ത്തവണത്തെ ലേഖനത്തിന്റെ തലക്കെട്ട് കുറച്ച് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അശ്ലീല സാഹിത്യത്തിലും സിനിമകളിലും കുട്ടികൾക്ക് താത്പര്യമുണ്ടാകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും താത്പര്യമില്ലാത്തവരാണ് നമ്മളെല്ലാവരും. എന്നാൽ, നമ്മൾ ചിന്തിക്കുന്നതിൽനിന്നും സങ്കല്പിക്കുന്നതിൽനിന്നും കുറച്ച് വ്യത്യസ്തമാണ് വാസ്തവം. കാര്യങ്ങളെക്കുറിച്ച് ഒരു വ്യക്തമായ ചിത്രം നിങ്ങൾക്കു ലഭിക്കാനായി ചില കണക്കുകൾ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. 

ഓൺലൈനിൽ നഗ്നചിത്രങ്ങളും അശ്ലീല സാഹിത്യവും സിനിമകളും കാണാറുള്ളതായി 32 ശതമാനം കുട്ടികളും സമ്മതിക്കുന്നതായും ആഴ്ചയിലൊരിക്കൽ ഇവ ആസ്വദിക്കുന്നതായും  പോണോഗ്രഫി സ്റ്റാറ്റിസ്റ്റിക്‌സ്(2012), കോൺവെന്റ് ഐയ്‌സ്(2015) എന്നീ പോണോഗ്രഫി സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കുന്നു. 

കൗമാരക്കാരായ മക്കൾ അശ്ലീലസാഹിത്യവും സിനിമയും ആസ്വദിക്കുന്ന കാര്യം അറിയാവുന്നത് 12 ശതമാനം മാതാപിതാക്കൾക്ക് മാത്രമാണെന്ന് ട്രൂ റിസർച്ച് (2012), കോൺവനന്റ് ഐയ്‌സ്(2015), പോണോഗ്രഫി സ്റ്റാറ്റിസ്‌ക്സ് പറയുന്നു.

93.2 ശതമാനം ആൺകുട്ടികളും 62.1 ശതമാനം പെൺകുട്ടികളും പതിനെട്ടു വയസ്സ് തികയും മുമ്പേ അശ്ലീലദൃശ്യങ്ങൾ കാണുന്നവരാണ്. (അവലംബം-ഫാമിലി സേഫ് മീഡിയ.കോം)
മാനസികവികാസത്തിന്റെ കാലഘട്ടമായതു കൊണ്ടുതന്നെ കൗമാരക്കാരായ കുഞ്ഞുങ്ങൾ അശ്ലീല സാഹിത്യ-സിനിമകൾക്ക് അടിമകളായിപ്പോകാനുള്ള സാധ്യത കൂടുതലാണ്.( അവലംബം- 
(Riemersma J. & Systma. M, 'A New generation of sexual addiction and compulsivity, 2013 Oct) 

കൗമാരക്കാരായ മക്കൾ അശ്ലീലസാഹിത്യത്തിനോ സിനിമയ്ക്കോ അടിമകളാണെന്ന് അറിയാൻ ഒരു മാതാപിതാക്കളും ആഗ്രഹിക്കില്ല. എന്നിരുന്നാലും ഇത് വളരെ സാധാരണമായി സംഭവിക്കാറുണ്ട് താനും. മേൽപ്പറഞ്ഞ കണക്കുകൾ സൂചിപ്പിക്കുന്നതുപോലെ അശ്ലീല സാഹിത്യത്തോടും സിനിമകളോടുമുള്ള ആഭിമുഖ്യം കുട്ടികൾക്കിടയിൽ റോക്കറ്റുപോലെ കുതിച്ചുയരുകയാണ്.

ലൈംഗികത എല്ലായിടത്തേക്കും വലിച്ചിഴയ്ക്കപ്പെടുകയും ചെയ്യുന്നു. ഹോർമോണുകൾ പ്രവർത്തിക്കുന്ന, ആകാംക്ഷനിറഞ്ഞ തലച്ചോറുള്ള ശരീരം പ്രലോഭനങ്ങളിൽ വീഴാൻ തയ്യാറായാണ് നിൽക്കുന്നതും. 
കുട്ടികൾ അശ്ലീലസാഹിത്യത്തിനും സിനിമകൾക്കും അടിമകളാണോ എന്ന് തിരിച്ചറിയുക മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ജോലിയാണ്. 

കുട്ടികൾ ഇതിന് അടിമകളാണോ എന്ന് തിരിച്ചറിയാനുള്ള മാർഗങ്ങൾ നിർദേശിക്കുന്നതിനു മുന്നേ തന്നെ ഒരു കാര്യം ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്. പ്രശ്നങ്ങൾ സംഭവിച്ചതിനു ശേഷം പരിഹാരത്തിനായി പായുന്നതിനെക്കാൾ മുൻകരുതലാണ് നല്ലത്. 

