്യ വിദഗ്ധരുടെ സേവനം മുതിര്‍ന്നവര്‍ ലഭ്യമാക്കിക്കൊടുക്കണം. 
പ്രകൃതിദുരന്തത്തിന് തൊട്ടുപിന്നാലെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ചെയ്യാവുന്നത്. 

ശാന്തരും സമാശ്വസിപ്പിക്കുന്നവരും ആയിരിക്കുക. എങ്ങനെ പെരുമാറണമെന്ന സൂചന കുട്ടികള്‍ നിങ്ങളില്‍നിന്നാണ് സ്വീകരിക്കുന്നത്, പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍. നാശനഷ്ടങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുക, ശുചിയാക്കലിലും പുനര്‍നിര്‍മാണത്തിലുമുള്ള സമൂഹത്തിന്റെ ശ്രമങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. കുടുംബവും കൂട്ടുകാരും ഒപ്പമുണ്ടെന്നും എല്ലാം പഴയപോലെ ആവുമെന്നും കുട്ടികള്‍ക്ക് ഉറപ്പുനല്‍കുക. കുട്ടികളുടെ വികാരത്തെ മനസ്സിലാക്കുക. തങ്ങളുടെ വികാരങ്ങളും ആകുലതകളും പങ്കുവയ്ക്കാനും കുട്ടികളെ അനുവദിക്കുക. ദുരന്തവുമായി ബന്ധപ്പെട്ട അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക. 

ദുരന്തവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. സുരക്ഷിതവും കുറ്റപ്പെടുത്തലുകളുമില്ലാത്ത അന്തരീക്ഷത്തിലിരുന്ന് തങ്ങളുടെ സംശയങ്ങള്‍ ചോദിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കേണ്ടതുണ്ട്. അവരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും അവസരം നല്‍കുക. അതിന് സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍- ചിത്രരചന, കഥാരചന പാട്ട്, നാടകം, ഓഡിയോ- വീഡിയോ റെക്കോഡിങ് തുടങ്ങിയവ നല്‍കാവുന്നതാണ്. ആവശ്യമെങ്കില്‍ സ്‌കൂളിലെ സൈക്കോളജിസ്റ്റിന്റെയോ കൗണ്‍സിലറുടെയോ, സോഷ്യല്‍ വര്‍ക്കറുടെയോ സഹായം തേടുക.

കുട്ടികള്‍ പ്രശ്നപരിഹാര മാര്‍ഗങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിനെ അഭിനന്ദിക്കുക. യാഥാര്‍ഥ്യബോധത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ഇത് ആശങ്കയെ നിയന്ത്രിക്കാനും സാഹചര്യത്തിന് യോജിച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും കുട്ടികളെ സഹായിക്കും. കുട്ടികളില്‍ ഉള്‍വലിയുന്ന പ്രകൃതം കാണപ്പെടുന്നുണ്ടെങ്കില്‍ അതിന് പ്രാധാന്യം നല്‍കുക. അവരുടെ കഴിവുകളില്‍ ശ്രദ്ധയൂന്നുക. മുന്‍കാലങ്ങളില്‍ അവര്‍ ഭയത്തെയും മറ്റും എങ്ങനെയാണ് മറികടന്നതെന്ന് കുട്ടികളെ ഓര്‍മപ്പെടുത്തുക. ദുരന്തങ്ങളെ നേരിടുകയും അതിജീവിക്കുകയും ചെയ്ത മറ്റു സമൂഹങ്ങളെ കാണിച്ചുകൊടുക്കുക.
 
കുട്ടികളുടെ സുഹൃദ്ബന്ധങ്ങളെ ശക്തിപ്പെടുത്തുക. മികച്ച വൈകാരിക പിന്തുണ ലഭിക്കുന്ന കുട്ടികള്‍ക്ക് പ്രതികൂലസാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാന്‍ എളുപ്പത്തില്‍ സാധിക്കും. സമപ്രായക്കാരുമായുള്ള ബന്ധം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് കുട്ടികളില്‍ ബോധ്യമുണ്ടാക്കാനും ഒറ്റപ്പെടല്‍ ഒഴിവാക്കാനും സഹായിക്കും.