കൗമാരക്കാരായ മക്കള്‍, നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ലെന്നും അനുസരിക്കാറില്ലെന്നും തോന്നാറുണ്ടോ? വീട്ടുജോലികളും ഗൃഹപാഠവും പൂര്‍ത്തിയാക്കുന്നതില്‍ അവര്‍ താമസം വരുത്താറുണ്ടോ? ഏറ്റവും ഇഷ്ടമുള്ള ചില പ്രത്യേക കാര്യങ്ങള്‍മാത്രമേ അവര്‍ താത്പര്യത്തോടെ ചെയ്യാറുള്ളോ? കുട്ടികളെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? ആ സഹായത്തിനും കുട്ടികളെ വിജയത്തിലേക്ക് നയിക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ടോ?

ഈ ലേഖനം പ്രാഥമികമായി രണ്ടുകാര്യങ്ങളെക്കുറിച്ചുള്ളതാണ്. ഒന്ന് മാതാപിതാക്കള്‍ പറയുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കൗമാരക്കാരായ കുട്ടികളെ എങ്ങനെ സഹായിക്കാം? രണ്ട് പെട്ടെന്ന് തീരുമാനങ്ങളെടുക്കാന്‍ കുട്ടികള്‍ക്ക് സാധിക്കാത്തത് എന്തുകൊണ്ടാവാം.

സുഹൃത്തിന്റെ പിറന്നാള്‍ പുറത്തുപോയി ആഘോഷിക്കുന്നതിലും അതിനു തിരഞ്ഞെടുക്കുന്ന വസ്ത്രത്തിന്റെ കാര്യത്തിലും കൗമാരക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ചിലപ്പോള്‍ വന്‍ അബദ്ധങ്ങളായി മാറാറുണ്ട്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തന്നെ, തലച്ചോറിലെ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സഹായിക്കുന്ന ചിലഭാഗങ്ങള്‍ പൂര്‍ണമായി വികസിക്കാത്തതാണ് അവരുടെ ഇത്തരം അബദ്ധംനിറഞ്ഞ തീരുമാനങ്ങള്‍ക്ക് കാരണമാകുന്നത്. വികാസം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന തലച്ചോര്‍, കൗമാരക്കാരെ ചില അപകടസന്ധിയിലേക്ക് തള്ളിവിടാറുണ്ട്. തീരുമാനങ്ങള്‍ വളരെപ്പെട്ടെന്ന് കൈക്കൊള്ളുക, അവയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ധാരണയില്ലാതിരിക്കുക തുടങ്ങിയവയാണ് അവ. സ്‌കൂളിലും വീട്ടിലും കാര്യങ്ങള്‍ നന്നായിചെയ്യാനും മുന്നിലെത്താനും കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും അത് സാധിക്കാത്തതിന്റെ വിഷമം വീടുകളില്‍ കുട്ടികള്‍ പ്രകടിപ്പിക്കുന്നത് മാതാപിതാക്കള്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും.

കൗമാരക്കാരായ കുട്ടികളെടുക്കുന്ന തെറ്റായ തീരുമാനങ്ങളും അനുസരണക്കേടും ശ്രദ്ധയില്‍പ്പെടുമ്പോള്‍ത്തന്നെ അവയെ നിര്‍ബന്ധപൂര്‍വം തിരുത്തുന്ന ചില മാതാപിതാക്കളുണ്ട്. മറ്റൊരു കൂട്ടര്‍ കുട്ടികളെ, അവര്‍ കൈക്കൊണ്ട തീരുമാനത്തിന്റെ സ്വാഭാവികവും യുക്തിപരവുമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ അനുവദിക്കുന്നവരാണ് .

ഈ രണ്ട് സമീപനങ്ങളും ഗുണകരമല്ല. കൗമാരക്കാരായ കുട്ടികളുടെ സ്വഭാവരീതികള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാറ്റംവരുത്താന്‍ ഈ രണ്ട് രീതികളും ഉപകാരപ്പെടില്ല. കാരണം കുട്ടികളുടെ അനുസരണക്കേടിന്റെയോ തീരുമാനങ്ങളെടുക്കാന്‍ വൈകുന്നതിന്റെയോ അടിസ്ഥാന കാരണത്തെ കണ്ടെത്താനും പരിഹരിക്കാനും സാധിക്കില്ല.