പണ്ടു കാലത്തേതിൽനിന്ന് വ്യത്യസ്തമായി ഇന്നത്തെ കുഞ്ഞുങ്ങളെ കാഴ്ചകൾ വിഡ്ഢികളാക്കുന്നുണ്ട്. നമുക്ക് ചിന്തിക്കാനും സങ്കല്പിക്കാനും സാധിക്കുന്നതിനെക്കാൾ വിവരങ്ങളാണ് അവർക്കു മുന്നിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ കുട്ടികളുടെ കാര്യത്തിലും സ്വന്തം ഇന്റർനെറ്റ് ഉപയോഗത്തിന്റെ കാര്യത്തിലും ശ്രദ്ധയുള്ളവരാകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പതിനെട്ടു വയസ്സിൽ താഴെയുള്ള ഭൂരിഭാഗം കുട്ടികൾക്കും അശ്ലീലസാഹിത്യത്തിലേക്കും സിനിമയിലേക്കുമുള്ള പ്രവേശനകവാടമാകുന്നത് 

മാതാപിതാക്കളുടെ ഫോണിലെയോ അല്ലെങ്കിൽ അവരുടെ സെർച്ച് ഹിസ്റ്ററിയോ ആണെന്ന് ഒരു സന്നദ്ധസംഘടന നടത്തിയ പഠനം വ്യക്തമാക്കുന്നു. സ്വന്തമായി ഫോണുള്ള, ഉറങ്ങുമ്പോഴും ഫോൺ കൈവശംവയ്ക്കാൻ അനുവാദം ലഭിച്ചിട്ടുള്ള കൗമാരക്കാരിൽ പലരും രാത്രി വൈകി അശ്ലീലസൈറ്റുകൾ ഉപയോഗിക്കാറുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 

അശ്ലീലസാഹിത്യത്തിനും സിനിമകൾക്കും അടിമപ്പെട്ടിരിക്കുന്ന കുട്ടികളിൽ കാണാൻ സാധിച്ചേക്കാവുന്ന ചില ലക്ഷണങ്ങളാണ് താഴെപ്പറയുന്നത്. ഇവ ഇതേപടിയാകണമെന്നുമില്ല. 

വിഷാദം, താത്പര്യമില്ലായ്മ- ജീവിതത്തിൽ വെല്ലുവിളികളുണ്ടാകുമ്പോൾ കുട്ടികൾക്ക് അതുമായി പൊരുത്തപ്പെട്ടു പോകേണ്ടതുണ്ട്. എന്നാൽ, പലപ്പോഴും വൈകാരികമായി അവർ അതിന് പ്രാപ്തരായിരിക്കില്ല. ബൗദ്ധികമായും മാനസികമായും വളർച്ച പൂർത്തിയാകാത്തതാണ് ഇതിന്റെ ഒരു കാരണം. കൗമാരക്കാർ സാധാരണയായി ഇത്തരത്തിലുള്ള വെല്ലുവിളികൾ നേരിടേണ്ടിവരാറുമുണ്ട്. പലപ്പോഴും ഉത്കണ്ഠയിലും സംഭ്രമത്തിലും ആഴ്ന്നുപോകുന്ന കുട്ടികൾക്ക് ആശ്വാസം പകരുന്ന ഒരു 'ഡോപ്പമെൻ അഗ്നിപർവതമാണ്' അശ്ലീലസാഹിത്യവും സിനിമകളും എന്നുപറയാം.

തലച്ചോറിനെ പൂർണമായി കീഴ്‌പെടുത്തുകയും സുഖം തോന്നുന്ന മാനസികാവസ്ഥയിലേക്ക് നയിക്കാനും ഇവയ്ക്ക് വളരെ പെട്ടെന്ന് സാധിക്കും. ദുഃഖകരമെന്നു പറയട്ടെ, ലജ്ജാകരവും രഹസ്യാത്മകവുമായ അവസ്ഥയിൽ ഒരു വ്യക്തി എത്തുമ്പോഴാണ് വിഷാദം തലപൊക്കുന്നത്. ഉത്തേജനമാകും ഈ സമയം തലച്ചോറ് ആവശ്യപ്പെടുക. ഈ ഉത്തേജനത്തിനുള്ള അന്വേഷണമാണ് അശ്ലീല സാഹിത്യത്തിലേക്കും സിനിമകളെയും കുട്ടികളെ എത്തിക്കുന്നത്.

മറ്റുള്ളവരിൽനിന്ന് ഇക്കാര്യം മറച്ചുവയ്ക്കാനുള്ള ശ്രമവും മറ്റും കുട്ടികളിൽ നാണക്കേടും ബുദ്ധിമുട്ടുകളുമുണ്ടാക്കും. മറ്റുകാര്യങ്ങളിലെ സന്തോഷം ഇല്ലാതാക്കുകയാണ് വിഷാദംചെയ്യുന്നത്. ഇത് അശ്ലീല സാഹിത്യത്തിലേക്കും സിനിമയിലേക്കും കുട്ടികളെ വീണ്ടും ആകർഷിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. വീഡിയോ ഗെയിമുകൾക്ക് അടിമകളാകുന്നതും ഇതേവിധത്തിലാണ്. അശ്ലീല സാഹിത്യത്തിനും ചിത്രത്തിനും അടിമകളാകുന്നവർ വീഡിയോ ഗെയിമുകൾക്കും അടിമകളായിട്ടുള്ളതായി കാണാം. 