ഇതിന് ശരിയായ ഒരു പരിഹാരമുണ്ട്. കൗമാരക്കാരായ നിങ്ങളുടെ മക്കള്‍ 'ആവശ്യപ്പെടുന്നത് എന്താണെന്ന്' തിരിച്ചറിയുക. സംഗതി ലളിതമാണെങ്കിലും അവരെ സംബന്ധിച്ച് വളരെ ദുഷ്‌കരമായിരിക്കും. അവര്‍ രണ്ട് അവസ്ഥകളിലൂടെയാവും കടന്നുപോകുന്നുണ്ടാവുക. ഒന്ന് എന്താണ് തനിക്ക് ആവശ്യമെന്ന് നിങ്ങളുടെ മകള്‍ക്കോ മകനോ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടാവില്ല. രണ്ട് എന്താണ് വേണ്ടതെന്ന് നല്ല ബോധ്യമുണ്ടായിരിക്കും എന്നാല്‍ അത് എങ്ങനെ നേടണമെന്നോ അവിടെ എങ്ങനെ എത്തിപ്പെടണമെന്നോ ധാരണയുണ്ടായിരിക്കില്ല.

കുട്ടിയുടെ പ്രശ്‌നം ഇതുരണ്ടില്‍ ഏതുമായിക്കൊള്ളട്ടെ, അടുക്കല്‍ച്ചെന്ന് വളരെ ലളിതമായി ചോദിക്കുക. 'എന്താണ് നിനക്ക് വേണ്ടതെന്ന്'. ചോദ്യംചോദിക്കുന്ന സമയവും സാഹചര്യവും ഏറെ പ്രധാന്യമുള്ളതാണ്. കുട്ടിയും നിങ്ങളും തമ്മിലുള്ള വാഗ്വാദങ്ങള്‍ക്കോ വഴക്കിനു ശേഷമോ ഈ ചോദ്യം ചോദിക്കരുത്. കുട്ടികളും നിങ്ങളും സന്തോഷകരമായ അവസ്ഥയിലായിരിക്കണം. ചോദ്യത്തിനു പിന്നാലെ കുട്ടിയെക്കുറിച്ചുള്ള നിങ്ങളുടെ മനസ്സിലെ ആശങ്കകളും അവരോടു പങ്കുവെക്കാം. കുട്ടിയുടെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള നിങ്ങളുടെ നിരീക്ഷണങ്ങളല്ല, ആശങ്കകളാണ് പങ്കുവെക്കേണ്ടത്.

എന്താണ് വേണ്ടതെന്ന ധാരണയില്ലായ്മ, വേണ്ടത് എന്താണെന്ന് അറിഞ്ഞിട്ടും അവിടേക്ക് എത്താന്‍ സാധിക്കാത്തിന്റെ ബുദ്ധിമുട്ട്. ഈ രണ്ടു പാര്‍ശ്വങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരിക്കും കുട്ടികള്‍. എന്നാല്‍ നിങ്ങള്‍ ആശങ്കകള്‍ അവരോട് പങ്കുവെക്കുമ്പോള്‍ കുട്ടികള്‍ നിങ്ങളോട് തുറന്നു സംസാരിക്കാന്‍ തുടങ്ങും. തീര്‍ത്തും സന്തോഷകരമായ ഒരു ഞെട്ടലാകും അത് നിങ്ങളിലുണ്ടാക്കുക.

ശ്രദ്ധിക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. ഉത്തരം കൈവശമുള്ളയാളെന്ന രീതിയില്‍ കുട്ടികളോട് സംസാരിക്കാതിരിക്കുക. ജീവിതത്തെ വീണ്ടും ശരിയായ ട്രാക്കിലെത്തിക്കാനും വിജയകരമായ ഭാവിയിലേക്ക് നയിക്കാനും കുട്ടികളെ സഹായിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. അവിടെയാണ് നിങ്ങളുടെ ഈ ചോദ്യത്തിന്റെ പ്രസക്തി. കാരണം കുട്ടികള്‍ പലപ്പോഴും അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാറും അതേക്കുറിച്ച് ആശങ്കപ്പെടാറുമുണ്ട് എന്നതുതന്നെ.

Content Highlights: how to deal with teenagers