കള്ളം പറയുക, മോഷ്ടിക്കുക, രഹസ്യങ്ങൾ സൂക്ഷിക്കുക- ഒരു കൗമാരക്കാരൻ അല്ലെങ്കിൽ കൗമാരക്കാരി കൂടുതൽ കള്ളങ്ങൾ പറയുകയും കൂടുതൽ രഹസ്യങ്ങൾ സൂക്ഷിക്കുകയും ചെയ്യുകയാണെങ്കിൽ അവരെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കൗമാരകാലത്ത് കുറച്ച് വികൃതിത്തരങ്ങൾ കുട്ടികൾ കാണിക്കുക പതിവാണെന്നാണ് പൊതുവേയുള്ള ധാരണ. ഇത് ഒരു പരിധിവരെ ശരിയാണുതാനും.  എന്നാൽ, പണമോ കാർഡോ മോഷ്ടിക്കപ്പെടുമ്പോഴോ പാസ് വേഡുകൾ മാറ്റപ്പെട്ടിരിക്കുന്നു എന്ന സന്ദേശം വരുമ്പോഴോ അതിനെ അത്ര നിസ്സാരമായി കാണരുത്.

മോഷണത്തിന്റെയും കള്ളങ്ങളുടെയും രഹസ്യങ്ങളുടെയും അടുത്ത സുഹൃത്താണ് നുണകൾ. കുട്ടികൾ വളരെപ്പെട്ടെന്ന് കുറ്റസമ്മതം നടത്തുമെന്ന് പ്രതീക്ഷിക്കരുത്. അതിന് നിർബന്ധിക്കുകയും അരുത്. ഇത്തരം നിർബന്ധങ്ങൾ കുട്ടികളെ കൂടുതൽ രഹസ്യാത്മക സ്വഭാവത്തിലേക്ക് നയിക്കും. 

പെട്ടെന്ന് ആഗ്രഹസാഫല്യം ഉണ്ടാകണമെന്ന ചിന്ത- കൗമാരക്കാരിൽ സാധാരണയായി കാണുന്ന പ്രവണതയാണിത്. ഇക്കാര്യത്തിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആനന്ദംതേടാനുള്ള പ്രവണതയിൽനിന്ന് പിന്തിരിയാൻ നിങ്ങളുടെ കുട്ടിക്ക് സാധിക്കുന്നില്ലെങ്കിൽ അത് നിങ്ങളുടെ കുട്ടിക്ക് വലിയ പ്രശ്നങ്ങൾ വരുത്തിവയ്ക്കുമെന്ന് മനസ്സിലാക്കുക. വിദ്യാഭ്യാസം, വീട്ടുജോലികൾ, ഉറക്കം, ബന്ധം തുടങ്ങിയ അവശ്യകാര്യങ്ങളെ മാറ്റിെവച്ചു കൊണ്ടുള്ള സന്തോഷംതേടിയുള്ള, ആഗ്രഹസാഫല്യത്തിനുവേണ്ടിയുള്ള യാത്രകൾ തെറ്റിലേക്കാണ് കുട്ടി നീങ്ങുന്നതെന്നതിന്റെ സൂചനയാണ്. 

സാങ്കേതികവിദ്യയോടുള്ള അടങ്ങാത്ത അഭിനിവേശം- ഇതിനു മുമ്പു പറഞ്ഞ കാര്യത്തിന് സാങ്കേതിക വിദ്യയോടുള്ള അമിതാഭിനിവേശവുമായും ബന്ധമുണ്ട്. ഫിൽറ്റർ ചെയ്യാത്തതും മാതാപിതാക്കളുടെ ശ്രദ്ധ പതിയാത്തതുമായ ഇന്റർനെറ്റ് സൗകര്യമുള്ള ഉപകരണങ്ങൾ അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. കളികൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾക്ക് അടിമപ്പെടാനുള്ള സാധ്യത വളരെ വലുതാണ്.

ഇന്റർനെറ്റ് ലഭ്യമാകുന്ന ഉപകരണങ്ങളുടെ സെർച്ച്. ഡൗൺലോഡ് ഹിസ്റ്ററികൾ പരിശോധിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. അനാവശ്യമായ കാര്യങ്ങളെക്കുറിച്ച് തിരഞ്ഞിട്ടുണ്ടോ എന്തെങ്കിലും കാര്യങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. ഇനി കുട്ടികൾ അശ്ലീലസാഹിത്യത്തിലും സിനിമകളിലും ആകൃഷ്ടരാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടെന്നിരിക്കട്ടെ, അതിൽനിന്ന് അവരെ മോചിപ്പിക്കാനുള്ള മാർഗങ്ങൾ അടുത്ത ലേഖനത്തിൽ.

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)

content highlights: parenting child care addiction in children